Saturday, January 19, 2019

ഭക്തിയുടെ മാഹാത്മ്യം❉📍*
അനുഗ്രഹത്തിനായി നാം കാത്തിരിക്കണം. ശരിയായ സമയത്തില് നമുക്കു അതു കിട്ടും. എന്തിനും കാലം ആവശ്യമാണ്‌.
അതിലേക്കായി ഒരു കഥ പറയാം
ഒരു ഗ്രാമത്തില് ഒരു ബ്രാഹ്മണന് ഉണ്ടായിരുന്നു. അദ്ദേഹം നിത്യവും ഭഗവത്ഗീത പാരായണം ചെയ്യും. അതു ഒരു നിഷ്ഠയായി അദ്ദേഹം ആചരിച്ചു വന്നു. ദാരിദ്ര്യം കാരണം വളരെ ബുദ്ധിമുട്ടിയാണ് ജീവിതം പൊയ്ക്കൊണ്ടിരുന്നത്. എന്നാല് അദ്ദേഹം വിശ്വാസത്തോടു കൂടി തന്റെ പാരായണം മുടങ്ങാതെ നടത്തിയിരുന്നു.
അദ്ദേഹത്തിന്റെ ഭാര്യ ഒരിക്കല് അദ്ദേഹത്തോട് 'അങ്ങ് മുടങ്ങാതെ ഭഗവത് ഗീത വായിക്കുന്നത് കൊണ്ടു എന്തു ഫലം? ആ പുസ്തകം തട്ടിന്പുറത്തു കൊണ്ടു വയ്ക്കു. എന്നിട്ട് അരികിലുള്ള ഗ്രാമത്തില് പോയി ഉഞ്ചവൃത്തി എടുക്കു. കിട്ടുന്നത് കൊണ്ടു നമ്മുടെ വിശപ്പെങ്കിലും അടക്കാം. അല്ലാതെ നിത്യവും ഇതു പാരായണം ചെയ്തിട്ടു നമുക്കു എന്തു ലാഭം? എന്നും അങ്ങ് 'അനന്യാശ്ചിന്തയന്തോ മാം..' എന്നു വായിക്കുന്നതു കേട്ടു മടുത്തു. പക്ഷേ ഒരു പ്രയോജനവും ഇല്ല. നമ്മുടെ യോഗവും ക്ഷേമവും നാം തന്നെ നോക്കണം!' എന്നിങ്ങനെ പറഞ്ഞു.
എന്തു കൊണ്ടോ എന്തോ അന്നു അദ്ദേഹത്തിന് അവള്പറയുന്നതില് തെറ്റില്ല എന്നു തോന്നി. താന് ഇത്രയും നാളായിട്ട് ഭഗവത് ഗീതയെ ആശ്രയിച്ചു. എന്നിട്ട് തനിക്കു എന്തു കിട്ടി? ഗ്രാമവാസികളോട് ഇരന്നാണ് നിത്യവൃത്തി കഴിഞ്ഞിരുന്നത്. അതും ഇപ്പോള് എല്ലാവര്ക്കും അദ്ദേഹത്തെ നന്നായി അറിയാം. അതുകൊണ്ടു ദൂരെ നിന്നു തന്നെ അദ്ദേഹത്തെ കാണുമ്പോള്എന്തെങ്കിലും ചോദിക്കും എന്നു കരുതി കതകടക്കുകയാണ്. ഇനി ഇപ്പോള് തന്റെ പത്നി പറയുന്നത് പോലെ അടുത്ത ഗ്രാമത്തില് പോയി ഉഞ്ചവൃത്തി എടുത്താല് വല്ലതും കിട്ടും. ഗീത വായിച്ചു സമയം കളഞ്ഞത് കൊണ്ടു പ്രയോജനം ഒന്നുമില്ല എന്നു തോന്നിപ്പോയി.
പെട്ടെന്നു ബ്രാഹ്മണന് താന് വായിച്ചു കൊണ്ടിരുന്ന പുസ്തകം എടുത്തു. അതിലെ 'യോഗ ക്ഷേമം വഹാമ്യഹം' എന്നു എഴുതിയിരിക്കുന്ന ഭാഗം കരിക്കട്ട കൊണ്ടു വരച്ചു. എന്നിട്ട് പുസ്തകം തട്ടിന്പുറത്തേക്കു വലിച്ചെറിഞ്ഞു. അദ്ദേഹം എഴുന്നേറ്റു അടുത്ത ഗ്രാമത്തിലേക്കു നടന്നു. അദ്ദേഹം പോയ ഉടനെ ആരോ ഒരാള് വീട്ടിലെത്തി. അയാളുടെ കൈവശം ധാരാളം പലവ്യഞ്ജനങ്ങള് ഉണ്ടായിരുന്നു. കുറെക്കാലത്തിനു ആവശ്യമായ സകല സാധനങ്ങളും കൊണ്ടാണ് അയാള്വന്നിരുന്നത്. താന് ബ്രാഹ്മണന്റെ അകന്ന ബന്ധുവാണെന്നും, അവര് വളരെ കഷ്ടപ്പെടുന്നുണ്ട് എന്നു ഇപ്പോഴാണ് താന്അറിഞ്ഞത് എന്നും. അവരെ സഹായിക്കാന് എല്ലാം വാങ്ങിക്കൊണ്ടു വരികയാണെന്നും, സ്വല്പം താമസിച്ചു പോയി എന്നും പറഞ്ഞു. എന്നിട്ട് സാധനങ്ങള് എല്ലാം അവിടെ ഇറക്കിയിട്ടു അയാള് പോയി.
ബ്രാഹ്മണന്റെ ഭാര്യയ്ക്കു ആശ്ചര്യം ഉണ്ടായി. അന്നു ഒരു വിഭവ സമൃദ്ധമായ സദ്യ തന്നെ അവര് ഒരുക്കി. ഉച്ചയോടെ ബ്രാഹ്മണന് വീട്ടിലേക്കു മടങ്ങി വന്നു. അകത്തു നെയ്യുടെയും മറ്റും നല്ല മണം. അദ്ദേഹം ആശ്ചര്യപ്പെട്ടു. ഉടനെ അദ്ദേഹത്തിന്റെ പത്നി നടന്നതെല്ലാം പറഞ്ഞു. അദ്ദേഹത്തിനു അങ്ങനെ ഒരു ബന്ധു ഉള്ളതായി ഒട്ടും അറിയില്ലായിരുന്നു. അദ്ദേഹം ആശ്ചര്യത്തോടെ വന്ന ആളിനെക്കുറിച്ച് ചോദിച്ചു. അതിനു അവര് വന്നയാള് ഒരു ചെറുപ്പക്കാരനായിരുന്നു എന്നും, നല്ല കറുത്ത നിറമായിരുന്നു എന്നും, അയാളുടെ കൈകളും, കണ്ണും, കാലും നല്ല ചുവപ്പായിരുന്നു എന്നും, തലയില് തലപ്പാവ് കെട്ടിയിരുന്നു എന്നും, അരയില് ഒരു വസ്ത്രം ഉടുത്തിരുന്നു എന്നും പറഞ്ഞു.
പെട്ടെന്ന് ബ്രാഹ്മണന്റെ പത്നി എന്തോ ഓര്ത്തിട്ടെന്ന പോലെ ' ഒരു കാര്യം മാത്രം വളരെ വിചിത്രമായി എനിക്കു തോന്നി' എന്ന് പറഞ്ഞ. ഉടനെ ബ്രാഹ്മണന് അതെന്താണ് എന്നു വളരെ ആകാംക്ഷയോടെ ചോദിച്ചു. അതിനു അവര് 'അവന്റെ വായ കരി വരച്ചത് പോലെ കറുത്തിരുന്നു' എന്നു പറഞ്ഞു. ഇതു കേട്ട ബ്രാഹ്മണന് എന്തോ ഓര്ത്തിട്ടെന്ന പോലെ ഒന്നു ഞെട്ടി. ഉടനെ അദ്ദേഹം വെപ്രാളം പിടിച്ചു തട്ടുമ്പുറത്തു കയറി, തന്റെ ഭഗവത് ഗീത പുസ്തകം തപ്പിയെടുത്തു. അദ്ദേഹം അതു തുറന്നു അതില് വരുന്ന 'അനന്യാശ്ചിന്തയന്തോ മാം...' എന്നാ ശ്ലോകം ഒരു ചങ്കിടിപ്പോടെ നോക്കി. അതില് അദ്ദേഹം വരച്ച കരിയടയാളം കാണ്മാനില്ലായിരുന്നു.
ബ്രാഹ്മണനു വന്നത് ഭാഗവാനാണെന്നു മനസ്സിലായി. അദ്ദേഹം പൊട്ടിക്കരഞ്ഞു. 'യോഗക്ഷേമം വഹാമ്യഹം എന്നു ഭഗവാന്പറഞ്ഞത് സത്യം തന്നെയാണ്. നമുക്കു ഇന്നു ഇന്ന സമയത്തു തരണം എന്നു അദ്ദേഹം സങ്കല്പ്പിച്ചിരുന്നു. പക്ഷെ അതുവരെ കാത്തിരിക്കാനുള്ള ക്ഷമ നമ്മള്ക്കില്ലാതെ പോയി' എന്നദ്ദേഹം പറഞ്ഞു. അതിനു മുന്പ് ധൃതി കൂട്ടി കരി വാരി തേച്ചില്ലേ? ഭഗവാന് നമുക്കു ഒരു ജന്മത്തിനു മുഴുവനും വേണ്ട കൃപ ചെയ്യാന് കാത്തിരിക്കുന്നു. പക്ഷേ നാം അപ്പപ്പോള് ഉള്ള ആവശ്യത്തിനു അനുസരിച്ചു ഫലം ആഗ്രഹിക്കുന്നു.
ഭഗവാന് ബ്രാഹ്മണനു വേണ്ടതെല്ലാം എടുത്തു കൊണ്ടു പുറപ്പെട്ടു നില്ക്കുമ്പോഴാണ് അദ്ദേഹം ഭഗവാന്റെ മുഖത്ത് കരി വാരിത്തേച്ചതു. ഭഗവത് ഗീത കൃഷ്ണ സ്വരൂപമാണെന്നു അദ്ദേഹം മനസ്സിലാക്കിയില്ല.
തന്റെ തെറ്റു മനസ്സിലാക്കിയ ബ്രാഹ്മണന് പത്നിയോട് അതു പറഞ്ഞു. 'നീ പറഞ്ഞില്ലേ ഭഗവത് ഗീത പാരായണം ചെയ്‌താല്പ്രയോജനം ഒന്നുമില്ല എന്നു? ഇദാ നോക്കു! ഇതാണ് പ്രത്യക്ഷ പ്രയോജനം.'
പത്നി:- അങ്ങ് എന്താണ് പറയുന്നത്? എനിക്കു മനസ്സിലായില്ലല്ലോ.
ബ്രാഹ്മണന്:- നോക്കു! ഇത്രയും ദിവസം ഗീത വായിച്ചത് കൊണ്ടു ഭഗവാന് ബന്ധുവിന്റെ രൂപത്തില് നമുക്കു എല്ലാം കൊണ്ടു തന്നു. ഭഗവാന്റെ കാരുണ്യം മനസ്സിലാക്കാതെ നാം വെറുതെ സംശയിച്ചു.
ബ്രാഹ്മണന്റെ പത്നിക്കു ഇത് കേട്ട് ആശ്ചര്യമായി. സത്യം മനസ്സിലാക്കിയ അവര് തന്റെ ഭര്ത്താവിനോടും ഭാഗവാനോടും
മാപ്പപേക്ഷിച്ചു. അതിനു ശേഷം രണ്ടുപേരും പൂര്വാധികം വിശ്വാസത്തോടെ ഭഗവത് ഭക്തി ചെയ്തു ജീവിതം നയിച്ചു! അവസാനം അവര് ഇരുവരും ഭഗവത് പദം പ്രാപിച്ചു.
ഭഗവത് അനുഗ്രഹത്തിനും കാലം ആവശ്യമാണ്‌. ധ്രുവന്, ഭരതന്, തുടങ്ങിയ ഭക്തര് ഭഗവാന്റെ അനുഗ്രഹത്തിനായി കാത്തിരുന്നു. നാം നാമജപം ചെയ്തു കൊണ്ടു കാത്തിരിക്കണം. ശരിയായ സമയത്തില് ഭഗവാന് അനുഗ്രഹിക്കുന്നു. കാത്തിരിക്കാനുള്ള ക്ഷമ നമുക്കു ആവശ്യമാണ്‌. ഭഗവാനില്പൂര്ണ്ണ വിശ്വാസം നമുക്കു വേണം... ദൃഢമായ വിശ്വാസം.
ഓം നമോ ഭഗവതേ വാസുദേവായ.....
ഹരേ കൃഷ്ണാ......

No comments:

Post a Comment