Tuesday, March 26, 2019

ആയതനം പരമാത്മാവ് മാത്രം

Wednesday 27 March 2019 3:05 am IST
ദ്യുഭ്വാദ്യധികരണം തുടരുന്നു.
സൂത്രം- മുക്തോപസൃപ്യവ്യപദേശാത്
(മുക്ത: ഉപസൃപ്യ വ്യപദേശാത്)
മോക്ഷം നേടിയവര്‍ക്ക്- ഉപാസിക്കേണ്ടതായി പറഞ്ഞതിനാല്‍.
സംസാരത്തില്‍ നിന്ന് മുക്തി നേടിയവര്‍ക്കു കൂടി എത്തേണ്ടതായി പറഞ്ഞിട്ടുള്ളതിനാല്‍ കഴിഞ്ഞ സൂത്രത്തില്‍ പറഞ്ഞ ആയതനം ബ്രഹ്മം തന്നെയാണ്. അത് പ്രധാനമോ അല്ല.
മുക്ത പുരുഷന്‍മാര്‍ എത്തിച്ചേരുന്ന ഇടമായി ബ്രഹ്മത്തെ നിര്‍ദേശിച്ചിരിക്കുന്നു എന്നതിനാല്‍ എല്ലാത്തില്‍ നിന്നും മുക്തനായ ആള്‍ക്കും ബ്രഹ്മം ആധാരമാണ്. ബ്രഹ്മമാണ് ആയതനമെന്ന് പറഞ്ഞതിന് ഒരു യുക്തി കൂടി ഇവിടെ പറയുന്നു. ദേഹം മുതലായവയില്‍ അഹംഭാവം വെച്ചു കൊണ്ടിരിക്കുന്നതാണ് അവിദ്യ. അതില്‍ നിന്ന് മോചനമുണ്ടാകുന്നത്  ബ്രഹ്മസാക്ഷാത്കാരമുണ്ടാകുമ്പോഴാണ്. സംസാരത്തില്‍ നിന്നുള്ള മോചനവും അത് തന്നെ. അങ്ങനെ മുക്തി നേടുന്നവര്‍ക്കും പ്രാപ്യസ്ഥാനമാണ് പരാത്പരമായ ബ്രഹ്മം. ഇത് മുണ്ഡകത്തില്‍ 'തഥാ നാമരൂപാദ് വിമുക്ത: പരാത്പരം സ്ഥാനമുപൈതി ദിവ്യം' എന്ന് പറഞ്ഞിട്ടുണ്ട്.
ബൃഹദാരണ്യകത്തില്‍ 'യദാ സര്‍വ്വേ പ്രമുച്യന്തേ കാമായേസ്യ ഹൃദി ശ്രിതാ: അഥ മര്‍ത്ത്യോളമൃതോ ഭവത്യത്ര ബ്രഹ്മ സമശ്‌നുതേ'വിദ്വാന്റെ ഹൃദയത്തിലുള്ള കാമങ്ങള്‍ എപ്പോള്‍ മുഴുവനായും നശിക്കുന്നുവോ അപ്പോള്‍ മര്‍ത്ത്യന്‍ അമൃതസ്വരൂപനായി ബ്രഹ്മമായിത്തീരുന്നു എന്ന് പറയുന്നു. ഇക്കാരണത്താലും ബ്രഹ്മത്തെ തന്നെ ആയത്തമായി സ്വീകരിക്കണം. കാലദേശങ്ങള്‍ക്ക് അതീതമായ എങ്ങും നിറഞ്ഞ ബ്രഹ്മത്തെ ഉപാസിച്ചാലേ ഫലമുള്ളൂ. പ്രധാനത്തേയോ വായുവിനേയോ ആയതനമായി കാണാനാകില്ല.
സൂത്രം- നാനുമാനമതച്ഛബ്ദാത്
(ന അനുമാനം അതത് ശബ്ദാത്)
ഊഹിക്കുന്ന പ്രധാനം അല്ല. അതിനെക്കുറിക്കുന്ന ശബ്ദമല്ലാത്തതിനാല്‍. ഈ പ്രകരണത്തില്‍ പ്രധാനം, വായു എന്നിവയെപ്പറ്റി ഒരു ശബ്ദവുമില്ലാത്തതിനാല്‍ ആയതനം പ്രധാനമോ വായുവോ അല്ല. ബ്രഹ്മം തന്നെയാണ്.
പ്രധാനം എന്നതിനെ ഇവിടെ പറഞ്ഞിട്ടില്ലാത്തതിനാല്‍ സ്വര്‍ഗ്ഗാദി ലോകങ്ങള്‍ക്ക് ആധാരമല്ല. പ്രധാനത്തെക്കുറിച്ച് ഒരു വാക്കു പോലും ഇവിടെ പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ജഗത്തിന്റെ ആധാരവുമല്ല. പരമാത്മാവ് മാത്രമാണ് ജഗത്തിന്റെ ആധാരം.
സൂത്രം- പ്രാണഭൃച്ച
(പ്രാണഭൃത് ച)
പ്രാണനെ ധരിക്കുന്ന ജീവാത്മാവും ജഗത്തിന് ആധാരമല്ല, അഥവാ ആയതനമല്ല.
കഴിഞ്ഞ സൂത്രത്തിന്റെ തുടര്‍ച്ചയാണ് ഈ സൂത്രം. ജീവാത്മാവിന് ചേതനത്വവും ആത്മത്വവും പരിമിത ജ്ഞാനവും ഉണ്ട്. പക്ഷേ സര്‍വ്വജ്ഞത്വവും സര്‍വവിത്ത്വവും ഇല്ലാത്തതിനാല്‍ ശരീരത്തിലിരിക്കുന്ന ജീവനും ആയതനമാകില്ല.
പ്രകൃതി വാചകമായ ശബ്ദം ഉപയോഗിക്കാത്തതുപോലെ ജീവാത്മാവിനെ കുറിക്കുന്ന ശബ്ദവും ഇല്ല. അതിനാല്‍ ജീവാത്മാവും ജഗത്തിന് ആധാരമല്ല എന്ന് ഉറപ്പാക്കാം. ആത്മശബ്ദത്തെ പരമാത്മാവാചകമായാണ് പറഞ്ഞിരിക്കുന്നത്.
ഏഷ അമൃതസ്യ സേതുഃ എന്ന വിശേഷണം പരമാത്മാവിന് മാത്രം ചേരുന്നതാണ്. അതിനാല്‍ ജഗത്തിന്റെ ആധാരമായ ആയതനം പരമാത്മാവ് മാത്രമാണ്.

No comments:

Post a Comment