Tuesday, February 05, 2019

*ശ്രീമദ് ഭാഗവതം 53*

ഈ വേദാന്തം നമുക്കിപ്പോ വിട്ടു പോയിരിക്കണു. ഇപ്പൊ എന്താ ഉടനെ ഒരു  ഓർഗനൈസേഷൻ തുടങ്ങാ ആശ്രമം തുടങ്ങാ മെഡിറ്റേഷൻ ക്ലാസ്സ്. കുറേ ആളുകള്. പത്മാസനത്തിൽ കണ്ണും അടച്ചിരുന്ന് മനസ്സില് മുഴുവൻ വിമ്മിഷ്ടം. ചില ടെക്നിക്കൊക്കെ ചെയ്താൽ രണ്ടാഴ്ചത്തേക്ക് എന്തോ തുള്ളും ഉള്ളില്. അപ്പോ ഒരു സുഖണ്ടാവും. പ്രാണചലനം ഒക്കെ ണ്ടാവുമ്പോ ഒരു സുഖണ്ടാവും ഉള്ളില്. അവര് ഉടനെ ശുകബ്രഹ്മ മഹർഷി ആയി എന്ന് വിചാരിക്കും.

അതിനൊന്നും വഴിയില്ല്യ. തത്വം അറിയുക. പക്വപ്പെടാ. അവരവരുടെ പ്രാരബ്ധത്തിന് അനുസരിച്ച് ശരീരം ജീവിക്കട്ടെ. പ്രാരബ്ധത്തിനും ജ്ഞാനത്തിനും തമ്മില് യാതൊരു ബന്ധവും ഇല്ല്യ. അതറിയാനാണ് നമ്മളുടെ പുരാണങ്ങളും ഋഷികളും പല തരത്തിലള്ള ജ്ഞാനികളേയും നമ്മുടെ മുമ്പില് വെച്ചത്. എല്ലാ തരത്തിലുള്ള ആളുകളേയും നമുക്ക് കാണാം. ഭാരതത്തില് മാംസം വെട്ടി വിൽക്കുന്ന ഒരു ജ്ഞാനി ണ്ട്.. ഇതിന് മേലെ ഇനി വേണോ.

അപ്പോ നമ്മളുടെ ഉപാധിയെ ചലിപ്പിക്കാനല്ല ഉള്ളില് ജ്ഞാനം ഉണ്ടാവുന്നതുകൊണ്ടാണ് ശാന്തി. പുറമേക്ക് ഒന്നും  മാറ്റിയിട്ട് ശാന്തി കിട്ടില്ല്യ. ഇവിടെ വിട്ട് ആശ്രമങ്ങളിൽ പോയി താമസിച്ചാൽ സുഖം ണ്ടാവും എന്ന് വിചാരിക്കും നമ്മള്.  ഒരാഴ്ചയ്ക്ക് ഒക്കെ ണ്ടാവും. പിന്നെ പതുക്കെ പതുക്കെ അവിടുത്തെ കുഴപ്പങ്ങൾ ഒക്കെ നമ്മള് കാണും. നമ്മളുടെ വക contribution ആയി കുറച്ചു കുഴപ്പവും കൊടുക്കും. രക്ഷാമാർഗ്ഗമേ ഇല്ല്യ.

ബദരീനാഥിൽ ആയിക്കൊള്ളട്ടെ കേദാർനാഥിൽ ആവട്ടെ ഹിമാലയത്തിൽ ഗുഹയിൽ ആവട്ടെ ഇതേ മനസ്സ് ഇതേ അജ്ഞാനം കൊണ്ടാണല്ലോ പോകുന്നത്. വൈകുണ്ഠത്തിൽ പോയി ജയവിജയന്മാര് കുഴപ്പം ണ്ടാക്കുന്നു.

എവിടെയാണെങ്കിലും രക്ഷ ഇല്ല്യ. ഉളള് സംസ്ക്കരിച്ച് രാഗദ്വേഷങ്ങൾ അടക്കി ജ്ഞാനത്തിനെ ദൃഢമാക്കി പ്രവർത്തിക്കണം. പ്രവൃത്തി ഉള്ളിലാണ്. വസ്തു ഉള്ളിലാണ് കിട്ടണത്. അവിടെയാണ് ശാന്തി. ഈ തത്വം ഭഗവാൻ ബ്രഹ്മാവിന് ഉപദേശിച്ചിട്ട് പറഞ്ഞു ബ്രഹ്മാവേ സൃഷ്ടി ചെയ്യാ. നമ്മളോടും ഭഗവാൻ പറയണു ഇതറിഞ്ഞിട്ട് ലോകത്തിൽ അവരവരുടെ ധർമ്മം എന്താണോ, അതാത് ധർമ്മം ചെയ്യൂ. അതങ്ങട് നടക്കട്ടെ. ഇനി ആ കർമ്മം വിട്ടു പോയാലോ, അത്രയും നല്ലത്. വിട്ടു പോകട്ടെ. സന്യാസത്തിനുള്ള യോഗം ഭഗവാൻ തരാണോ, ശരി. എങ്കിൽ സന്യാസം. സംസാരി ആയിട്ട് ഇരിക്കാനാണോ ഭഗവാന്റെ ഇച്ഛ, എങ്കിൽ അങ്ങനെ.

സന്യാസിയും സംസാരിയും ഒക്കെ ശരീരം ആണേ. ശരീരം സംസാരി ആയിട്ടോ സന്യാസി ആയിട്ടോ രാജാവായിട്ടോ സ്ത്രീ ആയിട്ടോ പുരുഷനായിട്ടോ കുഞ്ഞായിട്ടോ വൃദ്ധനായിട്ടോ ഏത് വേഷവും കെട്ടിക്കൊള്ളട്ടെ. ഈ വേഷത്തിനും രൂപത്തിനും സമ്പർക്കമേ ഇല്ല്യ. ഈ വേഷമാറ്റം ഒന്നും സ്വരൂപത്തിൽ സമ്പർക്കം ഉണ്ടാക്കുന്നില്ല്യ
ശ്രീനൊച്ചൂർജി
 *തുടരും. ...*
Lakshmi prasad

No comments:

Post a Comment