Sunday, February 17, 2019

Uma Namboodiri
സ്പന്ദനങ്ങള്‍
അങ്ങിനെയും ഒരു കാലം ഉണ്ടായിരുന്നു.
സൂര്യാസ്തമനത്തിനു മുന്നേ അകത്തു എണ്ണ വിളക്കുകൾ തെളിഞ്ഞിരുന്നു കാലം.
നിറഞ്ഞ സന്ധ്യ ആകുമ്പോളേക്കും അന്തിത്തിരി വെച്ചു കഴിഞ്ഞിട്ടുണ്ടാകണം.
സന്ധ്യക്ക്‌ മുൻപ് മേൽക്കഴുകി വന്നു ഭസ്മം കുറിയിട്ടു പെൺകിടാങ്ങൾ ആണ് സാധാരണ തിരി വെയ്ക്കുക.
കോലുവിളക്കു ഇടത്തെ കയ്യിൽ പിടിച്ചു നാലിറയത്തിന്റെ നാല് ഭാഗത്തും, മദ്ധ്യത്തിലും ദേവതകൾക്കായി ദീപം കാണിയ്ച്ചു തിരിവെച്ചു നടക്കുന്ന കുട്ടികളെ, മുത്തശ്ശിമാരെ ഓർക്കുകയാണ്.
പുറത്തളത്തിലും, പടിഞ്ഞാറേ ഉമ്മറത്തേയ്ക്കും, മച്ചിന്റെ ഉമ്മറത്തും ഓരോ തിരി വെയ്ക്കണം.
കെഴുക്കിനീയിൽ നീന്നും വടക്കോട്ടുള്ള വാതിൽ തുറന്നു പടിയിൽ ഒരു തിരി പാമ്പ്മ്മാർക്ക് .
അത് കഴിഞ്ഞാൽ വടക്കോട്ടുള്ള വാതിൽ ചാരണം. സന്ധ്യക്ക്‌ വാതിൽ തുറന്നിടുന്നത് അശ്രീകരമാണ്.
അടുക്കളയിൽ .അടുപ്പുങ്കല്ലിൻമേൽ വടക്കോട്ടും, പ ടിഞ്ഞാട്ടുമൊക്കെ തിരികൾ വെയ്ക്കണം.
കിണറ്റിൻ പടിയിൽ കിണറ്റിലെ ദേവതകൾക്കു തിരി വെയ്ക്കുമ്പോൾ താഴെ ഇരുട്ടിലേക്ക് എത്തി നോക്കുന്നത് നല്ലതല്ല.
ഇരുട്ടല്ലേ സന്ധ്യക്ക്‌ പേടിച്ചാൽ പ്രശ്നമാകും.
കിഴക്കോട്ടു ഒരു തിരി കൂടി. അത് കിഴക്കേ പാമ്പിൻകാവിലേയ്ക്ക്.
എത്രയെത്ര ദേവതകളാണ് ഈ വലിയ കുടുംബത്തിനെയും, ചരാചരങ്ങളെയും സംരക്ഷിച്ചു പോരുന്നത്!
അഷ്ടദിക് പാലകർ,
അഗ്നി ദേവതമാർ,
ജലദേവതമാർ,
കിഴക്കും, വടക്കും, പടിഞ്ഞാറും പാമ്പുങ്കാവുകൾ !
ഇനിയും അജ്ഞാതരായ എത്രയോ ദേവതമാർ !!
ഇവരുടെയൊക്കെ സംരക്ഷണം കൊണ്ടാകാം ഇത്ര മനോഹരമായ ഒരു ബാല്യം ലഭിച്ചത്. മൃഗബലിയും, പിത്യുബലിയും (പക്ഷിമൃഗാദികൾക്കുള്ള ഭക്ഷണം) അന്നദാനവും, സന്ധ്യാവന്ദനവുമെല്ലാം മുടങ്ങാതെ ചെയ്തുപോന്നിരുന്ന ഒരു കാലം .
ഇനി തേവാരം തുടങ്ങും. ആദ്യം നമസ്ക്കാരം.
പിന്നെ
൧൦൮ (108) നമഃശിവായ നിർബന്ധമായും ചൊല്ലണം. അത് കണക്കു പിടിച്ചിട്ടു വേണം. സമയം ഉണ്ടെങ്കിൽ എത്രവേണമെങ്കിലും ചൊല്ലാം.
പക്ഷെ, പഞ്ചാക്ഷരം ഉറക്കെ ജപിക്കരുത്. ശൂദ്രര് കേൾക്കരുത്, ത്രെ. അതു കഴിഞ്ഞാൽ നാരായണ നാമം ജപം. അതും കണക്കു പിടിച്ചു 108.
പിന്നെ മന്ത്രങ്ങൾ, ശ്ലോകങ്ങൾ, അശ്വതി-ഭരണി, തിഥികൾ, മാസങ്ങൾ, ആഴ്ച, പെരുക്കപ്പട്ടികകൾ......അങ്ങിനെ പലതും.
ശ്രീലാകത്തു പൂജകഴിഞ്ഞാൽ തൊഴുതു നമസ്ക്കരിയ്ക്കണം. അത് കഴിയുമ്പോളേക്കും മുത്തശ്ശന്റെ സഹസ്രനാമം ചൊല്ലൽ കഴിയും.. പിന്നെ തീർത്ഥം സേവിയ്ക്കണം.
അപ്പോഴേയ്ക്കും കുട്ടികൾക്ക് ഇല വെച്ചിട്ടുണ്ടാകും. ൧൪-ആം നമ്പ്ര് വിളക്ക് കെഴുക്കിനിയിൽ തൂക്കിയിട്ടുണ്ടാകും..അത്യാവശ്യം ബഹളം കൂട്ടി ഊണ് കഴിയ്ക്കൽ......
വാർത്തകൾ കഴിഞ്ഞാലേ മുത്തശ്ശൻ ഉണ്ണാൻ വരൂ...തുടർന്ന് മുത്തഫന്മാർ, അഫൻമാർ, മറ്റു നമ്പൂരാർ......
കുട്ടികളുടെ കിടപ്പു കെഴുക്കിനിയുടെ മുകളിൽ..മുകളിൽ ചെന്നാൽ മിക്ക ദിവസവും തല്ലുകൂടലും ബഹളവും ഉണ്ടാകും..താഴെ നിന്ന് അമ്മമാരോ മറ്റോ ഒച്ചയിട്ടാൽ കുറച്ചു നേരം ശാന്തത.
കിടക്കുമ്പോൾ പേടിയുണ്ടായകാതിരിക്കാൻ അർജുനൻ ഫൽഗുനൻ ...എന്ന് ചൊല്ലി കിടക്കും. രാത്രിയുടെ നിശബ്ദത അനുഭവപ്പെടുന്നത് ഒരുറക്കം കഴിഞ്ഞു പിന്നെ ഉറക്കം വരാതെ കിടക്കുമ്പോൾ. അപ്പോൾ കാലൻ കോഴിയുടെ 'പോവ്വാ, പോവ് വാ' എന്ന ക്ഷണം, മറുപടി ഊങ് ഹൂം ..എന്ന കൂമന്റെ മൂളൽ, കുറുക്കന്റെ ഓരിയിടല് ....അങ്ങ് വിദൂരതയിൽ കടലിന്റെ ഇരമ്പൽ......
'കർത്തൃവീര്യാർജ്ജുനാ കാത്തു രക്ഷിയ്ക്കണേ
ആയിരം കൈകളിൽ വില്ലും ശരവുമായ്
എന്റെ പുരയുടെ ചുറ്റും നടക്കണേ .....'
എന്നു തികഞ്ഞ വിശ്വാസത്തോടെ ചൊല്ലി സമാധാനമായ ഉറക്കത്തിലേക്കു വീഴുന്നു..
സൂര്യോദയത്തിനു മുൻപേ സുപ്രഭാതത്തിൽ താനേ ഉണരുന്നു..കിടക്കിയിൽ എണീറ്റിരുന്നു, ഭൂമിദേവിയെ തൊട്ടു വന്ദിയ്ക്കുന്നു . കൃഷ്ണായ നമഃ
നേരെ കുളത്തിലേക്ക്. കുളക്കടവിൽ, ഉമിക്കരിയും, മാവിന്ടയിലയും, ശൗചത്തിന് മണ്ണുമൊക്കെ ഒരുക്കി വെച്ചിട്ടുണ്ടാകും.
കുളി കഴിഞ്ഞു വന്നാൽ ചന്ദനം കുറിയിടൽ, മാല ചൂടൽ (ദശപുഷ്പമാല) ഗണപതിയ്ക്ക് ഏത്തമിട്ടു നമസ്‌കാരങ്ങൾ....വഴിപോലെ....
തീർത്ഥം സേവിച്ച ശേഷം കുട്ടിപ്പട കിഴക്കേ കെട്ടിൽ ഒത്തു ചേരും..
കിണ്ണങ്ങൾ വെച്ചിട്ടുണ്ടാകും. മുത്തശ്യമ്മ പൊടിയരിക്കഞ്ഞി എല്ലാവര്ക്കും വിളമ്പും. നെയ്യ് അഷ്ടചൂർണ്ണം, ചുട്ട പപ്പടം, കടുമാങ്ങ, ഗണപതി ഹോമം ഉള്ള ദിവസമാണെങ്കിൽ തേങ്ങാപ്പൂള്......
സമൃദ്ധമായി സന്തോഷമായി, തല്ലുകൂടി അങ്ങിനെ വയർ സംതൃപ്തമായാൽ എണീട്ടു അടുത്ത പരിപാടികൾ...
.
വെയില് നോക്കി സമയം കൃത്യമായി കണക്കാക്കിയിരുന്ന കാലം. ക്ളോക്കിൽ നോക്കേണ്ട ആവശ്യമില്ല. നാലിറയത്തിന്റെ വടക്കുപടിഞ്ഞാറേ മൂലയിൽ ഇരുന്നു ഇരിക്കണമ്മ തൈര് കലക്കൽ കഴിയാറാകുമ്പോളേക്കും നടുമുറ്റത്തിന്റെ പടിഞ്ഞാറുള്ള ഓടിന്റെ നാലാമത്തെ വരിയിൽ വെയിൽ ഇറങ്ങിയിട്ടുണ്ടാകും..ക്ലോക്ക് അടിയ്ക്കുന്നതൊന്നും ശ്രദ്ധിയ്ക്കേണ്ട.മണി 9 തന്നെ.
സ്‌കൂളിൽ പോകുന്നതിനു മുൻപ്, ഓരോ ദോശയും പാൽവെള്ളവും..ഇനി വൈകുന്നേരം സ്‌കൂൾ വിട്ടു വന്നു കുളിച്ചു കഴിഞ്ഞാലേ ഒരിറക്ക് വെള്ളം കൂടെ കഴിയ്ക്കൂ .....

No comments:

Post a Comment