Sunday, March 24, 2019

ഗുരുവും തത്ത്വവും
പുറമേയ്ക്ക് അലഞ്ഞുനടക്കുന്ന മനസ്സിനെ ഉപദേശംകൊണ്ട് അന്തര്‍മുഖമാക്കുന്നു ബാഹ്യഗുരു.
ഇങ്ങനെ അന്തര്‍മുഖമായ മനസ്സിനെ ഹൃദയാന്തര്‍ഭാഗത്ത് കുടികൊള്ളുന്ന ചിത്ശക്തി ആന്തരികഗുരുവായി വര്‍ത്തിച്ച് ഒരനിര്‍വചനീയ നിര്‍വൃതി അനുഭവമാക്കിക്കൊണ്ട് താന്‍-താനായിരിക്കുന്ന ഉണ്മയെ പ്രകാശിപ്പിച്ചുകൊടുക്കുന്നു. ഉണ്മതന്നെ താനെന്ന വസ്തുതത്വം ബോധ്യപ്പെടുന്ന ജീവന്റെ ജീവഭാവം പോയ്പ്പോയി സ്വയം ഉണ്മയായി ഇരിക്കുന്നു.
ഈ ചിത്ശക്തിയെത്തന്നെയാണ് ഗുരുതത്ത്വം എന്നു പറയുന്നത്. അത് സകല പ്രാണികളിലും പ്രാപഞ്ചികവസ്തുക്കളിലും ഉണ്മയുടെ ഒരു കലയായി വര്‍ത്തിക്കുന്നതിനാല്‍ അവിച്ഛിന്നമായി സര്‍വത്ര നിറഞ്ഞുനില്‍ക്കുന്നു.
മനസ്സിനെ അന്തര്‍മുഖമാക്കുന്നതോടെ ബാഹ്യഗുരുവിന്റെ ധര്‍മ്മം അവസാനിച്ചു, പിന്നീട് ജീവനെ സത്യത്തിലേക്കു കൈപിടിച്ചു കൂട്ടിക്കൊണ്ടു പോകുന്നത് ഗുരുതത്ത്വം തന്നെയാണ്. ഇവിടെയാണ് അപാരമായ കൃപ പ്രവര്‍ത്തിച്ച് ആന്തരിക ഗീതാപ്രവാഹമുണ്ടാവുന്നതും ജീവന്‍ അനുഗ്രഹിക്കപ്പെടുന്നതും.
സുഖമെവിടെ കിട്ടും എന്നന്വേഷിച്ച് സകല പ്രാപഞ്ചികവസ്തുക്കളിലും കയറിയിറങ്ങുന്ന ജീവന്‍ അതിലൊക്കെ ശ്രമിച്ച് പരാജയപ്പെടുമ്പോഴാണ് അവസാനത്തെ അത്താണിയായ ഗുരുവിന്റെ (ബാഹ്യഗുരു) ആവശ്യം വരുന്നത്.
sudha bharat

No comments:

Post a Comment