Friday, February 15, 2019

മരണാനന്തര ചടങ്ങിൽ കാക്കയുടെ പ്രാധാന്യം 

​ഓംനമഃശിവായ 🕉
പുരാണ കഥയനുസരിച്ച് ബ്രഹ്മാവിൽനിന്നു വരം കിട്ടിയ മഹിരാവണൻ എന്ന അസുരൻ യമധർമനെ ആക്രമിച്ചു. അസുരനെ തോൽപിക്കാനാവാതെ യമധർമൻ ഒരു കാക്കയുടെ രൂപത്തിൽ രക്ഷപ്പെട്ടു. അങ്ങനെ, തന്നെ രക്ഷിച്ച കാക്കയ്ക്ക് ബലികർമത്തിൽ പ്രാധാന്യം കൊടുത്ത് യമധർമൻ പ്രത്യുപകാരം ചെയ്തു. അന്നുമുതലാണ് ബലിച്ചോറ് കാക്ക കഴിച്ചാൽ പിതൃക്കൾ തൃപ്തരായതായി കരുതുന്നത്. പിതൃക്കളെന്ന സങ്കൽപത്തിലാണ് കാക്കയ്ക്കു ശ്രാദ്ധത്തിൽ പ്രസക്തി. ബലിച്ചോറ് കാക്കയെടുക്കാത്ത പക്ഷം ഒഴുക്കുവെള്ളത്തിൽ ഒഴുക്കാം.
എള്ളിന്റെ പ്രാധാന്യം
കാക്കയ്ക്കും എള്ളിനും നിറം കറുപ്പാണ്. ഇത് ഇരുട്ടിന്റെ പ്രതീകമാണ്. ഇരുട്ടിൽനിന്ന് വെളിച്ചമാകുന്ന പുനർജന്മത്തിലേക്കുള്ള യാത്രയാണ് ഇതു സൂചിപ്പിക്കുന്നത്. എള്ള് വെള്ളത്തിൽ നൽകിയാല്‍ പിതൃക്കൾക്കും അഗ്നിയിൽ ദേവതകൾക്കും തൃപ്തിയടയും, ഇതിൽ അടങ്ങിയിരിക്കുന്ന എണ്ണ പ്രാണനാണ്. മനസ്സാ വാചാ കർമണാ ചെയ്യുന്ന സർവപാപങ്ങളും നശിപ്പിക്കാൻ എള്ളിനു കഴിയും. കറുത്ത എള്ളാണ് പിതൃകർമത്തിനുത്തമം.
ദർഭയുടെ പ്രാധാന്യം
സൃഷ്ടി, സ്ഥിതി, സംഹാര മൂർത്തികൾ ദർഭയിൽ കുടികൊള്ളുന്നു. മൂലഭാഗത്തു ബ്രഹ്മാവും മധ്യത്തിൽ വിഷ്ണുവും തുമ്പിൽ പരമശിവനും കുടികൊള്ളുന്നു. മൂന്നു ദർഭ കൂട്ടിക്കെട്ടുന്നതിനു വളരെ പ്രാധാന്യമുണ്ട്. സൂര്യമണ്ഡലം, സേവാമണ്ഡലം, അഗ്നിമണ്ഡലം എന്നിവയുടെ ചേർച്ചയാണത്. ത്രിമൂർത്തി സാന്നിധ്യം ഉള്ളതുകൊണ്ട് ഇത് ഒരിക്കലും അശുദ്ധമാകുകയില്ല.
പവിത്രത്തിന്റെ പ്രാധാന്യം?
ദർഭ കൊണ്ടുള്ള മോതിരമാണ് പവിത്രം. ഇതു ധരിക്കുന്നതുകൊണ്ട് ആയുസ്സ്, ശക്തി, ഈശ്വരാധീനം, സമൃദ്ധി എന്നിവ ലഭിക്കുന്നു.
കൂർച്ചമെന്നാലെന്ത്?
മൂന്നു ദർഭ കൂട്ടികെട്ടുന്നതാണ് കൂർച്ചം. ഇവ ഓരോന്നും സൂര്യമണ്ഡലം, സേവാമണ്ഡലം, അഗ്നിമണ്ഡലം എന്ന് കൽപിച്ചിരിക്കുന്നു.

sanathanadharmam

No comments:

Post a Comment