*ജീവികൾക്ക് ദേഹേന്ദ്രിയാദികളിലുള്ള വൈവിധ്യത്തിന് കാരണം ഭൗതികപ്രകൃതിയാണെന്ന് പറയുന്നു. വിഭിന്നാകൃതിയിലുള്ള 84,00,000 (84 ലക്ഷം) ജീവികളുണ്ട്, പ്രപഞ്ചത്തിൽ. പ്രകൃതിസൃഷ്ടങ്ങളാണിവയെല്ലാം. ഓരോ തരത്തിലുള്ള ശരീരത്തിൽ ജീവിക്കണമെന്നിച്ഛിക്കുന്ന ജീവാത്മാവിന്റെ വ്യത്യസ്ത ഭോഗക്രിയകളിൽ നിന്ന് അവ ഉടൽകൊള്ളുന്നു. വിവിധ ശരീരങ്ങളിലിരുന്നുകൊണ്ട് നാനാവിധങ്ങളായ സുഖദുഃഖങ്ങളനുഭവിക്കുകയുംചെയ്യുന്നു. ഈ ഭൗതിക സുഖദുഃഖങ്ങൾക്ക് കാരണം ശരീരമാണ്, ആത്മാവല്ല. ജീവാത്മാവിന്റെ സ്വാഭാവികാവസ്ഥയിൽ അതിന് ആനന്ദമനുഭവിക്കാമെന്നതിനു സംശയമില്ല. അതുകൊണ്ട് അതാണതിന്റെ യഥാർത്ഥ അവസ്ഥ. ഭൗതിക പ്രകൃതിയെ കീഴടക്കാൻ ആഗ്രഹിച്ചതുകൊണ്ടാണ് ജീവാത്മാക്കൾ ഭൗതികലോകത്തിൽ വരുന്നത്, ആദ്ധ്യാത്മികലോകത്തിൽ അങ്ങനെ യൊന്നില്ല, വിശുദ്ധമാണത്. ഭൗതികപ്രപഞ്ചത്തിലാവട്ടെ, ശാരീരിക സുഖങ്ങൾക്കുവേണ്ടി ഏവരും കഠിനപ്രയത്നം ചെയ്തുകൊണ്ടിരിക്കുന്നു. ഇന്ദ്രിയങ്ങൾ മൂലമാണ് ഈ ശരീരം ഉണ്ടായതെന്ന് പറഞ്ഞാൽ തെറ്റില്ല. ആഗ്രഹനിവൃത്തിക്കുള്ള ഉപകരണങ്ങളത്രേ, ഇന്ദ്രിയങ്ങൾ. ശരീരവും അതിന്റെ ഉപകരണങ്ങളായ ഇന്ദ്രിയങ്ങളും ഭൗതികപ്രകൃതിയുടെ ഉപഹാരങ്ങളാണ്. അടുത്ത ശ്ലോകത്തിൽ വിവരിക്കുന്നതുപോലെ തന്റെ ആഗ്രഹങ്ങളും ഭൂതകാല കർമ്മങ്ങളുമനുസരിച്ച് അനുഗൃഹീതങ്ങളോ ശപ്തങ്ങളോ ആയ പരിതഃസ്ഥിതികൾ ജീവാത്മാവിന് ലഭിക്കുന്നു. തന്റെ ആഗ്രഹങ്ങൾക്കും പ്രവൃത്തികൾക്കുമനുസരിച്ചാണ് ഓരോ വ്യക്തിയേയും ഭൗതികപ്രകൃതി തനതായ വാസസ്ഥാനങ്ങളിലെത്തിക്കുന്നത്. സ്വന്തം വാസസ്ഥാനങ്ങളേയും തനിക്കനുഭവപ്പെടുന്ന സുഖദുഃഖങ്ങളേയും ഓരോ ജീവനും സ്വയം തെരഞ്ഞെടുക്കുകയാണ്. ഒരു പ്രത്യേക തരം ശരീരം സ്വീകരിച്ച ശേഷം ജീവൻ പ്രകൃതിക്കധീനനായിത്തീരുന്നു. ശരീരം ഭൗതികമാകയാൽ അതിന് ഭൗതിക നിയമങ്ങളനുസരിച്ച് വേണം പ്രവർത്തിക്കുവാൻ. തത്സമയം ആ നിയമത്തെ ലംഘിക്കാനുള്ള ശക്തി ജീവസത്തയ്ക്കില്ലതാനും. ഒരു ജീവാത്മാവിനെ നായയുടെ ശരീരത്തിൽ പ്രവേശിപ്പിച്ചു എന്ന് കരുതുക; ഉടനെ ആ ജീവൻ നായയെപ്പോലെ പ്രവർത്തിച്ചു തുടങ്ങും. അതിന് മറ്റൊരു വിധത്തിൽ പെരുമാറാനാവില്ല. ഒരു പന്നിയുടെ ദേഹത്തിലാണകപ്പെട്ടതെങ്കിൽ ഒരു പന്നിയെപ്പോലെ ജീവിക്കാനും അമേദ്യം ഭക്ഷിക്കാനും നിർബന്ധിതനായിത്തീരുന്നു. ഒരു ദേവന്റെ ശരീരത്തിൽ പ്രവേശിപ്പിക്കപ്പെട്ട ജീവാത്മാവിന് ദേവോചിതമായി പെരുമാറാനിടവരുന്നു. പ്രകൃതിനിയമമാണിത്. പക്ഷേ ഏതു ശരീരത്തിലായാലും ചുറ്റുപാടിലായാലും വ്യക്തിഗതജീവാത്മാവോടൊപ്പം പരമാത്മാവുമുണ്ട്. മുണ്ഡകോപനിഷത്ത് (3.11) പറയുന്നു. ‘ദ്വാ സുപർണാ സയുജാസഖായഃ’ ഭഗവാന് ജീവനോടത്യന്തം കനിവുള്ളതുകൊണ്ട് എവിടേയും എപ്പോഴും പരമാത്മരൂപേണ കൂടെ നിൽക്കുന്നു.*
*ഹരേ കൃഷ്ണ
*ഹരേ കൃഷ്ണ
No comments:
Post a Comment