Sunday, January 20, 2019

ഭസ്മം............
ഹൈന്ദവാചാര പ്രകാരം പശുവിന്റെ ചാണകം ഗോളാകൃതിയിലാക്കി ശിവാഗ്നിയിൽ ദഹിപ്പിക്കുന്നതാണ് ഭസ്മം. ആദ്ധ്യാത്മിക നിഷ്ഠയുള്ളവരും മറ്റ് ഭക്തജനങ്ങളും സാധാരണയായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ഭസ്മം. ഭസ്മധാരണം ഹൈന്ദവ ജീവിതത്തിലെ ഒരു പ്രധാന ആചാരമാണ്. ശൈവാരാധനയുമായി ബന്ധപ്പെട്ട ഭസ്മം ശിവക്ഷേത്രങ്ങൾ, സുബ്രഹ്മണ്യക്ഷേത്രങ്ങൾ അയ്യപ്പക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിച്ചു വരുന്നു. താന്ത്രിക,മാന്ത്രികകർമ്മങ്ങൾക്കും ഭസ്മം ഉപയോഗിച്ചുവരുന്നു. ശൈവരാണ് ഭസ്മം ഉപയോഗിക്കുന്നവരിൽ കൂടുതലും. വൈഷ്ണവർ ചന്ദനമാണ് ഇതിനു പകരം തേയ്ക്കുന്നത്. കേരളത്തിലെ ശൈവർ ഭസ്മത്തിനു മുകളിൽ ചന്ദനം തേക്കുന്നവരാണെങ്കിലും തമിഴകത്ത് ശൈവർ ഭസ്മം മാത്രമേ ഉപയോഗിക്കൂ. വൈഷണവർ തിരിച്ചും. വെറ്റില ചേർത്തുള്ള ഭസ്മമാണ് താമ്പൂലഭസ്മം.
ഭസിതം,വിഭൂതി,രക്ഷ എന്നും പേരുകളുണ്ട് . ഭസിക്കുന്നത്കൊണ്ട് (പ്രകാശിപ്പിക്കുന്നത്കൊണ്ട്) ഭസിതം,പാപങ്ങളെ ഭസ്മീകരിക്കുന്ന(നശിപ്പിക്കുന്ന)തുകൊണ്ട് ഭസ്മം,വിഭൂതിയെ(ഐശ്വര്യത്തെ)പ്രധാനം ചെയ്യുന്നത്കൊണ്ട് വിഭൂതി, രക്ഷ നൽകുന്നത്കൊണ്ട് രക്ഷ ഇങ്ങനെയാൺ ഈ പേരുകൾ ലഭിച്ചത്.
ഭസ്മനിർമ്മാണത്തിനു പ്രത്യേക ചിട്ടകൾതന്നെ ഉണ്ട്.അമാവാസി.പൌർണ്ണമി,അഷ്ടമി എന്നീ ദിവസങ്ങളിൽ ഭസ്മത്തിനുള്ള ചാണകം ശേഖരിക്കുന്നതാണ് ഉത്തമം. രാവിലെ എഴുന്നേറ്റ് ശരീരശുദ്ധി വരുത്തി ഗോശാലയിൽ പ്രവേശിച്ച് നല്ലതായ ചാണകം ശേഖരിക്കണം. “ഹ്രൌം” എന്ന മന്ത്രം ചൊല്ലിക്കൊണ്ട് വേണം ചാണകം ശേഖരിക്കാൻ. എടുത്ത ശേഷം “നമ:“ എന്ന മന്ത്രം ജപിച്ച് ചാണകത്തെ ഉരുളകളാക്കി ഉരുട്ടണം. ഈ ഉരുളകളെ ശുദ്ധവും വൃത്തിയുമുള്ള സ്ഥലത്ത് വച്ച് വെയിലിൽ ഉണക്കണം. ഇങ്ങനെ തയ്യാറാക്കിയ ചാണക ഉരുളകളെ ഉമി കൂട്ടികലർത്തി ‘ഹ്രൌം’ എന്നു ജപിച്ച് ഭസ്മമാക്കണം. അരണിയിൽ നിന്ന് എടുത്തതോ വേദാദ്ധ്യായം ചെയ്യുന്ന ബ്രാഹ്മണന്റെ ഗൃഹത്തിൽ നിന്നെടുത്ത അഗ്നികൊണ്ട് വേണം ദഹിപ്പിക്കാൻ. നന്നായി ദഹിക്കുന്നവരെ അഗ്നിയെ സംരക്ഷിക്കണം. ഈ ഭസ്മത്തെ ശുദ്ധമായ മൺപാത്രത്തിൽ സൂക്ഷിക്കണം. കൈതപ്പൂവ്,രാമച്ചം,ചന്ദനം,കുങ്കുമപ്പൂവ് തുടങ്ങിയ സുഗന്ധ വസ്തുക്കളെ ‘സദ്യോജാത’ മന്ത്രത്തോട് കൂടി ഭസ്മപാത്രത്തിൽ ചേർത്തുവയ്ക്കണം.
മൂന്ന് തരം ഭസ്മങ്ങളെക്കുറിച്ച് ദേവിഭാഗവതത്തിൽ വിവരിക്കുന്നുണ്ട്. ശാന്തി ഭസ്മം,പൌഷ്ടികഭസ്മം, കാമഭസ്മം എന്നിവയാണവ. പശുവിന്റെ ശരീരത്തിൽ നിന്നും താഴെ വീഴുന്നതിനു മുമ്പായി തന്നെ ചാണകമെടുത്ത് ഉരുട്ടി ഉണക്കി സദ്യോജാതി പഞ്ചമന്ത്രം ജപിച്ച് ഭസ്മമാക്കിയതു ശാന്തിഭസ്മം. പശുവിന്റെ ശരീരത്തിൽ നിന്നും വീണ് നിലത്തെത്തുന്നതിനു മുമ്പേ ചാണകമെടുത്ത് ഷഡംഗമന്ത്രം ജപിച്ച് ഉരുട്ടി ഉണക്കി ഉണ്ടാക്കുന്നത് പൌഷ്ടികഭസ്മം. ഭൂമിയിൽ വീണുകിട്ടുന്ന ചാണകമെടുത്ത് ‘ഹ്രൌം’ മന്ത്രം ജപിച്ച് ഉരുട്ടി ഉണക്കി ഉണ്ടാക്കുന്നത് കാമഭസ്മം. ഇതിൽ സാധാരണമായിട്ടുള്ളത് കാമഭസ്മമാകുന്നു.
ഭസ്മക്കുറി തൊടുന്നത് ശൈവമതക്കാരുടെ പ്രത്യേകതയായിരുന്നു. മാഘമാസത്തിന്റേയും ഫാൽഗുന മാസത്തിന്റേയും ഇടയിൽ വരുന്ന കറുത്ത ചതുർദശിയാണ് ശിവരാത്രി. ശൈവർ ആ രാത്രി ഉറങ്ങാറില്ല. ഈ ദിവസം ആണ് ഭസ്മം ചുട്ടെടുത്തിരുന്നത്. പശുവിൻ ചാണകം ചെറിയ ഉരുളകളായി ഇരുട്ടി വെയിലത്തിട്ടുണക്കുന്നു. ശിവരാത്രിനാൾ രാവിലെ വീടിനു മുന്നിൽ മുറ്റത്ത് കിഴക്കുഭാഗത്ത് ഉമി (നെല്ലിൻ തോട്) കനത്തിൽ നിരത്തി അതിമേൽ ഉണങ്ങിയ പശുവിൻ ചാണക വറളി നിരത്തി വീണ്ടും ഉമികൊണ്ടു മൂടി തീ കത്തിക്കുന്നു. നീറി നീറി ചാണകവറളിയും ഉമിയും കത്തി അമരും. കത്തിക്കിട്ടിയ ഭസ്മം ഒരു മൺചട്ടിയിൽ കോരിയെടുക്കുന്നു. വെള്ളമൊഴിച്ചു കലക്കി അടിയാൻ വയ്ക്കുന്നു. അടുത്ത ദിവസം വെള്ളം മുഴുവൻ വാർന്നു കളയും ചട്ടിയുടെ അടിയിൽ ഭസ്മം അടിഞ്ഞ് കിടക്കും ഇങ്ങനെ പലതവണ ആവർത്തിക്കും. നല്ല നിറമുള്ള ഭസ്മം (നാനോ പാർട്ടിക്കിൾ) കിട്ടുന്നു. അതുണക്കി ഭസ്മച്ചട്ടി (തോണി)യിൽ വീടിന്റെ തിണ്ണയിൽ തൂക്കി ഇടുന്നു. കുളികഴിഞ്ഞു നെറ്റിയിലും സന്ധികളിലും ഭസ്മം പൂശുക അടുത്ത കാലം വരെ ശൈവ വെള്ളാളരുടെ രീതി ആയിരുന്നു.
ദേവസുരന്മാർ അമൃതമഥനം ചെയ്തപ്പോൾ ഉയർന്നുവന്ന കാളകൂടവിഷം ലോകവിനാശം ചെയ്യാതിരിക്കാൻ പരമശിവൻ കുടിച്ചു. അദ്ദേഹം ബോധം കെട്ടുവീണു. പാർവതി, പരിവാരസമേതം, തന്റെ കാന്തന്റെ ദേഹമാസകലം ഭസ്മം പൂശി ഉറങ്ങാതെ രാത്രി മുഴുവൻ കാത്തിരുന്നു. അങ്ങനെ ശിവന്റെ ഉള്ളിൽ ചെന്ന വിഷാംശം മുഴുവൻ ദേഹമാസകലമുള്ള ഭസ്മലേപനത്തിലൂടെ ഉച്ചാടനം ചെയ്തു.
murali reeja

No comments:

Post a Comment