ബ്രഹ്മത്തെ അറിഞ്ഞയാള്‍ ബ്രഹ്മമായിത്തീരുന്നു
Thursday 7 March 2019 5:36 am IST
പ്രതര്‍ദനാധികരണം തുടരുന്നു
സൂത്രം- ന വക്തുരാത്മോപദേശാദിതി ചേദദ്ധ്യാത്മ സംബന്ധ ഭൂമാ ഹ്യസ്മിന്‍
(ന വക്തു: ആത്മ ഉപദേശാത് ഇതി ചേത് അദ്ധ്യാത്മ സംബന്ധ ഭൂമാ ഹി അസ്മിന്‍)
പറയുന്നയാളായ ഇന്ദ്രന്റെ ആത്മാവിനെപ്പറ്റിയുള്ള ഉപദേശമായതിനാല്‍ ഇവിടെ പ്രാണ ശബ്ദം ബ്രഹ്മവാചകമല്ല എന്ന് പറയുകയാണെങ്കില്‍ അത് ശരിയല്ല. കാരണം ഈ സന്ദര്‍ഭങ്ങളില്‍ അദ്ധ്യാത്മ വിഷയങ്ങളെക്കുറിച്ചുള്ള ഉപദേശമാണ് വേണ്ടുവോളമുള്ളത്.
ഇന്ദ്രന്‍ പ്രതര്‍ദനനോട് പറയുന്നത് 'ഞാന്‍ പ്രാണനാണ്, പ്രജ്ഞാത്മാവാണ് എന്നെ ഉപാസിച്ചു കൊള്ളുക' എന്നാണ്. ഇത്തരത്തില്‍ ഇന്ദ്രന്‍ തന്റെ പ്രാണസ്വരൂപത്തെപ്പറ്റി പറയുമ്പോള്‍ ബ്രഹ്മമാകാന്‍ വഴിയില്ല എന്നു ചിലര്‍ കരുതുന്നു. ഇന്ദ്രന്‍ പ്രാണനെ പറയുന്നത് പ്രാണന്‍ ബലവാനായതിനാലാണ്. ബലത്തിന്റെ ദേവത ഇന്ദ്രനാണ്. അതിനാല്‍ ഇന്ദ്രന് പ്രാണത്വം യുക്തമാണെന്നാണ് ഇവരുടെ വാദം.
ഈ വാദങ്ങള്‍ അസ്ഥാനത്താണ്. ഉപനിഷത്തിലെ ഈ ഭാഗത്ത് പ്രത്യഗാത്മാവിനെക്കുറിച്ചുള്ള ഉപദേശമാണ് കൂടുതലുള്ളത്. അതിനാല്‍ ഇന്ദ്രന്‍ ഉപദേശിക്കുന്നത് ദേവതാത്മസ്വരൂപത്തെപ്പറ്റിയല്ല. പ്രത്യഗാത്മസ്വരൂപമായ ബ്രഹ്മത്തെപ്പറ്റിയാണെന്ന് കരുതണം.
'സ മ ആത്മേതി വിദ്യാത്' ആ പ്രാണന്‍ എന്റെ ആത്മാവാണെന്നറിയണം എന്ന വാക്യം പ്രാണന്‍ പരമാത്മാവാണെന്ന് വ്യക്തമാക്കുന്നു.
ബൃഹദാരണ്യകത്തില്‍ 'അയമാത്മാ ബ്രഹ്മ സര്‍വ്വാനുഭൂ:'- എല്ലാവര്‍ക്കും അനുഭവമുള്ള ഈ ആത്മാവ് ബ്രഹ്മമാണ് എന്ന് പറയുന്നു. ഇക്കാരണങ്ങളാല്‍ പ്രാണന്‍ എന്നതിന് പ്രത്യഗാത്മാവായ ബ്രഹ്മം എന്ന് അര്‍ത്ഥമെടുക്കണം.
സൂത്രം- ശാസ്ത്രദൃഷ്ട്യാ തൂപദേശോ വാമദേവവത്
ഇന്ദ്രന്റെ ഉപദേശമാകട്ടെ ശാസ്ത്ര വീക്ഷണമനുസരിച്ചാണ്, വാമദേവന്റെതു പോലെ.
ഈ ഉപദേശം ശാസ്ത്രദൃഷ്ടിയനുസരിച്ച് ബ്രഹ്മഭാവം പ്രാപിച്ചിട്ടുള്ളതാണ്. ഇത് വാമദേവ ഋഷിയുടെ ഉപദേശം പോലെയുള്ളതാണ്.താന്‍ ബ്രഹ്മമാണ് എന്ന് സാക്ഷാത്കരിച്ച ശേഷമാണ് ഇന്ദ്രന്‍ പ്രതര്‍ദനനോട് തന്നെ ഉപാസിക്കാന്‍ പറയുന്നത്.
ബ്രഹ്മവിദ് ബ്രഹ്മൈവ ഭവതി - ബ്രഹ്മത്തെ അറിഞ്ഞയാള്‍ ബ്രഹ്മമായിത്തീരുന്നു എന്ന് ശ്രുതി പ്രസ്താവിച്ചിട്ടുണ്ട്.ബൃഹദാരണ്യകോപനിഷത്തില്‍ 'തദ്യോയോ ദേവാനാം പ്രത്യബുദ്ധ്യത സ ഏവ തദഭവത്തഥര്‍ഷീണാം തഥാ മനുഷ്യാണാം
തഥൈതത് പശ്യന്‍ ഋഷിര്‍ വാമദേവോ പ്രതിപേദേ അഹം മനുരഭവം സൂര്യശ്ചേതി' - ദേവന്മാരില്‍ ബ്രഹ്മത്തെ അറിയുന്നയാള്‍ ബ്രഹ്മമായിത്തീരുന്നു. അതുപോലെ ഋഷികളിലും മനുഷ്യരിലും ബ്രഹ്മത്തെ അറിയുന്നയാള്‍ ബ്രഹ്മമായിത്തീരും. ബ്രഹ്മത്തെ താനായി കണ്ട വാമദേവ ഋഷി ' ഞാന്‍ മനുവായിത്തീര്‍ന്നു. സൂര്യനുമായി' എന്നിങ്ങനെ പറഞ്ഞു.
ഇങ്ങനെ വാമദേവഋഷി പറഞ്ഞതില്‍ നിന്ന് ബ്രഹ്മത്തെ അറിഞ്ഞ മഹാത്മാവ് ബ്രഹ്മമായിത്തീരുമെന്ന് വ്യക്തമായി. ഇതുപോലെ ബ്രഹ്മമയനായാണ് ഇന്ദ്രനും ഞാന്‍ പ്രാണനാണ്, പ്രജ്ഞാത്മാവാണ്, അമൃതമാണ് എന്ന് പറഞ്ഞത്. അതിനാല്‍ ഇന്ദ്രോപദേശത്തിലെ പ്രാണശബ്ദം ബ്രഹ്മം തന്നെ.
No comments:
Post a Comment