Tuesday, January 22, 2019

*ശ്രീമദ് ഭാഗവതം 39*

നർമ്മാണി ഉദാര രുചിരസ്മിതശോഭിതാനി

ഹേ പാർത്ഥ, ഹേ അർജുനാ, ഹേ സഖേ കുരുനന്ദനേതി

സംജല്പിതാനി നരദേവ ഹൃദിസ്പൃശാനി സ്മത്തുർല്ലുഠന്തി
ഹൃദയം മമ മാധവസ്യ

ഇങ്ങനെ പറഞ്ഞ് കുറേ കരഞ്ഞു. ഇങ്ങനെ കരഞ്ഞു കുറേ കഴിഞ്ഞപ്പോ

ഏവം ചിന്തയതോ ജിഷ്ണോ: കൃഷ്ണപാദസരോരുഹം.

കൃഷ്ണനെ ചിന്തിച്ചു കൊണ്ട് ധ്യാനിച്ചു കൊണ്ട് തന്നെ കരഞ്ഞു കരഞ്ഞു കരഞ്ഞ്

സൗഹാർദ്ദേന അതിഗാഡേന

അതിഗാഢമായ ആ സൗഹാർദ്ദത്തിനെ സ്മരിച്ചു കൊണ്ട് കരഞ്ഞു. ശാന്താഽഽസീദ്വിമലാ മതി:
എത്ര നേരം കരയും. കരഞ്ഞു കുറേ കഴിഞ്ഞ് ദുഖം ഒക്കെ ശമിച്ചപ്പോ ബുദ്ധി തണുത്തു. മനസ്സ് അടങ്ങി. ചിത്തം ശാന്തമായി. എവിടെയോ ഒരു ശബ്ദം കേട്ടു.

മൂഢന്മാരാണ് ഞാൻ ജനിച്ചുവെന്നും മരിച്ചു വെന്നും കരുതുന്നത്.ന ജായതേ ന മ്രിയതേ വാ കദാചിത്. ജനനമരണമില്ലാത്ത വസ്തു ആയ എന്നെ മൂഢന്മാര് ജനിച്ചു എന്ന് കരുതുന്നു.

ഗീതം ഭഗവതാ ജ്ഞാനം യത്തത് സംഗ്രാമമൂർദ്ധനി
കാലകർമ്മതമോരുദ്ധം പുനരധ്യഗമത് പ്രഭു:

ആ കുരുക്ഷേത്രഭൂമിയിൽ ഭഗവാൻ ഉപദേശിച്ച ഗീത അർജുനൻ കുറേ കാലം മറന്നുപോയി. നമുക്കും ഇങ്ങനെ മറന്നു പോകുമ്പോ പേടിക്കണ്ടാ. എന്താച്ചാൽ കേട്ടത് നഷ്ടപ്പെടുകയേ ഇല്ല്യ. അതിനാണ് ഈ കഥ. പലരും പറയും ഈ കേട്ടതൊക്കെ മറന്നു പോയി ല്ലോ. ഒക്കെ മറന്നു പോണു. ചിലരാകട്ടെ മറ്റുള്ളവരെ കുറിച്ച് പറയും. ഇത്രയൊക്കെ കേൾക്കണു. എന്താ കാര്യം. മറന്നു പോയാൽ ഒരു കുഴപ്പോം ഇല്ല്യ. ഓർമ്മിക്കണതൊക്കെ നമുക്ക് പ്രയോജനപ്പെടണ്ടോ. ഒന്നാലോചിച്ച് നോക്കൂ. ഈ ഓർമ്മിക്കുക മറക്കുക എന്നുള്ളതൊക്കെ മനസ്സിന്റെ തലം ആണ്.

പക്ഷെ ഗീത മനസ്സിന്റെ തലത്തിൽ അല്ല ഉപദേശിച്ചത്. ഗീത ഉള്ളിൽ പ്രവർത്തിക്കാൻ നമ്മുടെ മനസ്സിന്റെ സഹായം ഒന്നും വേണ്ട. ഈ തുച്ഛമായ മനസ്സിനേയും ബുദ്ധിയേയും വെച്ച് കൊണ്ട് ആത്മസാക്ഷാത്കാരം നേടാൻ പറ്റ്വോ. അത് ഓട്ടയുള്ള തോണിയും വെച്ച് കൊണ്ട് സമുദ്രം കടക്കാൻ പോകുന്ന പോലെയാണ്.

നമ്മളെന്താ ചെയ്യേണ്ടത്. തീവ്രമുമുക്ഷത്വം വരുമ്പോൾ ഒരു സദ്ഗുരുവിൽ നിന്നും ശ്രവണം ചെയ്യാ. അതോടെ നമ്മുടെ പണി കഴിഞ്ഞു. സാധിക്കും എങ്കിൽ ഇത്തിരി മനനം ചെയ്തോളുക. പക്ഷേ ആ വിദ്യ ഉള്ളിൽ കടന്നു കഴിഞ്ഞാൽ അർജുനൻ ഒരു ദിവസം ഭഗവാനോട് ചോദിച്ചു. ഭഗവാനേ ഈ കേട്ടതൊക്കെ മറന്നു പോയല്ലോ. ഭഗവാൻ പറഞ്ഞു പേടിക്കണ്ടാ അർജുനാ ഞാനന്ന് ഉപദേശിച്ചതണ്ടല്ലോ അത് നഷ്ടമാവേയില്ല്യ.

ബ്രഹ്മാനുഭവം ലഭിക്കാൻ അതുതന്നെ മതി. പിന്നെ എന്താ തോന്നാത്തത്. തോന്നാതിരിക്കാൻ കാരണംണ്ട്. കേട്ടത് തോന്നണില്ല്യാന്ന് പറയാൻ കാരണം ഇനിയും കുറച്ച് അനുഭവിക്കാൻ ബാക്കി ണ്ട്. പക്ഷേ ഈ ഉള്ളിൽ കടന്നത്ണ്ടല്ലോ പുതിയതായ വാസനകളും പുതിയതായ കർമ്മങ്ങളും ഉണ്ടാക്കാതെ രക്ഷിക്കും. പക്ഷേ ഉള്ള വാസനകൾ തീരണം. ആ ഉള്ള ആവരണം തിരസ്കരണി നീങ്ങിയാൽ പ്രകാശാവരണക്ഷയം ണ്ടായാൽ പ്രകാശം കാണപ്പെടും. ഇപ്പോഴുള്ള ആ തടസ്സം അങ്ങട് നീങ്ങി കഴിയുമ്പോ ഈ കേട്ടതൊക്കെ തെളിയും. ഉള്ളില് ജ്വലിക്കും.

കാലകർമ്മതമോരുദ്ധം.
കാലം കൊണ്ടും കർമ്മം കൊണ്ടും ഉള്ള ഒരു തമസ്സ് . എത്രയോ കാലമായി ചെയ്ത കർമ്മവാസനകൾ അട്ടി അട്ടിയായി കൂരിരുട്ടായി ഒരു നിദ്രാരൂപത്തിൽ ഉള്ളിലുള്ള ആ ഉജ്ജ്വലമായ പ്രകാശത്തിനെ മറച്ചിട്ടുണ്ട്.
ശ്രീനൊച്ചൂർജി
 *തുടരും.*
Lakshmi Prasad 

No comments:

Post a Comment