Tuesday, March 26, 2019

ദക്ഷിണാമൂർത്തി സ്തോത്രം-3

അരുണാചലത്തെ എത്ര പേർ ദിവ്യമായി കാണുന്നുണ്ട്. രമണമഹർഷി അരുണാചലത്തെ ഒരതിശയമായി കണ്ടു. തന്റെ അനുഭവത്തെ മറ്റുള്ളവർക്ക് പകർന്ന് നൽകുന്ന മലയായിട്ടാണ് കണ്ടത്. ചിലർ ചോദിക്കാറുണ്ട് ഇത് അഗ്നിപർവ്വതമാണോ. ശാസ്ത്രീയമായ ഗവേഷണം ആവശ്യമോ എന്നൊക്കെ. ബുദ്ധി ഈ രീതിയിൽ പ്രവർത്തിക്കുന്നു എന്നല്ലാതെ ആ സാന്നിദ്ധ്യത്തിന്റെ മഹാ പ്രഭാവം ആരെങ്കിലും അറിയുന്നുണ്ടോ?

ദക്ഷിണാമൂർത്തി മൗനമായി ഉപദേശിച്ചു ,ആർക്കെന്നോ വളരെ പക്വമായ നാല് ശിഷ്യൻമാർക്ക്.സനകൻ, സനന്ദനൻ, സനാതനൻ,സനത് കുമാരൻ എന്ന നാല് ആദിശിഷ്യരും ആദിഗുരുവും. ശിഷ്യൻമാരും ആശ്ചര്യം ഗുരുവും ആശ്ചര്യം.
ആശ്ചര്യോ വക്താ കുശലോസ്ത ലഭ്ത്യാ 
ആശ്ചര്യോ ജ്ഞാതാ കുശലാനു ശിഷ്ട:
വക്താവ് ഒരാശ്ചര്യമാണ് , അത് ലഭിച്ച ശിഷ്യനും ഒരാശ്ചര്യമാണ്. അത് സ്വീകരിച്ച ശിഷ്യനും, ഗുരുവും കുശലൻമാരാണ്. എന്തെന്നാൽ അങ്ങനെ കൊടുക്കാൻ ഗുരുവിന് അറിവുണ്ടായിരുന്നു. അത് സ്വീകരിക്കാനുള്ള ചമത്കാരം ശിഷ്യനുമുണ്ടായി. അങ്ങനെ ആശ്ചര്യമുളവാക്കുന്ന ഗുരുവും നാല് ശിഷ്യൻമാരും.

ചിലരെ വർഷങ്ങളോളം ഉപദേശിച്ചാലും സംശയം ബാക്കി നിൽക്കും തെളിയില്ല. ഇവിടെ ഗുരു മൗനത്തിലാണ് എന്നിട്ടും ശിഷ്യൻമാർക്ക് കിട്ടേണ്ടതൊക്കെ കിട്ടിയിരിക്കുന്നു.
രമണ ഭഗവാനും ഇങ്ങനെയായിരുന്നു. പലരും ഒരു ചോദ്യവും ചോദിക്കാതെ ആ മഹാ സന്നിധിയിലിരിക്കും. പലതും താനെ വെളിവായി കിട്ടും.സംശയങ്ങൾ ചോദിക്കുന്നവരും ഉണ്ടായിരുന്നു.വിശ്വനാഥ സ്വാമികൾ പറയുന്നു ഭഗവാൻ എങ്ങനെ ഉപദേശിച്ചു എന്നാൽ ഇരുന്തതയ് ഇരുന്ത പടിയേ ഇരുന്ത് കാട്ടി. വാക്കുകൾ കൊണ്ടല്ല അതായിട്ടിരുന്ന് കാട്ടി കൊണ്ട്. ശിഷ്യനും ഒട്ടും മോശമല്ല. ഗുരുവിൽ നിന്നത് ഗ്രഹിക്കാനുള്ള സാമർത്ഥ്യം ശിഷ്യനിലുണ്ടാകണം. ആ സാമർത്ഥ്യം ശിഷ്യനിലുള്ള പ്രഭാവമാണ് ,ഒരു ശക്തി വിശേഷം .ശിഷ്യനും സാധാരണക്കാരനല്ല. ആ പ്രഭാവത്താൽ ഗുരു എങ്ങനെയുള്ള ആളായാലും അദ്ദേഹത്തിൽ നിന്നത് കറന്നെടുക്കും.

ആ പ്രഭാവ വിശേഷം ഒരു മുമുക്ഷുവിന്റെ ഉള്ളിൽ വരുമ്പോഴാണ് വളരെ ലളിതമായിട്ട് ആത്മ സാക്ഷാത്കാരം ഉണ്ടാകുന്നത്. ഗുരുവിന്റെ അടുത്ത് പോകുന്നു ഗുരു എന്തോ പറയുന്നു അങ്ങനെയങ്ങനെ പലതും കൂട്ടി വായിച്ച് കിട്ടേണ്ടത് കിട്ടുന്നു.മുഖം പ്രകാശമാനമായി ഉള്ളിൽ പ്രശാന്തി വരുന്നു.

അഷ്ടവക്രഗീതയിൽ പറയുന്നുണ്ട് ഗുരു എന്തെങ്കിലുമൊക്കെ പറഞ്ഞാൽ മതിയാകും ഒരുപാടൊന്നും പറയണ്ട. എന്തെന്നാൽ ആ പറയുന്നതിലല്ല കാര്യം കിടക്കുന്നത് ഗുരുവിലാണ് .  ആ സത്ത് ശിഷ്യന്റെ ഉള്ളിലും ഉണ്ട് .ശിഷ്യൻ അന്വേഷിക്കുന്ന ആ സ്ഥിതി ഗുരുവിൽ ദർശിക്കുന്നു. ശിഷ്യൻ ആ സ്ഥിതി പിടിച്ചെടുക്കുന്നു അഥവാ എത്തിച്ചേരുന്നു. അതിൽ അതായിട്ട് തന്നെയിരിക്കുന്നു. അങ്ങിനെ സനന്തനാദികളിൽ ദക്ഷിണാമൂർത്തി കരുണ ചൊരിഞ്ഞു.

Nochurji
malini dipu

No comments:

Post a Comment