Wednesday, February 27, 2019

*ശ്രീമദ് ഭാഗവതം 75* 

സാധാരണ ഒരു അമ്മ ആണെങ്കിൽ ചിലപ്പോ കുട്ടിക്ക് രണ്ട് അടി കിട്ടും. അവൾ ഉള്ളപ്പോ അവളുടെ അടുത്തേയ്ക്ക് എന്തിനാ പോയത്? കുട്ടി ചിറ്റമ്മയെ കുറിച്ച് പറഞ്ഞോണ്ട് വരാണ്. ചിറ്റമ്മ എന്നെ ചീത്ത പറഞ്ഞു, എന്ന് പറഞ്ഞു കൊണ്ട് അമ്മയുടെ അടുത്തേയ്ക്ക് ഓടിക്കൊണ്ട് വരാണ്. 

മാമംഗളം താത പരേഷു മംസ്ഥാ 
ഭുംക്തേ ജനോ യത് പരദു:ഖദസ്തത്.

മാ അമംഗളം താത പരേഷു മംസ്ഥ:

നമ്മള് ചെയ്ത കർമ്മത്തിന്റെ ഫലം ആണ് നമുക്ക് തിരിച്ചു വരണത്. സാധാരണ നമുക്ക് എന്തെങ്കിലുമൊക്കെ ദുഖം വരുമ്പോൾ നമ്മൾ മറ്റുള്ളവരിൽ ദുഖം കാണും. അവര് പറഞ്ഞിട്ടാണ് എനിക്ക് ദോഷം ണ്ടായത്. പോസ്റ്റ്മാൻ ലറ്റർ കൊണ്ട് വരുമ്പോൾ പോസ്റ്റ്മാനെ ചീത്ത പറയാൻ പാടോ. ആരോ നമ്മളെ ചീത്ത പറഞ്ഞ് ലറ്റർ എഴുതി. പഴയകാലത്ത് ടെലഗ്രാം കൊണ്ട് വരും. ഒരു ചുവന്ന സൈക്കിളിൽ ടെലഗ്രാം ഉം ആയിട്ട് വരും. ഗ്രാമത്തിലേക്ക് വരുമ്പോ, ആ ടെലഗ്രാം കൊണ്ട് വരണ ആൾക്ക് തന്നെ യമൻ ന്നാണ് പേര്. എന്താച്ചാൽ അധികവും അയാൾ കൊണ്ട് വരുന്നത് ആരെങ്കിലും മരിച്ചു എന്നുള്ള ന്യൂസ് ആയിരിക്കും. പാവം അയാൾ എന്തു ചെയ്യും? ആരോ അയച്ചിരിക്കണു. ആ ലെറ്ററും കൊണ്ട് വരും. ഇവിടെ ഇപ്പൊ നമ്മൾ തന്നെ അയച്ച ലെറ്ററാണ് നമുക്ക് തിരിച്ചു വരണതേ. നമ്മൾ തന്നെ അയച്ചതാണ് നമുക്ക് തിരിച്ചു വരണത്.

അമ്മ കുട്ടിക്ക് പറഞ്ഞു കൊടുത്തു. കുഞ്ഞേ, അമംഗളമായിട്ട് ഒന്നും ചിന്തിക്കരുതേ. നമുക്ക് കിട്ടേണ്ടതാണ് നമുക്ക് കിട്ടുന്നത്. ചിറ്റമ്മ പറഞ്ഞു തന്നതാണെങ്കിലും ഭഗവദ് ആരാധനയ്ക്കുള്ള ഉപദേശം സ്വീകരിക്കാ. 

ആതിഷ്ഠ തത്താത വിമത്സരസ്ത്വ -
മുക്തം സമാത്രാപി യദ് അവ്യളീകം 
ആരാധയാ അധോക്ഷജ പാദപത്മം 
യദീച്ഛസേഽധ്യൃസനമുത്തമോ യഥാ.

 *ആരാധയ അധോക്ഷജ പാദപത്മം* 
ഭഗവാന് ഭാഗവതത്തിലുള്ള മനോഹരമായ ഒരു പേരാണ് അധോക്ഷജൻ. അക്ഷം എന്നാൽ ഇന്ദ്രിയങ്ങൾ, മനസ്സ് എന്നൊക്കെ അർത്ഥം ണ്ട്. സാധാരണ ആയിട്ട് ഇന്ദ്രിയങ്ങൾ, അക്ഷങ്ങളൊക്കെ പുറമേക്ക് തിരിഞ്ഞിട്ടാണ്. ഭഗവാൻ തന്നെ അങ്ങനെ യാണ് ചെയ്തു വെച്ചത്. ഉപനിഷത് പറയണത് നമ്മളെ ഒക്കെ ഭഗവാൻ പറ്റിച്ചു അത്രേ. കണ്ണും ചെവിയും ഒക്കെ പുറമേക്ക് തിരിച്ചു വെച്ച് അകത്ത് പോയിരുന്നു. എന്നിട്ട് ഉള്ളില് നോക്കൂ ഉള്ളില് നോക്കൂ എന്ന് പറഞ്ഞാൽ എങ്ങനെ നോക്കും?

പരാഞ്ചിഖാനി വ്യതൃണത് സ്വയം ഭൂ:. 
തസ്മാദ് പരാങ് പശ്യതി അന്തരാത്മൻ
കശ്ചിദ് ധീര: പ്രത്യഗാത്മാനമൈക്ഷത്
ആവൃത്തചക്ഷുരമൃതത്ത്വമിച്ഛൻ.

അപ്പോ, അക്ഷങ്ങളൊക്കെ പുറമേക്ക് തിരിച്ചു വെച്ചു. കണ്ണുകൾ അഞ്ചും ഉള്ളടക്കി തെരു തെരെ വീണു വണങ്ങി ഓതിടേണം എന്നാണ്. ആ അഞ്ച് ഇന്ദ്രിയങ്ങളും ഉള്ളിലേക്ക് തിരിക്കുമ്പോ ഉള്ളിൽ പ്രകാശിക്കുന്നവനാണ് *അധോക്ഷജൻ*.

 *ആരാധയാ അധോക്ഷജ പാദപത്മം.* 

ഒരു അമ്മ കുട്ടിക്ക് പഠിപ്പിക്കേണ്ടത് ഇതാണ്. ധ്രുവചരിത്രത്തിൽ സാധാരണ ആളകൾക്ക് എന്തണ്ട് എന്ന്വാച്ചാൽ അമ്മമാർക്ക് ഒരു ഉപദേശം ആണ്. അമ്മയാണ് കുട്ടിക്ക് ആദ്യത്തെ ഗുരു. പിന്നെ അച്ഛൻ ഗുരു. പിന്നെയാണ് ആചാര്യൻ. മാതൃമാൻ പിതൃമാൻ  ആചാര്യവാൻ വേദ: ആചാര്യസ്വാമികൾ പല വട്ടം ഇതെടുത്ത് ഉദ്ധരിക്കും. ആദ്യം അമ്മ പിന്നെ അച്ഛൻ പിന്നെ ആചാര്യൻ. എന്നാലേ ശരിയാവുള്ളൂ അത്രേ. ന്താ? കുട്ടിക്ക് ഏറ്റവും വിശ്വാസം അമ്മയെ ആണ്. കുട്ടികൾക്ക് അമ്മയുടെ മടിയിൽ ഇരിക്കാനാണ് ഇഷ്ടം. ആര് വിളിച്ചാലും പോവില്ല്യ. അമ്മയുടെ മടിയിൽ ഇരിക്കുന്നത് കുട്ടിക്ക് ഒരു രക്ഷ ആണ്. ആ അമ്മ കുട്ടിയെ എന്ത് പഠിപ്പിക്കണം?  *ആരാധയ അധോക്ഷജ പാദപത്മം എന്ന് അമ്മ പഠിപ്പിച്ചാലേ ഒക്കൂ. ചെറിയ കുട്ടിക്ക് അമ്മ പതുക്കെ നാമം ചൊല്ലി പഠിപ്പിക്കണം. അമ്മ ഭഗവദ്ഭക്തിയെ ഊട്ടി വളർത്തണം. ഗർഭത്തിൽ ഇരിക്കുമ്പോൾ മുതൽ തുടങ്ങണം എന്നുള്ളത് പ്രഹ്ളാദന്റെ കഥയിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. ഗർഭത്തിൽ ശിശുവിനെ വഹിച്ചു കൊണ്ടിരിക്കുമ്പോൾ തപസ്സ് തുടങ്ങണം. ഭഗവദ് ആരാധന തുടങ്ങണം* 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
lakshmi prasad

No comments:

Post a Comment