Friday, January 18, 2019

*ദേവീമാഹാത്മ്യത്തിന്റെ ശക്തിയും മഹത്വവും*


"ദേവ്യാ യയാ തദമിദം ജഗദാത്മശക്ത്യാ നിശ്ശേഷദേവഗണ ശക്തി സമൂഹമൂര്‍ത്ത്യാ താമംബികാമഖില ദേവമഹര്‍ഷി പൂജ്യാം ഭക്ത്യാ നതാസ്മ വിദധാതു ശുഭാനിസാനഃ"

സമ്പൂര്‍ണദേവതകളുടെയും ശക്തിയുടെയും സമഗ്രഭാവമാര്‍ന്ന സ്വരൂപത്തോടുകൂടി ദേവി തന്റെ ശക്തിയാല്‍ ജഗത്തു മുഴുവന്‍ വ്യാപ്തമായിരിക്കുന്നു. സകലദേവതകളും മഹര്‍ഷിമാരും പൂജിക്കുന്നതായ ആ ജഗദംബയെ ഭക്തിപൂര്‍വകം നമസ്‌കരിക്കുന്നു. ആ അമ്മ നമുക്ക് മംഗളം പ്രദാനം ചെയ്യട്ടെ. ഭാരതത്തിലെങ്ങും പ്രസിദ്ധമായ പാരായണ ഗ്രന്ഥമാകുന്നു ദേവീമാഹാത്മ്യം. ഭയഭക്തി വിശ്വാസങ്ങളെ ജനിപ്പിക്കുന്നതുകൊണ്ട് ശൈവം, വൈഷ്ണവം, ശാക്തം എന്നീ മൂന്നുമതത്തിലുമുള്ളവര്‍ക്കും ഇതുപോലെ ആദരണീയമായ വേറൊരു ഗ്രന്ഥം ഇല്ലെന്നുതന്നെ പറയാം. ഇതിന് ബംഗ്ലാദേശത്തില്‍ ചണ്ഡീ എന്നും കാശി, മധ്യഭാരതം, മുംബൈ മുതലായ ദേശങ്ങളില്‍ ദുര്‍ഗ്ഗാസപ്തശതി അഥവാ ചണ്ഡീസപ്തശതി എന്നും ചോളം, പാണ്ഡ്യം, കേരളം തുടങ്ങിയ ദക്ഷിണദേശങ്ങളില്‍ ദേവീമാഹാത്മ്യം എന്നും പറയുന്നു. ഭൂതപ്രേത പിശാചാദികളില്‍ നിന്നും, സിംഹവ്യാഘ്രാദി ദുഷ്ടജന്തുക്കളില്‍നിന്നും, തസ്‌ക്കരന്മാരില്‍നിന്നും മറ്റും ഉണ്ടാകുന്ന ആപത്ത് നിവാരണാര്‍ത്ഥം ബാലന്മാരും വൃദ്ധന്മാരും ഗര്‍ഭവതികളും പാന്ഥന്മാരും എന്നുവേണ്ട പലരും ഈ ഗ്രന്ഥത്തെ രക്ഷയായി ധരിച്ചുവരുന്നു. ഈ ഗ്രന്ഥധാരണംകൊണ്ടുമാത്രം ആപത്തുകളില്‍നിന്ന് മോചിതരായ കഥകള്‍ ധാരാളം. അഷ്ടമംഗല്യ വസ്തുക്കളില്‍പ്പെട്ട 'ഗ്രന്ഥം' ദേവീമാഹാത്മ്യമാണ്. മാര്‍ക്കണ്ഡേയ പുരാണത്തിലെ 74-ാം അധ്യായം മുതല്‍ 86-ാം അധ്യായം വരെ 'സാവര്‍ണിഃസൂര്യതനയേ' എന്നാരംഭിച്ച് 'സാവര്‍ണിഭവിതാമനു' എന്നവസാനിക്കുന്ന 13 അദ്ധ്യായങ്ങളാണ് 700 ശ്ലോകങ്ങളുള്ള ദേവീമാഹാത്മ്യം. കവചം, അര്‍ഗ്ഗളം, കീലകം, നവാക്ഷരീമന്ത്രം, രാത്രിസൂക്തം, ദേവീസൂക്തം, പ്രാധാനിക രഹസ്യം, വൈകൃതിക രഹസ്യം, മൂര്‍ത്തിരഹസ്യം ഇവയെല്ലാം ദേവീമാഹാത്മ്യത്തിന്റെ ഭാഗങ്ങളാണ്. 'ദേവീകവചം' ജപിക്കുക എന്നത് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കണം. ദേവി പടച്ചട്ടയായി നമ്മുടെ ശരീരത്തെ അഥവാ ജീവിതത്തെ സംരക്ഷിക്കുന്നു. നടക്കുമ്പോഴും ഇരിക്കുമ്പോഴും എന്നുവേണ്ടാ സദാനേരവും ദേവീകവചം നമ്മുടെ മനസ്സില്‍ വരണം. സുമേധസ്സു മഹര്‍ഷി സുരഥന്‍ എന്ന രാജാവിനും സമാധി എന്ന വൈശ്യനും അവരുടെ ദുഃഖവൃത്തിക്കായിക്കൊണ്ട് പറയുന്ന ദേവിയുടെ കഥകള്‍ അഥവാ ചരിത്രങ്ങളാണിത്. ദേവീചരിതങ്ങള്‍ ശ്രവിച്ച് ദേവിയെ പ്രാര്‍ത്ഥിച്ച് തങ്ങളുടെ ദുഃഖനിവൃത്തി വരുത്തിയ സുരഥരാജാവിനെ 'സാവര്‍ണ്ണിമനു' ആവാന്‍ ദേവി അനുഗ്രഹിക്കുന്നു. വൈശ്യനായ സമാധിയെ ദേവി 'വൈശ്യവര്യാ' എന്നാണ് സംബോധന ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ജ്ഞാനവും മോക്ഷവും നല്‍കുന്നു. ദേവീകടാക്ഷത്തിന് രാജാവെന്നോ വൈശ്യനെന്നോ പണ്ഡിതനെന്നോ പാമരനെന്നോ, പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല. എല്ലാം ദേവിതന്നെയാണ് എന്ന അറിവുതന്നെയാണ് ഏറ്റവും വലിയ യോഗ്യത. ജഗദംബയുടെ അവതാരങ്ങളായ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ ദേവതകളെയാണ് ഈ പതിമൂന്ന് അദ്ധ്യായങ്ങളിലൂടെ പറയുന്നത്. ഒന്നാം അധ്യായത്തില്‍ മഹാകാളിയുടെ അവതാരം പറയുന്നു. മധുകൈടഭന്മാരുടെ ഉപദ്രവത്താല്‍ തന്റെ ആത്മരക്ഷാര്‍ത്ഥം ബ്രഹ്മാവ് മൂലപ്രകൃതിയെ പ്രാര്‍ത്ഥിക്കുന്നു. ബ്രഹ്മാവിന്റെ സൃഷ്ടി ദൗത്യത്തിന് വിഘാതമായ മധുകൈടഭന്മാരെ ദേവി തന്റെ മഹാമായയാല്‍ പ്രേരിതമായി, വിഷ്ണുവിനെ മുന്‍നിര്‍ത്തി വധിക്കുന്നു. രണ്ടും മൂന്നും അദ്ധ്യായത്തില്‍ മഹാലക്ഷ്മിയുടെ അവതാരമാണ് പ്രതിപാദിക്കുന്നത്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ കോപംപൂണ്ട മുഖങ്ങളില്‍നിന്ന് ആവിര്‍ഭവിച്ച മഹത്തായ തേജസ്സ് ഇന്ദ്രാദിദേവന്മാരുടെ തേജസ്സോടു ചേര്‍ന്ന് സമസ്ത ദേവാനാം തേജോരാശി സമുദ്ഭവാം-മഹിഷാസുരമര്‍ദ്ദിനീ രൂപത്തില്‍ മഹിഷാസുരനെ വധിക്കുന്നു. നാലാം അദ്ധ്യായത്തില്‍ ദേവന്മാരുടെ സ്തുതിയില്‍ പ്രസന്നനായി പാര്‍വതീദേവിയുടെ ശരീരകോശത്തില്‍ നിന്ന് സുംഭനിസുംഭ വധത്തിനായി കൗശികീദേവി (മഹാസരസ്വതീ അവതാരം) അവതരിക്കുന്നു. ദേവിയെ സഹായിക്കാനായി ദേവിയുടെ എല്ലാ രൂപങ്ങളും, സപ്തമാതാക്കളും എഴുന്നെള്ളുന്നു. പതിനൊന്നാം അദ്ധ്യായമായ പ്രസിദ്ധമായ നാരായണീ സ്തുതിയില്‍ ദേവി പ്രസന്നയാകുന്നു. അടുത്ത രണ്ട് അദ്ധ്യായങ്ങള്‍ ദേവീമാഹാത്മ്യത്തിന്റെ വൈശിഷ്ട്യങ്ങളും ഫലശ്രുതിയും പറയുന്നു. മാഹേശ്വരി പ്രാപഞ്ചിക ശക്തികളുടെ വിപുലമായ സീമകളെ വ്യവസ്ഥപ്പെടുത്തുകയും, മഹാകാളി അവയുടെ ഉത്സാഹത്തെയും പ്രേരകശക്തിയെയും പ്രചോദനം ചെയ്യുകയും, മഹാലക്ഷ്മി അവയുടെ താളങ്ങളെയും മാത്രകളെയും ആവിഷ്‌കരിക്കുകയും ചെയ്യുന്നു. മഹാസരസ്വതിയാകട്ടെ അവയുടെ സംവിധാനത്തെയും അനുഷ്ഠാനത്തെയും ഭിന്നാംശങ്ങളുടെ അന്യോന്യ ബന്ധത്തെയും ശക്തികളുടെ കാര്യസാധകമായ സമവായത്തെയും നിഷ്പത്തിയുടെയും നിര്‍വഹണത്തിന്റെയും അഭംഗമായ സൂക്ഷ്മതയെയും അധികരിച്ചുള്ള പ്രപഞ്ചത്തിന്റെ അധ്യക്ഷയായി വര്‍ത്തിക്കുന്നു. ഓരോ കാര്യത്തെയും സംബന്ധിച്ചുള്ള കൗശലം, ശാസ്ത്രം, നിപുണവ്യവഹാരം ഇവ മഹാസരസ്വതിയുടെ അധികാരമണ്ഡലമാകുന്നു. ദേവീമാഹാത്മ്യപാരായണത്തിന് വിധികള്‍ പലവിധം. ഒരുദിവസംകൊണ്ട് പതിമൂന്ന് അദ്ധ്യായങ്ങളോ ഓരോ ദിവസം ഓരോ ചരിതങ്ങളോ (പ്രഥമചരിതം, മധ്യമചരിതം, ഉത്തമചരിതം) ഞായറാഴ്ച- ഒന്നാം അദ്ധ്യായം. തിങ്കള്‍-രണ്ട്, മൂന്ന്. ചൊവ്വാ-നാല്. ബുധന്‍-അഞ്ച്, ആറ്, ഏഴ്, എട്ട്. വ്യാഴം-ഒന്‍പത്, പത്ത്. വെള്ളി-ഏകാദശാദ്ധ്യായം (നാരായണീ സ്തുതി). ശനി-പന്ത്രണ്ട്, പതിമൂന്ന് ഇങ്ങനെ പാരായണ വിധികള്‍ പലവിധം. പദങ്ങളും അക്ഷരങ്ങളും സ്പഷ്ടമായി ഉച്ചരിച്ചുവേണം പാരായണം ചെയ്യാന്‍. മനസ്സ് പൂര്‍ണമായും ദേവിയില്‍ അര്‍പ്പിച്ച് ഇതിലെ ഓരോ സംഭവങ്ങളും മനസ്സുകൊണ്ട് കണ്ടുവേണം പാരായണം. വിദ്യാ സമസ്താ തവ ദേവി ഭേദാ- എല്ലാ വിദ്യകളും അവിടുത്തെ വകഭേദങ്ങളാണ് എന്നുപറഞ്ഞ് ഒന്നാം അദ്ധ്യായത്തില്‍ ദേവന്മാര്‍ ദേവിയെ സ്തുതിക്കുന്നു. തുഷ്ടാസ്മി സ്‌തോത്രമുഖ്യേന തഥൈവാരാധനേന ച സുരാമാംസോപഹാരേണ ഭക്ത്യാ ചാനന്യപൂര്‍വായ-ഭയന്നിരിക്കുമ്പോള്‍ ഈ സ്‌തോത്രം ചൊല്ലിയാല്‍ മതിയെന്ന് നാലാം അദ്ധ്യായം. യാ ദേവീ സര്‍വഭൂതേഷു ശക്തിരൂപേണ സംസ്ഥിതാ- എന്ന് അഞ്ചാം അദ്ധ്യായം. സര്‍വമംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥസാധികേ ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോസ്തുതേ. പ്രസിദ്ധമായ ഈ ശ്ലോകം 11-ാം അധ്യായത്തിലാണ്. 'ആപദി കിം കരണീയം സ്മരണീയം ചരണയുഗളമംബായാ' ആപത്തിലകപ്പെട്ടാല്‍ തലവിധിയെ പഴിച്ച് കാലംകഴിക്കാതെ സാക്ഷാല്‍ പരാശക്തിയെ ശരണം പ്രാപിക്കണം. തന്നെ ആശ്രയിക്കുന്നവന്റെ എല്ലാ ആപത്തുകളും താന്‍ തീര്‍ച്ചയായും നശിപ്പിക്കുന്നുണ്ടെന്ന് ദേവി വാഗ്ദാനം ചെയ്യുന്നു. മൂകാംബിക മുതലായ മഹാക്ഷേത്രങ്ങളില്‍ നടത്തുന്ന ചണ്ഡികാഹോമം, ദേവീമാഹാത്മ്യപാരായണം ചെയ്താണ് നടത്തുന്നത്. ദേവീമാഹാത്മ്യം ഫലശ്രുതിയില്‍ പറയുന്നു. 'ദേവി ഭോഗ സ്വര്‍ഗ്ഗ അപവര്‍ഗ്ഗദയാണ്'- ഈ ലോകത്തില്‍ നല്ല നല്ല ഭോഗാനുഭവങ്ങളോടുകൂടിയ ജീവിതവും, പരലോകത്തില്‍ സ്വര്‍ഗവും, ആത്മജ്ഞാനവൈഭവംകൊണ്ട് മുക്തിയും ദേവിയുടെ ഉപാസനകൊണ്ട് ലഭിക്കും. ചൊവ്വ, വെള്ളി, അഷ്ടമി, നവമി, ചതുര്‍ദശി കര്‍ക്കിടകം മുഴുവന്‍, നവരാത്രികാലം ഈ ദിവസങ്ങളില്‍ ദേവീ മാഹാത്മ്യ പാരായണം വൈശിഷ്ട്യമേറും. ശരത്കാലേ ച യാ പൂജാ ക്രിയതേ യാ ച വാര്‍ഷികീ തസ്യാം മമൈതമാഹാത്മ്യം ശ്രുത്വാ ഭക്തി സമന്വിതാ സര്‍വബാധാവിനിര്‍മ്മുക്തോ ധനധാന്യ സമന്വിതഃ മനുഷ്യോ മത്പ്രസാദേന ഭവിഷ്യതി ന സംശയഃ ശരത്കാലത്തിലെ നവരാത്രികാലത്തും വര്‍ഷാരംഭത്തിലെ നവരാത്രിയിലും നടത്തുന്ന മഹാപൂജയില്‍ ഭക്തിയോടെ എന്റെ മാഹാത്മ്യം കേള്‍ക്കുന്നവന്‍ എന്റെ പ്രസാദം നിമിത്തം സര്‍വബാധാ വിനിര്‍മ്മുക്തനായി ധനധാന്യ സമന്വിതനായി തീരും സംശയമില്ല.

" അമ്മേ ശരണം....ദേവി ശരണം "

No comments:

Post a Comment