Wednesday, January 23, 2019

രജോഗുണം ശരീരത്തലത്തിലൊട്ടകെ ഓടിനടക്കുമ്പോള്‍, അവന്‍ കര്‍മ്മങ്ങള്‍ ചെയ്ത് കോലാഹലം സൃഷ്ടിക്കുന്നു. ചുഴലിക്കാറ്റ് ഉര്‍വ്വിയിലുള്ള എലാറ്റിനെയും ചുഴറ്റി ആകാശത്തിലേക്ക് ഉയര്‍ത്തുന്നതുപോലെ അവന്‍ ഇന്ദ്രിയങ്ങളെ യഥേഷ്ടം വിഷയസുഖങ്ങളില്‍ വിഹരിക്കുനതിനായി സ്വന്തന്ത്രമാക്കിവിടന്നു. പരസ്ത്രീ പരദാരാദികളില്‍ ചിന്തിക്കാതെ കാമാതുരനാകുന്ന അവന്‍ അതൊന്നും ശാസ്ത്രവിരുദ്ധമാണെന്നു ചിന്തിക്കാതെ, എവിടെയും എന്തും മേഞ്ഞ് നടക്കുന്ന മേഷങ്ങളെപ്പോലെ പെരുമാറുന്നു. അവന് അപ്രാപ്യമായ കാര്യങ്ങള്‍ മാത്രം അവന്‍റെ ലോഭചിന്തയില്‍ നിന്ന് രക്ഷപ്പെടുന്നു. അവന്‍ എന്തു സാഹസകര്‍മ്മങ്ങളും ചെയ്യാന്‍ മുതിരുന്നു. അശ്വമേദയാഗങ്ങള്‍, ക്ഷേത്രനിര്‍മ്മാണം തുടങ്ങി അസാധാരണമായ കര്‍മ്മങ്ങള്‍ ചെയ്യാന്‍ അവന്‍ പ്രേരിതനാകുന്നു. വലിയ നഗരങ്ങളും വിസ്താരമായ ജലാശയങ്ങളും വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിച്ചു വിപുലമായ കാനനങ്ങളും സൃഷ്ടിക്കാന്‍ അവന്‍ വെമ്പല്‍ കൊള്ളുന്നു. അപ്പോഴും ഇഹലോകത്തിലും പരലോകത്തിലും സന്തോഷം ലഭിക്കുന്നതിനുള്ള അവന്‍റെ അഭിലാഷത്തിന് അറുതി ഉണ്ടാകുന്നില്ല. ആയതമായ ആഴിക്കുപോലും അടക്കാന്‍ കഴിയാത്തതും ഘോരാനലന്‍റെ ദഹനശക്തിക്കുപോലും ദഹിപ്പിക്കാന്‍ കഴിയാത്തതുമാണ് അവന്‍റെ അന്തരംഗത്തിലുള്ള അമേയവും വിക്രാന്തവുമായ വിഷയസുഖേച്ഛ. അവന്‍റെ ഇച്ഛാതുരത അവന്‍റെ ചിന്തയെക്കാള്‍ വേഗത്തില്‍ കുതിക്കുന്നു. അതു പാരൊക്കെ പരതി നടന്നാലും അവന് സംതൃപ്തി ലഭിക്കുകയില്ല. രജോഗുണം പ്രബലപ്പെട്ടു നില്‍ക്കുന്ന ഒരുവനില്‍ കാണുന്ന ലകഷ്ണങ്ങളാണ് ഇതെല്ലാം . സര്‍വ്വ സുഖഭോഗങ്ങളെയും തന്‍റെ ആജ്ഞാനുവര്‍ത്തികളാക്കി നിര്‍ത്തിക്കൊണ്ട്, ഒരു യാചകന്‍ ആഡംബരങ്ങളോടും കൂടി രാജകൊട്ടാരത്തിലിരുന്നാലും അവന്‍ രാജാവാകുമോ? ധനവാന്‍റെ വിവാഹഘോഷയാത്രയില്‍ പങ്കെടുക്കുന്നവരെ വഹിച്ചുകൊണ്ട് പോകുന്ന കാളകള്‍ക്ക് വൈക്കൊല്ലല്ലാതെ മറ്റെന്തിങ്കിലും തിന്നാന്‍ കിട്ടുമോ? അതുപോലെ രജോഗുണി, ലൌകിക കാര്യങ്ങളില്‍ മുഴുകി വിശ്രമമില്ലാതെ അഹോരാത്രം പണിയെടുക്കുന്ന ആളുകളുടെ കൂട്ടത്തിലായിരിക്കും. മരണശേഷം ചെന്നു ചേരുക. ചുരുക്കിപറഞ്ഞാല്‍ അവന്‍ രജോഗുണവാസനകളുടെ വെള്ളപ്പൊക്കത്തില്‍ മുങ്ങുമരിക്കുമ്പോള്‍ അവന്‍റെ ലോഭവും മോഹവും ഉള്‍പ്പെടെയുള്ള എല്ലാ വാസനകളും ചേര്‍ന്ന് പുതിയ ശരീരത്തോടുകൂടി കൂടി കാമ്യകര്‍മ്മങ്ങള്‍ ചെയ്യുന്ന ഒരു കുടുംബത്തില്‍ ജന്മമെടുക്കുന്നു.
ഇതേ വിധത്തില്‍ സത്വഗുണത്തേയും രജോഗുണത്തേയും വിഴുങ്ങി തമോഗുണം ആധിപത്യം പുലര്‍ത്തുമ്പോഴുള്ള ഒരുവന്‍റെ സ്ഥിതി ഞാന്‍ വിവരിക്കാം. ശ്രദ്ധിച്ചു കേള്‍ക്കുക. . അവന്‍റെ മനസ്സ് ചന്ദ്രപ്രകാശമില്ലാത്ത അമാവാസിരാത്രിയിലെ ആകാശം പോലെ ഇരുണ്ടതായിരിക്കും. അവന്‍റെ അന്തഃകരണം വിചാരശൂന്യവും അനുത്സുകവും നിസ്തേജവുമായിരിക്കും. വിവേകവും അവിവേകവും തമ്മില്‍ തിരിച്ചറിയുന്നതിനുള്ള അവന്‍റെ ശക്തി നിശ്ശേഷം നശിച്ചിരിക്കും ഒരു ചാളയുടെ മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന എല്ലിന്‍ കൂമ്പാരം പോലെ അവന്‍റെ ഇന്ദ്രിയങ്ങളുടെ അങ്കണത്തില്‍ ദുരാചാരങ്ങളുടെ കൂമ്പാരം കാണാം. അവന്‍റെ ബുദ്ധിയുടെ മൃദുത്വം ഇല്ലാതായി അത് കല്ലിനേക്കാള്‍ കഠിനമുള്ളതായിത്തീരുന്നു. അവന്‍റെ ഓര്‍മ്മശക്തി ദാരിദ്രമാകുന്നു. മൗഡ്യം അവനില്‍ സജീവമായിരിക്കും. മനസ്സാക്ഷിക്കുത്തുണ്ടാക്കുന്ന അസാന്മാര്‍ഗ്ഗിക പ്രവൃത്തികള്‍ മരണത്തോടുകൂടി മാത്രമേ അവന്‍ അവസാനിപ്പിക്കുകയുള്ളൂ. ദുഷ്കൃത്യങ്ങള്‍ ചെയ്യുമ്പോള്‍ അവന്‍റെ മനസ്സ് ആഹ്ലാദിക്കുന്നു. നിഷിദ്ധകര്‍മങ്ങള്‍ ചെയ്യുന്നതില്‍ അവന്‍ ആനന്ദം കണ്ടെത്തുന്നു. അവന്‍റെ ഇന്ദ്രിയങ്ങള്‍ എപ്പോഴും വിഷയങ്ങളുടെ പിന്നാലെ പാഞ്ഞു നടക്കുന്നു. മദ്യപിച്ചിട്ടില്ലെങ്കിലും അവന്‍റെ ശരീരം ചാഞ്ചാടും; സന്നിപാതജ്വരമില്ലെങ്കിലും അവന്‍ പിച്ചും പേയും പറയും; കാമുകനല്ലെങ്കിലും അവന്‍ ഉന്മത്തനെപ്പോലെ പ്രലപിക്കും അവന്‍റെ മനസ്സ് ഉന്മാദാവസ്ഥയിലാകാതെ തന്നെ മായാമോഹം കൊണ്ട് മൂഡമാകും, ചുരുക്കിപ്പറഞ്ഞാല്‍ തമോഗുണത്തിന്‍റെ സ്വഭാവങ്ങളാണ് ഇതെല്ലാം. അത് സ്വപ്രയത്നം കൊണ്ട് കൂടുതല്‍ വളര്‍ന്നുകൊണ്ടേയിരിക്കും. ഈയവസരത്തില്‍ അവന് മരണം സംഭവിച്ചാല്‍ തമോഗുണത്തിന്‍റെ എല്ലാ വാസനകളോടും കൂടി അവന്‍ വീണ്ടും ജനിക്കുന്നു. ഒരു കടുകുമണി വിതച്ചാല്‍, അതിന്‍റെ രൂപം നശിച്ചു അതില്‍ നിന്ന് മുളച്ചുവളരുന്ന ചെടിയില്‍ കടുകല്ലാതെ മറ്റെന്താണ് വിളയുക? ഒരു അഗ്നിജ്വാലയില്‍ നിന്ന് കൊളുത്തുന്ന വിളക്ക്, അഗ്നി അണഞ്ഞുപോയാലും, എല്ലാറ്റിനെയും എരിക്കുന്ന അഗ്നിയുടെ സ്വഭാവം നിലനിര്‍ത്തുകയില്ലേ? അതുപോലെ അന്തഃകരണത്തില്‍ തമോഗുണത്തിന്‍റെ ഭാരവും പേറിക്കൊണ്ടു ജീവിച്ചിരുന്ന ഒരുവന്‍ അതെ ഗുണം തന്നെ നിലനിര്‍ത്തിക്കൊണ്ടായിരിക്കും വീണ്ടും ജനിക്കുന്നത്. ഇതില്‍ക്കൂടുതല്‍ എന്തു പറയാനാണ്. തമോഗുണം അധികരിച്ചു നില്‍ക്കുമ്പോള്‍ മരിക്കുന്ന ഒരുവന്‍ മൃഗത്തിന്‍റെയോ പക്ഷിയുടെയോ വൃക്ഷത്തിന്‍റെയോ കൃമികീടങ്ങളുടെയോ വംശത്തില്‍ ജനിക്കുന്നു.

No comments:

Post a Comment