Saturday, February 02, 2019

വൃക്ഷരാജാവാണ് അരയാല്‍. ആല്‍ അഥവാ ആലുക എന്ന വാക്കിന് വ്യാപിക്കുക എന്നര്‍ഥം. വൃക്ഷങ്ങളില്‍ ഞാന്‍ അരയാലാണെന്ന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ മഹത്വവത്ക്കരിക്കുമ്പോള്‍, ഈ അചരമരത്തിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാം. സിദ്ധാര്‍ഥ കുമാരന് ബോധോദയമുണ്ടായത് ആല്‍മരച്ചുവട്ടിലായതിനാല്‍ ബോധി വൃക്ഷമെന്നും അരയാല്‍ അറിയപ്പെടുന്നു.
വൃക്ഷങ്ങളില്‍ അരയാല്‍ അനശ്വരവും ശ്രേഷ്ഠവുമാണെന്ന് കരുതിപ്പോരുന്നു. ഭര്‍ത്താവിനാല്‍ പരിത്യക്തയായ അലക്ഷ്മിക്ക് അഭയം നല്‍കിയത് അരയാലാണ്. മൂധേവി, ചേട്ട എന്നാണ് സംസാരഭാഷയില്‍ അലക്ഷ്മിക്കുള്ള പേര്. ലക്ഷ്മീ ദേവിയുടെ ചേട്ടത്തിയാണ് അലക്ഷ്മിയെന്നാണ് സങ്കല്പം. പാലാഴിമഥന വേളയില്‍ ആദ്യം ലഭിച്ചത് ജ്യേഷ്ഠാദേവിയെയാണ്. തുടര്‍ന്ന് ലക്ഷ്മീദേവിയെയും. 
ചേട്ടത്തിയെ കാണാന്‍ ലക്ഷ്മീദേവിയെത്തുന്ന ശനിയാഴ്ചകളില്‍  അരയാലിനെ സ്പര്‍ശിക്കുന്നതും പ്രദക്ഷിണം വയ്ക്കുന്നതും ഐശ്വര്യദായകമാണ്. ഈ ദിവസങ്ങളില്‍ ആലിനെ വലം വയ്ക്കുന്നത് ശനിദോഷം അകറ്റാനും നല്ലതത്രേ.
അരയാലിന്റെ വകഭേദമാണ് ആംഗലത്തില്‍ പീപ്പല്‍ എന്നറിയപ്പെടുന്ന പേരാല്‍ അഥവാ വടവൃക്ഷം. ഇതിന്റെ മുകളില്‍ യക്ഷന്‍, ഗന്ധര്‍വന്‍, പിശാചും ഇലയില്‍ വിഷ്ണുവും വസിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ഇതിന്റെ ചുവട്ടില്‍, യോഗാസനത്തില്‍ തെക്കോട്ട് തിരിഞ്ഞിരുന്ന്, സര്‍വവേദാന്ത തത്വങ്ങളും ഉപദേശിച്ച ദക്ഷിണാമൂര്‍ത്തിയും കുടികൊള്ളുന്നു. വിദ്യയുടെ അധിദേവനും മഹാദേവന്റെ മൂര്‍ത്തിവിശേഷവുമായ ദക്ഷിണാമൂര്‍ത്തി വിദ്യാര്‍ഥികള്‍ക്ക് ആരാധ്യനാണ്.
വീടിന്റെ കിഴക്കുഭാഗത്തായി പേരാല്‍ നടുന്നത് ഐശ്വര്യദായകമാണ്. പേരാലിന്റെ കിഴക്കോട്ടോ വടക്കോട്ടോ, വളര്‍ന്ന ശാഖയിലുള്ളതും വൃഷണത്തിന്റെ ആകൃതിയിലുള്ളതുമായ രണ്ട് കായോടു കൂടിയ ചെറിയ കമ്പാണ് പുംസവനത്തിന് ഉപയോഗിക്കുന്നത്. തൊഴുത്തിന്റെ കിഴക്കുഭാഗത്തുള്ള പേരാലിന്റെ വടക്കോട്ടു തിരിഞ്ഞ ശാഖയിലെ രണ്ട്, മൊട്ട്, രണ്ട് ഉഴുന്ന്, രണ്ട് വെള്ള കടുക് ഇവ തൈരില്‍ അരച്ച് പൂയം നക്ഷത്രത്തില്‍ കഴിച്ചാല്‍ അനപത്യതാദു:ഖത്തിന് ശമനമുണ്ടാകുമെന്ന് ചക്രാദത്തം എന്ന ഗ്രന്ഥത്തില്‍ പറയുന്നു. പേരാലിന്റെ ചുവട്ടില്‍ പിതൃശ്രാദ്ധം നടത്തുന്നത് നല്ലതാണ്. പ്രയാഗയിലെ ഒരു പേരാലിന്റെ ചുവട്ടില്‍ വെച്ചാണ് ശ്രീരാമന്‍ ദശരഥമഹാരാജാവിന്റെ  ശ്രാദ്ധകര്‍മങ്ങള്‍ നടത്തിയതെന്ന് വാല്‍മീകി രാമായണത്തില്‍ പറയുന്നു. 
സ്വയം ഓസോണ്‍ ഉത്പാദിപ്പിക്കാന്‍ കഴിവുള്ള ഒരേയൊരു വൃക്ഷമാണ് അരയാല്‍. ആലിന്റെ പഴുത്ത കായ്കള്‍ക്കകത്ത് ചില കൃമികീടങ്ങള്‍  കാണാം. നഗ്‌നപാദരായി ആലിനെ പ്രദക്ഷിണം വയ്ക്കുന്നവരുടെ കാല്‍ക്കീഴിലെ ത്വക്കിലെ ചെറിയ വിള്ളലുകളിലൂടെ അവ രക്തധമനികളില്‍ പ്രവേശിച്ച് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. 
ഇടി മിന്നല്‍ ഏല്‍ക്കാതിരിക്കാനായി ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും പരിസരങ്ങളില്‍ ആല്‍മരം നട്ടുവളര്‍ത്താറുണ്ട്. ഇടിമിന്നലിന്റെ ആഘാതം അരയാല്‍ തായ്ത്തടിയിലൂടെ ഭൂമിയിലേക്ക്  കടത്തിവിടും. വാസ്തുശാസ്ത്ര പ്രകാരം വീടിന്റെ പടിഞ്ഞാറു ഭാഗത്ത് അരയാല്‍ നടുന്നത് നല്ലതാണ്. 
വനവാസത്തിന് പോകുന്നതിന് മുമ്പായി രാമലക്ഷ്മണന്മാര്‍ അരയാലിന്റെ കായ്കളാണ് മുടി ജടയാക്കാന്‍ ഉപയോഗിച്ചത്. ആയുര്‍വേദത്തിലും  ഭാരതീയ സംസ്‌ക്കാരവുമായി ഈ മഹാദ്രുമങ്ങള്‍ക്ക് അഭേദ്യമായ ബന്ധമുണ്ട്. ഇവയില്‍ പലതിനേയും ഒന്നിച്ചും പഞ്ചവല്‍ക്കങ്ങളായും (അരയാല്‍, പേരാല്‍, അത്തി, ഇത്തി, കല്ലാല്‍ ഇവയുടെ തൊലി) നാല്‍പ്പാമരമായിട്ടും (നാല്‍പ്പാ ല്‍മരങ്ങള്‍ അഥവാ ക്ഷീര വൃക്ഷങ്ങളായ അത്തി, ഇത്തി, പേരാല്‍)   മറ്റും ഉപയോഗിക്കുന്നതിനെക്കുറിച്ച് ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നു. 
ആലിന് പ്രദക്ഷിണം വയ്ക്കുന്നത് പ്രഭാതത്തിലാകുന്നതാണ് ഉത്തമം. മദ്ധ്യാഹ്നത്തിനു ശേഷം പാടില്ല. ആലിന്‍ചുവടുകള്‍ സ്വതവേ ആളനക്കമില്ലാത്ത സ്ഥലങ്ങളിലായിരിക്കും സ്ഥിതിചെയ്യുന്നത്. ഏകാന്തത മുറ്റി നില്‍ക്കുന്ന അവിടത്തെ അന്തരീക്ഷം പ്രാണവായുവാല്‍ സമ്പന്നമായിരിക്കും. ഏഴു പ്രദക്ഷിണമാണ് ആലിന് ചുറ്റും എടുക്കേണ്ടത്. പ്രദക്ഷിണ മന്ത്രവുമുണ്ട്.
മൂല്യതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണുരൂപിനേ
അഗ്രതശ്ശിവരൂപായ
വൃക്ഷരാജായ തേ നമഃ  ഈ മന്ത്രം ഉരുവിട്ടു വേണം പ്രദക്ഷിണം.
ചലദലം, (എപ്പോഴും ഇളകിക്കൊണ്ടിരിക്കുന്ന ഇലകളോടു കൂടിയതിനാല്‍) പിപ്പലം, (വെള്ളമുള്ളതിനാല്‍) അശ്വത്ഥം, (കുതിരകള്‍ ഇതിന്റെ ചുവട്ടില്‍ വിശ്രമിക്കുന്നതിനാല്‍) കുഞ്ജരാശനം, (കുഞ്ജരംആന, ആലില ആനയ്ക്ക് വളരെ ഇഷ്ടമായതിനാല്‍) എന്നീ പര്യായങ്ങള്‍ അരയാലിനുണ്ട്. ആനയെ പോലെ ആടിനും ആലിന്റെ ഇല ഇഷ്ടമാണ്.
മറ്റൊരു പുണ്യവൃക്ഷമായ അത്തി അരയാലിന്റെ പത്‌നിയാണെന്ന് പറയപ്പെടുന്നു. അതിനാലായിരിക്കണം അരയാലും അത്തിയും ഒറ്റ തറയില്‍ തന്നെ നട്ടു കണ്ടിട്ടുണ്ട്. ഇതിന്റെ തൊലി, കായ്, വേര്, ഇത്യാദികള്‍ ഔഷധഗുണമുള്ളതാണ്. വീടിന്റെ ദക്ഷിണഭാഗത്ത് അത്തി നടുന്നത് ശുഭലക്ഷണമാണ്.
27 ജന്മനക്ഷത്രങ്ങളില്‍ ഓരോ നക്ഷത്രത്തിനും വ്യത്യസ്ത വൃക്ഷങ്ങള്‍ ജ്യോതിഷത്തില്‍ പറയുന്നുണ്ട്. പൂയം നക്ഷത്രത്തിന് അരയാലും മകത്തിന് പേരാലും കാര്‍ത്തികയ്ക്ക് അത്തിയുമാണ് വിധിച്ചിരിക്കുന്നത്. ഐശ്വര്യവര്‍ധനയ്ക്കും സല്‍സന്താനലബ്ധിക്കും യഥാവിധി അതതു നക്ഷത്രവൃക്ഷങ്ങളെ നട്ടുവളര്‍ത്തുന്നതും പരിപാലിക്കുന്നതും ഉത്തമമാണ്.
അത്തി, പ്ലാവ് എന്നിവ മുന്‍പ് അപുഷ്പികളായാണ് (പൂ ഇല്ലാത്തവ) കരുതിയിരുന്നത്. അതിന് ഉപോദ്ബലകമായിട്ടാണ് അത്തിപൂവും ആന്തകുഞ്ഞും കണ്ടവരില്ല. അത്തി പൂത്തതുപോലെ അപൂര്‍
വദര്‍ശനമായിരിക്കുന്നു എന്നീ ചൊല്ലുകള്‍ ഉരുത്തിരിഞ്ഞു വന്നത്. ശാസ്ത്രം പുരോഗമിച്ചതോടുകൂടി അത്തിക്കും മറ്റും ദൃഷ്ടിഗോചരമല്ലാത്ത പൂക്കള്‍ ഉണ്ടെന്ന് കണ്ടെത്തി. തദനുസാരം ഈ ചൊല്ലുകള്‍ ഇപ്പോള്‍ ലുപ്ത പ്രചാരത്തിലുമാണ്.
ചില രോഗങ്ങളുടെ ശമനത്തിന് പേരാലിന്റെയും അത്തിയുടെയും ചില ഭാഗങ്ങള്‍ ഉപയോഗിക്കാമെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. പല്ലുവേദനയ്ക്ക് പേരാലിന്റെ കറയെടുത്ത് പല്ലില്‍ പുരട്ടിയാല്‍ വേദനയ്ക്ക് ശമനമുണ്ടാകമത്രേ!
ഹോര്‍ത്തൂസ് മലബാറിക്യൂസിലും ഇതേക്കുറിച്ച് പരാമര്‍ശമുണ്ട്. (1/1010) പേരാലു: ശാഖയില്‍ തൂങ്ങിക്കിടക്കുന്ന വേരുകളില്‍ (അസ്ഥാന വേരുകള്‍) നിന്നുവരുന്ന ദ്രാവകം വെള്ളം ചേര്‍ത്തോ അല്ലെങ്കില്‍ കഷായരൂപത്തിലോ നല്‍കിയാല്‍ കരള്‍ ശുദ്ധീകരിക്കുകയും ചെയ്യുന്നു.
അത്തിയാല്‍: വേര് കഷായം വച്ചു കഴിച്ചാല്‍ കരള്‍ ശുദ്ധിയാകും. അത്തിയാലുവിന്റെ വേരില്‍ മുറിവുണ്ടാക്കി ഇറ്റുവീഴുന്ന ചാറ്, താഴെ പാത്രത്തില്‍ ശേഖരിച്ചത് കരള്‍ രോഗത്തിന് നല്ലത്.
അത്തിയാല്‍ തൊലി കഷായം കൊടുത്താല്‍ കരളിന്റെ എരിച്ചില്‍ കുറയും (1/89)
ഇനി നമുക്കൊരു പേരാല്‍ മുത്തശ്ശനെ പരിചയപ്പെടാം. ബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയിലെ ആചാര്യ ജഗദീശ് ചന്ദ്രബോസ് ഇന്ത്യന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ അഥവാ കല്‍ക്കട്ടാ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലുള്ള The Great Banyan Tree എന്ന വൃക്ഷഭീമന്‍ 14,500 ചതുരശ്ര മീറ്റര്‍ (4 ഏക്കര്‍) സ്ഥലത്തായി പരന്നുവളരുന്നു. ഇപ്പോഴത്തെ മേലാപ്പിന്റെ ചുറ്റളവ് ഒരു കിലോമീറ്ററിലേറെ വരും. ശാഖോപശാഖകളായി വളരുന്ന ഈ മഹാവൃക്ഷത്തിന്റെ ഏറ്റവും വലിയ ശിഖരത്തിന് 25 മീറ്ററിലധികം ഉയരവും ഉണ്ട്.
രണ്ടര നൂറ്റാണ്ടിലേറെ പ്രായമുള്ള ഈ വൃക്ഷരാജാവിന്റെ തായ്ത്തടി നശിച്ചുപോയതിനാല്‍ 330 ലേറെ താങ്ങുവേരുകളാണ് ശാഖകളെ താങ്ങിനിര്‍ത്തുന്നത്. ഒരു കൊച്ചുവനത്തിനെ അനുസ്മരിപ്പിക്കുന്ന ഈ വൃക്ഷഭീമനെ ചുറ്റി 330 മീറ്റര്‍ നീളത്തില്‍ ഒരു റോഡും നിര്‍മിച്ചിട്ടുമുണ്ട്.

No comments:

Post a Comment