Wednesday, January 23, 2019

*ശ്രീമദ് ഭാഗവതം 40*

ആചാര്യസ്വാമികൾ ശിവാനന്ദലഹരിയിൽ പറയണു ഒരേ ഒരു സൂര്യൻ അമാവാസി ദിനത്തിലെ  ഇരുട്ടിനെ നേരം വെളുക്കുമ്പോഴേക്കും ഇല്ലാതാക്കുന്നു. അങ്ങയെ ശാസ്ത്രങ്ങൾ കോടിസൂര്യപ്രഭ എന്നൊക്കെ പറയണുവല്ലോ. എന്നിട്ടും എന്താ എന്റെ ഉള്ളിലുള്ള ഇരുട്ട് പോകാത്തത് എന്ന്. അത്ര കട്ട പിടിച്ച് ഇരുട്ട് ഉണ്ട്. ആ ഇരുട്ടും പോകും. ക്രമേണ രാഗദ്വേഷമില്ലാത്ത ആ ജ്ഞാനം കൊണ്ട് ഇല്ലാതാകുമ്പോ ഉള്ളിലുള്ള ഭഗവദ് സ്വരൂപം പ്രകാശിക്കും.

ഇപ്പൊ അർജുനന് ഉണ്ടായപോലെ. ഉണ്ടായി ന്ന് മാത്രല്ലാ,

വിശോകോ ബ്രഹ്മസമ്പത്ത്യാ
മനസ്സ് ബ്രഹ്മത്തിൽ ലയിച്ചു.

ഉള്ളിലുള്ള പ്രജ്ഞയിൽ മഹാവാക്യത്തിന്റെ ഉൾപൊരുളായ പ്രജ്ഞയിൽ മനസ്സ് ലയിച്ച് ഇല്ലാതായി. ശോകം പോയി.

വിശോകോ ബ്രഹ്മസമ്പത്ത്യാ സംഛിന്നദ്വൈതസംശയ:

ദ്വൈതപ്രപഞ്ചം ഉണ്മ ആണെന്നോ ഞാൻ എന്ന ഒരു പ്രത്യേക വ്യക്തി ഉണ്ടെന്നോ എനിക്കിനി പ്രത്യേകിച്ച് എന്തെങ്കിലും നേടാനുണ്ടെന്നോ ഉള്ള ഭ്രമം വിട്ടു പോയി .അഖണ്ഡമായ ഒരു ബോധം മാത്രമേ ഉള്ളൂ എന്ന അനുഭവം ണ്ടായി.

ലീനപ്രകൃതി:
സൂക്ഷ്മശരീരം എങ്ങോ പോയി മറഞ്ഞു.

നൈർഗുണ്യാദ്, സത്വരജസ്തമോഗുണങ്ങളൊക്കെ വിട്ടു. അതിനെ കടന്നു നിന്നു .

അലിംഗത്വാദ്
ഉള്ളിലുള്ള ലിംഗശരീരം വിട്ടു പോയത് കൊണ്ട്,

അസംഭവ:
ഇനി സംഭവം ഇല്ല്യ.
ഇനി ഒരു ജനനം ഇല്ല്യ. ഇനി ഒരു സംഭവിക്കൽ ഇല്ലാതായി തീർന്നു.

കുന്തീദേവി ഭഗവാനോട് ചോദിച്ചു. ഭഗവാനേ എനിക്ക് അങ്ങയുടെ സ്വരൂപാനന്ദം വേണം. കുന്തിക്കും ഭഗവാനത് കൊടുത്തു.

നിശമ്യ ഭഗവന്മാർഗ്ഗം സംസ്ഥാം യദു കുലസ്യ ച
സ്വ: പഥായ മതിം ചക്രേ നിഭൃതാത്മാ യുധിഷ്ഠര:
പൃഥാപി അനുശ്രുത്യ ധനഞ്ജയോദിതം
നാശം യദൂനാം ഭഗവദ്ഗതിം ച താം.

കുന്തി രണ്ടു വരം ആണ് ചോദിച്ചത്. ഒന്ന്, യദുക്കളോടും മറ്റുമുള്ള ബന്ധം വിട്ടു പോകണം. രണ്ട് ,ഭഗവദ് അനുഭവം വേണം. യദുക്കളൊക്കെ നശിച്ചു പോയി എന്നുള്ള വാർത്തയും അർജുനനിൽ നിന്ന് കേട്ടു. ഭഗവാൻ നാശം ഇല്ലാത്ത വസ്തു ആണെന്നും,

അഹം ആത്മാ ഗുഢാകേശ സർവ്വഭൂതാശയസ്ഥിത:

നമ്മുടെ ഉള്ളിലുള്ള എപ്പോഴും അനുഭവത്തിൽ ഒളിഞ്ഞിരിക്കുന്ന സച്ചിദാനന്ദമയമായ വസ്തു ആണെന്നും അർജുനനിൽ നിന്ന് കേട്ടു. ഇവിടെ അർജുനൻ കുന്തി യ്ക്ക് ഒരു ഗുരു ആയിത്തീർന്നു. ഭഗവാൻ അർജുനന് വിളക്ക് കൊടുത്തു. ആ വിളക്ക് ഇപ്പൊ  കുന്തിക്കും കിട്ടി.

പൃഥാപി അനുശ്രുത്യ ധനഞ്ജയോദിതം
നാശം യദൂനാം ഭഗവദ്ഗതിം ച താം
ഏകാന്ത ഭക്ത്യാ ഭഗവതി അധോക്ഷജേ

ഭഗവാനോട് ഏകാന്ത ഭക്തിയോടുകൂടി,

നിവേശിതാത്മാ
മനസ്സിനെ സമാധി സ്ഥിതിയിൽ വെച്ച് കൊണ്ട്,

ഉപരരാമ സംസൃതേ:
സംസാരത്തിൽ നിന്നും ഉപരമിച്ചു.

പഞ്ചപാണ്ഡവന്മാർ ഓരോരുത്തരായി വിട്ടു പോയി. ഇങ്ങനെ മഹാപ്രസ്ഥാനം അവസാനിച്ചു .പരീക്ഷിത്ത് രാജാവായി തീർന്നു.
ശ്രീനൊച്ചൂർജി
 *തുടരും. ..*

No comments:

Post a Comment