Thursday, February 28, 2019

1889 മുതല്‍ പൂനയിലെ ആനന്ദാശ്രമം 'സംസ്‌കൃതസീരീസിലെ' 'ആനന്ദാശ്രമം പണ്ഡിറ്റുകള്‍' എന്നറിയപ്പെട്ടിരുന്ന വിദ്വാന്മാരാണ് പല സ്ഥലങ്ങളിലായി കിടന്നിരുന്ന ശങ്കര കൃതികള്‍, ഗ്രന്ഥങ്ങള്‍ ഏറെയും എഡിറ്റുചെയ്ത് പ്രസിദ്ധീകരിച്ചത്. ശങ്കരാചാര്യരുടെ കൃതികളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വിവരണം നല്‍കുന്ന നിരവധി കൃതികളുണ്ടെങ്കിലും ക്രി.പി. 14-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിദ്യാരണ്യസ്വാമികളുടെ 'ശ്രീശങ്കരദിഗ്‌വിജ'യമെന്ന കൃതിയിലെ സൂചനകളാണ് പണ്ഡിതലോകം ഇന്നും ശ്രീശങ്കരജീവിതത്തെ മനസിലാക്കാന്‍ ആധികാരികമായി ആശ്രയിക്കുന്നത്. ഇതിന്റെയെല്ലാമടിസ്ഥാനത്തില്‍ ശങ്കരജീവിതത്തെയും ദൗത്യത്തെയും ഇങ്ങനെ സംക്ഷേപിക്കാം: കേരളക്കരയിലെ കാലടിയെന്ന ഗ്രാമത്തില്‍ ക്രിസ്തുവര്‍ഷം എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അദ്ദേഹം എട്ടാമത്തെ വയസില്‍ ഗുരുവിനെത്തേടി യാത്രയായി. ഒടുവില്‍ ഇന്നത്തെ ഗുജറാത്തിലെ നര്‍മ്മദാനദീതീരത്തുളള ഗോവിന്ദഭഗവദ്പാദാചാര്യരുടെ സന്നിധിയിലാണ് എത്തിച്ചേരുന്നത്. ശിഷ്യത്വം സ്വീകരിച്ച് അവിടെ ഗുരുകുലത്തില്‍ അന്തേവാസിയായിരുന്ന കാലത്ത് വേദ-വേദാന്താവിജ്ഞാനത്തെ ഹൃദിസ്ഥമാക്കുകയും പ്രസ്ഥാനത്രയത്തിന് ഭാഷ്യം രചിക്കുകയുമുണ്ടായി. പലനിലകളില്‍ നശിച്ചുകൊണ്ടിരുന്ന വൈദികധര്‍മ്മത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഭാരതമാസകലം സഞ്ചരിക്കുകയും സംവാദങ്ങള്‍ നടത്തുകയും സ്‌തോത്രഗ്രന്ഥങ്ങള്‍ രചിക്കുകയും ആചാരാനുഷ്ഠാനങ്ങളെ ചിട്ടപ്പെടുത്തുകയും ചെയ്തു. ഇക്കാര്യങ്ങള്‍ ഇങ്ങനെ നമുക്ക് ചുരുക്കാം:
  • ഭാരതത്തിന്റെ നാലതിരുകളില്‍ (ശൃംഗേരി, ബദരി, പുരി, ദ്വാരക) മഠങ്ങള്‍ സ്ഥാപിച്ച് വേദവിജ്ഞാനത്തെയും, രാജ്യത്തിന്റെ അഖണ്ഡതയെയും രക്ഷിക്കുന്നതില്‍ പങ്കുവഹിച്ചു.
  • സ്‌തോത്രഗ്രന്ഥങ്ങളും ഉപദേശഗ്രന്ഥങ്ങളും രചിച്ച് മനുഷ്യജീവിതത്തെ പരിഷ്‌കരിക്കാന്‍ പദ്ധതികളാവിഷ്‌കരിച്ചു.
  • കുത്തഴിഞ്ഞ സന്യാസജീവിതത്തെ ദശനാമി സമ്പ്രദായത്തിലൂടെ ചിട്ടപ്പെടുത്തി.
  • ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും അദ്വൈതാനുഭൂതി പകരുന്നതിനായി ഷണ്മതസ്ഥാപനത്തിന്റെ അടിസ്ഥാനത്തില്‍ പരിഷ്‌കരിച്ചു.
  • പ്രസ്ഥാനത്രയാദികളുടെ ഭാഷ്യങ്ങള്‍, പ്രകരണഗ്രന്ഥങ്ങള്‍, താന്ത്രികകൃതികള്‍, ഉപദേശഗ്രന്ഥങ്ങള്‍ എന്നിവ രചിച്ചു.
മേല്‍പ്പറഞ്ഞ കൃതികളിലെല്ലാം മനുഷ്യജീവിതത്തിന്റെ നേര്‍പകുതിയും പരിഛേദവുമായിട്ടുളള സ്ത്രീകള്‍ക്ക് ഋഷിഭാരതം നല്‍കിയിട്ടുളള മാന്യതയും ആദരവും അങ്ങേയറ്റം ബഹുമാനവുമാണ് ആചാര്യസ്വാമികളും നല്‍കിയിരിക്കുന്നത്. ''മാം ഹി പാര്‍ത്ഥവ്യപാശ്രിത്യ യേ/പിസ്യഃ പാപയോനയഃ സ്ത്രീയോ വൈശ്യസ്തഥാ ശൂദ്രാ സ്‌തേപി യാന്തി പരാംഗതി'' (ഗീത, 9.32). എന്ന ശ്ലേകത്തില്‍ പറഞ്ഞിരിക്കുന്നത് സ്ത്രീ, വൈശ്യന്‍, ശൂദ്രന്‍ തുടങ്ങി ആരെല്ലാമുണ്ടോ അവര്‍കൂടി എന്നെ ആശ്രയിച്ച് പരമഗതി പ്രാപിക്കുന്നു എന്നാണ്. ഈ പ്രസ്താവനയെ യാതൊരു മാറ്റവും കൂടാതെയാണ് ശ്രീശങ്കരാചാര്യര്‍ സ്വീകരിച്ചിരിക്കുന്നത്. ബൃഹദാരണ്യകോപനിഷത്തില്‍ യാജ്ഞവല്‍ക്യനെന്ന ആചാര്യന്‍ സ്വത്തു മുഴുവന്‍ മൈത്രേയി, കാര്‍ത്ത്യായനി എന്നീ രണ്ടു ഭാര്യമാര്‍ക്കായി വീതിച്ചുകൊടുക്കാന്‍ തീരുമാനിക്കുന്ന ഒരു രംഗമുണ്ട്. അവിടെ മൈത്രേയി പറയുന്ന മറുപടിയിങ്ങനെയാണ്: ''അമൃതത്വസാധകമല്ലാത്ത സമ്പത്ത് എനിക്ക് വേണ്ട, പകരം ആത്മജ്ഞാനം നല്‍കിയാല്‍ മതി''. ഇതിന്റെയടിസ്ഥാനത്തില്‍ യാജ്ഞവല്‍ക്യന്‍ മൈത്രേയിക്കു നല്‍കുന്ന 'വേദാന്തസന്ദേശം' ലോകസാഹിത്യത്തിലെതന്നെ അവിസ്മരണീയമായ ഒരേടാണ്. ''ലോകത്തിലെ എല്ലാ സ്‌നേഹങ്ങളും അവരവര്‍ക്കുവേണ്ടിയാകുന്നു (ആത്മനസ്തുകാമായ സര്‍വ്വം പ്രിയം ഭവതി). എല്ലാ സ്‌നേഹങ്ങള്‍ക്കും അടിസ്ഥാനപരമായി നില്‍ക്കുന്ന ഞാന്‍ എന്ന ആത്മാവാണ് പരമപ്രേമാസ്പദമായിട്ടുളളത്. ശ്രവണ-മനന-നിദിധ്യാസനാദികളെക്കൊണ്ട് സാക്ഷാത്കരിക്കേണ്ടത് ഈ സത്യത്തെയാണ്. ഇതിനെ അറിഞ്ഞുകഴിഞ്ഞാല്‍ പ്രപഞ്ചത്തില്‍ എല്ലാം അറിഞ്ഞതായിത്തീരുന്നു.'' ഇങ്ങനെ യാജ്ഞവല്‍ക്യന്‍ ഉപദേശം തുടങ്ങുകയാണ്. ഇവിടെ ആദ്ധ്യാത്മികജ്ഞാനത്തെ അറിയാന്‍ ആഗ്രഹിക്കുന്ന സ്ത്രീയെയും, അതനുസരിച്ച് കലവറയില്ലാതെ ഉപദേശിക്കാന്‍ തയ്യാറായി നില്‍ക്കുന്ന യാജ്ഞവല്‍ക്യനെന്ന ആചാര്യനെയും അങ്ങേയറ്റം ആദരവോടെയാണ് ഉപനിഷദ് ഭാഷ്യത്തില്‍ ശ്രീശങ്കരാചാര്യര്‍ അവതരിപ്പിക്കുന്നത്. സുരേശ്വരാചാര്യര്‍ ഭാഷ്യവര്‍ത്തികത്തിലും വിദ്യാരണ്യസ്വാമികള്‍ ഭാഷ്യസാരത്തിലും വളരെയേറെ മിഴിവോടെയാണ് ഈ പ്രകരണം അവതരിപ്പിക്കുന്നതും. ഇവിടെയൊക്കെ നാം കാണുന്നത് പരമ്പരാഗതമായി തുടര്‍ന്നുപോരുന്ന മഹിതമായൊരു സംസ്‌കാരത്തെയാണ്. ഇതില്‍ ശ്രീശങ്കരന് മുമ്പുളളവരും തുടര്‍ന്നുവന്നവരും സ്ത്രീകളോട് സ്വീകരിച്ചിട്ടുളള സമീപനം വ്യക്തമാണ്. മനുഷ്യജീവിതത്തിന്റെ അടിസ്ഥാനം കുടുംബത്തിലധിഷ്ഠിതമാണ്. അവിടെ ഭാര്യാഭര്‍ത്തൃബന്ധത്തിന്റെ കെട്ടുറപ്പിലാണ് തലമുറകളുടെ നിലനില്‍പും ഐശ്വര്യവും കുടികൊള്ളുന്നത്. മകളും സഹോദരിയും ഭാര്യയും അമ്മയുമടങ്ങുന്ന സ്ത്രീജീവിതവും ഈ കുടുംബത്തിലാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഭാര്യാഭര്‍തൃബന്ധം എങ്ങനെയാവണമെന്നതിന്റെ ഉദാത്തമായ പ്രതിപാദനമാണ് ഉമാമഹേശ്വരസ്‌തോത്രത്തിലുടനീളമുളളത്. ''നമഃശിവാഭ്യാം നവയൗവനാഭ്യാം പസ്പരാശ്ലിഷ്ട വപുര്‍ധരാഭ്യാം'' എന്നു തുടങ്ങുന്ന സ്‌തോത്രത്തില്‍ പരസ്പരം പങ്കുവെച്ച് നിലകൊളളുന്ന ശിവപാര്‍വ്വതിമാരെയാണ് അവതരിപ്പിക്കുന്നത്. ശ്രീശങ്കരാചാര്യര്‍ക്ക് മുന്നേ ജീവിച്ചിരുന്ന മഹാകവി കാളിദാസന്‍ വാക്കും അര്‍ത്ഥവുംപോലെ ഇഴപിരിയാതെ നില്‍ക്കുന്ന ജഗത്പിതാക്കളായ ശിവപാര്‍വ്വതിമാരെ വണങ്ങിക്കൊണ്ടാണ് രഘുകുലത്തിന്റെ ചരിതം വര്‍ണിക്കാനാരംഭിക്കുന്നത്. ശ്രീനാരായണഗുരുദേവന്‍ തന്റെ അര്‍ദ്ധനാരീശ്വരസ്‌തോത്രത്തില്‍ ഇതുപോലെയാണ് വര്‍ണ്ണിക്കുന്നത്. തലമുറകളായി പകര്‍ന്നുനല്‍കുന്ന വലിയ സന്ദേശമായതിനാലാണ് ആചാര്യന്മാര്‍ പലനിലയില്‍ ഉപദേശിക്കുന്നത്. ഭാര്യാപദത്തിലെത്തുന്ന സ്ത്രീയും ഭര്‍ത്തൃപദത്തിലെത്തുന്ന പുരുഷനും പരസ്പരം അറിഞ്ഞും പങ്കുവെച്ചും ജീവിക്കുമ്പോള്‍ മാത്രമാണ് കുടുംബം ഗൃഹസ്ഥാശ്രമമാവുന്നത്. ഭാര്യാധര്‍മ്മവും ഭര്‍ത്തൃധര്‍മ്മവും കുടുംബധര്‍മ്മവും ഇവിടെ പാലിക്കപ്പെടേണ്ടതുണ്ട്. ധര്‍മ്മബോധമില്ലാതെയായാല്‍ ആഹാര, നിദ്രാ, ഭയ മൈഥുനങ്ങളില്‍ മാത്രം മുഴുകുന്ന മൃഗസമാനതയിലേക്ക് മനുഷ്യന്‍ അധഃപതിക്കും. ഭാര്യ ഭാരമല്ലെന്നും, സന്താനങ്ങള്‍ സന്താപങ്ങളല്ലെന്നും, ഭര്‍ത്താവ് ഭൃത്യനല്ലെന്നുമുളള ബോധമുണ്ടാകണമെങ്കില്‍ മനുഷ്യന്‍ ധര്‍മ്മബോധമുളളവനാകണം. മനുഷ്യജീവിതത്തിലെ നാല് ആശ്രമങ്ങളിലും (ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം) അനുഷ്ഠിക്കേണ്ട ധര്‍മ്മോപദേശങ്ങളാണ് ശങ്കരാചാര്യന്റേതായി ലഭിക്കുന്ന ഉപദേശങ്ങളുടെ കാതല്‍ എന്നു കാണാം. യുവതികളില്‍ ആകൃഷ്ടരാകുന്ന യുവാക്കളെയും (തരുണസ്താവത് തരുണീസക്തഃ) ആത്മാവ് നഷ്ടപ്പെട്ട ഭര്‍ത്തൃശരീരത്തെ കണ്ട് ഭയക്കുന്ന (ഭാര്യാ ബിഭൃതിതസ്മിന്‍ കായേ) ഭാര്യയെയും 'ഭജഗോവിന്ദ'ത്തില്‍ ആചാര്യസ്വാമികള്‍ വളരെ ചാരുതയോടെ വരച്ചുകാട്ടുന്നുണ്ട്. അതോടൊപ്പം കാമനകളാല്‍ ആന്ധ്യത ബാധിച്ച് മൃഗത്തെക്കാള്‍ അപകടകരമായ മനോനിലയുളളവരെ ഉദ്ദേശിച്ച് (മൃഗത്തിന് തൊലികളഞ്ഞ മാംസത്തിനോടാണല്ലോ ആസക്തി, തൊലികളഞ്ഞ മാംസത്തിനേക്കാള്‍ തൊലിമൂടിയ മാംസത്തിനോട് കൂടുതല്‍ ആവേശമുളളത് മനുഷ്യര്‍ക്കാണ്) യാതൊരു സങ്കോചവുമില്ലാതെ പറയുന്ന പരമാര്‍ത്ഥമുണ്ട് ഈ കൃതിയില്‍ത്തന്നെ. നാരീസ്തനഭര നാഭീദേശം ദൃഷ്ട്വാ മാ ഗാ മോഹാവേശം ഏതന്മാംസ വസാദി വികാരം മാനസി വിചിന്തയ വാരം വാരം സ്ത്രീയുടെ ഉയര്‍ന്ന സ്തനങ്ങളും നാഭീദേശവും കണ്ട് വല്ലാതങ്ങ് ആവേശം കൊളേളണ്ടതില്ല. ഇതൊക്കെ മാംസം, കൊഴുപ്പ് തുടങ്ങിയവയുടെ വകഭേദം മാത്രമാണെന്ന് വീണ്ടും വീണ്ടും മനസില്‍ ചിന്തിക്കൂ. സ്ത്രീ ശരീരം മാത്രമുളള ജീവിയല്ല. ഉയര്‍ന്ന നിലയില്‍ ചിന്തിക്കാനുളള മനസും, അതിനെ സംസ്‌കരിക്കാന്‍ പ്രാപ്തമായ സംസ്‌കാരത്തെ പകര്‍ന്നുനല്‍കാന്‍ ശേഷിയുമുളള തലമുറകളെ പോറ്റിവളര്‍ത്താനുളള ദൈവികമായ കഴിവുളള മാതൃത്വത്തിലേക്ക് വളരാന്‍ പ്രാപ്തമായ വ്യക്തിയാണ്. വേദാഗമസാരമായ ഈ സത്യത്തെ വെളിവാക്കുന്നതിനുളള തുടക്കമെന്ന നിലയിലാണ് ഭജഗോവിന്ദത്തില്‍ ആചാര്യസ്വാമികള്‍ നല്‍കുന്ന ഉപദേശം.  ..janmabhumi

No comments:

Post a Comment