Saturday, March 02, 2019

ശ്രീമദ് ഭാഗവതത്തിൽ ദശമസ്കന്ധത്തിൽ ആറാമത്തെ അദ്ധ്യായത്തിലെ 22 മുതൽ 29 വരെയുള്ള എട്ട് ശ്ലോകങ്ങളെ *പൂതനാഷ്ടകം* എന്ന് പറയും.  ഗോപിമാർ, പൂതനാവധത്തിനു ശേഷം, ബാലനായ ഭഗവാന് അംഗരക്ഷയ്ക്കായും അന്തരംഗരക്ഷയ്ക്കായും ജപിച്ച ഈ ശ്രേഷ്ഠമായ മന്ത്രം, രക്ഷാകവച ശ്ലോകം,  കുട്ടികൾക്കുണ്ടാകുന്ന സർവ്വവിധ ഭയത്തിൽ നിന്നും രക്ഷകിട്ടനായി ജപിക്കാം.   


അജൻ, അണിമാൻ, യജ്ഞൻ,  അച്യുതൻ,  ഹയഗ്രീവൻ, കേശവൻ, ഈശൻ,  ഇനൻ (സൂര്യനാരായണ സ്വാമി), വിഷ്ണു,  വാമനൻ, ഈശ്വരൻ എന്നീ ഭഗവത് സ്വരൂപങ്ങളെ 22 മത്തെ ശ്ലോകത്തിലൂടെ കുട്ടിയുടെ അംഗരക്ഷയ്ക്കായി ധ്യാനിക്കുന്നു. 


അടുത്തതായി 23 മത്തെ ശ്ലോകത്തിലൂടെ ദിക്ക് രക്ഷയ്ക്കായി, ചക്രധാരിയായ ചക്രീ, ഗദാധരനായ ഹരി, ധനുധാരിയായ മധുസൂദനൻ, വാൾ ധാരിയായ അജൻ, ശംഖധരനായ ഉരുഗായൻ, ഇന്ദ്രാനുജനായ ഉപേന്ദ്രൻ,  ഗരുഢാരൂഡനായ ഭഗവാൻ താർക്ഷ്യൻ, ഹലധരൻ, പുരുഷൻ എന്നീ ഭഗവാന്റെ സ്വരൂപത്തെ ധ്യാനിക്കുന്നു. 


24 മത്തെ ശ്ലോകത്തിലൂടെ ഇന്ദ്രിയ രക്ഷകനായ ഹൃഷീകേശനേയും, പഞ്ചപ്രാണ രക്ഷയ്ക്കായ് നാരായണനേയും, ചിത്തത്തിനായ് ഭഗവാൻ വാസുദേവനും, മനസ്സിനെ യോഗേശ്വരനായ പ്രദ്യുമ്നനും രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 

25 മത്തെ ശ്ലോകത്തിലൂടെ  ബുദ്ധിരക്ഷയ്ക്കായ് ഭഗവാനായ അനിരുദ്ധനേയും, അഹംങ്കാര രക്ഷയ്ക്കായ് ഭഗവാൻ സങ്കർഷണനേയും,  ബാലചേഷ്ടകളിൽ നിന്ന്  ഗോവിന്ദനും, ഉറക്കത്തിൽ മാധവനും രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.  

26 മത്തെ ശ്ലോകത്തിലൂടെ ഭഗവത് സ്വരൂപമായ വൈകുണ്ഠനേയും, ലക്ഷ്മീവല്ലഭനേയും, യജ്ഞഭുക്കായ ഭഗവാനേയും, സർവ്വഗ്രഹ ദോഷങൾ അകലാനായി സർവ്വഗ്രഹാധീശ്വരനായ ഭഗവാനേയും ധ്യാനിക്കുന്നു. 

27/28/29 എന്നീ ശ്ലോകത്തിലൂടെ സർവ്വ ഭൂത പ്രേത പിശാച യക്ഷ രാക്ഷസ മുതലായ ദുർദേവതകളെയെല്ലാം നശിപ്പിച്ചു കുട്ടിയെ രക്ഷിക്കാനായി മഹാവിഷ്ണുവിനെ ധ്യാനിക്കുന്നു. ഇതിൽ ശ്രദ്ധേയമായത് 28 മത്തെ ശ്ലോകത്തിൽ *പൂതന* യിൽ നിന്ന് ബാലനെ രക്ഷിക്കാനായി ഭഗവാനെ പ്രാർത്ഥിക്കുന്നു എന്നതാണ്! ! ഇവിടെ ആശ്ചര്യമായ കാര്യം മരിച്ചു കിടക്കുന്നത് ആ പൂതനയാണെന്നോ, അവളെ വധം ചെയ്തത് ഈ ബാലൻ  തന്നെയാണെന്നോ, ഈ ബാലൻ തന്നെയാണ് അവർ ഭജിക്കുന്ന ശ്രീമന്നാരയണൻ എന്നോ ഈ ഗോപികമാർക്ക് അറിയില്ല എന്നതാണ്. 

ഗോപികമാർ, ഈ കുട്ടി ആരാണെന്ന് അറിയാതെയാണെങ്കിലും, ചൊല്ലിയ ഈ ബാല രക്ഷാകവച മന്ത്രം, ബാലാവസ്ഥയിലുള്ള കുട്ടികളുടെ ഭയഭീതികളകലുവാൻ ജപിക്കുന്നത് വളരെ നല്ലതാണ്.  സന്ധ്യാ സമയത്ത് കുട്ടിയെ അമ്മമാർ   മടിയിൽ കിടത്തി, കയ്യിൽ ഭസ്മം എടുത്തു കൊണ്ട് ഈ മന്ത്രത്തെ ഭഗവാനെ ധ്യാനിച്ചു കൊണ്ട് ജപിച്ച് കുട്ടിയുടെ നെറ്റിയിലും കയ്യ്കളിലും മാറിലും ഒക്കെ തൊടുവിച്ചാൽ  സകലവിധ ഭയഭീതിയിൽ നിന്നും അവർക്ക് ഭഗവാൻ രക്ഷ നല്കും....ksv krishnan

No comments:

Post a Comment