Friday, February 15, 2019

ഭഗവാന്റെ അവതാരങ്ങളെല്ലാം തികച്ചും ദിവ്യങ്ങളാണ്‌. അവരാരും അന്യരുടെ താല്‍പര്യങ്ങള്‍ക്ക്‌ വിധേയരല്ല. ആരെങ്കിലും പറഞ്ഞുവെന്നുവച്ച്‌ അവരാരും നിര്‍വ്യക്തിഗതരോ നിരാകാരരോ ആയിത്തീരുകയുമില്ല. അവരുടെ സാന്നിധ്യം അനശ്വരമാണ്‌. ആവശ്യമെന്ന്‌ തോന്നുമ്പോള്‍ അവര്‍ തങ്ങളുടെ മൗലികമായ അതീന്ദ്രിയ രൂപത്തില്‍ തന്നെ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യും. സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതുപോലെ. 
പ്രത്യക്ഷപ്പെട്ടുകഴിഞ്ഞാല്‍ അവ വ്യക്തമായി പല ലീലകള്‍ ആടുന്നു; അപ്രത്യക്ഷമാകുമ്പോള്‍ അവ്യക്തമായ ലീലകളില്‍ ഏര്‍പ്പെടുന്നു. ബ്രഹ്മസംഹിതയില്‍ ഭഗവാന്‍ കൃഷ്ണന്‍ മാത്രമാണ്‌ ആദിപുരുഷന്‍. മറ്റുള്ള അവതാരങ്ങളെല്ലാം അദ്ദേഹത്തിന്റെ ഭാഗികമായ വികസനങ്ങളാണ്‌. അവതാരങ്ങളെല്ലാം ഭഗവാന്റെ പൂര്‍ണാംശങ്ങളോ പൂര്‍ണാംശങ്ങളുടെ ഭാഗങ്ങളോ ആണ്‌. എന്നാല്‍ ഭഗവാന്‍ കൃഷ്ണനാകട്ടെ പരമദൈവതത്തിന്റെ ആദിപുരുഷനാണ്‌. അവതാരങ്ങള്‍ പ്രത്യക്ഷപ്പെടുന്നുവെന്ന്‌ മാത്രമല്ല, ഇവയുടെ പ്രഭവമായ ഭഗവാന്‍ കൃഷ്ണന്‍ സ്വന്തം രൂപത്തിലും അവതാരമായി പ്രത്യക്ഷപ്പെടുന്നു. ഈ ഗുപ്തവിഷയങ്ങളെല്ലാം ഭഗവത്ഭക്തന്മാര്‍ക്കേ മനസ്സിലാകൂ. മഹാ പണ്ഡിതന്മാര്‍ക്കുപോലും ഇത്‌ മനസ്സിലാവില്ല.
അലംഘനീയവും ദിവ്യവുമായ ഭഗവാന്‍ കൃഷ്ണന്‍ പരമ ദിവ്യോത്തമപുരുഷനാണ്‌; പരമോന്നതമായ സത്യമാണ്‌. അദ്ദേഹത്തെ നിര്‍വ്യക്തിഗതയും അരൂപനുമായി കല്‍പിക്കുക അസാദ്ധ്യം. അദ്ദേഹം അതീന്ദ്രിയനായ ആദിപുരഷനാണ്‌. അനശ്വരതയുടെ മൂര്‍ത്തീഭാവമാണ്‌; പരമാനന്ദമാണ്‌. ഭഗവാന്റെ കേവലവും പരമവുമായ ദിവ്യത്വത്തിന്റെ ഈ സത്യം അര്‍ജ്ജുനന്‍ ഭഗവദ്ഗീതയില്‍ സമര്‍ത്ഥിച്ചിട്ടുണ്ട്‌.
ആദിദേവന്‍ എന്നാല്‍ ആദ്യത്തെ ഭഗവാന്‍ എന്നാണര്‍ത്ഥം. അതായത്‌ വിഷ്ണുവിന്റെ വികസനങ്ങളുടെ എല്ലാം പ്രഭവം. വേദങ്ങളിലെ പുരുഷസൂക്തം, കാരണോദകശായും വിഷ്ണുവിനെ പ്രകീര്‍ത്തിക്കുന്നുണ്ട്‌. ഈ വിഷ്ണുവിലാസങ്ങളുടെ എല്ലാം ആത്യന്തികമായ പ്രഭവം ഭഗവാന്‍ കൃഷ്ണനാണ്‌. കാരണോദകശായി വിഷ്ണുഭഗവാന്‍ കൃഷ്ണന്റെ ഭാഗിക വികസനം മാത്രമാണെന്ന്‌ ബ്രഹ്മസംഹിത വ്യക്തമായി പ്രഖ്യാപിക്കുന്നു.

No comments:

Post a Comment