തന്ത്രി വീണ്ടും ചർച്ചകളിൽ നിറയുകയാണ്. പലരും പലതും പറയുന്നു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ പോലും തെറ്റിധാരണ പരത്തുന്നു, കള്ളം പ്രചരിപ്പിക്കുന്നു. തന്ത്ര ശാസത്രം എന്തെന്നറിയാത്തവർ പോലും ഇതിലെ ക്രിയകളെ വിശകലനം ചെയ്ത് ശബരിമലയിൽ തന്ത്രി ചെയ്തത് ക്രിയാ പരമായി പോലും ശരിയല്ലെന്ന് കുപ്രചരണം നടത്തുന്നു. തന്ത്രിയേയും, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഒരു തന്ത്രിമാരുടെ സമുഹത്തെയാകമാനവും, അദ്ദേഹത്തിന്റെ കുലത്തേയും ഒരു മന്ത്രി നിരന്തരം വംശീയമായിക്കൂടി അവഹേളിച്ച് കൊണ്ടിരിക്കുന്നു. നിരന്തരം ഇരകളാക്കപ്പെട്ട് കൊണ്ടിരിക്കുമ്പോഴും നിലവിട്ട് പോകാതെ മൗനം പാലിക്കുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ് ഞാൻ. ശബ്ദമില്ലാത്തവരുടെ ശബ്ദമാകുക എന്നത് എന്റെ കർത്തവ്യമാണ് എന്ന് ഉറച്ച് വിശ്വസിക്കുന്നു. അത് കൊണ്ട് തന്നെ ശബ്ദിച്ച് കൊണ്ടേയിരിക്കുന്നു. പല തവണ പറഞ്ഞതാണ് എങ്കിലും വീണ്ടും പറയാതെ വയ്യല്ലോ.
ന്യൂസ് 18 കേരളയിൽ ഇക്കാര്യം സംബന്ധിച്ച് വന്ന വാർത്ത ഇതോടൊപ്പം കൊടുക്കുന്നു. അവരുമായി വിശദമായി സംസാരിച്ചിരുന്നു പക്ഷേ സമയ പരിമിതി കാരണം വാർത്തയിൽ വളരെ ചെറിയ സമയമായി ചുരുങ്ങി. എന്തായാലും ന്യൂസ് 18 കേരളയോട് പറഞ്ഞ പ്രധാന പോയിന്റുകൾ താഴെ കൊടുക്കുന്നു.
1. ആരാണ് തന്ത്രി..?
ഒരു സംശയവുമില്ല, ഒരു മതസ്ഥാപനം എന്ന നിലയ്ക്ക് തന്ത്രിയാണ് ഒരു ക്ഷേത്രത്തിലെ സുപ്രീം അതോറിറ്റി. ക്ഷേത്രത്തിലെ ആചാരങ്ങൾ, ക്രിയകൾ, പൂജാരീതികൾ എന്താണ് എന്നൊക്കെ അന്തിമമായി തീരുമാനിക്കേണ്ടത് തന്ത്രിയാണ്. അദ്ദേഹത്തിന്റെ വാക്കാണ്, തീരുമാനമാണ് ഇക്കാര്യത്തിൽ അന്തിമം. അതിൽ ഇടപെടാൻ ഒരാൾക്കും ഒരു അധികാരവുമില്ല. ആ അധികാരം ഒരു കോടതിയും ഇതുവരെക്കും എടുത്തു കളഞ്ഞിട്ടുമില്ല.
a ) 1954ൽ ശിരൂർ മഠ് കേസിൽ മഠത്തിന് ആർട്ടിക്കിൽ 26 പ്രകാരമുള്ള സ്പെഷൽ ഡിനോമിനേഷൻ പദവി അനുവദിച്ച് കൊണ്ട് സുപ്രീം കോടതിയുടെ7 അംഗ ഭരണഘടനാ ബഞ്ച് നിർണ്ണായക വിധി പുറപ്പെടുവിക്കയുണ്ടായി. (5 അംഗ ഭരണഘടനാ ബഞ്ചിന്റെ മുകളിലാണ് 7 അംഗ ഭരണഘടനാ ബഞ്ച് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ) ക്ഷേത്രത്തിൽ തന്ത്രിക്കുള്ള പരമാധികാരത്തെ നിലനിർത്തിക്കൊണ്ടാണ് സുപ്രീം കോടതി ആ വിധി പ്രസ്താവിച്ചിട്ടുള്ളത്. മദ്രാസ് ഹിന്ദു റിലീജ്യസ് എൻഡോവ്മെന്റ് ആക്ട് ചോദ്യം ചെയ്ത് ലക്ഷ്മീന്ദ്ര തീർത്ഥ സ്വാമിയാർ സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന വിധി. പ്രസ്തുത വിധിയുടെ ലിങ്ക് ഇവിടെ പരിശോധിക്കാം.
https://indiankanoon.org/doc/1430396/
https://indiankanoon.org/doc/1430396/
b) 1978- ലെ ഗുരുവായൂർ ദേവസ്വം ആക്ടിൽ ( വകുപ്പ് 35) തന്ത്രിയുടെ അവകാശവും അധികാരങ്ങളും വളരെ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ മതപരവും ആദ്ധ്യാത്മികവും ആചാരപരവും ചടങ്ങുകളുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങളിൽ തന്ത്രിയുടെ തീരുമാനമാണ് അന്തിമം എന്നതാണത്. സർക്കാരിനോ ഭരണ സമിതിക്കോ കമ്മീഷണർക്കോ ദേവസ്വത്തിലെ മതപരവും ആധ്യാത്മികവുമായ കാര്യങ്ങളിൽ ഇടപെടാൻ ഒരു അധികാരവുമില്ല. ഇതേ കാര്യം 1971ലെ കൂടൽമാണിക്കം ദേവസ്വം ആക്ടിലും ഇത് ഇതേ പ്രകാരം തന്നെ കൊടുത്തിട്ടുണ്ട്.
c) എസ് ഉണ്ണികൃഷ്ണൻ vs തിരുവിതാംകൂർ ദേവസ്വം ബോർഡ് ( 2015 ) എന്ന കേസിലെ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ഒന്ന് പരിശോധിക്കുക. അത് വൈക്കം മഹാദേവ ക്ഷേത്രത്തിലെ അന്നദാനം സംബന്ധിച്ച കേസാണ് . അതിൽ ജഡ്ജിമാർ പറയുന്നത് ശ്രദ്ധിക്കുക. " ഒരു ക്ഷേത്രത്തിലെ എല്ലാ മതപരമായ ആചാരങ്ങളും തന്ത്രിയുടെ നിർദ്ദേശപ്രകാരമാവണം നടക്കേണ്ടത്; അതിന് മറ്റൊരു പോംവഴിയുമില്ല; കാരണം തന്ത്രി എന്നാൽ ആ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ, അതായത് പ്രസ്തുത ദേവന്റെ, പിതാവാണ്. മന്ത്രവും തന്ത്രവുമൊക്കെ വഴി തന്ത്രി ആ പ്രതിഷ്ഠയിലേക്ക് ശക്തിയാണ്, ഊർജമാണ്, പ്രദാനം ചെയ്യുന്നത്......"..
2. ഒരു ക്ഷേത്രത്തിൽ അശുദ്ധിയുണ്ടായി എങ്കിൽ വേണ്ട സാമാന്യശുദ്ധിക്രിയകൾ എന്തൊക്കെ..?
ഒരു ക്ഷേത്രത്തിൽ അശുദ്ധി ഉണ്ടായി എന്ന് ബോധ്യപ്പെടുന്ന പക്ഷം ആദ്യം ചെയ്യേണ്ടുന്ന നടപടി ക്ഷേത്ര ദർശനമുൾപ്പടെ അതുവരെ നടന്ന് വരുന്ന മുഴുവൻ നടപടി ക്രമങ്ങളും അടിയന്തിര പ്രാധാന്യത്തോടെ നിർത്തി വച്ച്, ദേവന്റെ പൂവും മാലയും വാരിക്കളഞ്ഞ് ക്ഷേത്രവും, പരിസരവും വൃത്തിയാക്കി, തിടപ്പള്ളിയിലെ നിവേദ്യങ്ങൾ മുഴുവനും മാറ്റി, തളിച്ച് വൃത്തിയാക്കി, പശുദാന സഹിതം പഞ്ച പുണ്യാഹം (ഇവിടെ പശുദാനം എന്നത്, ക്രിയാംഗം മാത്രമാണ്, വെറ്റില,അടയ്ക്ക ദാനപ്പണം ഇവ പശുവിന് പകരമായി ആ സങ്കൽപ്പത്തിൽ ദാനം ചെയ്യുന്നു. ) എന്ന ക്രിയയാണ്. പുണ്യാഹം പൂർത്തിയാക്കിയാൽ പിന്നെ നേരത്തെ നിർത്തി വച്ച നടപടി ക്രമങ്ങൾ മുഴുവൻ പുനരാരംഭിക്കാവുന്നതാണ്. ബാക്കി ക്രിയകൾക്ക് അശുദ്ധിയുടെ ഗുരു ലഘുത്വമനുസരിച്ച് തന്ത്രിക്ക് നിശ്ചയിക്കാവുന്നതാണ്.
എന്നാൽ ദേവങ്കൽ ബാധിച്ചിട്ടുള്ള അശുദ്ധി കൂടുതൽ ഗൗരവമുള്ളതാണ് എങ്കിൽ പ്രാസാദ ശുദ്ധി ക്രിയകൾ, അസ്ത്ര കലശപൂജ, രാക്ഷോഘ്ന ഹോമം, വാസ്തു ഹോമം, വാസ്തുകലശം, വാസ്തുബലി, വാസ്തുകലശാഭിഷേകം, വാസ്തു പുണ്യാഹം എന്നീ ക്രിയകളും, പിറ്റേന്നാൾ ബിംബ ശുദ്ധി ക്രിയകൾ ആയ ചതുശുദ്ധി, ധാര, പഞ്ചഗവ്യ, പഞ്ചക അഭിഷേകങ്ങളും, 25 കലശാഭിഷേകവും നടത്തുകയാണ് സാധാരണ നടപടി ക്രമങ്ങൾ. എന്നാൽ അശുദ്ധിയുടെ ഗൗരവമനുസരിച്ച് ഇത് ദ്രവ്യ കലശമായോ അതീവ ഗുരുതരമെങ്കിൽ നവീകരണ കലശമായാ വരെ വിസ്തരിച്ച് നടത്താം. ഇങ്ങനെ അശുദ്ധി ആവർത്തിച്ചു വരികയാണ് എങ്കിൽ പ്രായശ്ചിത്തങ്ങളോടെ ദ്രവ്യ കലശമെങ്കിലും വേണം എന്നാണ് ശാസ്ത്ര വിധി. (ചില പ്രത്യേക സാഹചര്യത്തിൽ വിശദമായ ബിംബ ശുദ്ധി കലശങ്ങൾ പൂജിച്ച് ആടാൻ സാധിക്കാത്ത അവസരങ്ങളിൽ ആണെങ്കിൽ പഞ്ചകം വരെയുള്ള ക്രിയകൾ ശംഖിൽ പൂജിച്ച് അപ്പോൾ തന്നെ അഭിഷേകം ചെയ്യാനും വിധിയുണ്ട്.)
പക്ഷേ അശുദ്ധി ബാധിച്ചു എന്ന് ബോധ്യപ്പെടുന്ന നിമിഷം ഏറ്റവും ആദ്യം നിർവ്വഹിക്കേണ്ട ക്രിയയായ പശുദാന സഹിതമുള്ള പുണ്യാഹം ഒഴിച്ച് മറ്റ് ക്രിയകൾ ഒന്നും അടിയന്തിരമായി അപ്പോൾ മുതൽ തന്നെ ചെയ്യണം എന്നില്ല. പുണ്യാഹ ശേഷം നടയടച്ചിടേണ്ട കാര്യവും ഇല്ല. ആദ്യ നടപടിക്രമങ്ങൾ പൂർത്തീകരിച്ചാൽ പൂജകളും മറ്റ് ചടങ്ങുകളും പുനരാരംഭിച്ച്, ഉചിതമായ തരത്തിൽ അധികം കാലവിളംബമില്ലാതെ ബാക്കിയുള്ള ശുദ്ധി ക്രിയകൾ കൂടി പൂർത്തിയാക്കുകയാണ് വേണ്ടത്.
എന്നാൽ ഈ ക്രിയകൾ പൂർത്തികരിക്കുവാൻ ഉള്ള സാഹചര്യം ഒരുക്കേണ്ടത് ക്ഷേത്ര ഉടമസ്ഥർ / ഊരാളർ/ ദേവസ്വം ആണ്. അതായത് അശുദ്ധിയുടെ ഗൗരവ സ്വഭാവത്തിനനുസരിച്ച് തന്ത്രി ക്ഷേത്ര ഉടമസ്ഥനുമായി ആലോചിച്ച്, വൈകാതെ തന്നെയുള്ള ഒരു കാലയളവിൽ ഇന്ന പ്രകാരമുള്ള പരിഹാരങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണം എന്ന് നിർദ്ദേശിക്കുകയും, ക്ഷേത്ര ഉടമസ്ഥൻ അക്കാര്യത്തിന് വേണ്ട സാഹചര്യങ്ങൾ ഒരുക്കി അവ തന്ത്രി മുഖാന്തിരം നടത്തിച്ച് ക്ഷേത്ര ചൈതന്യ ലോപം പരിഹരിക്കുകയുമാണ് വേണ്ടത്.
അതായത് ശബരിമലയിൽ ആചാര ലംഘനമുണ്ടായപ്പോൾ അവയെ അശുദ്ധിയായി പരിഗണിച്ച് അതിനു ചെയ്യാനുള്ള ഉള്ള പ്രാഥമിക പരിഹാര ക്രിയകൾ തന്ത്ര ശാസ്ത്രാനുസരം തന്ത്രി പൂർത്തീകരിച്ച് കഴിഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിലെ അടുത്ത വിശേഷത്തിനു മുമ്പ് ബാക്കി ശുദ്ധികളെല്ലാം വേണം എന്നതാണ് ശാസ്ത്രം. ഇനി ബാക്കിയുള്ള ശുദ്ധി ക്രിയകൾ എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് ചൈതന്യ ലോപ പരിഹാരത്തിന് അവസരമൊരുക്കേണ്ടത് ദേവസ്വം ബോർഡ് ആണ്.
3. ദേവസ്വം മാന്വലിൽ പറയുന്നത് എന്ത്..?
ദേവസ്വം മാന്വൽ അനുസരിച്ച് ആണെങ്കിൽ, അശുദ്ധി ബിംബത്തെ ബാധിക്കുന്നതാണെങ്കിൽ, ചൈതന്യത്തെ ബാധിക്കുന്നതാണ് എന്ന് തന്ത്രിക്ക് ബോധ്യപ്പെട്ടാൽ ഉടനെ പുണ്യാഹവും തല്ക്കാല സ്ഥലശുദ്ധികളും ചെയ്തു ദേവസ്വം അസിസ്റ്റൻറ് കമ്മീഷണറെ അറിയിയ്ക്കണം എന്നാണ് നിയമം ( പുണ്യാഹം ചെയ്ത് കഴിഞ്ഞ ശേഷം മാത്രമേ അറിയിക്കേണ്ടതുള്ളൂ എന്ന് വ്യക്തം.) പിന്നെ വിശദമായ ശുദ്ധി ക്രിയകൾക്കായി അടുത്ത വിശേഷത്തിന് മുൻപ് ദേവസ്വം അടിയന്തിര പ്രാധാന്യത്തോടെ ഏർപ്പാടുകൾ ചെയ്യണം എന്നുമാണ് ദേവസ്വം മാന്വലിൽ പോലും ഉള്ളത്. അത് അങ്ങിനെയാണ് എന്നിരിക്കെയാണ് ഇപ്പോളത്തെ ഈ പ്രഹസനം എന്നതാണ് വസ്തുത.
4.ബോർഡിന്റെ അധാകാരപരിധി; ബോർഡിന്റെ, (യജമാനസ്ഥാനം) ചുമതലകളും ബാദ്ധ്യതകളും.
മദ്രാസ് ഹിന്ദു റിലീജ്യസ് എൻഡോവ്മെന്റ് ആക്ട് ചോദ്യം ചെയ്ത് ലക്ഷ്മീന്ദ്ര തീർത്ഥ സ്വാമിയാർ സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി വളരെ വ്യക്തമായ ഒരു കാര്യം പറയുന്നുണ്. ഭരണപരമായ കാര്യങ്ങൾ ഗവൺമെൻറിന് നടപ്പാക്കാം. എന്നാൽ മതപരമായതും, ആചാരപരമായതുമായ കാര്യങ്ങളിൽ സർക്കാരിന് യാതൊരു അധികാരവും ഇല്ല. അതായത് ഒരു മതസ്ഥാപനം എന്ന നിലയ്ക്ക്, ക്ഷേത്രത്തിനകത്ത് ആചാര സംബന്ധമായ വിഷയങ്ങളിൽ സർക്കാരിന് അധികാരം ഇല്ല എന്ന് സുപ്രീം കോടതിയുടെ 7 അംഗ ബഞ്ചിന്റെ ഈ വിധി ഉറപ്പാക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ആചാരപരമായ വിഷയത്തിൽ ക്ഷേത്ര ചൈതന്യത്തിന് ദോഷമുണ്ടായി എന്ന് ബോധ്യപ്പെട്ടപ്പോൾ, ശുദ്ധി ക്രിയ ചെയ്തതിൽ
തന്ത്രിയോട് വിശദീകരണം ചോദിക്കാൻ ദേവസ്വം ബോർഡിന് യാതൊരു അധികാരവുമില്ല.
Pudayoor Jayanarayanan
തന്ത്രിയോട് വിശദീകരണം ചോദിക്കാൻ ദേവസ്വം ബോർഡിന് യാതൊരു അധികാരവുമില്ല.
Pudayoor Jayanarayanan
No comments:
Post a Comment