Sunday, February 17, 2019

*ശ്രീമദ് ഭാഗവതം 65*

സകല പ്രാണികൾക്കും ഭക്ഷണം. ആശ്രയിച്ച് അടുത്തുവരുന്ന എലി, അണ്ണാൻ, കാക്ക, പൂച്ച, നായ എന്തൊക്കെ വരണുവോ അതിനൊക്കെ ഭക്ഷണം. ഏതേത് ജീവൻ ആണ് ആ ശരീരത്തിൽ ഏതൊക്കെ രൂപത്തിൽ വരുന്നത് അതൊന്നും നമുക്കറിയില്ല്യ. ഈ പ്രാണികളൊക്കെ ചുറ്റും നില്ക്കണു.

ഈ സർവ്വഭൂതങ്ങളിലും സന്തം ആത്മാനം ഈശ്വരം, ഇവരുടെ ഓരോരുത്തരുടെ ളള്ളിലും അന്തര്യാമി ആയി ഇരിക്കുന്ന ഭഗവാനെ അർച്ചിക്കാ.  അവർക്ക് ഭക്ഷണം കൊടുക്കുമ്പോൾ അവരുടെ ഉള്ളിൽ അന്തര്യാമി ആയിട്ടിരിക്കുന്ന ഭഗവാൻ സന്തോഷിക്കും.

നമ്മൾ വളരെ വിശന്നിരിക്കുമ്പോൾ ആരെങ്കിലും ഭക്ഷണം കൊണ്ട് വന്ന് തന്നാൽ നമ്മൾ എത്ര സന്തോഷിക്കും. നമുക്ക് അപ്പോ  അനുഭവപ്പെടുന്ന സന്തോഷം അവർക്കുള്ള ആശീർവാദം ആണ്. അല്ലാതെ ആശീർവാദം എന്ന് പറയണത് കൈ ഉയർത്തി നമസ്ക്കരിക്കുന്നതല്ല. അതൊക്കെ അതിന്റെ ആചാരഭാഗം മാത്രമാണ്. സ്നേഹത്തോടെ ആദരവോടെ കൊടുക്കുമ്പഴേ അത് യജ്ഞം ആവുള്ളൂ.

നമ്മുടെ ഭാവം ആണ് മുഖ്യം.  ചെറിയ ചെറിയ യജ്ഞം ആണ് ഏറ്റവും പ്രാക്ടിക്കൽ. ഒരാളായിട്ട് ചെയ്യാ. അവരവരുടെ ഗൃഹത്തിൽ അവരവർക്ക് കൈയിലൊതുങ്ങാവുന്ന വസ്തുക്കളെ വെച്ച് കൊണ്ട് യജ്ഞം ചെയ്യാം. വളരെ ശക്തിമത്തായിട്ടുള്ള ഒരു ആരാധനാസമ്പ്രദായം ആണിത്. അതിന്റെ ഫലം നമുക്ക് പ്രത്യക്ഷമായി അപ്പപ്പോ കാണാൻ പറ്റില്ല്യ. പക്ഷേ വേറെ പല വിധത്തിലും അതിന്റെ ഫലം മുമ്പില് പ്രത്യക്ഷപ്പെടുന്നത് കാണാം. എല്ലാറ്റിനേക്കാളും വലിയ ഫലം ചിത്തശുദ്ധി ആണ്. ആനന്ദം പതുക്കെ പതുക്കെ ണ്ടാവും.

ഈ യജ്ഞം ചെയ്യുന്നത് നമുക്ക് മാത്രമേ അറിയാനും പാടുള്ളൂ. താൻ പ്രയത്നിച്ച് സമ്പാദിച്ച വസ്തുക്കളെ കൊണ്ട് മറ്റൊരാൾ അറിയാതെ ആദരവോട് കൂടി യജ്ഞം ചെയ്താൽ അതിലും വലിയ ഒരു പൂജ ഇല്ലെന്നാണ് കപിലഭഗവാൻ പറയണത്. ചില അമ്മമാരൊക്കെ വീട്ടില് മെനക്കെട്ട് ഭക്ഷണം പാകം ചെയ്ത് പ്രിയത്തോടുകൂടെ അതിഥികൾക്ക് കൊടുക്കുമ്പോൾ, വിശക്കുന്നവർക്ക് കൊടുക്കുമ്പോൾ  അത് പ്രത്യേകിച്ച്  ഭക്ഷണം കൊടുത്താൽ പ്രത്യക്ഷത്തിൽ ആനന്ദം കാണാൻ സാധിക്കും.

ഈശ്വരൻ നമുക്ക് ഭൗതികമായ ഒരാവശ്യമേ വെച്ചിട്ടുള്ളൂ. ഭക്ഷണം. വസ്ത്രം പോലും നമ്മൾ ണ്ടാക്കിയതാ. ഭഗവാൻ നമ്മള് ജനിക്കുമ്പോൾ വസ്ത്രം വേണം എന്നൊരു urge ഒന്നും ണ്ടാക്കിയിട്ടില്ല. നമ്മളുടെ ഒരു അഭിമാനം കാരണം വസ്ത്രം ധരിക്കുന്നു . അപ്പോ, വസ്ത്രം കൊടുക്കുന്നതുപോലും രണ്ടാമതാണ്. പക്ഷേ വിശന്നു കൊണ്ടിരിക്കണ ഒരു ജീവന് ഭക്ഷണം കൊടുത്താൽ പ്രത്യക്ഷമായിട്ട് അതിന്റെ ഫലം കാണാം.

തിരുവണ്ണാമലയിൽ ഒരു അവധൂതസ്വാമി ണ്ടായിരുന്നു. അദ്ദേഹം ഒരിക്കൽ പറഞ്ഞു. എന്റെ  കൂടെ വന്ന ഒരു ഭക്തൻ കുറേ സാധുക്കൾക്ക് മുണ്ട് കൊടുത്തു. മൗനി ആണദ്ദേഹം. ഈ സ്വാമി എന്നോട് ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു ഇതൊന്നും കൊടുക്കരുത് എന്ന്. ഭക്ഷണം മാത്രമേ കൊടുക്കാൻ പാടുള്ളൂ അത്രെ. അദ്ദേഹത്തിന്റെ വാദം ഇതൊക്കെ കൊണ്ട് പോയി അവര് നില്ക്കും.

പക്ഷേ നമ്മള് കൊടുക്കണവർ ഇതൊന്നും നോക്കീട്ട് കൊടുക്കാൻ പറ്റില്ല്യ. പക്ഷേ ഭക്ഷണത്തിന് ഒരു ശുദ്ധി ണ്ട്. മുമ്പില് പ്രത്യക്ഷമായി ഭക്ഷണം വിശപ്പിന് കൊടുക്കുമ്പോൾ അതൊരു പൂജ ആണ്. ആരാധന ആണ്. അത് വൈശ്വാനരയജ്ഞം ആണ്. ഒരു ഉപാസന ആണ്.

 ഭക്ഷണം ഇല്ലെങ്കിലോ, പ്രിയമായിട്ട് ഒന്ന് നമസ്ക്കരിച്ചാലും മതീന്നാണ്. പ്രിയത്തോടുകൂടെ ഒരു വാക്ക് പറഞ്ഞാൽ തന്നെ അത് യജ്ഞം ആണ്.
ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi prasad 

No comments:

Post a Comment