Saturday, January 05, 2019

വാല്മീകി രാമായണം-73

രാജ്യത്തെക്കുറിച്ചോർത്ത് എന്തിനാണ് ദുഃഖിക്കുന്നത് ലക്ഷ്മണാ. രാജ്യം പോകുന്നെങ്കിൽ പോകട്ടെ. വനവാസം രാജ്യഭരണത്തേക്കാൾ സുഖമല്ലേ. സുഖം ദുഃഖം ലാഭം നഷ്ടം എല്ലാം നമ്മുടെ ജീവിതത്തെ വല്ലാതെ ബാധിക്കുന്നു. എന്നാൽ ഗീതയിൽ ഭഗവാൻ പറയുന്നു എല്ലാത്തിലും സമ ബുദ്ധിയായി ഇരിക്കുന്നവന് സമാധാനമായിരിക്കാം. അങ്ങനെയുള്ളവനാണ് സ്ഥിരപ്രജ്ഞൻ.

ഇതൊക്കെ തത്ത്വങ്ങളായി പുസ്തകങ്ങളിൽ എഴുതിയിട്ടുണ്ടെങ്കിലും ശരിക്കും ജീവിതത്തിൽ സാഹചര്യങ്ങൾ നമ്മെ തളർത്തുമ്പോൾ എല്ലാ സമ ബുദ്ധിയും പൊയ് പോകുന്നു. അങ്ങനെ വീണു പോകുന്നത് തെറ്റല്ല മനുഷ്യ സഹജമാണ്. വലിയ മഹാൻമാർ പോലും വീണു പോകാറുണ്ട്. എന്നാൽ വീണാൽ തിരിച്ച് എഴുന്നേൽക്കണം. ആ നിലയിൽ നിന്ന് തിരിച്ചു സ്വരൂപത്തിലേയ്ക്ക് മടങ്ങണം അതിലാണ് സൗന്ദര്യം. ജീവിതത്തിൽ എല്ലാം സുഖപ്രദം ആകുമെന്ന് കരുതുന്നത് വിഡ്ഡിത്തമാണ്. എല്ലാവരുടേയും ജീവിതത്തിൽ അവിടവിടെയായി അനുഭവപ്പെട്ട താപം നമ്മെ കുളിർമയെ തേടുന്നതിന് പ്രേരിപ്പിച്ചിരിക്കുന്നു. അതു തന്നെയാണ് നമ്മളെ സത് ഗ്രന്ഥങ്ങളിലേയ്ക്കും സത് സംഗത്തിലേയ്ക്കും നയിച്ചിരിക്കുന്നത്. ദുഃഖം എന്ന ഒന്നുള്ളതു കൊണ്ടാണ് മോക്ഷത്തെ നാം ഇത്ര കാര്യമായി കരുതുന്നത്.

ലക്ഷ്മണൻ ഇതൊന്നും അംഗീകരിക്കുന്നില്ലായിരുന്നു. മുട്ടാപ്പോക്ക് ന്യായങ്ങളാണിവയെല്ലാം. ഒരു ഗതിയും ഇല്ലാത്തവന്റെ വാദങ്ങൾ. പ്രശ്നങ്ങൾ വരുമ്പോൾ ഇതെല്ലാം പറഞ്ഞു നിന്നാൽ പ്രശ്നങ്ങൾ ഇല്ലാതാകുമോ. ഞാൻ ഇനി എന്തു ചെയ്യണമെന്നു പറയു ജ്യേഷ്ഠാ.

ലക്ഷ്മണാ നീ ഇവിടെ എന്റെ കിങ്കരനായി നിന്ന് കൊണ്ട് അമ്മയേയും പിതാവിനേയും നോക്കണം. ഉടൻ മറുപടി വന്നു അതിനെനിക്കാകില്ല ജ്യേഷ്ഠാ. രാജ്യ പട്ടാഭിഷേകം എന്നൊന്ന് വന്നപ്പോൾ ജ്യേഷ്ഠൻ എനിക്കത് വച്ച് നീട്ടി കൊണ്ട് ഈ പട്ടം നിനക്കും കൂടി ഉള്ളതാണെന്ന് പറഞ്ഞില്ലേ. ദ്വിതീയം മേ അന്തരാത്മാനം എന്ന് പറഞ്ഞ് എന്നെ ചേർത്തു പിടിച്ചില്ലേ. അപ്പോൾ മുതൽ രാജ്യ നഷ്ടവും എനിക്ക് തുല്യമാണ്. അതിനാൽ ഈ വനവാസം എനിക്കും കൂടി വിധിച്ചതാണ്. സുഖത്തിൽ തുല്യനെങ്കിൽ ദു:ഖത്തിലും ഞാൻ തുല്യനാണ്.എപ്പോൾ അങ്ങെനിക്ക് സിംഹാസനത്തെ തന്നുവോ അപ്പോൾ തന്നെ വനവാസവും തന്നിരിക്കുന്നു. അതിനാൽ തടസ്സം പറയരുത് ജ്യേഷ്ഠാ ഞാനങ്ങയെ അനുഗമിക്കുന്നതാണ്.

ലക്ഷ്മണനെ പോലൊരു വ്യക്തിത്വത്തെ എവിടേയും കാണാൻ സാധിക്കില്ല. അത്ര സ്വാഭാവികതയുടെ അഴക് തുളുംബുന്ന വ്യക്തിത്വമാണ് ലക്ഷ്മണന്. ഭരതൻ ആദർശവാനാണ്. എന്നാൽ ലക്ഷ്മണന്റെ പ്രിയവും ത്യാഗവും അതുല്യമാണ് മനോഹരമാണ്.

Nochurji 🙏🙏
Malini dipu 

No comments:

Post a Comment