Wednesday, February 06, 2019

ഒരു കുട്ടിയും മുത്തശ്ശനും തമ്മിലുള്ള സംഭാഷണം ആണ്.....

"കൊല്ലാന്‍ പറയുന്ന ദൈവം ദൈവമാണോ?.."

"ഏതു ദൈവാടോ കൊല്ലാന്‍ പറഞ്ഞത്..?"

"നമ്മുടെ കൃഷ്ണന്‍, ഈ കൃഷ്ണനല്ലേ മുത്തച്ഛാ അര്‍ജ്ജുനനെ കൊണ്ട് എല്ലാവരെയും കൊല്ലിച്ചത്, ഭാരതയുദ്ധത്തിൽ..?"

"അത് ശരി, അതാണ്‌ കാര്യം.."

"അതന്നെ, ദൈവംന്നൊക്കെ പറഞ്ഞാല്‍ കൊറച്ചൂടെ മാന്യത വേണ്ടേ ? ഇങ്ങനെ കണ്ണിൽ ചോരയില്ലാതെ കൊല്ലാൻ പറയാന്‍ പാടുണ്ടോ ?"

"അത് ന്യായം..."

"ആ അര്‍ജ്ജുനന്‍ പറഞ്ഞതല്ലേ എല്ലാവരും എന്റെ ബന്ധുക്കളാ.   എനിക്ക് ആരെയും കൊല്ലാന്‍ പറ്റില്ലാന്ന്. എന്നിട്ടും അവനെ  പറഞ്ഞു പറഞ്ഞു ഉത്തേജിപ്പിച്ച് എല്ലാവരെയും കൊല്ലിച്ചു. ശരിയാണോ ആ ചെയ്തത് ?"

"അത് ശരിയാണല്ലോ, ആട്ടെ ആരെയൊക്കെയാ കൊല്ലാന്‍ പറഞ്ഞത്..?"

"ആരെയാ കൊല്ലാഞ്ഞത്..? സ്വന്തം അപ്പൂപ്പന്‍ മുതല്‍ ഏട്ടന്മാരെ വരെ കൊന്നില്ലേ ?  എന്നാലും ആ ഭീഷ്മരെ എങ്കിലും കൊല്ലാതെ വിടായിരുന്നില്ലേ ? ഒന്നുല്ലേലും ആ അര്‍ജ്ജുനന്റെ അച്ഛന്റെ അച്ഛന്റെ അച്ഛന്റെ സ്ഥാനത്ത് ഉള്ളതല്ലേ..?"

"ഭീഷ്മര്‍ അപ്പൂപ്പന്‍ മാത്രല്ല, വേറൊന്നു കൂടിയാ.."

"അതെന്താ മുത്തച്ഛാ, അത് ?"

"പറഞ്ഞെരാട്ടോ, നമ്മള് ടീവീല്‍ കണ്ട മഹാഭാരതത്തിന് അപ്പുറം ചിലത് കൂടിയുണ്ട്. ലേശം ക്ഷമയോടെ കേള്‍ക്കണംട്ടോ.. എന്നാലേ മനസ്സിലാക്കാന്‍ പറ്റൂ."

"ഈ ഭീഷ്മര്‍ ഭയമാണ്, നമ്മുടെ മനസ്സില്‍ ഭയം ജനിപ്പിയ്ക്കുന്നത്.   ഭീഷ്മര്‍ അങ്ങനെയാണ് കാര്യങ്ങളൊക്കെ നേടിയത് ഭയപ്പെടുത്തിയിട്ട്. സ്വന്തം അര്‍ദ്ധസഹോദരന് കല്യാണം കഴിയ്ക്കാന്‍ പെണ്ണിനെ കൊണ്ടു വരുന്നത് പോലും ഭയപ്പെടുത്തിയിട്ടല്ലേ.."

"ഭീഷമര്‍ ഭയമാണെങ്കില്‍ അര്‍ജ്ജുനന്‍ ആരാ..?"

"അര്‍ജ്ജുനന്‍ നമ്മുടെ മനസ്സാണ്.   ഋജുവായ മനസ്സ്.   ആ മനസ്സിനോടാണ് ഭയത്തെ കൊന്നുകളയാന്‍ - ജയിക്കാന്‍ ഭഗവാന്‍ പറഞ്ഞു കൊടുക്കുന്നത്.   ഇവിടെ ഭഗവാന്‍ ആരെന്നറിയുമോ?   സുദര്‍ശനം കയ്യിലേന്തിയ ബുദ്ധിയാണ് ഭഗവാന്‍.."

"സുദര്‍ശനം എന്നുപറഞ്ഞാല്‍ ആ കറങ്ങുമ്പോൾ തീ വരുന്ന സാധനം ല്ലേ.."

"അല്ലല്ലോ.. സുദർശനം എന്നുപറഞ്ഞാൽ ശരിയായ ദർശനം.   ശരിയായ ദർശനമുള്ള ബുദ്ധിയാണ് ഭഗവാൻ, ആ ബുദ്ധിയാണ് മനസ്സിന്റെ തേരാളി. "

"തേരാളിയെന്ന് പറഞ്ഞാൽ രഥത്തിന്റെ ഡ്രൈവർ എന്നല്ലേ?"

"അതെ, ഇവിടെ രഥം നമ്മുടെ ശരീരമാണ്.   അഞ്ച് കുതിരകൾ പഞ്ചേന്ദ്രിയങ്ങളും. കടിഞ്ഞാൺ ബുദ്ധിയുടെ കയ്യിൽ അല്ലെങ്കിൽ പഞ്ചേന്ദ്രിയങ്ങളും നമ്മളെ തോന്നുന്നിടത്തേയ്ക്ക് കൊണ്ടുപോകില്ലേ..?"

"അതൊക്കെ ശരി, എന്നാലും ആ ഭീഷ്മരോട് ചെയ്തത് ഇത്തിരി കടുപ്പായി പോയില്ലേ? നേരിട്ട് ജയിയ്ക്കണ്ടേ..?  ഇതൊരുമാതിരി ആണും പെണ്ണുംകെട്ട ശിഖണ്ഡിയെ മുന്നിൽ നിർത്തി.. ഛെ, മോശമായിപ്പോയി.."

"ആരാ പറഞ്ഞേ, ശിഖണ്ഡിയെന്നാൽ ആണും പെണ്ണും കെട്ടതാന്ന്..   ശിഖ എന്നാൽ കുടുമ, ഖണ്ഡിയ്ക്കുക എന്നാൽ മുറിയ്ക്കുക.   എപ്പഴാ ഈ കുടുമ മുറിയ്ക്കുക?"

"എപ്പോഴാ..? മുറിയ്ക്കണംന്ന് തോന്നുമ്പോൾ അങ്ങു മുറിയ്ക്കല്ലാതെ... "

"സന്യസിയ്ക്കാൻ പോവുമ്പോഴാണ് കുടുമ മുറിയ്ക്കുക.   എല്ലാം ഉപേക്ഷിച്ചു സന്യസിയ്ക്കാൻ പോകുന്നയാൾക്ക് ഭയം ഉണ്ടാകുമോ..?"

"ഇല്ല."

"അതാണ് ഇവിടെയും ചെയ്യുന്നത്.   ഭയത്തെ ജയിയ്ക്കാൻ മനസ്സ് സന്യാസഭാവത്തെ മുന്നിൽ നിർത്തുന്നു.  മനസ്സിലായോ കുട്ടാ..?"

"അപ്പോൾ അതാണോ കാര്യം, എന്നാ പിന്നെ ദ്രോണരെ കൊന്നതെന്തിനാ? അങ്ങേരല്ലേ ഇവരെയൊക്കെ അമ്പും വില്ലും ഒക്കെ പിടിയ്ക്കാനും, പക്ഷിയെ എയ്തു വീഴ്ത്താനും ഒക്കെ പഠിപ്പിച്ചേ..??"

"ആരാ ഈ ദ്രോണർ എന്നറിയില്ലേ? നമ്മുടെ അറിവും പഠിച്ച വിദ്യകളും.  പക്ഷെ, തെറ്റായി ഉപയോഗിയ്ക്കപ്പെടുന്നത്."

"ദ്രോണർ ഇവരുടെയൊക്കെ ഗുരുവായിരുന്നില്ലേ? "

"അതെ, പക്ഷെ, ചുമ്മാതെ അവരെ പഠിപ്പിച്ചതല്ല.   അങ്ങേരുടെ സ്വാർത്ഥതയ്ക്ക് വേണ്ടിയാണ് അതുചെയ്തത്.  സ്വന്തം സഹപാഠിയായ ദ്രുപദനോടുള്ള വാശിയും വൈരാഗ്യവും തീർക്കാൻ വേണ്ടിയാണ് ദ്രോണർ പാണ്ഡവരേയും കൗരവരേയും അസ്ത്രശസ്ത്രങ്ങൾ പഠിപ്പിയ്ക്കുന്നത്.  പിന്നെ, അങ്ങേര് ആളത്ര വെടിപ്പായിരുന്നില്ലല്ലോ.   ഏകലവ്യന്റെ വിരൽ മുറിച്ചുവാങ്ങിയതും, കർണ്ണന് അഡ്മിഷൻ നിഷേധിച്ചതും ഒക്കെ ഓർമ്മയില്ലേ..? തെറ്റായ രീതിയിൽ ഉപയോഗിയ്ക്കപ്പെടുന്ന അറിവുകൾ ഇല്ലായ്മ ചെയ്യപ്പെടണം. എന്നാലേ മോക്ഷം ലഭിയ്ക്കൂ."

എന്നാലും... ആയുധം താഴെ വച്ചൊരാളെ കൊല്ലാൻ പാടുണ്ടോ?"
"യുദ്ധനീതിയ്ക്കെതിരാണത്. "

"ദ്രോണർ നീതി കൊടുക്കാത്ത ഒരാൾ ഉണ്ടായിരുന്നു, ഓർമ്മിയില്ലേ അഭിമന്യുവിനെ..?   നമ്മുടെയൊക്കെ അഭിമാനബോധമാണ് അഭിമന്യു.   മുഴുവനായും അറിയില്ലെങ്കിൽ പോലും പ്രശ്നങ്ങളിലേയ്ക്ക്  എടുത്തുചാടും.   ആരുടേയും മുന്നിൽ മിഥ്യാഭിമാനം അടിയറ വെയ്ക്കാൻ കഴിയാത്തവർക്ക് പ്രശ്നങ്ങളുടെ ചക്രവ്യൂഹത്തിൽ തന്നെ ഒടുങ്ങേണ്ടി വരും.   ഒരു യോദ്ധാവിനെ ഒന്നിൽ കൂടുതൽ പേർ ചേർന്ന് ആക്രമിയ്ക്കരുതെന്ന നിയമം ലംഘിയ്ക്കാൻ ആജ്ഞ നൽകുകയായിരുന്നു ദ്രോണർ.   സർവ്വസൈന്യാധിപൻ എന്ന നിലയിൽ അധർമ്മം കാട്ടിയ ദ്രോണർക്കും ധർമ്മം നിഷേധിയ്ക്കപ്പെടുന്നു."

"അപ്പോൾ പിന്നെ കർണ്ണനെ കൊന്നതോ? ആളൊരു ഡീസന്റ് ജന്റിൽമാൻ ആയിരുന്നില്ലേ?"

"ഒരുപാട് കഴിവുകൾ ഉണ്ടായിട്ടും അംഗീകരിയ്ക്കപ്പെടുന്നില്ല എന്ന നമ്മുടെയൊക്കെ തോന്നലാണ് കർണ്ണൻ.   ആരെങ്കിലും അത് അംഗീകരിയ്ക്കാൻ തയ്യാറായാൽ അവർക്കു വേണ്ടി എന്ത് അനീതിയ്ക്കും കൂട്ടുനിൽക്കുകയും ചെയ്യും.   അതാണ് കർണ്ണന് സംഭവിച്ചത്."

"കർണ്ണനെ ഒരർത്ഥത്തിൽ പറഞ്ഞാൽ ചതിച്ചതല്ലേ?"

"ചതിച്ചില്ലല്ലോ.   യുദ്ധനീതി നിഷേധിച്ചു.   കാരണമുണ്ട്.   പാഞ്ചാലിയോട് അനീതി കാണിച്ചപ്പോൾ വസ്ത്രാക്ഷേപം ചെയ്തപ്പോൾ അത് തടയാൻ കഴിവുള്ളയാളായിട്ടും മൗനം പാലിച്ചതുകൊണ്ട്.   അനീതി തടയാത്തവർക്ക് നീതി വേണമെന്നു പറയാൻ എന്തവകാശം..?"

"ആ ശല്യരെ കൊന്നതെന്തിനായിരുന്നു.  ഒന്നൂല്ലേൽ അമ്മാവന്റെ സ്ഥാനത്തുള്ള ആളല്ലേ..?"

"ദുര്യോധനന്റെ കെണിയിൽപ്പെട്ട് കൗരവപക്ഷത്ത് ആയിപ്പോയെങ്കിലും ശല്യർ ഒരു ശല്യം തന്നെയായിരുന്നല്ലോ കർണ്ണന്.   തേരാളിയെന്ന നിലയിൽ മുന്നോട്ട് നയിയ്ക്കേണ്ട ആൾ തന്നെ ശത്രുവിനെ പുകഴ്ത്തിയും തന്നെ ഇകഴ്ത്തിയും പറഞ്ഞാൽ പിന്നെ അതൊരു ശല്യമല്ലേ...? നിരുത്സാഹപ്പെടുത്തുന്ന ശല്യങ്ങളെ ഇല്ലായ്മ ചെയ്യുക തന്നെ വേണം.   ദുര്യോധനനേയും ദുശ്ശാസനനേയും എങ്ങനേയും കൊല്ലേണ്ടവർ തന്നെയാണല്ലോ.   അവരല്ലേ ദ്രൗപദിയെ പീഢിപ്പിയ്ക്കാൻ ശ്രമിച്ചത്.   ധനം ദുർവ്യയം ചെയ്യുന്ന സ്വഭാവമാണ് ദുര്യോധനനെങ്കിൽ തെറ്റായ ശാസനകളാണ് ദുശ്ശാസനൻ.   എല്ലാം ഇല്ലായ്മ ചെയ്യപ്പെടേണ്ടതു തന്നെ.   ഒരു തരത്തിൽ പറഞ്ഞാൽ ദ്രൗപദി ആ അപമാനം അർഹിച്ചിരുന്നു.   ഇന്ദ്രപ്രസ്ഥത്തിലെ മായക്കാഴ്ചകളിൽ പെട്ട് കുളത്തിൽ വീണ സ്വന്തം ഭർതൃജേഷ്ഠനെ 'അന്ധനായ പിതാവിന്റെ അന്ധനായ പുത്രൻ' എന്ന് വിളിച്ചാക്ഷേപിച്ചത് ദ്രൗപദിയല്ലേ..?"
"കർമ്മഫലമാണ് ഓരോ കഥാപാത്രങ്ങളും മഹാഭാരതത്തിൽ നേരിടേണ്ടി വരുന്നത്.   അച്ഛനു ശേഷം രാജ്യഭാരം ഏറ്റെടുക്കേണ്ടിയിരുന്ന ഭീഷ്മർ സ്വന്തം കർമ്മത്തിൽ നിന്നും വ്യതിചലിച്ചു.   സ്വന്തം പുത്രന്മാരുടെ ദുഷ്ചെയ്തികൾ കാണാൻ കഴിയാത്ത അന്ധനായ ധൃതരാഷട്രർ അധികാരത്തിൽ അള്ളിപ്പിടിച്ചിരിയ്ക്കുക ആയിരുന്നു.   ഭർത്താവിന് കാഴ്ചയായി മക്കളെ നേർവഴിയ്ക്ക് നടത്തേണ്ടിയിരുന്ന ഗാന്ധാരി,  സ്വയം അന്ധത വരിച്ചപ്പോൾ നാമാവശേഷമായത് ആ കുടുംബം തന്നെയാണ്."

"അപ്പോ മുത്തച്ഛാ, എല്ലാവരും മരിച്ചു കഴിഞ്ഞപ്പോൾ കൗരവർക്ക് സ്വർഗ്ഗവും, നല്ലത് മാത്രം ചെയ്ത പാണ്ഡവർക്ക് നരകവുമാണ് ലഭിച്ചതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.   ശരിയാണോ?"

"അധർമ്മത്തിനുള്ള ശിക്ഷ ഒന്നുകിൽ ഇഹത്തിൽ അല്ലെങ്കിൽ പരത്തിൽ.   ഒരു തെറ്റിന് രണ്ടിടത്തും ശിക്ഷ കൊടുക്കാൻ പറ്റില്ലല്ലോ.   കൗരവർക്ക് അവരുടെ അധമ പ്രവൃത്തികൾക്കുള്ള ശിക്ഷ കുരുക്ഷേത്ര ഭൂമിയിൽ വെച്ചു കിട്ടുന്നുണ്ട്.   അതേസമയം ഭർത്താക്കന്മാരിൽ അർജ്ജുനനോട് കൂടുതൽ ഇഷ്ടം കാണിച്ച ദ്രൗപദിയും, വില്ലാളിവീരനെന്ന അഹങ്കാരമുണ്ടായിരുന്ന അർജ്ജുനനും, മഹാബലവാനെന്ന ബോധം കൊണ്ടു നടന്നിരുന്ന ഭീമനും, സൗന്ദര്യത്തിലും അറിവിലും മികച്ചവർ എന്ന ബോധം ഉണ്ടായിരുന്ന നകുലസഹദേവന്മാർക്കും, ധർമ്മപുത്രർ എന്ന പേരുണ്ടായിരുന്നിട്ടും ഗുരുവിനോട് അർദ്ധസത്യം മാത്രം പറഞ്ഞ യുധിഷ്ഠിരനും പരത്തിൽ അർഹിയ്ക്കുന്ന ശിക്ഷ ലഭിയ്ക്കുന്നു."

"ചുരുക്കിപ്പറഞ്ഞാൽ കുരുക്ഷേത്രം നമ്മുടെ മനസ്സാണ്.   ധർമ്മാധർമ്മങ്ങളുടെ ബലപരീക്ഷണം നടക്കുന്നതും അവിടെ തന്നെ.   എന്റെ ധർമ്മത്തിനെന്തു പറ്റി   
'മമ കർമ്മ കിം അകുർവ്വത?' എന്ന ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ് ഭഗവദ് ഗീത."

യദായദാഹിധർമ്മസ്യ, ഗ്ലാനിർഭവതി ഭാരത,
അഭ്യുത്ഥാനമധർമ്മസ്യാ, തദാത്മാനം സൃജാമ്യഹം.

എവിടെയാണോ ധർമ്മത്തിന് ക്ഷയം ഉണ്ടാകുന്നത്, അധർമ്മത്തിന് ഉയർച്ച ഉണ്ടാകുന്നത് അവിടെ ഞാൻ അവതരിയ്ക്കുന്നു.  അധർമ്മം ചെയ്യുമ്പോൾ ചെയ്യുന്നത് തെറ്റാണ് എന്നുള്ള നമ്മുടെയുള്ളിൽ ഉണ്ടാകുന്ന തോന്നൽ തന്നെയാണ് നേർബുദ്ധിയായ ഭഗവാന്റെ അവതാരം.   അധർമ്മത്തെ ഇല്ലായ്മ ചെയ്ത് ധർമ്മപാതയിൽ ചരിയ്ക്കണമോ എന്നുള്ളത് നമ്മുടെ മാത്രം തീരുമാനമാണ്.

ഓർക്കുക, അനീതിയും അധർമ്മവും ചെയ്യുന്നവർക്ക് നീതി നിഷേധിയ്ക്കപ്പെടുക തന്നെ ചെയ്യും...

*ഹരി ഓം*

കടപ്പാട് :  ഗുരു പരമ്പരയോട്

No comments:

Post a Comment