Wednesday, January 02, 2019

മൂന്നാമധ്യായം
യ ഏകോ ജാലവാനീശത ഈശനീഭിഃ
സര്‍വാംല്ലോകാനീശത ഈശനീഭിഃ
യ ഏവൈക ഉദ്ഭവേ സംഭവേ ച
യ ഏതദ് വിദുരമൃതാസ് തേ ഭവന്തി
ഏകനും മായാവിയുമായ ആരാണോ മായാ ശക്തികളാല്‍ എല്ലാ ലോകങ്ങളേയും ശാസിക്കുന്നത്, ആരാണോ ഏകനായി തന്നെ ഉദ്ഭവത്തിലും  സംഭവത്തിലും പാലിക്കുന്നത്, ആ ബ്രഹ്മസ്വരൂപിയായ ദേവനെ അറിയുന്നവര്‍ അമൃതത്വത്തില്‍ എത്തിച്ചേരുന്നു.
 ബ്രഹ്മം തന്റെ ശക്തിയായ മായ കൊണ്ടാണ് ലോകത്തെ സൃഷ്ടിക്കുകയും രക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്നത്. മായയ്ക്ക് ലോകത്തെ ഭ്രമിപ്പിക്കാനാകുമെങ്കിലും തന്റെ അധീശനായ ബ്രഹ്മത്തെ ഒന്നും ചെയ്യാനാകില്ല. മായയുടെ അധിപനായതിനാലാണ് മായാവി എന്ന അര്‍ഥത്തില്‍ ജാലവാന്‍ എന്ന് വിശേഷിപ്പിച്ചത്. മായാവിയായ ബ്രഹ്മത്തെ അറിയുന്നയാള്‍ മായാബന്ധനങ്ങളില്‍ നിന്ന് മുക്തനായി ജനന മരണങ്ങള്‍ക്കപ്പുറമുള്ള അമൃതത്വത്തിലെത്തുന്നു.
ഏകോ ഹി രുദ്രോ ന ദ്വിതീയ തസ്ഥൂര്യ
ഇമാംല്ലോകാനീശത ഈശനീഭിഃ
പ്രത്യങ്ജനാം സ്തിഷ്ഠതി സംചുകോചാന്തകാലേ
സംസൃജ്യ വിശ്വാ ഭുവനാനി ഗോപാഃ
തന്റെ മായാശക്തിയാല്‍ ഈ ലോകങ്ങളെയെല്ലാം ഭരിക്കുന്ന രുദ്രനായ ആ ബ്രഹ്മം ഒന്ന് മാത്രമേ ഉള്ളൂ. അത് രണ്ടാമതൊന്നിനെ ആശ്രയിക്കുന്നില്ല. അത് എല്ലാ ജനങ്ങളുടേയും ഉള്ളില്‍ പ്രത്യഗാത്മാവായി ഇരിക്കുന്നു. എല്ലാ ലോകങ്ങളേയും സൃഷ്ടിച്ച്, രക്ഷിച്ച് അവസാനം തന്നിലേക്ക് തന്നെ ലയിപ്പിക്കുകയും ചെയ്യുന്നു.
 ബ്രഹ്മത്തിനെ തന്നെയാണ് രുദ്രന്‍ എന്ന് വിശേഷിപ്പിച്ചത്. ദേവന്‍മാരുള്‍പ്പടെയുള്ളവരുടെ ക്ലേശങ്ങളേയും പാപങ്ങളേയും ഇല്ലാതാക്കി ജ്ഞാനവും ആനന്ദവും നല്‍കുന്നവനെന്ന അര്‍ഥത്തിലാണ് രുദ്രന്‍ എന്ന് പറഞ്ഞത്. നിയമങ്ങളെ അതിക്രമിക്കുന്നവരെ ശിക്ഷിക്കുന്നവനെന്നും അര്‍ഥമുണ്ട്. കരയിപ്പിക്കുന്നവനാണ് രുദ്രന്‍. പിറവിയെടുക്കുന്ന ഓരോ ജീവനും
കരച്ചിലോടെ ദുഃഖപൂര്‍ണമായ ജീവിതം ആരംഭിക്കുന്നതും സംഹാരകാലത്ത് കരയിപ്പിക്കുന്നതുമൊക്കെ രുദ്രന്‍ എന്ന വിശേഷണത്തിന് കാരണമാകാം.
മായാശക്തിയാല്‍ താന്‍ തന്നെ പലതായിത്തീര്‍ന്ന് തന്നില്‍ തന്നെ അവയെ നിലനിര്‍ത്തി തന്നിലേക്ക് തന്നെ ചേര്‍ക്കുന്നു.
വിശ്വതശ്ചക്ഷുരുത വിശ്വതോ മുഖോ 
വിശ്വതോബാഹുരുത വിശ്വതസ്പാത്
സംബാഹുഭ്യാം ധമതി സംപതത്രൈര്‍-
ദ്യാവാഭൂമീ ജനയന്‍ ദേവ ഏകഃ
സ്വര്‍ഗവും ഭൂമിയും സൃഷ്ടിക്കുന്ന ദേവന്‍ ഏകനാണെങ്കിലും എല്ലായിടത്തും കണ്ണും മുഖവും കൈയും കാലുമുള്ളവനാണ്. ആ ദേവന്‍ കൈകളെ കൊണ്ടും ചിറകുകളെ കൊണ്ടും ജീവികളെ പ്രചോദിപ്പിക്കുന്നു.
വിരാട് രൂപിയായ ഈശ്വരന്റെ രൂപമാണ് മന്ത്രത്തിന്റെ ആദ്യ ഭാഗത്ത് വിവരിച്ചത്. ഈ ലോകത്തിലെ സകല ജീവജാലങ്ങളുടേയും കൈകളും കാലുകളും കണ്ണുകളും മുഖങ്ങളും എല്ലാം ഈശ്വരന്റെ തന്നെയാണ്.
കൈകള്‍ എന്നതിന് ധര്‍മാധര്‍മങ്ങള്‍, ജ്ഞാന കര്‍മങ്ങള്‍ എന്നൊക്കെ അര്‍ഥം പറയാം. ചിറകുകള്‍  എന്ന തരത്തില്‍ പറഞ്ഞിരിക്കുന്നത് വാസനകളെയാണ്. ധര്‍മം - അധര്‍മം, ജ്ഞാനം - കര്‍മം എന്നീ കൈകളാല്‍ വാസനയ്ക്കനുസരിച്ച് പ്രവര്‍ത്തിച്ചാണ് ജീവിതം നയിക്കുന്നത്. മുന്‍ജന്മങ്ങളിലെ വാസനകള്‍ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെ തീരുമാനിക്കുന്നു. എല്ലാം സൃഷ്ടിച്ച്  എല്ലാം പ്രവര്‍ത്തിപ്പിക്കുന്ന പ്രകാശസ്വരൂപന്‍ ഏകനായി തന്നെയിരിക്കുന്നു.

No comments:

Post a Comment