Monday, March 04, 2019



 ഇത്രയും പ്രശ്നങ്ങൾ നേരിട്ട മറ്റൊരാൾ ഉണ്ടോ ??????????
ജനിക്കുന്നതിനു വർഷങ്ങൾ മുൻപ് തന്നെ  ഒരുപാടുപേരുടെ ശത്രു  ആകേണ്ടി വന്ന  ഒരാൾ.. 
 അച്ഛനമ്മമാരുടെ വിവാഹ ദിവസം തന്നെ , തന്റെ ജനനത്തെ ഓർത്തു അവരുടെ സമാധാനം കെടുത്തിയ ഒരാൾ.. 
ആറു സഹോദരങ്ങളുടെയും വിയോഗത്തിന് കാരണക്കാരനായ ആൾ..
കണ്ണൻ ജനിച്ചത് തന്നെ ഇത്രയും അപവാദങ്ങളും പേറിയാണ്.
ജനിച്ച സമയവും സാഹചര്യവും  നോക്കിയാലോ... 
ജ്യോതിഷ ശാസ്ത്ര പ്രകാരം എട്ട് ഒട്ടും ശുഭമല്ലാത്ത സംഖ്യ ആണ്. കണ്ണൻറെ ജനനം അഷ്ടമി ദിവസം, അതും എട്ടാമത്തെ പുത്രനായിട്ട്. 
ജനിച്ചതോ.. കാരാഗൃഹത്തിൽ.
ജനിച്ച ഉടനെ പെറ്റമ്മയുടെ അടുത്തുനിന്നു മാറ്റപ്പെട്ടു. അതും വര്ഷങ്ങളോളം. ഒരു കുഞ്ഞിനോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരത.
ലാളനകൾ ഏറ്റു വാങ്ങേണ്ട പ്രായത്തിൽ കൊല്ലാൻ വന്നത് ഒന്നല്ല , അനേകം പേർ. 
ടീനേജ്  ആയപ്പൊളേക്കും ,പ്രേമിച്ച പെണ്ണിനോട് ഒറ്റ ദിവസം കൊണ്ട് ഗുഡ് ബൈ പറഞ്ഞു നാട് വിട്ടു പോകേണ്ടി വന്നു. അതും ഇനി ഒരിക്കലും കാണില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെ.
അമ്മാവനെ കൊന്നവൻ എന്ന അപഖ്യാതി വേറെ.
അതിനിടയിൽ.. മനസ്സാ വാചാ അറിയാതെ ..സ്യമന്തകം കട്ട  കള്ളൻ എന്ന പേരും വീണു.
രാജാവിന്റെ തടവറയിൽ നിന്ന് മോചിപ്പിച്ച  പതിനാറായിരത്തെട്ടു സ്ത്രീകളെ സമൂഹം പുറംതള്ളിയപ്പോൾ , അവരെ രാഞ്ജിമാരുടെ പദവി നൽകി ഏറ്റവും വലിയ നവോത്‌ഥാന  മാതൃക കാണിച്ചതിന്, പെണ്ണുപിടിയൻ എന്ന് പലരും വിളിച്ചു. 
താൻ ജനിച്ച  യാദവ കുലം മുഴുവൻ തമ്മിൽ തല്ലി നശിക്കുന്നത് കാണേണ്ടി വന്നു.
ഇടയ്ക്കു ദ്വാരകയിൽ പോയി ഒളിച്ചു താമസിക്കേണ്ടിയും  വന്നു.
ഇതൊക്കെ ആയിട്ടും.. ഒരു തുള്ളി കണ്ണുനീർ മനോഹരമായ ആ കണ്ണുകളിൽ നിന്ന് വീണതായി ഭാഗവതം പറയുന്നില്ല. ( ആകെ കണ്ണ് നിറഞ്ഞതായി പറയുന്നത് കുചേലനെ കണ്ടപ്പോളാണ്. അത് സന്തോഷാശ്രുക്കൾ  ആണെന്ന് വേണം അനുമാനിക്കാൻ ).
കരഞ്ഞില്ലെന്നു മാത്രമല്ല.. ഒരിക്കൽ പോലും  ഒന്ന് മൂഡ് ഓഫ് ആയതായി.. കൺഫ്യൂസ്ഡ് ആയി നിന്നതായി പറയുന്നില്ല. 
ഒടുവിൽ ആലിൻകൊമ്പിൽ കിടന്ന്, കാട്ടാളന്റെ അമ്പേറ്റ്‌ വിടപറയുമ്പോളും ആ മുഖത്തു പുഞ്ചിരി  ആയിരുന്നു.

ഈ ഏകാദശി ദിനത്തിൽ ഞാൻ ആലോചിക്കുകയായിരുന്നു..
ഇത്രയും നെഗറ്റിവിറ്റികളിൽ ജനിച്ചു , സമാനതകളില്ലാത്ത പ്രശ്നങ്ങളെ നേരിട്ട് ജീവിച്ചപ്പോൾ പോലും .. ആ പ്രതിസന്ധികളെ എല്ലാം ധീരതയോടെയും പുഞ്ചിരിയോടെയും നേരിട്ട്, ആസ്വാദ്യകരമായ ജീവിതം നയിച്ച്.. ഇങ്ങനെ വേണം ജീവിക്കാൻ എന്ന് കാണിച്ചുതന്ന കണ്ണന്റെ മുൻപിൽ.. ഇതിന്റെ പകുതി പ്രശ്നങ്ങൾ ഇല്ലാത്ത നമ്മൾ ഒക്കെ ചെന്ന് നിന്ന് കരയുമ്പോൾ..എന്തായിരിക്കും കണ്ണന്റെ മനസ്സിൽ തോന്നുന്ന വികാരം.
എനിക്ക് കിട്ടിയ ഉത്തരം ഇതാണ് - ആ വിഗ്രഹത്തിനു ചലനശേഷി ഉണ്ടായിരുന്നെങ്കിൽ ഇറങ്ങി വന്നു കരണത്ത് ഒന്ന് തന്നേനെ. 
ഒപ്പം ചോദിച്ചേനെ.. ഞാൻ ജീവിച്ചു കാണിച്ചു തന്നു, പോരാഞ്ഞു സംസ്കൃതത്തിലും... ഇനി അത് മനസ്സിലാകാഞ്ഞു വേണ്ടാ ന്ന് വച്ച് മലയാളത്തിലും എഴുതി വെപ്പിച്ചിട്ടുണ്ട്. എന്നിട്ടും ഇവിടെ വന്ന് മോങ്ങുവാ? എന്തുവാടെ ഇത്???( തിരോന്തോരുത്തുകാരോട് )                   എന്തൂട്ടാഷ്ടാ? (തൃശൂർകാരോട് )       എന്താ ന്റ കുട്ട്യേ ത്? (നമ്മൾ ഷൊർണൂർകാരോട് )
( അതുകൊണ്ട് നമുക്കും ജീവിക്കാം കണ്ണനെ പോലെ. പ്രശ്നങ്ങളിൽ തളരാതെ.. പ്രതിസന്ധികളിൽ പതറാതെ .. പുഞ്ചിരിയോടെ.  അപ്പോൾ കണ്ണനും ഉണ്ടാവും കൂടെ )

No comments:

Post a Comment