Thursday, February 28, 2019

അനാഹതനാദം

ആഹനനം (അടിക്കല്‍) കൊണ്ടല്ലാതെ ഉണ്ടാക്കപ്പെട്ട നാദം. നാദം അഥവാ ശബ്ദം ഒരു ദ്രവ്യമാണെന്നും പൃഥ്വി, ജലം, തേജസ്സ്, വായു എന്നിങ്ങനെയുള്ള മറ്റു ദ്രവ്യങ്ങളുടേതുപോലെ ഇതിന്റെയും പരമാണുക്കള്‍ പ്രപഞ്ചത്തില്‍ സര്‍വത്ര വ്യാപിച്ചിരിപ്പുണ്ടെന്നും ആചാര്യന്മാര്‍ അഭിപ്രായപ്പെടുന്നു. സര്‍വവ്യാപ്തമായ ഈ ശബ്ദാണുസമൂഹത്തെ അനാഹതനാദം എന്നു പറയുന്നു.
അനാഹതനാദം ശരീരത്തിനകത്തും സ്ഥിതിചെയ്യുന്നുണ്ട്. സുഷുമ്നയുടെ മേല്‍പ്പോട്ടുള്ള മാര്‍ഗം അടഞ്ഞിരിക്കുന്നതുകൊണ്ടാണ് സാധാരണക്കാര്‍ക്ക് അത് കേള്‍ക്കാന്‍ കഴിയാതിരിക്കുന്നത്. ഹഠയോഗപരിശീലനംമൂലം കുണ്ഡലിനിശക്തി ഉണരുമ്പോള്‍ ആ മാര്‍ഗം തുറക്കപ്പെടുകയും നാദം കേള്‍ക്കാന്‍ കഴിയുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. ആദ്യം ഇത് സമുദ്രഗര്‍ജനം, മേഘഗര്‍ജനം എന്നിവപോലെ സ്ഥൂലമായും പിന്നീട് ക്രമത്തില്‍ ശംഖം, മണി, കിങ്ങിണി, ഓടക്കുഴല്‍, വണ്ട് എന്നിവയുടെ നാദംപോലെ സൂക്ഷ്മമായും മധുരമായും അനുഭവപ്പെടുമെന്നു യോഗികള്‍ സ്വാനുഭവത്തിലൂടെ അറിഞ്ഞിട്ടുണ്ട്.
അനാഹതനാദം പ്രകൃതിയുടെ സംഗീതമാണ് അഥവാ പ്രപഞ്ചത്തിലെ നിസര്‍ഗസംഗീതമാണ്. അത് ആഹതമായിത്തീര്‍ന്ന്- അടിക്കപ്പെട്ട്-ഉപാധിഭേദമനുസരിച്ച് സംഗീതശാസ്ത്രത്തിനാധാരമായ സപ്തസ്വരങ്ങളായി പരിണമിക്കുന്നു. അനാഹതനാദത്തെ പ്രണവം, ഓംകാരം, ശബ്ദബ്രഹ്മം, സോഹംധ്വനി എന്നെല്ലാം സാധകന്മാരും യോഗികളും വ്യവഹരിച്ചുപോരുന്നു. വൈയാകരണന്മാര്‍ ഇതിനെ സ്ഫോടമെന്നാണ് പറയുന്നത്.
ശരീരത്തില്‍ സ്ഥിതിചെയ്യുന്നു എന്ന് സങ്കല്പിക്കപ്പെട്ടിരിക്കുന്ന മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നീ ആറു ചക്രങ്ങളുള്ളതില്‍ നാലാമത്തേതാണ് അനാഹതം. ഹൃച്ചക്രം എന്നും ഇതിനു പേരുണ്ട്. ഉദയസൂര്യന്റെ നിറമുള്ളതും പന്ത്രണ്ടു ദളങ്ങളുള്ളതുമായ പദ്മമായിട്ടാണ് ഈ ചക്രത്തെ സങ്കല്പിച്ചിട്ടുള്ളത്. അനാഹതചക്രമാണ് അനാഹതനാദത്തിന്റെ സ്ഥാനം എന്നു പറയപ്പെടുന്നു.
(എ. പരമേശ്വര ശാസ്ത്രികള്‍)

No comments:

Post a Comment