Wednesday, February 27, 2019

*കാളകൂട വിഷം അഥവാ ഹാലാഹല വിഷം* *എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?* (തത്വം ) 

നാമെല്ലാവരും മുത്തശ്ശി കഥകളിലൂടെയും പുസ്തകങ്ങളിലൂടെയും കേട്ടു പരിചയിച്ച ഒന്നാണ് പാലാഴി മഥനവും അതില്‍ നിന്നും ഉണ്ടായ കാളകൂട വിഷവും..

സമുദ്രമന്ഥനത്തിലെ കാളകൂടവിഷം എപ്പോഴും എല്ലാവർക്കും സംശയമാണ്.  എന്താണ്  കാളകൂട വിഷം.. *കാളകൂട വിഷത്തിന് നാം ഹാലാഹലം എന്നാണ് പറയുക.*  ഈ വാക്കിന്റെ അടിസ്ഥാനത്തിൽ നാം രുദ്രനെ നാം ഹാലാഹലം ഹാലഹലം ഹാഹലഞ്ച ഹലാഹലം ഇതി രുദ്രഃ എന്ന് പറയുന്നു.. 

ഹാലാഹലത്തിന്റെ കഥയുടെ പുറകിലെ കഥ പറയുന്നതിനു മുൻപെ നമുക്ക് ഹാലാഹലശബ്ദത്തിന്റെ അർത്ഥം  നോക്കാം..

*ഹലാ ശബ്ദത്തിന് മദ്യം, പൃഥിവീ, ജലം എന്ന് അനേകാർ ഥകോശം പറയുന്നു.. ഹലശബ്ദത്തിന് ഹലതി ഭൂമിം കൃഷകഃ ഇതി , അതായത് കർ്ഷകൻ ഭൂമിയെ ഉഴുന്ന കലപ്പക്കാണ് ഹലം എന്ന് പറയുക.. ഹലം എന്നതിന് ഹലതി ഭൂമിമിതി   എന്ന് അർത്ഥം. ഹലാഹലം,  എന്നു പറയുമ്പോൾ ആകട്ടെ ഹലമിവ ആ സമന്താത് സർവാംഗേഷു ഹലതി കർഷതി എന്നാണ് അർത്ഥം  പറയുക.. അതായത് എങ്ങിനെയാണോ കർഷകൻ ഭൂമിയെ ഉഴുതു മറിക്കുന്നത് അതുപോലെ കലപ്പ കൊണ്ട് *സ്വന്തം ശരീരത്തിലെ സർവ അംഗങ്ങളേയും ഉഴുതു മറിക്കുന്നതിനെയാണ് ഹലാഹലം എന്ന് പറയുക..*

ഹാലാ എന്ന ശബ്ദത്തിന് ഹല്യതേ കൃഷ്യതേ ചിത്തമനയേതി എന്നാണ് അർത്ഥം  *യാതൊന്നു കൊണ്ടാണോ ചിത്തത്തിനെ ഉഴുതു മറിക്കുന്നത് അതിനെ ആണ് ഹാലാ എന്ന് പറയുന്നത്..*

ഇനി നമുക്ക്  സമുദ്രമന്ഥനത്തിലെ കഥയെ എടുക്കാം..സമുദ്രത്തെ മന്ഥനം ചെയ്തുകൊണ്ടിരിക്കുമ്പോൾ വാസുകിയുടെ വായിൽ നിന്ന് വിഷം പുറത്തു വന്നു... നാം എന്തിനെയാണ്  കലപ്പ കൊണ്ട്  ഉഴുതുമറിക്കുന്നത്, ശരീരത്തിലെ സർവാംഗങ്ങളേയും . മന്ഥനം ചെയ്യുന്നത്   ചിത്ത സ്വരൂപമായ പാലാഴിയാകുന്ന കടലിനേയും..  അതിൽ നിന്ന് ആദ്യം  വന്നത് എന്താണ്.. ഹാലാഹലം അഥവാ കാളകൂട   വിഷം..എന്തായിരിക്കും ആ വിഷം..ഒന്നു ചിന്തിച്ചുനോക്കിയേ,  എന്തായാണ്  നാം പാലാഴി മന്ഥനത്തിൽ വാസുകിയെ സ്വീകരിച്ചത്.. കാമക്രോധങ്ങളായി... അപ്പോ വാസുകിയിൽ നിന്ന് പുറത്തു വന്ന വിഷം എന്താകും.. സംശയം എന്താ, സ്വരൂപം തന്നെ വിഷം ആണെങ്കിൽ ആ  കാമക്രോധലോഭങ്ങളാകുന്ന എല്ലാ വിഷവും ചേർന്ന കാളകൂട വിഷം തന്നെ... *ഒരു സാധന ചെയ്യുന്ന വ്യക്തി സ്വന്തം മനസ്സിനെ കടയുമ്പോൾ ആദ്യം കാമക്രോധമോഹലോഭങ്ങളാകുന്ന കാളകൂടമാകുന്ന വിഷം പുറത്തു വരുമെന്നർത്ഥം*..അതായത് മനസ്സിനെ കടയുന്തോറും വികാരങ്ങൾ പുറത്തുപോകും..അതുതന്നെയാണ് വാസുകിയിലൂടെ പുറത്തു വന്ന ഹാലാഹലവും.. *സാധനയുടെ ആദ്യസമയം നമ്മിലുള്ള കാമക്രോധങ്ങളാകുന്ന കാളകൂടം ആകും ആദ്യം പുറത്തുവരുക എന്ന് ആചാര്യന്മാരുടെ ഭാവം.*

വാസുകിയുടെ വായിലൂടെ കാളകൂടം വന്നപ്പോ എന്താ സംഭവിച്ചത്.. ജഗത് മുഴുവൻ തന്നെ അതിന്റെ  ദോഷം അനുഭവിക്കേണ്ടി വന്നു..അതിൽ നിന്ന് രക്ഷിക്കാനാണ് എല്ലാവരും ജഗത് നിയന്താവായ ശിവനെ അഭയം പ്രാപിച്ചത്.. അതായത് നമ്മിലൂടെ പുറത്തുവരുന്ന ഈ കാളകൂടമാകുന്ന കാമക്രോധങ്ങൾ   ജഗത്തിനെ തന്നെ ബാധിക്കും എന്നർത്ഥം 

ജഗത്തിനെ രക്ഷിക്കുന്നതിന് കാളകൂടത്തെ ശിവൻ കുടിച്ചു  എന്നും  ശിവന്റെ കണ്ഠത്തില്‍ പിടിച്ചു വിഷത്തെ ദേവി തടഞ്ഞു എന്നും നമ്മള്‍ കേട്ടിട്ടുണ്ട്. അതെന്താണ്.. അത് മനസ്സിലാകണമെങ്കിൽ ആദ്യം ഈ വിഷമാകുന്ന കാമവും ക്രോധവും ഒക്കെ നമ്മളിൽ വരുമ്പോൾ അതെവിടെയാണ് സ്വാധീനിക്കുക എന്നാലോചിക്കുക .സംശയമെന്താണ് മനുഷ്യരുടെ ബുദ്ധിയേയും  ഹൃദയത്തേയും..നിനക്കെന്താ ബുദ്ധി നഷ്ടം വന്നിരുന്നോ ഇങ്ങിനെ ചെയ്യാൻ.. അവനൊന്നും ഹൃദയമില്ലായിരുന്നോ ഇത്ര ദുഷ്കർമ്മം  ചെയ്യാൻ എന്നൊക്കെ  നാം പറയാറില്ലെ.. ഇത് പറയേണ്ടി വരുന്നത് മനുഷ്യരിൽ കാളകൂടമാകുന്ന വിഷം സ്വാധീനിക്കുമ്പോഴാണ്.... മധു തിഷ്ഠതി വാചി യോഷിതാം ഹൃദയേ ഹലാഹലം മഹദ്വിഷം.  എങ്ങിനെയാണോ മധു വാക്കുകളിൽ നിൽക്കുന്നത് അതുപോലെ ഹൃദയത്തിലാണ് ഹാലാഹലം എന്ന മഹദ്വിഷം ഉള്ളത് എന്ന് ആചാര്യന്മാരു തന്നെ പറയുന്നു..ഈ കാളകൂടമാകുന്ന വിഷത്തെയാണ്  നാം മന്ഥനത്തിലൂടെ പുറത്ത് കളയുന്നത്..  അപ്പോ വിഷം മറ്റുള്ളവരുടെ ഉള്ളിൽ ചെന്നാലെന്താ ഉണ്ടാകുക..ജഗത്തിന് പ്രശ്നം ആകും.. അത് അകത്തുപോയാലോ സ്വയം ഹൃദയത്തിനും ബുദ്ധിയ്കും പ്രശ്നം...അതുകൊണ്ട്   ശിവൻ അത് കുടിച്ചു.. അതുകണ്ടിട്ട് ദേവി എന്തുചെയ്തു..ശിവന്റെ തൊണ്ടയിൽ കയറി പിടിച്ച് വിഷം ഹൃദയത്തിലേക്ക് വരാതെ നിർത്തി..

*ശിവനെ ബുദ്ധിരൂപത്തില്‍ സ്ഥിതി ചെയ്യുന്ന ചൈതന്യമായും ദേവിയെ ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ചൈതന്യമായും സ്വീകരിച്ചാല്‍ ദേവി ചെയ്തത് കാളകൂടമെന്ന വിഷത്തെ   ബുദ്ധിക്കോ  ഹൃദയത്തിനോ ദോഷംവരാതേയും അതുപോലെ തന്നെ അതു  പുറത്തുവന്ന്  പ്രകൃതിക്കോ ദോഷം വരാത്ത വിധത്തിൽ അതിനെ കണ്ഠത്തിൽ തന്നെ പിടിച്ചുനിർത്തി*
 നാം മനസ്സിനെ മന്ഥനം ചെയ്യുമ്പോൾ ഉണ്ടാകുന്ന വിഷയങ്ങളായ കാളകൂടത്തെ കണ്ഠത്തിൽ തന്നെ  അടക്കി നിർത്തി   ചന്ദ്രനു കളങ്കം എങ്ങിനെയാണോ ശോഭയെ നൽകുന്നത്,  കാളകൂട വിഷം എങ്ങിനെയാണോ നീലകണ്ഠനു  ശോഭയെ നൽകുന്നത്  അതുപോലെ ശോഭയുള്ളതാക്കി തീർക്കണം എന്നർത്ഥം  അതായത് നമ്മിലെ കാമക്രോധങ്ങൾ തനിക്കോ മറ്റുള്ളവർ ക്കോ ദോഷത്തെ കൊടുക്കാതെ  സാധകൻ അതിനെ നിയന്ത്രിക്കണം എന്നർത്ഥം.ഹാലാഹലമായ കാമക്രോധമോഹലോഭങ്ങളെ അടക്കുമ്പോൾ   ബുദ്ധിയും ഹൃദയവും ശുദ്ധമായി തീരുകയും സത്വസ്വരൂപമായി തീർന്നു നാം സ്വയം അമൃതായി മാറി  അമരത്വം നേടുകയും ചെയ്യുന്നു..

നമ്മുടെ ആചാര്യന്മാൻ പുരാണങ്ങളിലൂടേയും ഇതിഹാസങ്ങളിലൂടേയും യഥാർത്ഥത്തിൽ ഓരോ വ്യക്തികൾക്കും  ഉള്ള മാർഗ്ഗനിർ ദേശങ്ങളെയാണ് പറഞ്ഞുതരുന്നത്.. ആകെ വേണ്ടത് അതു മനസ്സിലാക്കാനുള്ള ഭാവം മാത്രമാണ്.. ആ തത്ത്വങ്ങളെ മനസ്സിലാക്കാനുള്ള ശ്രദ്ധയും ക്ഷമയും.. 

ഓം നമശിവായ

*സനാതന ധർമ്മ പഠനത്തിനും പ്രചാരണത്തിനുമായി  പിന്തുടരുക. പുനർജ്ജനി

No comments:

Post a Comment