Saturday, March 30, 2019

ശ്രീമദ് ഭാഗവതം 105* 

തപസ്സ് ചെയ്യാനും ഭഗവദ് ആരാധന ചെയ്യാനും ഏറ്റവും നല്ല സ്ഥലം ഏതാണെന്ന് ചോദിച്ചാൽ ഇത്. ഏറ്റവും നല്ല സമയം ഇപ്പൊ. ഇവിടെ ഇപ്പൊ ഭഗവാനെ  അറിയാം. എവിടെ ഭഗവാൻ നമ്മളെ വെച്ചിരിക്കണുവോ ഏത് സ്ഥലത്ത് അതാണ് മാർജ്ജാരകിശോരന്യായം. പൂച്ചക്കുട്ടി അമ്മ പൂച്ച എവിടെ വെച്ചുവോ അവിടെ കിടന്നു മ്യാവൂ മ്യാവൂ മ്യാവൂ എന്ന് കരഞ്ഞു കൊണ്ടിരിക്കും. പൂച്ചക്കുട്ടി തന്റെ  അമ്മ പൂച്ചയുടെ പുറകേ ഒന്നും പോവില്ല്യ. അതിനെ വെച്ചിരിക്കുന്ന സ്ഥലത്ത് ഇരുന്ന് അമ്മ പൂച്ചയെ വിളിച്ചു കരഞ്ഞു കൊണ്ടിരിക്കും.

ഇതാണ് ഭക്തന്റെ ഭാവം. ഗൃഹസ്ഥാശ്രമമോ ബ്രഹ്മചര്യാശ്രമമോ, സന്യാസാശ്രമമോ,

വടുർവ്വാ ഗേഹീ വാ യതിരപി ജടീ വാ തദിതരോ
നരോ വാ യഃ കശ്ചിദ്ഭവതു ഭവ കിം തേന ഭവതി |
യദീയം ഹൃത്പദ്മം യദി ഭവദധീനം പശുപതേ
തദീയസ്ത്വം ശംഭോ ഭവസി ഭവഭാരം ച വഹസി ||

ആചാര്യ സ്വാമികളുടെ ശിവാനന്ദലഹരിയാ.
അവൻ ഗൃഹസ്ഥനായിരിക്കട്ടെ, സന്യാസി ആയിരിക്കട്ടെ, ഗുഹയിൽ താമസിക്കട്ടെ, അല്ല പട്ടണത്തിൽ താമസിക്കട്ടെ, ആശ്രമത്തിൽ ആവട്ടെ, സമുദ്രത്തിനുള്ളിൽ എവിടെ ആണെങ്കിലും ശരി, ആരുടെ ഹൃദയം ഭഗവദ് സ്മൃതിയിലേ ഇരിക്കണുവോ, ഭഗവാൻ അവന്റെ ആണ്. ഭഗവാൻ അവന് സ്വന്തമായിട്ട് തീരുന്നു. 

അതുകൊണ്ട് എനിക്ക് നല്ല സമയം വന്നിട്ട് ഞാൻ ഭഗവദ് ഭജനം ചെയ്തു കൊള്ളാം എന്ന് പറഞ്ഞ് ഇരിക്കേണ്ട. അങ്ങനെ ഒരു സമയം വര്യേ ഇല്ല്യ. ചിലര് പറയും  ഞാൻ ഗുരവായൂരിൽ ഒരു ഫ്ലാറ്റ് വെച്ചണ്ട്. റിട്ടയർ ആയ ശേഷം ഞാൻ അവിടെ വന്ന് ഗുരുവായൂരപ്പനെ ഭജിക്കും. ആ ഫ്ലാറ്റ് പലർക്കും ഉപയോഗപ്പെടും. ഇവര് വരേ ഇല്ല്യ. ഗുരുവായൂരിൽ വന്നിട്ട് വേണംന്നൊന്നൂല്ല്യ. നമ്മളുടെ പ്രാരബ്ധം വേറെ എവിടെങ്കിലും ആണെങ്കിൽ അവിടെ കിടന്നു കൊണ്ട് ഗുരുവായൂരപ്പനെ പിടിച്ചു കൊള്ളണം. മറക്കാൻ പാടില്ല്യ. ഗുരുവായൂർ വന്നിരുന്ന് ഗുരുവായൂരപ്പനെ വിട്ടു കളയുന്നതിനേ ക്കാളും വേറെ എവിടെ എങ്കിലുമൊക്കെ ഇരുന്നു കൊണ്ട് ഗുരുവായൂരപ്പനെ പിടിച്ചാലും ഗുരുവായൂരപ്പൻ നമ്മളുടെ അടുത്തേക്ക് വരും. 

അപ്പോ സമയം നോക്കണ്ടാ പ്രാരബ്ധത്തിനോട് ശണ്ഠ കൂടാൻ പോവണ്ട. പ്രിയവൃതന് ഭഗവാന്റെ മുഖ്യ ഉപദേശം അതാണ്. അങ്ങേയ്ക്ക് ഗൃഹസ്ഥാശ്രമ പ്രാരബ്ധം ആണ്. അവിടെ തന്നെ ഇരിക്കാ. അജ്ഞാനത്തോട് കൂടെ ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചാൽ ഗൃഹസ്ഥാ : ശ്രമം ന്നാണ്. അത് വിഷമം ആയിട്ട് തീരും അത്രേ. പൊട്ടക്കിണറ് എന്നാ പറയാ. അജ്ഞാനത്തോട് കൂടെ അതിലേക്ക് പ്രവേശിച്ചാൽ പൊട്ടക്കിണറ്റിൽ വീണപോലെ ആകും. 

അജ്ഞാനത്തോട് കൂടെ സന്യാസാശ്രമത്തിലേക്ക് പ്രവേശിച്ചാൽ ഇതിനേക്കാളും അപകടമാവും. കുഴപ്പം വസ്ത്രത്തിലോ പേരിലോ ഒന്നും അല്ല. കുഴപ്പം ഉള്ളിലാണേ.മുഖ്യം ജ്ഞാനം ആണെന്നറിഞ്ഞ് ജ്ഞാനം ഉള്ളിൽ പ്രകാശിച്ച് പൂർണ്ണമായി ഒരു പക്ഷെ അയാൾക്ക് സന്യാസാശ്രമത്തിനുള്ള അധികാരം ണ്ടെങ്കിൽ  അങ്ങനെയുള്ള മഹാത്മാവിനെ കൊണ്ട് ലോകത്തിന് മുഴുവൻ അനുഗ്രഹം ണ്ടാവും.   മാത്രമല്ല,  സന്യാസത്തിൽ അഭിമാനവും ണ്ടാവില്ല്യ. ഒരു പക്ഷേ അയാളുടെ പ്രാരബ്ധം ഗൃഹസ്ഥാശ്രമത്തിൽ ആണെങ്കിൽ ഈ ജ്ഞാനം ഉള്ളിലുണ്ടെങ്കിൽ ഗൃഹസ്ഥാശ്രമത്തിൽ ണ്ടാവുന്ന അനേക വിധവിഷമങ്ങൾ അയാളെ ബാധിക്കുകയും ഇല്ല്യ.

അതുകൊണ്ട് പ്രിയവൃതനോട് ഭഗവാൻ പറഞ്ഞു. നീ ഗൃഹസ്ഥാശ്രമി ആണെന്ന് വിചാരിച്ചു വിഷമിക്കേണ്ട. ഭഗവദ് ഭജനം ചെയ്തു ചിത്തത്തിനെ ശുദ്ധമാക്കി ഉള്ളിലുള്ള കാമം നിശ്ശേഷം അകന്നു കിട്ടിയാൽ സ്വതന്ത്രമായി ഇറങ്ങി പുറപ്പെട്ടോളാ. 

ക്ഷീണേഷു കാമം വിചരേദ് വിപശ്ചിത്
 
ഉള്ളിലുള്ള ആഗ്രഹം പൂർണ്ണമായി നീങ്ങി കിട്ടിയാൽ അങ്ങട് ഇറങ്ങി നടന്നോളാ സ്വതന്ത്രമായിട്ട്. ഒരു വിധ വിഘ്നവും ണ്ടാവില്ല്യ. ആരിൽ നിന്നും അങ്ങേയ്ക്ക് ഭയപ്പെടാനില്ല്യ. സഞ്ചരിച്ചോളാ. അതുവരെ അവനവന്റെ പ്രാരബ്ധം എന്താണെന്നും സ്വധർമ്മം എന്താണെന്നും അറിഞ്ഞ് ആ സ്വധർമ്മത്തിനെ അനുഷ്ഠിക്കാ എന്ന് ബ്രഹ്മാവ് പ്രിയവൃതന് ഉപദേശിച്ചു. അതിനനുസരിച്ച് പ്രിയവൃതൻ രാജാവായി രാജ്യഭരണം നടത്തി. ഗൃഹസ്ഥാശ്രമി ആയിട്ടാണെങ്കിലും സദാ ജ്ഞാനസ്ഥിതിയിൽ ഇരുന്നു. പ്രിയവൃതൻ അനേക  മഹദ് കർമ്മങ്ങൾ ഒക്കെ ചെയ്തു. സമുദ്രഖനനം മുതലായതൊക്കെ പ്രിയവൃതന്റെ രഥചക്രം കൊണ്ട് ണ്ടായീന്നാണ്. അങ്ങനെ പ്രിയവൃതചരിത്രം.

സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദാ 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
Lakshmi prasad

No comments:

Post a Comment