Saturday, March 02, 2019

വംശാവലി----ജമദഗ്‌നി മഹര്‍ഷി--പരശുരാമന്റെ അച്ഛനും, ഉഗ്രപ്രഭാവനുമായ ഒരു മഹര്‍ഷി.






ജമദഗ്‌നി മഹര്‍ഷി
പരശുരാമന്റെ അച്ഛനും, ഉഗ്രപ്രഭാവനുമായ ഒരു മഹര്‍ഷി.
വംശാവലി:
മഹാവിഷ്ണുവില്‍ നിന്നു അനുക്രമത്തില്‍ ബ്രഹ്മാവ്-ഭൃഗു-ച്യവനന്‍-ഊര്‍വ്വന്‍- ഋചീകന്‍- ജമദഗ്‌നി.
ജമദഗ്‌നി മഹര്‍ഷിയുടെ ജനനം സംബന്ധിച്ച് ഒരു പുരാണ പ്രസ്താവനയുണ്ട്. ഋചീകമുനിയുടെ ഭാര്യയായ സത്യവതി ഒരിക്കല്‍ ഭര്‍ത്താവിനോട് തനിക്കും, തന്റെ മാതാവിനും ഓരോ പുത്രന്‍ ജനിയ്ക്കണമെന്നപേക്ഷിച്ചു. അതനുസരിച്ച് ഋചീകന്‍ ഹോമത്തിനു ശേഷം ചോറ് നിറച്ച രണ്ടു പാത്രങ്ങള്‍ മന്ത്രം ചൊല്ലി സത്യവതിക്കു നല്കി. ഒരു പാത്രത്തില്‍ ബ്രഹ്മതേജസ്സും, മറ്റെ പാത്രത്തില്‍ ക്ഷാത്രതേജസ്സും നിറച്ചിരുന്നു. ബ്രഹ്മതേജസ്സ് നിറഞ്ഞ ചോറ് സത്യവതി ഭക്ഷിക്കണമെന്നും, ക്ഷാത്രതേജസ്സ് നിറഞ്ഞ ചോറ് അമ്മയ്ക്ക് കൊടുക്കണമെന്നും ഋചീകന്‍ സത്യവതിയോട് നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ മുനി അറിയാതെ അമ്മയും, മകളും കൂടി ഒരു ഒളിച്ചുകളി നടത്തി. ബ്രഹ്മതേജസ്സ് നിറഞ്ഞ ചോറ് അമ്മയും, ക്ഷാത്രതേജസ്സ് നിറഞ്ഞ ചോറ് സത്യവതിയും ഭക്ഷിച്ചു. ഇരുവരും ഗര്‍ഭം ധരിച്ചു. ഗര്‍ഭം വളര്‍ന്നതോടുകൂടി സത്യവതിയുടെ മുഖത്ത് ക്ഷാത്രതേജസ്സും, മാതാവിന്റെ മുഖത്ത് ബ്രഹ്മതേജസ്സും നിഴലിച്ചു തുടങ്ങി. ഈ സംഭവത്തെക്കുറിച്ച് ഒരിക്കല്‍ ഋചികന്‍ സത്യവതിയോട് പരമാര്‍ത്ഥം അന്വേഷിച്ചു. ദേവി സംഭവിച്ചതെല്ലാം തുറന്നു പറഞ്ഞു.
സത്യവതിയും, മാതാവും ഒരേ സമയത്തു തന്നെ പ്രസവിച്ചു. സത്യവതിയുടെ പുത്രനാണ് ക്ഷാത്രതേജസ്സു നിറഞ്ഞ ‘ജമദഗ്‌നി’. മാതാവ് പ്രസവിച്ച പുത്രനാണ് ബ്രഹ്മതേജസ്സ് നിറഞ്ഞ ‘വിശ്വാമിത്രന്‍’.
യൗവ്വനാരംഭത്തില്‍ തന്നെ ഭൂപ്രദക്ഷണത്തിനു പുറപ്പെട്ട ജമദഗ്‌നി ഇക്ഷ്വാകുവംശരാജാവായ പ്രസേനജിത്തിന്റെ പുത്രി ‘രേണുക’ എന്നു പേരുള്ള രാജകുമാരിയെ കണ്ടുമുട്ടുകയും ദേവിയില്‍ അനുരക്തനാകുകയും ചെയ്തു. രേണുകയെ തനിക്കു ഭാര്യയായി തരണമെന്ന് ജമദഗ്‌നി പ്രസേനജിത്തിനോടാവശ്യപ്പെട്ടു. മുനിയുടെ ആഗ്രഹത്തെ മാനിച്ച് അദ്ദേഹം മകളെ ജമദഗ്‌നിക്കു ഭാര്യയായി നല്‍കി. വിവാഹശേഷം ജമദഗ്‌നി രേണുകയോടുകൂടി നര്‍മ്മദാ നദിയുടെ തീരത്ത് ആശ്രമം കെട്ടി താമസം തുടങ്ങി.
ദുഷ്ടന്മാരായ രാജാക്കന്മാരുടെ ഭാരം കൊണ്ട് ഭൂമിദേവി വിഷമിച്ചപ്പോള്‍ മഹാവിഷ്ണു രേണുകയില്‍ നിന്നു ജമദഗ്‌നിയുടെ പുത്രനായി രാമന്‍ എന്ന പേരില്‍ ഭൂമിയില്‍ അവതരിച്ചു. കുട്ടിക്കാലത്ത് രാമന്‍ മാതാപിതാക്കളോടൊന്നിച്ച് ആശ്രമത്തില്‍ തന്നെ കഴിഞ്ഞു കൂടി. ഇദ്ദേഹം ബ്രാഹ്മണനായിരുന്നെങ്കിലും വേദാദ്ധ്യയനം ചെയ്തിരുന്നതായി പുരാണങ്ങളില്‍ കാണുന്നില്ല. ഒരു പക്ഷേ മാതാപിതാക്കളോടൊത്ത് ആശ്രമത്തില്‍ കഴിഞ്ഞു കൂടിയിരുന്ന ബാല്യകാലത്ത് ചിലപ്പോള്‍ അച്ഛനില്‍നിന്ന് വേദാദ്ധ്യയനം അഭ്യസിച്ചിരിക്കാം. ധനുര്‍വിദ്യവശമാക്കാനായിരുന്നു രാമന്‍ കൂടുതല്‍ താത്പര്യം കാണിച്ചിരുന്നത്. അതിനായി ഹിമാലയ പ്രാന്തത്തിലെത്തി ആയിരം വര്‍ഷം അദ്ദേഹം ശ്രീപരമേശ്വരനെ തപസ്സു ചെയ്തു. സന്തുഷ്ടനായ ഭഗവാന്‍ പലതവണ രാമന്റെ ഗുണങ്ങള്‍ പത്‌നിയായ പാര്‍വ്വതിയെ കേള്‍പ്പിച്ചു. ഈ ഘട്ടത്തിലാണ് അസുരന്മാര്‍ ശക്തി സംഭരിച്ച് ദേവന്മാരോട് യുദ്ധം പ്രഖ്യാപിച്ചത്. ദേവന്മാര്‍ ശിവനെ അഭയം പ്രാപിച്ചു. ശിവന്‍ രാമനെ ക്ഷണിച്ച് അസുരന്മാരെ കൊല്ലാന്‍ ആജ്ഞാപിച്ചു. അസ്ത്രങ്ങളില്ലാതെ താനെങ്ങനെ യുദ്ധക്കളത്തിലേക്കു പോകുമെന്നു രാമന്‍ ശിവനോടു ചോദിച്ചു.
”പോകെന്റെ സമ്മതത്തോടെ
നീ ഹരിയ്ക്കും രിപൂക്കളെ”
എന്നു ശിവന്‍ കല്‍പിച്ചതോടെ രാമന്‍ ശിവനെ നമസ്‌കരിച്ച് യുദ്ധക്കളത്തിലേക്കു നീങ്ങി. സകല അസുരന്മാരെയും നിഷ്പ്രയാസം പരാജയപ്പെടുത്തിയ ശേഷം രാമന്‍ ശിവന്റെ അടുക്കലേക്കു തിരിച്ചെത്തി. സന്തുഷ്ടനായ ഭഗവാന്‍ രാമനു ദിവ്യാസ്ത്രങ്ങളും, വരങ്ങളും നല്‍കി അനുഗ്രഹിച്ചു. ഈ ഘട്ടം വരെ പരശുരാമന്റെ പേര് രാമന്‍ എന്നായിരുന്നു. ആയുധങ്ങളുടെ കൂട്ടത്തില്‍ ശിവന്‍ ഒരു പരശു (കോടാലി) രാമനു കൊടുത്തു. അന്നുമുതലാണ് രാമന് ‘പരശുരാമന്‍’ എന്നു പേര്‍ ലഭിച്ചത്.
rajmohan

No comments:

Post a Comment