Thursday, March 28, 2019

*ശ്രീമദ് ഭാഗവതം 103* 

ശരീരത്തിനെ  അതിന്റെ പ്രാരബ്ധത്തിന് വിട്ട് കൊടുക്കാ.  ശരീരം പ്രാരബ്ധത്തിന് അനുസരിച്ച് എവിടെവിടെ ഇരിക്കണുവോ, എങ്ങനെ എങ്ങനെ ഇരിക്കണുവോ അത് ഒഴുകും. നമുക്ക് തന്നെ കാണാം ഒരു രീതിയിൽ ഒഴുകിപ്പോകുന്നത്. ആ പ്രാരബ്ധത്തിന് അനുസരിച്ച് ശരീരം എവിടെ വേണമെങ്കിലും, എങ്ങനെ വേണമെങ്കിലും ഇരിക്കട്ടെ. *ശ്രദ്ധയെ ശരീരത്തിലേയ്ക്ക് വിട്ട് എനർജി കളയേണ്ട. ശ്രദ്ധയെ സ്വരൂപത്തിലേക്ക് തിരിച്ചു വിടാ. ശ്രദ്ധയെ  തന്റെ യഥാർത്ഥ സ്വരൂപത്തിലേക്ക് തിരിച്ചു വിട്ടാൽ നമ്മൾ എപ്പോഴും സ്വതന്ത്രരാണ്* . ശരീരത്തിനെ മാറ്റി മറിക്കുന്നത് കൊണ്ട് നമുക്ക് സ്വാതന്ത്യം ണ്ടാവില്ല്യ. നമ്മൾ അതിൽ പെട്ടു പോവും. 

ഒരാൾ രമണമഹർഷിയോട് ചോദിച്ചു,"സ്വാമീ ഗൃഹസ്ഥാശ്രമത്തിൽ വല്ലാത്ത ബുദ്ധിമുട്ടാണ്. ഞാൻ സന്യാസം എടുക്കട്ടെ?" 

അപ്പോ മഹർഷി ചോദിച്ചു. സന്യാസം എന്തിനാ എടുക്കണത്? "ജ്ഞാനത്തിന്". 

"ജ്ഞാനം" എന്ന് വെച്ചാൽ എന്താ.  ഇപ്പൊ നീ ഗൃഹസ്ഥനാണെന്ന് വിചാരിക്കണു. അതായത് ഞാൻ ശരീരം ആണ്. *ശരീരത്തിനെ* ആണല്ലോ *ഗൃഹസ്ഥൻ* എന്ന് വിളിക്കണത്. ഇനി നീ സന്യാസം എടുത്താൽ നീ സന്യാസി ആണെന്ന് വിചാരിക്കും. *ശരീരത്തിനെ* ആണല്ലോ നീ *സന്യാസി* എന്ന് വിളിക്കാൻ പോണത്. രണ്ടിടത്തും *ഞാൻ ശരീരം ആണ് എന്ന അഭിമാനം* ഒരേ പോലെ ഇരിക്കണു. അപ്പോ നിനക്ക് രക്ഷ എവിടെ? 

യഥാർത്ഥത്തിൽ സന്യാസം എന്താണ്?
 *ദേഹം 'ഞാൻ' അല്ല എന്ന ദേഹാത്മഭാവനയെ സന്യസിച്ചാൽ  ജ്ഞാനസ്വരൂപമായി സന്യാസം ഹൃദയത്തിൽ പ്രകാശിക്കും.* അതിന് ചിലർക്ക് പ്രാരബ്ധത്തിന് അനുസരിച്ച് ഭഗവാൻ തന്നെ സന്യാസമാർഗ്ഗത്തിനെ തുറന്നു കൊടുക്കും. ലോകമംഗളത്തിനായിക്കൊണ്ട്. *സന്യാസം* *അവർക്ക് വിധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ സന്യാസം.ഗൃഹസ്ഥാശ്രമം എങ്കിൽ ഗൃഹസ്ഥാശ്രമം*.

ഇപ്പൊ,ഇവിടെ പ്രിയവൃതനോട് ഭഗവാൻ പറഞ്ഞു. "ഭഗവാൻ നമ്മളെ എങ്ങനെ ഇരിക്കണമെന്ന് നിയമിച്ചിരിക്കുന്നുവോ ആതിനെതിരായിട്ട് ഒരാൾക്കും തപസ്സ് കൊണ്ടോ, അറിവ് കൊണ്ടോ, ലോകവീര്യം കൊണ്ടോ, ബുദ്ധി കുശലത കൊണ്ടോ  ധനം കൊണ്ടോ, ധർമ്മം കൊണ്ടോ സാധ്യമല്ല. 

ന തസ്യ കശ്ചിദ് തപസാ വിദ്യയാ വാ 
ന യോഗവീര്യേണ മനീഷയാ വാ 
നൈവാർത്ഥധർമ്മൈ: പരത: സ്വതോ വാ 
കൃതം വിഹന്തും തനുഭൃദ്വിഭൂയാദ്.

 *തനുഭൃദ്*, ശരീരം ഉള്ളയിടത്തോളം കാലം യോഗശക്തികൊണ്ടോ, തപസ്സ് കൊണ്ടോ, അറിവ് കൊണ്ടോ  വീര്യം കൊണ്ടോ, ജ്ഞാനം കൊണ്ടോ ഈ ശരീരത്തിനെ മറ്റൊരു തരത്തിൽ ആക്കാൻ പറ്റില്ല്യ. ആക്കിതീർക്കേണ്ട ആവശ്യവും ഇല്ല്യ. 

അതുകൊണ്ട് ഹേ പ്രിയവൃതാ, *ഭഗവാന്റെ* *ഇച്ഛയ്ക്ക്* വഴങ്ങി കൊടുത്ത് സൗഖ്യമായിട്ടിരിക്കാ. ട്രെയിനില് പോണ ആള് തന്റെ ചുമട് തലയിൽ വെച്ച് കൊണ്ടിരിക്കണോ. വണ്ടീല് വെച്ചിട്ട് സൗഖ്യമായിട്ട് ഇരുന്നൂടെ?. സ്വതന്ത്രമായി ഇരുന്നൂടെ? സകലതും ഒരു പരമേശ്വര ശക്തി നടത്തികൊണ്ടിരിക്കണു എന്നറിഞ്ഞ് അടങ്ങിയിരിക്കാ. ജീവന്മുക്തനായ പുരുഷനാണെങ്കിലും ശരി,
 
മുക്തോഽപി താവദ് ബിഭൃയാത്സ്വദേഹം 
ആരബ്ധം(പ്രാരബ്ധം) അശ്നന്ന് അഭിമാനശൂന്യ:

ജീവന്മുക്തനാണെങ്കിലും, 
വിപര്യാദ് സ്വദേഹം, 
അയാളും ശരീരം ധരിച്ചകൊണ്ടിരിക്കുന്നിടത്തോളം 
പ്രാരബ്ധം അനുഭവിക്കണം. 
ശ്രീനൊച്ചൂർജി 
 *തുടരും. ..*.
lakshmi prasad

No comments:

Post a Comment