Wednesday, January 23, 2019

അദ്ധ്യായം 6
ബ്രഹ്മചക്രത്തേയും അതുമായി പരമാത്മാവിനുള്ള ബന്ധത്തേയും വിവരിക്കുന്നു.
സ്വഭാവമേകേ കവയേ വദന്തി
കാലം തഥാന്യേ പരിമുഹ്യമാനാ:
ദേവസൈ്യഷ മഹിമാ തു ലോകേ
യേനേദം ഭ്രാമ്യതേ ബ്രഹ്മചക്രം.
ചില ജ്ഞാനികള്‍ ഈ ജഗത്തിന്റെ കാരണമായി സ്വഭാവത്തെ പറയുന്നു.അതു പോലെ തന്നെ മോഹവലയില്‍ പെട്ട മറ്റു ചിലര്‍ കാലത്തെ ജഗത് കാരണമായി പറയുന്നു.എന്നാല്‍ ഈ ബ്രഹ്മചക്രം തിരിയുന്നതിനുള്ള കാരണം ബ്രഹ്മത്തിന്റെ മഹിമയാണെന്ന് ലോകത്തില്‍ പ്രസിദ്ധമാണ്.
ഈ ലോകം ഉണ്ടാകാനുള്ള കാരണത്തെപ്പറ്റി വിചാരിക്കുമ്പോള്‍ സൃഷ്ടിയും സ്ഥിതിയും സംഹാരവും ബ്രഹ്മത്തിന്റെ സ്വഭാവമാണെന്ന് ചില ജ്ഞാനികള്‍ പറയുന്നു. സൃഷ്ടി ബ്രഹ്മത്തിന്റെ സ്വഭാവമായിരിക്കുന്നത് തീയിന് ചൂടുള്ളതുപോലെയാണ്.
എന്നാല്‍ ഭ്രമത്തില്‍ പെട്ട ചിലര്‍ കാലമാണ് ജഗത്തിന്റെ കാരണമെന്ന് പറയുന്നുണ്ട്.പ്രപഞ്ചത്തിലെ ഒരു പദാര്‍ത്ഥമായ കാലം എങ്ങനെ പ്രപഞ്ചത്തിന് കാരണമാകും?ബ്രഹ്മത്തിന്റെ മഹിമയാണ് ബ്രഹ്മചക്രമായ ലോകത്തിനെ ചുറ്റിക്കുന്നുവെന്നത് മാറ്റാരു അഭിപ്രായം.
പരമാത്മാവിന്റെ മഹത്വത്തെ മുഴുവനായും അറിയാനാകത്തതിനാല്‍ അതില്‍ നിന്നുണ്ടായ ജഗത്തിന്റെ കാരണവും അറിയില്ല. ഇതാണ് കൂടുതലും അംഗീകരിച്ച വസ്തുത. സംസാരത്തെ തന്നെയാണ് ബ്രഹ്മചക്രം എന്ന് വിശേഷിപ്പിത്.
 യേനാവൃതം നിത്യമിദം ഹി സര്‍വ്വം
ജ്ഞ: കാലകാരോ ഗുണീ സര്‍വ്വ വിദ് യ:
തേനേശിതം കര്‍മ്മ വിവര്‍ത്തതേ ഹ
പൃഥ്വ്യപ്‌തേജോനിലഖാനി ചിന്ത്യം
ഇക്കാണാവുന്ന  പ്രപഞ്ചം മുഴുവനും വ്യാപിച്ചിരിക്കുന്നവനും ജ്ഞാനസ്വരൂപനും കാലത്തിന്റെ കൂടി കര്‍ത്താവുമാണ് പരമാത്മാവ്. സര്‍വ ഗുണസമ്പൂര്‍ണ്ണനും സര്‍വ്വജ്ഞനുമായ പരമാത്മാവിന്റെ ഇച്ഛയനുസരിച്ചാണ് കര്‍മ്മം രൂപപ്പെടുന്നത്. ഭൂമി, ജലം, അഗ്‌നി, വായു,ആകാശം എന്നിവയും അവയുടെ പഞ്ചീകരണവും നടന്നാണ്് പ്രപഞ്ചമുണ്ടാകുന്നത്. ഇത് വളരെ പ്രസിദ്ധമാണ്. അതിനെക്കുറിച്ച് ആലോചിക്കണം.
 തത് കര്‍മ്മ കൃത്വാ വിനിവര്‍ത്ത്യ ഭൂയ:
തത്ത്വസ്യ തത്ത്വേന സമേത്യ യോഗം
ഏകേന  ദ്വാഭ്യാം ത്രിഭിരഷ്ടഭിര്‍വാ
കാലേന ചൈവാത്മ ഗുണൈശ്ച സൂക്ഷ്‌മൈ:
 സത്താപ്രദാനം  എന്ന ആത്മ ഗുണങ്ങളെ കൊണ്ടും1, 2, 3, 8 എന്നിങ്ങനെ എണ്ണത്തിലുള്ള തത്വങ്ങളുടെ ചേര്‍ച്ച കൊണ്ടും കാലം, അന്തക്കരണത്തിലെ സൂക്ഷ്മ ഗുണങ്ങളെ കൊണ്ടും ആത്മതത്വത്തെ യോജിപ്പിച്ചാണ് സൃഷ്ടി ചെയ്യുന്നത്.
പിന്നീട് സാക്ഷിയായി നിന്ന് അഥവാ സൃഷ്ടിയില്‍ നിന്ന് വിരമിച്ച് ജഗത്തിന്റെ പാലനം നടത്തുന്നു. അതിനു ശേഷം സ്വസ്വരൂപാവസ്ഥാനമെന്ന യോഗത്തെ കൈ കൊണ്ട് സ്വസ്വരൂപത്തില്‍ നിലകൊള്ളുന്നു. അങ്ങനെയുള്ള ആ ദേവനെ ചിന്തിക്കണം.
 പഞ്ചമഹാഭൂതങ്ങളെ സൃഷ്ടിച്ച ശേഷം ആത്മതത്വവും പ്രകൃതി തത്വങ്ങളും ചേര്‍ന്ന് സൃഷ്ടികര്‍മ്മം തുടരുകയാണ്. ജഡവും ചൈതന്യവും ചേര്‍ന്നാണ് സൃഷ്ടി.
പ്രകൃതിതത്വങ്ങളുടെ എണ്ണം ഇപ്രകാരമാണ് പറയുന്നത്.
ഒന്ന് - അവിദ്യ
രണ്ട് -മുന്‍ജന്മത്തിലെ ധര്‍മ്മവും അധര്‍മ്മവും
മൂന്ന് - സ്ഥൂല ശരീരം, സൂക്ഷ്മ ശരീരം, കാരണ ശരീരം .
സത്വഗുണം, രജോഗുണം, തമോഗുണം.
എട്ട് - പഞ്ചമഹാഭൂതങ്ങള്‍, മനസ്സ്, ബുദ്ധി, അഹങ്കാരം.
ഇവയോട് കൂടി കാലശക്തിയും വാസനയും ചേര്‍ന്നാല്‍ പ്രപഞ്ചചക്രമായി.ഈ ചക്രം തിരിഞ്ഞു കൊണ്ടേയിരിക്കുന്നു. അവസാനം എല്ലാം പരമാത്മാവില്‍ ചെന്ന് ചേരും ആ പരമാത്മാവിനെക്കുറിച്ച് ചിന്തിക്കണം, അറിയണം.
janmabhumi

No comments:

Post a Comment