Friday, March 22, 2019

ഈ ലോക ജീവിതസൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും സുഖലോലുപതയും ബാഹ്യ മോടിയും പ്രൗഢിയും അധികാരപ്രമത്തതയും കൊടികുത്തി വാഴുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ത്യാഗവും അന്യരുടെ ദുഃഖത്തിൽ പങ്കുചേരുക എന്നത് പുതുതലമുറയ്ക്ക് അരോചകമായി മാറുകയാണ്. ഒരു ശരാശരി മനുഷ്യന്   സഹനത്തെക്കുറിച്ചുള്ള ചിന്തതന്നെ വെറുപ്പാണ്. അതില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് ആളുകള്‍ ആഗ്രഹിക്കുന്നത്.

നാം ശാന്തമായി സഹനങ്ങളെ ഏറ്റെടുക്കണം.
ഇന്നലെകളുടെ സഹനങ്ങളില്‍ പര്യാകുലരാകാതെ നാളത്തെ സഹനത്തെക്കുറിച്ച് ഉത്കണ്ഠപ്പെടാതെ ഓരോ ദിവസത്തെയും ക്ലേശങ്ങളെ അന്നന്ന് അഭിമുഖീകരിക്കണം. 

ആധുനിക മനുഷ്യനാകട്ടെ സഹനത്തെ തിന്മയായി കരുതി അതിനെ അകറ്റിനിര്‍ത്താന്‍  അതില്‍നിന്നും ഒഴിഞ്ഞുമാറാന്‍ പരിശ്രമിക്കുന്നു. 
എന്നാല്‍ തങ്ങള്‍ പോകുന്നിടത്തെല്ലാം സഹനം അവരെ അനുഗമിക്കുന്നു എന്ന് അവരറിയുന്നില്ല.

സഹനങ്ങളെ സ്വീകരിക്കേണ്ടത് എങ്ങനെ എന്നത് ഏറെ പ്രസക്തമായ ഒരു ചിന്തയാണ്. ഒഴിച്ചുകൂടാനാവാത്ത തിന്മയെന്നോ വിധിയെന്നോ ചിന്തിച്ച് സഹനങ്ങളെ സ്വീകരിക്കുന്നവര്‍ക്ക് അത് തീര്‍ച്ചയായും ഭാരവും ദുസ്സഹവുമായിരിക്കും. 

മറ്റൊരു കൂട്ടര്‍ പിറുപിറുപ്പോടെ പരാതിയോടെ സഹനങ്ങളെ സ്വീകരിക്കുന്നു. അവര്‍ക്കും സഹനങ്ങള്‍ ഭാരപ്പെടുത്തുന്നവയും ഫലശൂന്യവുമായി മാറുന്നു. 

സഹനത്തെ ഒരു അമൂല്യ സമ്പത്തായി കണ്ട് അതിനെ അന്വേഷിക്കുമ്പോള്‍ അതുതന്നെ നമുക്കേറ്റവും വലിയ സന്തോഷമായിത്തീരും. 

മറ്റുള്ളവരുടെ സഹനങ്ങള്‍ ഏറ്റെടുക്കുക
സഹനം ഒരു സുകൃതമായിത്തീരണമെങ്കില്‍ സ്വന്തം ദുഃഖങ്ങളും ദുരിതങ്ങളും വിസ്മരിക്കുകയും തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്യണം. 

കൂടാതെ സ്വന്തം സഹനങ്ങളില്‍ മുഴുകിക്കഴിയാത
അതിന് അമിതപ്രാധാന്യം നല്‍കാതെ മറ്റുള്ളവരുടെ സഹനങ്ങളില്‍ ശ്രദ്ധയും താല്പര്യവും കാട്ടണം. 
അപ്പോ ള്‍ തന്റെ സഹനങ്ങള്‍ വലുതാണെങ്കില്‍ തന്നെ അവയെക്കാള്‍ വലിയ സഹനങ്ങള്‍ക്ക് വിധേയരായിട്ടുള്ളവരുണ്ടെന്ന് ബോധ്യം വരും.

മറ്റുള്ളവരുടെ സഹനങ്ങളോട് താരതമ്യപ്പെടുത്തുമ്പോള്‍ തന്റെ സഹനങ്ങള്‍ എത്ര നിസ്സാരമെന്നും മനസ്സിലാകും.

പ്രതിസന്ധിയിൽ മന്ദഹാസം ശീലിക്ക
നേരിടാൻ മറ്റില്ല മാർഗ്ഗം.

ദു:ഖമുണ്ടാകുമ്പോൾ അതിന്റെ മുമ്പിൽ തളരുകയല്ല വേണ്ടത്. അത് കർമ്മ ശക്തിയെ ക്ഷയിപ്പിക്കുകയേ ഉള്ളൂ. അതിനെ നിസ്സാരമായി കൈകാര്യം ചെയ്യാൻ മാർഗ്ഗം തേടുക
അതിന്റെ നേരേ നോക്കി മന്ദഹസിക്കുകയും മന:പ്രസാദം പുലർത്തുകയും ചെയ്യുക. ദുഃഖത്തെ കീഴടക്കുവാൻ അതിനു തുല്യം മറ്റൊരു മാർഗ്ഗമില്ല.

No comments:

Post a Comment