Saturday, February 09, 2019

ജന്മാദ്യസ്യയത: സൂത്രത്തിന്റെ വിവരണം തുടരുന്നു...ജന്മ, സ്ഥിതി, ഭംഗം എന്നിവയെ കൊണ്ട് ഷഡ് വികാരങ്ങള്‍ ഇവിടെ പറയുന്നു.യാസ്‌കന്റെ സിദ്ധാന്തം ഇവിടെ പൂര്‍ണ്ണമായും പ്രായോഗികമാക്കാനാവില്ല. പദാര്‍ത്ഥങ്ങള്‍ക്ക് വരുന്ന ഭാവ വികാരങ്ങള്‍ അഥവാ മാറ്റങ്ങള്‍ നാം പരിഗണിച്ചാല്‍ എത്തിച്ചേരുന്നത് പഞ്ചഭൂതങ്ങളിലാകും.അത് സംശയത്തിനും
തെറ്റിദ്ധാരണയ്ക്കും ഇടവരുത്തും. ഇത് ഒഴിവാക്കാനാണ് ബ്രഹ്മത്തില്‍ ഈ പ്രപഞ്ചത്തിനുണ്ടാകുന്ന ഉല്‍പ്പത്തിയും സ്ഥിതിയും നാശവും എന്ന് സൂത്രത്തില്‍ പറഞ്ഞത്. നേരത്തേ വിസ്തരിച്ച പ്രപഞ്ചത്തിന് അതുല്യ വിശേഷണമുള്ള ഒരു ഈശ്വരനില്‍ നിന്നല്ലാതെ മറ്റൊന്നില്‍ നിന്ന് ഉല്‍പത്തി മുതലായവ സംഭവിക്കുമെന്ന് കരുതാനാവില്ല. മറ്റ് ആചാര്യന്‍മാര്‍ പറയുന്നതുപോലെ സാംഖ്യക്കാരുടെ ജഡ പ്രധാനമോ നൈയായികരുടെ അണുക്കളോ മാധ്യമ ബൗദ്ധരുടെ ശൂന്യതയോ പൗരാണികരുടെ സംസാരവാദമോ ആയ ഏതെങ്കിലുമൊന്ന് പ്രപഞ്ച കാരണമാകില്ല.
 സ്വഭാവത്തില്‍ നിന്നോ യദൃച്ഛയാലോ ആകാനും തരമില്ല. കാരണം അസാധാരണമായ ദേശ കാല നിമിത്തങ്ങളാണ് ഉപാദാനകാരണങ്ങളാകുന്നത്. ജഗത്തിന്റെ കാരണമായ ഈശ്വരന്‍ 'അഭിന്ന നിമിത്ത ഉപാദാനകാരണ'മെന്ന് ജന്മാദി വാക്യം കൊണ്ട് സമര്‍ത്ഥിക്കുന്നു.
ഈശ്വരനെ സ്ഥാപിക്കാനുള്ള വൈശേഷികരുടെ അനുമാനവും പ്രമാണമായി പറ്റില്ലെന്ന് ആചാര്യസ്വാമികള്‍ ഭാഷ്യത്തില്‍ പറയുന്നു. അനുമാനം തുടങ്ങിയ പ്രമാണങ്ങളിലൂടെ എത്തിച്ചേരാവുന്നതല്ല ജഗത് കാരണമായ ബ്രഹ്മം.വേദാന്ത വാക്യങ്ങളെ വിചാരം ചെയ്ത് ഉറപ്പിച്ച് നേടുന്നതാണ് ബ്രഹ്മസാക്ഷാത്കാരം. വേദാന്തവാക്യങ്ങളാകുന്ന ജ്ഞാനപ്പൂക്കളെ കൊരുത്ത് കെട്ടുകയാണ് സൂത്രത്തിലൂടെ. സൂത്രങ്ങളുടെ അര്‍ത്ഥം വ്യാഖ്യാനിക്കണമെങ്കില്‍ വേദാന്ത വാക്യങ്ങള്‍ തന്നെ വേണം. ജഗത്തിന്റെ ജന്മം ബ്രഹ്മത്തില്‍ നിന്നെന്ന് വേദാന്ത വാക്യങ്ങളിലൂടെ അറിയാം. ഇതിന് വിരുദ്ധമല്ലാത്തതും അനുകൂലവുമായ അനുമാനങ്ങള്‍ പ്രമാണമായി എടുക്കുന്നതിന് വിരോധമില്ലെന്ന് ഭാഷ്യത്തില്‍ പറയുന്നു.
 ഉപനിഷത്ത് തര്‍ക്കമാര്‍ഗ്ഗത്തെ സ്വീകരിച്ചിട്ടുണ്ട്. ശ്രുതി പറയുന്നു - 'ശ്രോതവ്യ: മന്തവ്യ: ' എന്ന് - കേള്‍ക്കുകയും വിമര്‍ശനബുദ്ധിയോടെ വിചാരം ചെയ്യുകയും വേണം.
കൊള്ളക്കാരുടെ പിടിയില്‍പ്പെട്ട ഒരാള്‍ വിമര്‍ശനബുദ്ധിയോടെ തന്റെ അവസ്ഥയെ പരിശോധിക്കുന്നു. ബുദ്ധിമാനായ അയാള്‍ തിരികെ ഗാന്ധാരദേശത്തില്‍ തന്നെ എത്തുന്നു.എന്ന് ശ്രുതിയുടെ പ്രസ്താവനയുണ്ട്. അതുപോലെ ലക്ഷ്യം നേടാനായി ആചാര്യനെ ആശ്രയിച്ചയാള്‍ അപ്രകാരം ബ്രഹ്മത്തെ അറിയുന്നു. ഈ പുരുഷ ബുദ്ധിയുടെ സഹായത്തെ ശ്രുതി തന്നെ അംഗീകരിച്ചതാണ്.
ധര്‍മ്മജ്ഞാനം നേടാന്‍ ശ്രുതിപ്രമാണം മാത്രം മതി എന്നാല്‍ ബ്രഹ്മജ്ഞാനത്തിന് ശ്രുതിയും യുക്തിയും അനുഭൂതിയും പ്രമാണങ്ങളാണ്. ബ്രഹ്മജ്ഞാനം എത്തിച്ചേരുന്നത് അനുഭൂതിയിലാണ്. കര്‍മ്മാനുഷ്ഠാനത്തിന് ഇത് വേണ്ട. പുരുഷ പ്രയത്‌നമാണ് പ്രധാനം. വേദ വിഹിത കര്‍മ്മങ്ങള്‍ ചെയ്യാനോ ചെയ്യാതിരിക്കാനോ മറ്റാരു വിധത്തില്‍ ചെയ്യാനോ കഴിയും. ഉദാഹരണം യാത്ര എങ്ങനെ വേണമെങ്കിലും ആകാം. നടന്നോ കുതിരപ്പുറത്തോ വണ്ടിയിലോ ഏതു തരവും സ്വീകരിക്കാവുന്നതാണ്. വൈദികത്തിലും ഇപ്രകാരം ഷോഡശിപാത്രം ഉപയോഗിച്ചോ അല്ലാതെയോ സൂര്യന്‍ ഉദിച്ചിട്ട് ഹോമം, അല്ലാതെയോ  ധര്‍മ്മാനുഷ്ഠാനത്തില്‍ എങ്ങനെ വേണമെങ്കിലും ആകാം.
 എന്നാല്‍ നിത്യ വസ്തുവില്‍ ഈ പലതര കല്പന ശരിയല്ല, സാധിക്കുകയുമില്ല. തൂണിനെക്കുറിച്ചുള്ള അറിവാണ് തൂണ് എന്ന വസ്തുവിനെക്കുറിച്ചുള്ള യഥാര്‍ത്ഥ ജ്ഞാനം. അല്ലാതെ മറ്റു വല്ലതുമാണോ എന്ന് സംശയിക്കുന്നതല്ല. ബ്രഹ്മജ്ഞാനവും വസ്തു സ്വരൂപത്തിനനുസരിച്ചാണ് .മനുഷ്യന്റെ ബുദ്ധി കൊണ്ട് എന്തെങ്കിലും കല്പന ചെയ്യാനാകില്ല. എന്നും ഉള്ളതായ, നിത്യമായ ഭൂത വസ്തുവാണ്  അത് എന്നത് തന്നെ കാരണം.
swami abhayananda

No comments:

Post a Comment