Wednesday, February 06, 2019

*ധ്യാനം*
ആത്മ സ്വരൂപമായി ജീവിതം നയിക്കുവാൻ വളരെ ആഴത്തിലും തടസ്സരഹിതവുമായ ധ്യാനം ആവശ്യമാണ്.  ധ്യാനത്തിന്റെ ആദ്യഘട്ടം കടന്നു ആഴങ്ങളിലേക്ക് പോകുമ്പോൾ ചില ചിന്തകളോ മനസ്സിന്റെ മുദ്രണങ്ങളോ കടന്നു വരാം.  അപ്പോൾ മനസ്സ് ധ്യാനാവസ്ഥയിൽ നിന്ന് പുറത്തു കടക്കുകയും  ധ്യാനത്തിന്റെ ആഴവും സുഖവും നഷ്ട്ടപ്പെടുകയും ചെയ്യും. എന്നാൽ ചിന്തകളോ വികാരങ്ങളോ ശരീരമോ അല്ല ശാന്തിയും ആനന്ദവുമാണ് നാം എന്ന തിരിച്ചറിവ് ഉണ്ടാകുംവരെ ധ്യാനം ഒരു പ്രക്രിയ ആയി തുടർന്ന് കൊണ്ടേ ഇരിക്കണം. അകവും പുറവും തമ്മിൽ ഒരു വ്യത്യാസവും അനുഭവപ്പെടാത്ത അവസ്ഥ അതാവണം ലക്ഷ്യം.  പൂർണമായും ധ്യാനാവസ്ഥയിൽ ഇരിക്കുമ്പോൾ നാം സ്വയം സ്നേഹത്തിന്റെയും അവബോധത്തിന്റെയും ഉത്സാഹത്തിന്റെയും ധാരയായ് മാറും. ദൈതഭാവം ഉണ്ടാകുകയില്ല. 

മനസിന്‌ വിശ്രമിക്കാൻ ഉള്ള ഇടം ആണ് ചേതന.  വേവലാതിപ്പെടുന്ന മനസ്സിനെ ചേതനയിൽ വിശ്രമിപ്പിക്കുക. ഇത് ഒരു ധ്യാനപ്രകൃയ ആയി ചെയ്യുക. ഇവിടെയുള്ള ദൈവികതയിൽ എന്റെ ഹൃദയവും ആത്മാവും വിശ്രമിക്കുകയാണ് എന്ന് വിചാരിക്കുക.

ഉറക്കം ധ്യാനത്തിനു സമമായ അവസ്ഥയാണ്.  ഉറക്കത്തിലും ദ്വതാ ഭാവം ഇല്ല.  എന്നാൽ അവിടെ അവബോധവും ഇല്ല. ബോധ പൂർവ്വം ധ്യാനം ചെയ്തു കഴിയുമ്പോൾ നമുക്ക് കൂടുതൽ ശാന്തിയും സന്തോഷവും ലഭിക്കുന്നു.  കുറച്ചു നിമിഷങ്ങളിലെ നിർവികല്പ സമാധി dwaitha ഭാവമില്ലാത്ത അവസ്ഥയെ പ്രദാനം ചെയ്യുന്നു. ഇന്ദ്രിയങ്ങളിൽ നിന്ന് മനസ്സിനെ പിൻവലിച്ചു ആത്മാവിൽ കേന്ദ്രീകരിക്കാൻ, പ്രഭവ കേന്ദ്രത്തിലേക്ക് കൊണ്ട് വരാൻ  സാധിക്കണം.  ജ്ഞാനവും വിവേകവും മനസ്സിൽ ഉണ്ടാകുമ്പോൾ അജ്ഞാനം അപ്രത്യക്ഷമാകും.  ചിന്തകളും കലപിലകളും ഒടുങ്ങി മനസ്സ് ശാന്തമാകും.  ഭൗതികതയിലും ഇന്ദ്രിയങ്ങളിലും അധികമായി ഒട്ടിചേരാതെ മോഹങ്ങളിൽ നിന്ന് പൂർണ്ണമായും വിമുക്തമാകുന്ന അവസ്ഥയിലേക്ക് എത്തി ചേരുവാൻ സാധിക്കും.

അതിനായി നമുക്ക് ആദ്യം ചെയ്യാവുന്ന ഒന്ന് നമ്മുടെ ചിന്തകളെ നിരീക്ഷിക്കൽ ആണ്. ഒരു സാക്ഷീ ഭാവത്തിൽ നാം നമ്മുടെ ചിന്തകളെ അറിയുക. നാം നമ്മളെ തന്നെ അറിയുക. നാം ഈശ്വരനോട് എത്ര അടുത്താണെന്നു അറിയുക, വീണ്ടും വീണ്ടും അടുക്കാനായി ചിന്തകളെ അറിഞ്ഞുകൊണ്ടെ ഇരിക്കുക, സ്വയം അറിഞ്ഞുകൊണ്ടേ ഇരിക്കുക, അകലം അറിയുക, ആനന്ദനം അറിയുക.....
ആനന്ദത്തിൽ ലയിക്കുക...

No comments:

Post a Comment