Sunday, January 27, 2019

നിത്യോ നിത്യാനാം ചേതന ശ്ചേതനാനാം
ഏകോ ബഹൂനാം യോ വിദധാതി കമാന്‍
തത് കാരണം സാംഖ്യയോഗാധിഗമ്യം
ജ്ഞാത്വാ ദേവം മുച്യതേ സര്‍വപാശൈഃ
നിത്യങ്ങളില്‍ വെച്ച് നിത്യനായും ചൈതന്യമുള്ളവയില്‍ വെച്ച് ചൈതന്യമായും വിവിധ വസ്തുക്കളില്‍ ഏകനായും കുടിയിരിക്കുന്നു പരമാത്മാവ്. ജീവികളുടെ എല്ലാ ആഗ്രഹങ്ങളേയും സാധിപ്പിക്കുന്ന ആ കാരണ തത്വത്തെ സാംഖ്യയോഗ സാധനകളെ കൊണ്ട് നേടാം. ആ ദേവനെ അറിഞ്ഞാല്‍ എല്ലാ തരത്തിലുള്ള അവിദ്യാ ബന്ധനങ്ങളില്‍ നിന്നും മുക്തനായിത്തീരും.
 നിത്യവസ്തുക്കളെന്നാല്‍ ജീവന്മാര്‍ എന്നറിയണം. എല്ലാ ജീവന്മാരും പ്രളയകാലത്ത് പരമാത്മാവില്‍ ലയിക്കുന്നതിനാല്‍ പരമാത്മാവ് മാത്രമാണ് നിത്യവസ്തു. എല്ലാ വസ്തുക്കളുടെയും ചൈതന്യമായി വിളങ്ങുന്നത് ഒരേ ഒരു ആത്മചൈതന്യമാണ്. ഏകനായ ആ പരമാത്മാവാണ് അനേകമായിരിക്കുന്ന സകല വസ്തുക്കളിലുമിരിക്കുന്നത്. ജീവികള്‍ക്ക് അവരുടെ കര്‍മങ്ങള്‍ക്കനുസരിച്ച് ഫലത്തെ നല്‍കുന്നതും അത് തന്നെ. എല്ലാത്തിനും കാരണമായ ആ തത്വത്തെ സാംഖ്യം, യോഗം മുതലായവയാല്‍ അറിയണം. ആ ദേവനെ അറിഞ്ഞാല്‍, ആത്മസാക്ഷാത്കാരം നേടിയാല്‍ പിന്നെ ഒരു തരത്തിലുള്ള ബന്ധനവും ഉണ്ടാകില്ല. ജ്ഞാനം വരുമ്പോള്‍ അജ്ഞാനവും അതുമായി ബന്ധപ്പെട്ട എല്ലാ കെട്ടുപാടുകളും താനേ അഴിഞ്ഞു വീഴും.
ഈ മന്ത്രത്തിന്റെ ആദ്യ പകുതി കഠോപനിഷത്തിലുണ്ട്.
ന തത്ര സൂര്യോ ഭാതി ന ചന്ദ്ര താരകം
നേമാ വിദ്യുതോ ഭാന്തി കുതോളയഗ്‌നിഃ
തമേവ ഭാന്തമനുഭാതി സര്‍വം
തസ്യ ഭാസാ സര്‍വമിദം വിഭാതി
അവിടെ സൂര്യനോ ചന്ദ്രനോ നക്ഷത്രങ്ങളോ മിന്നലോ പ്രകാശിക്കുന്നില്ല. പിന്നെ ഈ അഗ്നിയുടെ കാര്യം പറയാനുണ്ടോ? സ്വയം പ്രകാശിക്കുന്ന അതിനെ അനുസരിച്ചാണ് എല്ലാം പ്രകാശിക്കുന്നത്. അതിന്റെ പ്രകാശത്താല്‍ ഇതെല്ലാം നന്നായി തെളിഞ്ഞ് പ്രകാശിക്കുന്നു.
തത്ര എന്ന പദം ബ്രഹ്മത്തെയാണ് വിവക്ഷിക്കുന്നത്. ബ്രഹ്മത്തെ പ്രകാശിപ്പിക്കാന്‍ സൂര്യന്‍ മുതലായ ഒരു ജ്യോതിസ്വരൂപങ്ങള്‍ക്കുമാകില്ല. ബ്രഹ്മപ്രകാശത്തിന് മുന്നില്‍ ഇവയുടെ പ്രകാശം ഒന്നുമല്ല. ഇവിടെ പ്രകാശമെന്നതിനെ ഭൗതികമായ പ്രകാശം എന്ന് കരുതേണ്ട.
സൂര്യനേയും ചന്ദ്രനേയുമൊക്കെ പ്രതീകമായി പറഞ്ഞിരിക്കുകയാണ്. ജ്ഞാനസ്വരൂപനായ ബ്രഹ്മത്തെ ഭൗതികമായ ജ്ഞാനം കൊണ്ടറിയാനാകില്ല. ബ്രഹ്മതേജസ്സിന് മുന്നില്‍ മറ്റ് തേജസ്സുകളെല്ലാം നിഷ്പ്രഭമാണ്. സ്വരൂപജ്ഞാനമായ അത് ആത്മസൂര്യനാണ്. അതിനെ ആശ്രയിച്ചാണ് ലോകത്തെ എല്ലാ പ്രകാശവും. എല്ലാ പ്രകാശ സ്രോതസ്സുകളുടേയും പ്രഭവകേന്ദ്രമാണത്.
ആ പ്രകാശമാണ് നമ്മുടെ ഉള്ളിലും പുറത്തും നിറഞ്ഞ് നില്‍ക്കുന്നത്. ദീപം കാണിക്കുന്നത് പോലും ആ ചൈതന്യത്തെ സ്മരിക്കാനാണ്. ദീപാരാധന, മംഗളആരതി സമയങ്ങളില്‍ ഈ മന്ത്രം ജപിക്കാറുണ്ട്.
സ്വയം പ്രകാശമായ പരബ്രഹ്മത്തെ നമുക്ക് അറിയാവുന്ന പ്രകാശങ്ങളോട് തുലനപ്പെടുത്തി പറയുമ്പോള്‍ അതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കും. സൂര്യപ്രകാശത്തിന് മുന്നില്‍ തീയും വൈദ്യുത വിളക്കുകളുമൊക്കെ ഒന്നുമില്ലാതിരിക്കുന്നത് നമ്മള്‍ക്ക് അനുഭവമാണ്. ഇതേ അവസ്ഥയാണ് ബ്രഹ്മത്തിന് അഥവാ ആത്മ ജ്യോതിസ്സിന് മുന്നില്‍ എല്ലാ ജ്യോതിസ്സുകള്‍ക്കും.ഈ മന്ത്രം ഇതേപടി കഠോപനിഷത്തിലും കാണാം.

No comments:

Post a Comment