Thursday, February 28, 2019

ആദിയില്‍ വചനമുണ്ടായി’ എന്ന് ബൈബിളിലും ‘വായിക്കുക’എന്ന് ഖുറാനിലും ശബ്ദത്തെ സൂചിപ്പിക്കുന്നുണ്ട് എന്ന് ഒരു പണ്ഡിതന്‍ അഭിപ്രായപ്പെട്ടു. ചില പ്രാസംഗികരും ഇപ്രകാരം പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ ഈ അഭിപ്രായം ഭാരതീയ ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ ശരിയല്ല. നാദം എന്ന ധ്വനിയും ശബ്ദവും വാക്കും വ്യത്യസ്തങ്ങളാണ്. ധ്വനിയായ നാദം അനാദിയായ ബ്രഹ്മത്തില്‍നിന്ന് സൃഷ്ടിയുടെ തുടക്കത്തില്‍ ഉണ്ടായ ശബ്ദത്തിന്റെ ആദിമഘടകമാണ്. ആ ധ്വനി നാശരഹിതമായ ബ്രഹ്മത്തില്‍നിന്നുണ്ടായതുകൊണ്ട് അതും നാശരഹിതമായിത്തീര്‍ന്നു. അതുകൊണ്ട് നാദം ബ്രഹ്മത്തെപ്പോലെ അക്ഷരമായി. നാദം ധ്വനിയായിരുന്നു; വചസ്സല്ലായിരുന്നു. ധ്വനിയില്‍നിന്നാണ് വചസ്സുണ്ടായത്. വചസ്സെന്നാല്‍ പര, പശ്യന്തി, മദ്ധ്യമ എന്നീ മൂന്നു പ്രാഗ്ഭാവങ്ങളെ അനുക്രമമായി തരണംചെയ്ത് അന്തിമമായ വൈഖരിയിലെത്തുന്നതാണ്. ഇവ നാലും മനുഷ്യനോട് ബന്ധപ്പെട്ടതും, തന്മൂലം മനോബദ്ധവുമാണ്. അനാദിയായ നാദമാകട്ടെ ബ്രഹ്മോദ്ഭൂതവും അഖണ്ഡവും അനന്തവുമാണ്. ഈ നാദപരിണതി ഒന്നു മനസ്സിലാക്കേണ്ടതാണ്. നാം ഏതെങ്കിലും ശബ്ദം പുറപ്പെടുവിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ആദ്യമായി അതിനുള്ള ഇച്ഛയുണ്ടാകുന്നു. ഇച്ഛാഫലമായി മൂലാധാരത്തില്‍ ആ ശബ്ദം ആദ്യമായി സൂക്ഷ്മമായി സ്പന്ദനം ചെയ്യുന്നു. ആ ശബ്ദസ്പന്ദനത്തെ പര അഥവാ പരാവാണി എന്നുപറയുന്നു. പരാവാണി അതിസൂക്ഷ്മമാണ്. ആ ശബ്ദം അവിടെനിന്നും ഇച്ഛയുടെ ബലത്താല്‍ ഉയര്‍ന്ന് മൂലാധാരത്തില്‍നിന്ന് സ്വാധിഷ്ഠാനചക്രം കടന്ന് മണിപൂരകത്തിലെത്തുമ്പോള്‍ പശ്യന്തി എന്ന വാണിയായും, അടുത്തചക്രമായ അനാഹതം കഴിഞ്ഞ് വിശുദ്ധിയിലെത്തുമ്പോള്‍ മദ്ധ്യമാവാണിയായും രൂപാന്തരം പ്രാപിച്ച് പുറമേ കേള്‍ക്കാവുന്ന തരത്തിലുള്ള വൈഖരിയായി കണ്ഠത്തില്‍നിന്ന് പുറത്തേക്ക് വരികയും ചെയ്യുന്നു. നാം പറയുന്ന വാക്കുകളുടെയെല്ലാം തുടക്കം മൂലാധാരത്തില്‍നിന്നും, ഒടുക്കം കണ്ഠത്തില്‍നിന്നുമാണ്. ‘വചനം, വായിക്കുക’എന്നൊക്കെയുള്ളത് പരയും പശ്യന്തിയും മദ്ധ്യമയും കഴിഞ്ഞുള്ള വൈഖരിയാണ്. ധ്വനിയുടെ നാലാമത്തെ പരിണതിയാണത്. ധ്വനിക്ക് പരയും പശ്യന്തിയും മദ്ധ്യമയും വൈഖരിയുമാകാം. ധ്വനി വൈഖരിയിലെത്തുമ്പോള്‍ തുറന്ന ധ്വനിയായിമാറുന്നു. ധ്വനി നിരര്‍ത്ഥകമാണ്; വാക്കും വചനവും സാര്‍ത്ഥകമാണ്. നിരര്‍ത്ഥകമായതും സ്വരസന്നികൃഷ്ടമായതുമായ ധ്വനിയാണ് പരയിലുള്ളത്. “‘ 'ധ്വനിമയമയ്പ്രപഞ്ചമന്നാളണയുമതിങ്കലശേഷ ദൃശ്യജാലം'’എന്ന് ശ്രീനാരായണഗുരുദേവന്‍ അരുളിച്ചെയ്ത പ്രപഞ്ചകാരണസത്യത്തില്‍ സൂചിപ്പിച്ച ധ്വനിയാണ് പര. വ്യാസസിദ്ധാന്തമായ ക്ഷോഭാവസ്ഥയിലും ആധുനികശാസ്ത്രസിദ്ധാന്തമായ ബിഗ് ബാംഗിലും സൂചിപ്പിക്കപ്പെട്ട ആദിമനാദംതന്നെയാണ് ധ്വനി...janmabhumi

No comments:

Post a Comment