Tuesday, February 19, 2019

മാനവചരിത്രത്തിൽ ഉടനീളം മനുഷ്യൻ ‘പൂർണ്ണത[1]’യുള്ള ഒരു നിലയിലെത്താൻ പലവിധത്തിൽ നിരന്തരം പരിശ്രമിച്ചിട്ടുണ്ട്. പൂർണ്ണത എന്ന നില ചിലപ്പോൾ ആത്മീയമായിരിക്കാം, അല്ലെങ്കിൽ ഭൗതികം. ഭാരതീയ ദർശനത്തിലും ഭൗതികവും ആത്മീയവുമായ പൂർണ്ണത പ്രാപിക്കാൻ വിവിധ വിഭാഗങ്ങൾ എക്കാലവും ശ്രമിച്ചിട്ടുണ്ട്. ഇതിനായി വിവിധ മാർഗരീതികൾ അവർ രൂപപ്പെടുത്തി. അവയെ സ്വജീവിതത്തിൽ പ്രാവർത്തികമാക്കി. സ്വന്തം ആസ്ഥിത്വത്തേയും, ചുറ്റുമുള്ള പ്രകൃതിയുടെ ആസ്ഥിത്വത്തേയും മനസ്സിലാക്കാൻ ശ്രമിച്ചു. മാനസികവും ശാരീരികവുമായ നിരന്തര പ്രയത്നങ്ങൾക്കു ഒടുവിൽ ‘മോക്ഷ’ത്തിന്റെ ഉള്ളറകൾ അവർ കണ്ടെത്തി. ‘മോക്ഷം’ എന്ന പൂർണ്ണതയെ ആർക്കെല്ലാം പ്രാപിക്കാമെന്നു നിർണയിക്കാൻ കർമ്മസിദ്ധാന്തം ഉയർന്നു വന്നു. കൃത്യമായ ചട്ടക്കൂടുള്ള ജീവിതചര്യകൾ പരിശീലിച്ച് ജീവിച്ചാൽ, ജീവിതത്തിലെ വിഷമതകൾ വഴിമാറുമെന്നു അങ്ങിനെ ഭാരതീയർ മനസ്സിലാക്കി.
പൗരാണിക ഭാരതത്തിൽ നിലനിന്നിരുന്ന മോക്ഷ-മാർഗങ്ങൾ നാലാണ്. ഭാരതീയ ദർശന ധാരകളുടെ വികാസത്തിനൊപ്പം നിലവിൽ വന്ന കർമ്മ മാർഗം, ജ്ഞാന മാർഗം, ഭക്തി മാർഗം എന്നിവ ആദ്യ മൂന്നെണ്ണത്തിനെ കുറിക്കുന്നു. ഉപനിഷത്ത് കാലംമുതൽ നിലവിലിരുന്നതും, പതജ്ഞലി മഹർഷി ക്രോഢീകരിച്ചതുമായ ധ്യാന-മാർഗമാണ് നാലാമത്തേത്.
കർമ്മ-മാർഗം:-
കർമ്മ മാർഗമാണ് ഭാരതീയ ദാർശനികർ ആദ്യം രൂപപ്പെടുത്തിയ മോക്ഷ-മാർഗം. പരിപക്വമായ ചിന്തയിലേക്കുള്ള പ്രയാണത്തിന്റെ ആദ്യഘട്ടത്തിൽ ഏതു സംസ്കാരവും രൂപപ്പെടുത്തുക കർമ്മങ്ങളിൽ ഊന്നിയുള്ള രീതികളായിരിക്കും. ഭാരതത്തിലും അതു തന്നെ സംഭവിച്ചു. ഋഗ്‌വേദ-യിലും ബ്രാഹ്മണ-ങ്ങളിലും ദേവകളെ പ്രീതിപ്പെടുത്തി ഇഷ്ടകാര്യം സാധിച്ചെടുക്കാൻ നിരവധി കർമ്മങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. മോക്ഷം ആഗ്രഹിക്കുന്ന വ്യക്തി ഇത്തരം കർമ്മങ്ങൾ വേണ്ട രീതിയിൽ മുറ തെറ്റാതെ നിർവഹിക്കണം. പൗർണമി പോലുള്ള സവിശേഷ ദിവസങ്ങളിൽ, ദൈനംദിനമുള്ള കർമ്മങ്ങളെ കൂടാതെ, മറ്റു കർമ്മങ്ങളും അനുഷ്ഠിക്കേണ്ടതായി വരും.
കർമ്മ-മാർഗ പ്രകാരം കർമ്മങ്ങളെ കൂടാതെയുള്ള എന്ത് സദ്പ്രവർത്തിയും മോക്ഷ പ്രാപ്തിക്കു സഹായിക്കുകയേ ഉള്ളൂ, കാരണമാകില്ല[2]. അഗ്നിഹോത്രം, യാഗം, യജ്ഞം എന്നിവയാണ് മോക്ഷപ്രാപ്തിക്കു ഉതകുന്ന അസംഖ്യം കർമ്മങ്ങളിൽ പ്രമുഖമായവ. പ്രമുഖമായി വേദങ്ങളും ബ്രാഹ്മണ-ങ്ങളുമാണ് മോക്ഷപ്രാപ്തിക്കു കർമ്മമാർഗം നിർദ്ദേശിക്കുന്നത്. ഉപനിഷത്തുക്കളിലും അങ്ങിങ്ങായി കർമ്മ-മാർഗ അനുശാസനങ്ങൾ ഉണ്ട്[3].
ജ്ഞാന-മാർഗം:-
കർമ്മ-മാർഗം പ്രതിനിധാനം ചെയ്യുന്നത് ഭാരതീയചിന്തയുടെ പഴക്കമുള്ള, ആദിമദശയെ ആണെങ്കിൽ, ജ്ഞാന-മാർഗം വികസിതവും സങ്കീർണ്ണവുമായ മറ്റൊരു വിചാരധാരയിലേക്കു വിരൽ ചൂണ്ടുന്നു. ഉപനിഷത്തുകളാണ് മോക്ഷപ്രാപ്തിക്കു ജ്ഞാന-മാർഗം നിർദ്ദേശിക്കുന്നത്[4]. മോക്ഷത്തിനു വേണ്ടി കർമ്മമാർഗത്തെ ആശ്രയിക്കുന്ന രീതിയെ ഏറെക്കുറേ തള്ളിക്കളയുന്ന സമീപനമാണ് ഉപനിഷത്തുക്കൾ കൈക്കൊണ്ടിരിക്കുന്നത്. പരമാർത്ഥ സത്യമായ നിർഗുണബ്രഹ്മത്തെ പറ്റിയുള്ള അറിവ് (ബ്രഹ്മവിദ്യ) സമ്പാദിക്കുകയാണ് മോക്ഷത്തിനുള്ള ഏകമാർഗമെന്നു ഉപനിഷത്തുകൾ വിധിക്കുന്നു. ബ്രഹ്മവിദ്യ സ്വായത്തമാക്കാൻ ഉതകും വിധം മോക്ഷ-മാർഗിയുടെ മനസ്സിനെ സജ്ജമാക്കുന്നതിനു കർമ്മങ്ങളും ധ്യാനവും സഹായിക്കുമെങ്കിലും, മോക്ഷത്തിനു ഏറ്റവും അവശ്യമായത് ബ്രഹ്മവിദ്യ തന്നെയാണ്. കർമ്മവും ധ്യാനവും ഇക്കാര്യത്തിൽ ബ്രഹ്മവിദ്യയോളം പ്രാധാന്യമല്ല. ഋഗ്‌വേദ പാരമ്പര്യത്തെ തള്ളിക്കളയാതെ, പുതിയ ആശയങ്ങൾ എങ്ങിനെ പ്രാവർത്തികമാക്കാമെന്നു ഇപ്രകാരം ഉപനിഷത്തുകൾ തെളിയിക്കുന്നു.
മോക്ഷമാർഗത്തിൽ വന്ന ഈ നാടകീയ മാറ്റം പൗരാണിക കാലത്ത് ഹിന്ദുമതത്തിൽ സംഭവിച്ച ഒരു നവീകരണമായി കണക്കിലെടുക്കാം. മാറുന്ന കാലത്തിനു അനുസരിച്ച് സ്വയം നവീകരിക്കാനുള്ള ചലനാത്മകത, സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ഏതു തത്ത്വ-വിശ്വാസ-ധാരക്കും എന്തുകൊണ്ടും അവശ്യമാണ്. ഉപനിഷത്തിലെ ബ്രാഹ്മണ ഇതര ദാർശനികരുടെ (പ്രവാഹണ ജീവലി, അജാതശത്രു, ജനകൻ) സാന്നിധ്യവും, അസംഖ്യം ശ്രമണ വിഭാഗ ദാർശനികരും സൂചിപ്പിക്കുന്നത് ഭാരതീയ ദർശനം ഏതെങ്കിലും വിഭാഗത്തിന്റെ കുത്തകയായിരുന്നില്ല എന്നാണ്. പല ഉപനിഷത്ത് ദർശനങ്ങളും ക്ഷത്രിയരിൽ മാത്രം നിക്ഷിപ്തവുമായിരുന്നു[5]. ചാന്ദോഗ്യ ഉപനിഷത്തിൽ സൂചിപ്പിച്ചിരിക്കുന്ന വിധം ജനശ്രുതി രാജാവിനെ പോലുള്ള ശൂദ്രരാജാക്കന്മാർക്കും ഋഷിമാരിൽ നിന്ന് ദാർശനിക അറിവ് നേടാവുന്ന സാഹചര്യം ഉപനിഷത്ത് കാലത്തു നിലവിലുണ്ടായിരുന്നു[6].
മോക്ഷപ്രാപ്തിക്കു ജ്ഞാനമാർഗത്തിനു മുൻതൂക്കം കൊടുത്തപ്പോഴും ഉപനിഷത്ത് ഋഗ്വേദത്തിൽ നിർദ്ദേശിച്ചിരിക്കുന്ന കർമ്മ മാർഗത്തെ പൂർണമായും കയ്യൊഴിഞ്ഞില്ല. ഉപനിഷത്ത് പാരമ്പര്യ പ്രകാരം വേദങ്ങളുടെ പ്രാമാണികത അംഗീകരിക്കുകയാണ് ചെയ്തത്. ഉപനിഷത്തിന്റെ പ്രതാപകാലത്തു പോലും യാഥാസ്ഥികരായ ഒരു വിഭാഗം വൈദികർ വേദവിധി പ്രകാരമുള്ള കർമ-മാർഗം തുടർന്നു പോന്നിരുന്നു. പിൽക്കാലത്തു പൂർവ്വമീമാംസ ദർശനത്തിന്റെ പ്രായോക്താക്കളായി രംഗത്തു വന്ന് കർമ്മ-മാർഗത്തെ മുറുകെ പിടിച്ചവർ ഇക്കൂട്ടരാണ്.
ഭക്തി-മാർഗം:-
ഭക്തി-മാർഗമാണ് ഏറ്റവും കൂടുതൽ ജനങ്ങൾ അനുവർത്തിക്കുന്ന മോക്ഷ മാർഗം. ജ്ഞാന-മാർഗത്തിൽ തത്ത്വചിന്തയുടെ ആധിക്യമുണ്ട്. കർമ്മ-മാർഗത്തിലാകട്ടെ ദിവസവും അനുഷ്ഠിക്കേണ്ട കർമ്മങ്ങൾ ഉണ്ട്. ഇവ രണ്ടും സാധാരണക്കാരുടെ ബുദ്ധിക്കും ജീവിതചര്യക്കും യോജിക്കുന്നതല്ല. അതിന്റെ ഫലമായി ഭക്തി-മാർഗം ഭാരതത്തിൽ പ്രചുരപ്രചാരം നേടി.
ഭക്തി ഒരു ആരാധനാ രീതിയായി ഋഗ്‌വേദ കാലം മുതൽ ഭാരതത്തിലുണ്ട്. രാജാവായ വരുണനെ പ്രകീർത്തിക്കുന്ന ശ്ലോകങ്ങളിൽ ഭക്തിയുടെ അംശം പ്രകടമാണ്. സൂര്യനെ വരുണന്റെ കണ്ണുകളായും, ആകാശം വസ്ത്രമായും, കൊടുങ്കാറ്റ് നിശ്വാസമായും ചിത്രീകരിച്ചിരിക്കുന്നു. പാപികളെ കഠിനമായി ശിക്ഷിക്കുമ്പോഴും, മാപ്പിരക്കുന്നവരോടു കരുണ കാണിക്കുന്നുവെന്ന് ഋഗ്‌വേദം വരുണനെ വാഴ്ത്തുന്നു[7].
മോക്ഷ-മാർഗികളോടു എല്ലാം ഈശ്വരനിൽ സമർപ്പിച്ച്, ഈശ്വരനെ ആരാധിക്കാൻ ഭക്തി മാർഗം നിർദ്ദേശിക്കുന്നു. ഭജന, പ്രാർത്ഥന., എന്നിവയാൽ ഉപാധികളില്ലാതെ ഈശ്വരനെ ആരാധിച്ച് മോക്ഷം നേടുകയാണ് ഭക്തി-മാർഗ രീതി. ഈശ്വരനാണ് ഭക്തനു മോക്ഷം നൽകുന്നത്. ഭക്തിയെ കൂടാതെ, മറ്റു സന്മാർഗ ചിട്ടകളും മോക്ഷം ആഗ്രഹിക്കുന്നവർ ജീവിതത്തിൽ അനുവർത്തിക്കേണ്ടി വരും.
ആത്മാവ് – ബ്രഹ്മം ബന്ധം ജ്ഞാന–ഭക്തി മാർഗങ്ങളിൽ:-
ഭക്തി – ജ്ഞാന മാർഗങ്ങൾ തമ്മിൽ കുറച്ചു വ്യത്യാസമേയുള്ളൂ. ജ്ഞാനമാർഗത്തിൽ മതപരമായ ആഘോഷങ്ങൾക്കും മറ്റും പരിമിതിയുണ്ട്. കാരണം, ജ്ഞാന-മാർഗത്തിലൂടെ ചരിക്കുന്ന, അദ്വൈത വേദാന്തത്തിൽ ആത്മാവും ബ്രഹ്മവും ഒന്ന് തന്നെയാണ്[8]; വെവ്വേറെ യാഥാർത്ഥ്യങ്ങൾ (സത്യങ്ങൾ) അല്ല. ജലത്തിലെ ചന്ദ്രബിംബം പോലെ, ബ്രഹ്മം (പരമാത്മാവ്) ജീവ[9]-യിലെ അവിദ്യയിൽ തട്ടി പ്രതിഫലിക്കുന്നതാണ് ജീവാത്മാവ് (ആത്മാവ്) എന്നു അദ്വൈതം പറയുന്നു. ബ്രഹ്മവിദ്യ സ്വായത്തമാകുമ്പോൾ ജീവ-യിലെ അവിദ്യ നിഷ്കാസിതമാകും. ശേഷം ബ്രഹ്മത്തിനു അവിദ്യയിൽ തട്ടി പ്രതിഫലിച്ചു ജീവാത്മാവിനെ സൃഷ്ടിക്കാനാകില്ല. അപ്പോൾ ആത്മാവ്/ജീവാത്മാവ് ഇല്ലാതായി പരമാത്മാവ് മാത്രം വിളങ്ങി നിൽക്കും. വ്യക്തി ബ്രഹ്മം[10] സാക്ഷാത്കരിക്കുകയും ചെയ്യുന്നു. ബ്രഹ്മപദം സാക്ഷാത്കരിച്ച ശേഷം വ്യക്തിയിലെ സുഖം – ദുഃഖം, ദൃഷ്ടാവ് – ദൃശ്യമാകുന്നത്, ഞാൻ – അപരൻ തുടങ്ങിയ ദ്വന്ദങ്ങൾ അപ്രത്യക്ഷമാകും. ലോകത്തിലെ എല്ലാം തന്നെ ബ്രഹ്മമായി ബോധതലത്തിൽ കാണപ്പെടും. ഈ അവസ്ഥയിൽ വ്യക്തിക്കു ‘ആരാധന’ സാധ്യമല്ല. ആരാധിക്കുന്നവനും ആരാധിക്കപ്പെടുന്നതും ഒന്നുതന്നെയാകുന്നത് തികഞ്ഞ വൈരുദ്ധ്യമാണ്. ബ്രഹ്മപദം സാക്ഷാത്കരിച്ച ശേഷം ആരാധന ആവശ്യമില്ല എന്നതും സ്മരണീയം.
അദ്വൈത വേദാന്തത്തിൽ ഇല്ലാത്ത ‘ആഘോഷകരമായ മതാത്മകതയെ’ രാമാനുജ ആചാര്യരുടെ വിശിഷ്ഠ അദ്വൈതം പരിഹരിക്കുന്നു. വിശിഷ്ഠാദ്വൈത പ്രകാരം ആത്മാവും ഈശ്വരനും[11] പൂർണമായും ഒന്നല്ല. ആത്മാവ് ഈശ്വരനെ ആശ്രയിച്ചു നിൽക്കുന്ന ഈശ്വരന്റെ ഭാഗമാണ്. മോക്ഷം പ്രാപിച്ച ശേഷം ആത്മാവ് ഈശ്വരനിൽ വിലയിക്കുന്നില്ല. ഈശ്വരനായി മാറുന്നുമില്ല. മറിച്ച് വ്യത്യസ്ത നില തുടരും. വിശിഷ്ട അദ്വൈതത്തിൽ ഈശ്വരനു വിവിധ ഗുണഗണങ്ങൾ ഉള്ളതിനായതിനാൽ ആരാധന സുസാധ്യമാണ്.
ധ്യാന-മാർഗം:-
പരമാർത്ഥ സത്യത്തെ സാക്ഷാത്കരിക്കാനുള്ള മാർഗമായി ധ്യാനത്തേയും യോഗയേയും സൂചിപ്പിക്കുന്ന ശ്ലോകങ്ങൾ ശ്വേതാശ്വതര ഉപനിഷത്തിലുണ്ട്.
“Keeping the three (head, neck and chest) up straight, the body erect, and with the help of the mind, withdrawing the senses into the heart, the wise one crosses over all the fearsome waters with the boat of Brahman (Omkara)…… Moderate and disciplined in all his activities, the wise person regulates his breath (in the seat of meditation) and when it has become gentle, he breaths out through the nostrils. Like controlling a chariot drawn by wild horses, he holds the mind single pointed and alert…… Concentrate the mind in a place like a windless cave, a place that is clean, even, free from pebbles, fire or sand, which is not noisy or near a water source, a place that is pleasing to the eyes and conducive to the mind.[12]
ചിട്ടയോടെയുള്ള യോഗപരിശീലനം യോഗിയെ പരമാർത്ഥ സത്യത്തെ അറിയാൻ പ്രാപ്തനാക്കുന്നു. ധ്യാനത്തിലൂടെ കൈവരുന്ന ശാരീരിക-മാനസിക മാറ്റങ്ങളെ വിവരിച്ച ശേഷം ഉപനിഷത്ത്, പരമാർത്ഥ സത്യത്തെ പ്രാപിക്കുന്ന അവസ്ഥ വിവരിക്കുന്നു.
“Just as a metal disc covered with earth shines as full of light when cleaned well, so too the embodied being, realizing the truth of the Self, becomes non-dual, fulfilled and free from sorrow…… When the Yogi, with the mind absorbed here in meditation, realizes the Truth (Brahman) verily as the Self (Atman) like a lamp (effulgent), knowing the divine Being as unborn, eternal and free of all modifications, he is released from all bondages.[13]
യോഗ എട്ട് ഘട്ടങ്ങളെ നിർവചിക്കുന്നു, Yama, Niyama, Āsana (body posture), Prānāyāma (breath control), Pratyāhāra (withdrawal of self), Dhāranā (concentration), Dhyāna (meditation) and Samādhi (absorption). ഈ ഘട്ടങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കുന്ന യോഗി മനസ്സ്, ഇന്ദ്രിയങ്ങൾ, വ്യക്തിത്വം എന്നിവയെ നിയന്ത്രിച്ച്, ഒടുക്കം സമാധിയിൽ എത്തുന്നു. അതു തന്നെയാണ് പരമാർത്ഥ സത്യം.
യോഗ/ധ്യാനം കൂടുതൽ പരിവർത്തനങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. കൂടുതൽ വികസിതമായ യോഗ-ധ്യാന മാർഗങ്ങൾ വിദൂരമല്ലാത്ത ഭാവിയിൽ ഉരുത്തിരിഞ്ഞു വരുമെന്നത് നിശ്ചയമാണ്.
പരമാർത്ഥ സത്യത്തെ സാക്ഷാത്കരിക്കാൻ ഭാരതീയ പാരമ്പര്യം മുന്നോട്ടു വയ്ക്കുന്ന മാർഗങ്ങൾ ഇപ്രകാരം നാലാണ്. ഓരോ മാർഗവും അതാത് കാലഘട്ടത്തിലെ ചിന്തയേയും സാമൂഹിക സാഹചര്യങ്ങളേയും അപേക്ഷിച്ച് രൂപം കൊണ്ടവയാണ്. ചലനാത്മകമായ ഒരു സമൂഹത്തിന്റെ നേർക്കാഴ്ചയാകുന്നു ഭാരതത്തിൽ നിലനിൽക്കുന്ന വിവിധ മോക്ഷ-മാർഗങ്ങൾ.

[1] ഇത് ഈ ജന്മത്തിൽ തന്നെ നേടുന്നതോ, അല്ലെങ്കിൽ മരണാനന്തരമോ ആകാം.
[2] Kumarila Says , “Nowhere is a Vedic sentence seen to neither serve any purpose without some connection with an injuction, nor can it reasonably do so. Moreoever, an injuction is not possible with regard to something already accomplished, for an injuction is concerned with action. Therefore the Upanshads become supplementary to injuctions by revealing the nature of the agents and the deities needed in some actions.”
— Brahma Sutras, Sankara Bhashya. Advaita Asrama. Page 21.
[3] “That thing that is such is true. The Karmas that the wise discovered in the mantras are accomplished variously, where the three Vedic duties get united. You perform them forever with the desire for the true results. This is your path leading to the fruits of karma acquired by yourselves…… When the fire begins set ablaze, the flame shoots up, one should offer the oblations into that part that is in between the right and the left…… It (agnihotra) destroys the seven worlds of that man whose agnihotra sacrifice is without Darsa and Paunamasa rites, devoid of caturmasya, bereft of Agrayana, unblest with guests, goes unperformed, is unaccomplished by Vaisvadeva rite, and is performed perfunctorily…… These oblations turn into the rays of the sun and taking him up they lead him, who performs the rites in these shining flames at the proper time, to where the single lord of the gods presides over all…… Saying ‘come, come’, uttering pleasing sounds such as, ‘this is your well-earned, virtuous path which leads to heaven’, and offering him adoration, the scintillating oblations carry the sacrifice along the rays of the sun”
— Mundaka Upanishad. I.ii.1-6
“One should wish to live a hundred years on earth only performing rites” – Isavasya Upanishad 2.
[4] ബൃഹദാരണ്യം, ചാന്ദോഗ്യം ,തൈത്തിരീയം, തുടങ്ങിയ പ്രമുഖ ഉപനിഷത്തുകൾ എഴുതപ്പെട്ട കാലം, ചുരുങ്ങിയത്, BCE രണ്ടാം സഹസ്രാബ്ദത്തിലാണെന്നു പുതിയ കണ്ടെത്തലുകൾ തെളിയിക്കുന്നു. സിന്ധുനദീതടത്തിൽ ഉദ്ഘനനം ചെയ്യുന്ന പ്രമുഖ ആർക്കിയോളജിസ്റ്റ് ജോനാതൻ മാർക്ക് കെനോയർ (JM Kenoyer), സിന്ധുനദീതടത്തിൽ എഴുത്ത് ആരംഭിച്ചത് BCE 3500 – 3300 കാലഘട്ടത്തിലാണെന്ന് അദ്ദേഹത്തിന്റെ ലേഖനത്തിൽ സമർത്ഥിക്കുന്നു. (Ref: http://archive.archaeology.org/9909/newsbriefs/indus.html . Accessed on 25-06-2015). വസ്തുതകൾ ഇങ്ങിനെയായിരിക്കെ ഋഗ്‌വേദ കാലഘട്ടം വീണ്ടും പ്രാചീനമാവുകയാണ്. Meghargh നാഗരികതയുടെ വികാസപരിണാമമാണ് സിന്ധുനദീതട സംസ്കാരം എന്നതിനു കൂടുതൽ സ്വീകാര്യത കൈവന്നിട്ടുണ്ട്. സിന്ധുനദീതടസംസ്കാരം ഋഗ്‌വേദകാലത്തിനു ശേഷമാണെന്നും പണ്ഡിതന്മാർ തെളിയിക്കുന്നു. Ref: Nicolas Kazanas, Indo Aryan origin and other Vedic issues. ‘ഹാരപ്പ’ എന്ന നാമം ‘Hariyupiya’ എന്ന പേരിൽ ഋഗ്‌വേദയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നു കാണുന്നു. RV: 06.27.5. ഹാരപ്പൻ സംസ്കാരം ഋഗ്‌വേദക്കു ശേഷമാണെന്നു സാരം.
[5] “The friend of the Kshatriyas asked me five questions. I was not able to answer even on of them’. He (the father) said, ‘The way that you spoke to me of these things (questions) at that time (after returning), that is just as I do not know anyone of these, why should not I have told you?… He Gautama went to the King’s place… To him King said, ‘O venerable Gautama, please ask for a gift of human wealth.’ Gautama said, ‘O King, let the human wealth reamin with you alone. Please narrate to me that very speech which you delivered to my son.’ King became sorrowful. He ordered him, ‘stay for a long time.’ To him King said: ‘O Gautama, by the way you talked to me (it becomes confirmed) how, before you, this knowledge did not go to the Brahmanas. Therefore, in the past, in all the worlds teachership was of the Kshatriyas.’ To him he imparted (the knowledge)…” — Chandogya Upanishad. V. 3. 5-7.
മറ്റൊരു ഉദാഹരണം – Chandogya Upanishad. V. 11. 7
[6] “… King Janasruti returned, but went back again to the Sage with the cows, the golden necklace, the chariot, as well as his beautiful daughter; whereupon, the sage Raikva seemed to be satisfied, and having lifted the beautiful daughter’s face towards himself, said, ‘Verily, O Sudra, you are making me speak on account of this face’ and then he imparted to the king the knowledge which he possessed, namely that he believed that the Air was the final absorbent of all things. ‘When fire is extinguished it goes to the air, when the sun sets it goes to the air, when the moon sets it goes to the air, when the waters dry up, they go to the air; thus verily is Air the final absorbent of all things whatsoever…”
— Chandogya Upanishad – IV.ii.5 – iii.2
[7] “Before this Varuna may we be sinless him who shows mercy even to the sinner-
While we are keeping Aditi’s ordinances. Preserve us evermore, ye Gods, with blessings.”
— Rigveda VII.87.7
[8] നമ്മുടെ ശരീരത്തിനുള്ളിൽ നിലകൊണ്ട്, ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്ന ഒന്നായി ആത്മാവിനേയും, ബാഹ്യലോകത്തിലെ പ്രകൃതിപ്രതിഭാസങ്ങളെ നിയന്ത്രിക്കുന്ന ശക്തിയായി ബ്രഹ്മത്തിനേയും കരുതാവുന്നതാണ്. തുടക്ക വായനയിലെ സങ്കീർണത ഒഴിവാക്കാൻ ഇത് ഉപകരിക്കും.
[9] ശരീരസമേതനായ ആത്മാവിനെ (Embodied Soul) ജീവ എന്നു വിളിക്കുന്നു.
[10] ഈ പുസ്തകത്തിൽ ഉടനീളം ബ്രഹ്മം എന്നതുകൊണ്ട് സൂചിപ്പിക്കുന്നത് ‘നിർഗുണ ബ്രഹ്മം’ ആണ്. സഗുണ ബ്രഹ്മത്തെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് അപ്രകാരം സൂചിപ്പിച്ചു തന്നെ എഴുതും. വെറും ‘ബ്രഹ്മം’ എന്നു എഴുതുന്നിടത്തെല്ലാം ‘നിർഗുണ ബ്രഹ്മത്തെയാണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കുക.
[11] നിർഗുണ ബ്രഹ്മം എന്നത് വിശിഷ്ഠാദ്വൈതത്തിൽ ഇല്ല.
[12] Svetasvatara Upanishad. II.8-10
[13] Svetasvatara Upanishad. II.14-15
Featured Image credit -> http://veda.wikidot.com/hinduism

No comments:

Post a Comment