Sunday, February 17, 2019

ജീവിതവിജയത്തിന് ലക്ഷ്യവും ഏകാഗ്രതയും അനിവാര്യമെന്ന് പുരാണങ്ങളെ ആധാരമാക്കി വിശകലനം ചെയ്യുന്ന പരമ്പര ഏത് നേട്ടത്തിനും പ്രധാനം ലക്ഷ്യം കുറിയ്ക്കലാണ്. ലക്ഷ്യം ഏറ്റവും മെച്ചപ്പെട്ടതും കൃത്യവും ആയിരിക്കുകയും വേണം.
യുദ്ധശാസ്ത്രം പഠിപ്പിച്ച ദ്രോണര്‍ കൗരവ-പാണ്ഡവന്മാരില്‍ എല്ലാവരേയും പരീക്ഷിച്ച് ഒടുവില്‍ അര്‍ജുനനോട് മാത്രമാണ് അമ്പയയ്ക്കാന്‍ പറഞ്ഞത്. കാട്ടിലെ മരങ്ങള്‍ക്കിടയില്‍ ഒരു മരം. അതിന്റെ ഒരു കൊമ്പില്‍ ഒരറ്റത്ത് ഒരുവശത്തേക്ക് തിരിഞ്ഞിരിക്കുന്ന ആ പക്ഷി. അതിന്റെ ''കണ്ണുമാത്രം ഞാന്‍ കാണുന്നു'' വെന്നു ഗുരുവിനോട് പറഞ്ഞത് അര്‍ജ്ജുനന്‍ മാത്രമാണ്. അതാണ് കൃത്യമായ ലക്ഷ്യം.
സ്വാമി വിവേകാനന്ദനെക്കുറിച്ചുള്ള ഒരു വിവരണമിങ്ങനെയാണ്. കുട്ടിക്കാലത്ത് നരേന്ദ്രന്, ബിലേ എന്ന ചെല്ലപ്പേരുകാരന്, ആഗ്രഹം കുതിരവണ്ടിക്കാരനാകണമെന്നായിരുന്നു. കൊല്‍ക്കത്തയിലെ നിരത്തുകളില്‍ അന്ന് തലങ്ങും വിലങ്ങും മണിയൊച്ചയുമായി പാഞ്ഞിരുന്ന കുതിരവണ്ടി കുഞ്ഞുമനസ്സിനെ ആകര്‍ഷിച്ചിരിക്കണം. ആഗ്രഹം കലശലായപ്പോള്‍ ബിലേയുടെ ലക്ഷ്യം സാധാരണ കുതിരവണ്ടിക്കാരനില്‍നിന്ന് 'പാര്‍ത്ഥസാരഥി' യിലേക്ക് തിരിച്ചുവിട്ടത് അമ്മ ഭുവനേശ്വരീ ദേവിയാണ്. അര്‍ജ്ജുനനെന്ന വില്ലാളിയെ പി
ന്നിലിരുത്തി, ഒന്നല്ല, അഞ്ച് കുതിരകളെ പൂട്ടിയ വണ്ടിയോടിക്കുന്ന ശ്രീകൃഷ്ണന്റെ ചിത്രം കാട്ടിക്കൊടുത്തു. ആ കുതിരക്കാരനാകാന്‍ അമ്മ ലക്ഷ്യം കാട്ടി. പില്‍ക്കാലത്ത് ലോകഗതിയുടെ സാരഥിയാകാന്‍ വിവേകാന്ദന് സാധിച്ചത് കൃത്യമായ ആ ലക്ഷ്യം കുറിക്കലിലൂടെയായിരിക്കണം.
അതായത് ഏറ്റവും മെച്ചപ്പെട്ട, കൃത്യമായ ലക്ഷ്യം ഏത് മാര്‍ഗത്തിലും ഉണ്ടാകണം. ഏറ്റവും മെച്ചപ്പെട്ടത് എങ്ങനെ തിരിച്ചറിയാം. കണ്ടെത്തണം. അതിന് ആദ്യം അറിയണം. ജ്ഞാനവും വിജ്ഞാനവും നേടണം. അറിവിനെക്കുറിച്ചുള്ള അറിവും അറിഞ്ഞതിനുള്ളിലെ അറിവുമാണ് വിശേഷജ്ഞാനമായ വിജ്ഞാനം. ഏകാഗ്രതയെന്നാല്‍ ഒന്നില്‍മാത്രം കേന്ദ്രീകരിച്ചുള്ള ശ്രദ്ധയാണ്. ഈ വാക്കിന്റെ അര്‍ത്ഥം അറിഞ്ഞാല്‍ മാത്രം പോരാ. അതിനപ്പുറം എവിടെ എങ്ങനെ ഏകാഗ്രത സാധ്യമാക്കി പ്രയോഗിക്കാമെന്ന അറിവ് നേടുമ്പോഴാണ് അതിനെ വിജ്ഞാനതലത്തില്‍ അറിയുന്നത്; ശരിയായി പ്രയോഗിക്കാനാവുന്നത്. അതുവരെ അത് ആശയം മാത്രമാണ്. 
വിശപ്പുമാറാന്‍ ഭക്ഷണം കഴിക്കണം എന്ന അറിവുകൊണ്ടു മാത്രം വിശപ്പടങ്ങില്ലല്ലോ; ഭക്ഷണം തിരിച്ചറിഞ്ഞ് ഭക്ഷിക്കുന്നതുവരെ. ഭക്ഷ്യയോഗ്യമായത് ഏതെല്ലാം എന്ന് അറിയണം. എങ്ങനെ ഭക്ഷിക്കുമെന്നറിയുന്നതുള്‍പ്പെടെയുള്ള സൂക്ഷ്മജ്ഞാനമുണ്ടായി പ്രയോഗത്തിലാക്കുമ്പോഴാണ് വിശപ്പു മാറുന്നത്. ആ ഭക്ഷണങ്ങളില്‍വച്ച് ഏറ്റവും മികച്ചത് തിരിച്ചറിയുമ്പോഴാണ് ആ വിജ്ഞാനം പൂര്‍ത്തിയാകാന്‍ തുടങ്ങുന്നത്. 
ഏകാഗ്രതയെന്ന ആശയത്തിന്റെ വിശേഷജ്ഞാനം മനസ്സിലാക്കി പ്രയോഗിച്ച് ശീലിച്ചതുകൊണ്ടാണ്, സ്വാമിവിവേകാനന്ദന് അത് സാധിച്ചത്. വിദേശരാജ്യത്തു വച്ച്, കളിത്തോക്കുപയോഗിച്ച് ഉന്നംകുറിക്കുന്ന കുറേ യുവാക്കളെ കണ്ടു. അവര്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ടപ്പോള്‍ സ്വാമിക്ക് ചെറു ചിരിവന്നു. യുവാക്കള്‍ കാഷായവേഷക്കാരനെ പരിഹസിക്കാനദ്ദേശിച്ച് ഉന്നം പരീക്ഷിക്കാന്‍ ക്ഷണിച്ചു. ജീവിതത്തില്‍ ആദ്യമായി കളിത്തോക്കെങ്കിലും തൊട്ട സ്വാമി, ആദ്യ വെടിയില്‍ത്തന്നെ ലക്ഷ്യം കുറിച്ചു. ഏകാഗ്രത സൂക്ഷ്മ വിജ്ഞാനമായി അറിഞ്ഞതാണ് കാരണമായി അദ്ദേഹം വിവരിച്ചത്.
ലക്ഷ്യത്തെക്കുറിച്ച് അറിയാന്‍ ഭഗവദ്ഗീതയുടെ പത്താം അധ്യായമായ വിഭൂതി യോഗത്തില്‍ അര്‍ജ്ജുനന്റെ സംശയം തീര്‍ക്കുന്ന ശ്രീകൃഷ്ണനെ വിശദീകരണത്തിലൂടെ പോയാല്‍ മതി.
(അടുത്തത്: ഭസ്മം തന്മാത്രയാകുന്നു)
janmabhumi

No comments:

Post a Comment