Friday, March 01, 2019

ഗുരുവായൂരിൽ തന്നെയുള്ള ഒരു ബ്രാഹ്മണകുടുംബമാണ് നെന്മിനി മന. ഇവരുടെ വംശപരമ്പര ഇന്നും ഗുരുവായൂരിലുണ്ട്. എല്ലാ വർഷവും വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ചുള്ള സപ്തമി വിളക്ക് മനക്കാരുടെ വകയാണ്.  ഗുരുവായൂരപ്പന്റെ പ്രത്യേക ഭക്തവാത്സല്യത്തിന് പാത്രമായ ഇവിടുത്തെ ഒരു ഉണ്ണി നമ്പൂതിരിയുടെ കഥ എല്ലാവരും കേട്ടീട്ടില്ലേ. 
കുറച്ചു ദിവസായി കണ്ണൻ പറയണൂ ആ ഉണ്ണീടേ കഥ പറഞ്ഞു തരാം ന്ന്. ഇന്നലെ രാത്രി പന്ത്രണ്ടു മണി വരെ ഉണ്ണീടെ കഥ പറയായിരുന്നു കണ്ണൻ. കഥയെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ കണ്ണന്റെ കണ്ണിൽ മിഴിനീരിന്റെ തിളക്കം. ആ കഥയാണ് ട്ടോ ഇവിടെ പറയുന്നത്. 
ഹരേ ഗുരുവായൂരപ്പാ ശരണം. 
എല്ലാവരും കഥ കേൾക്കാൻ തയ്യാറായോ?
ഉണ്ണിക്കുട്ടന് സന്തോഷം അടക്കാനായില്ല. ഇന്ന് കണ്ണന് ഉച്ചയ്ക്ക് മാമമൂട്ടേണ്ടത് താനാണ്. എന്നും ഗുരുവായൂർ നടയിൽ നില്ക്കുമ്പോൾ കൊതിയാവും. അച്ഛനെപ്പോലെ കണ്ണന് നൈവേദ്യച്ചോറും പായസവും ഊട്ടാൻ കഴിഞ്ഞെങ്കിൽ എന്ന്. അച്ഛൻ നടയടച്ച് ഇരുന്ന് കണ്ണനെ ഊട്ടുന്നത് കൊണ്ട് കണ്ണൻ വന്ന് മാമുണ്ണത് കാണാൻ ഒരിക്കലും തരായീട്ടില്യ. 
ഉണ്ണി ചോദിക്കും. 
" അച്ഛാ ഇന്ന് കൃഷ്ണൻ മാമുണ്ണാൻ വന്നോ? 
പിന്നേ ഇല്യാണ്ടോ? 
എന്നീട്ട്? 
കണ്ണന് നെയ്യും ഉപ്പേരീം പഴം നുറുക്കും കാളനും എല്ലാം ചേർത്ത് ഓരോരോ ഉരുളകളാക്കി കയ്യിൽ വച്ച് കൊടുത്തു. 
അപ്പോഴോ?
കണ്ണൻ അതെല്ലാം സന്തോഷത്തോടെ കഴിച്ചു. 
അതിനു ശേഷം പാൽപ്പായസം കൊടുത്തു.
കണ്ണന് ഏറ്റവും ഇഷ്ടം എന്താ അച്ഛാ ? 
ഉപ്പുമാങ്ങേം കട്ടത്തൈരും കൂട്ടിയ ചോറും പപ്പടോം.
പിന്നെ പാൽപ്പായസം. 
"അച്ഛാ എനിക്കും കണ്ണനെ കാണണം. എന്റെ മുന്നിലും കണ്ണൻ വരുമോ?
കണ്ണനോട് ഇഷ്ടമുള്ള എല്ലാവരുടേയും മുന്നിൽ കണ്ണൻ വരും.
പിന്നെന്താ അച്ഛാ ഇല്ലത്ത് തേവാരം ചെയ്യുമ്പോൾ ഇവിടെ വരാത്തെ? 
വരുന്നുണ്ട്. ഉണ്ണി കാണാഞ്ഞീട്ടാ. ഉണ്ണീടെ അടുത്തും വരണം ന്ന് കണ്ണനോട് പറയൂ.
ഉണ്ണിക്ക് കണ്ണനെ കാണാൻ കൊതിയായി.
 ഉണ്ണിക്ക് അനിയനും കൂട്ടുകാരനും എല്ലാമാണ് കണ്ണൻ. മുത്തശ്ശ്യമ്മേടെ മടിയിൽ തലവെച്ച് കിടന്നുകൊണ്ട് കണ്ണന്റെ കുറുമ്പുകളും കളികളും എല്ലാം കേൾക്കാൻ നല്ല രസമാണ്. ഇടയ്ക്ക് കണ്ണൻ അടുത്ത് വന്നിരിക്കുന്നത് പോലെ തോന്നും. പലപ്പോഴും മുത്തശ്ശി കണ്ണുനീർ വാർത്തുകൊണ്ട് പറയും " കാരുണ്യക്കടലായ പൊന്നു ഗുരുവായൂരപ്പനെ സേവിക്കാൻ കഴിയണത് പല പല ജന്മങ്ങളിൽ ചെയ്ത സുകൃതത്തിന്റെ ഫലമാണ്. ഗുരുവായൂപ്പന്റെ മേൽശാന്തി ആവാൻ കഴിഞ്ഞത് മോന്റെ അച്ഛന്റെ സുകൃതം. നമ്മുടെ എല്ലാവരുടെയും സുകൃതം. ഈ നെന്മിനി ഇല്ലത്തിന്റെ ഭാഗ്യം. "
പിന്നെ കുറേ നേരം മുത്തശ്ശി നാമത്രയം ജപിച്ചു കണ്ണുനീർ വാർക്കും. ഒരിക്കൽ ഉണ്ണി മുത്തശ്ശിയോട് ചോദിച്ചു 
" മുത്തശ്ശീ അച്ഛനെപ്പോലെ എനിക്കും ഗുവായൂരപ്പന് മാമം കൊടുക്കാൻ പറ്റോ?"
"മുത്തശ്ശീടെ ഉണ്ണിക്കുട്ടന്  ഗുരുവായൂരപ്പന്റെ അനുഗ്രഹം ണ്ട് ച്ചാൽ ഒക്കെ തരാവും."
"എന്നാ ദ് മുത്തശ്ശീ?"
"അത് കണ്ണനോട് ചോദിക്കൂ ഉണ്ണ്യേ"
പിന്നീടെന്നും കണ്ണനോട് ചോദിക്കും. കൃഷ്ണാ അച്ഛനെപ്പോലെ ഞാനും ഒരു ദിവസം മാമം തരട്ടേന്ന്. കണ്ണൻ ഒന്നും പറയാതെ പുഞ്ചിരിയോടെ നില്ക്കും. 
ഇന്നിപ്പോൾ അച്ഛന് അത്യാവശ്യായി അടുത്തൊരെടം വരെ പോവ്വേണ്ടി വന്നിരിക്കുണു.  ഇന്നലെ അച്ഛൻ അമ്പലത്തിൽ വച്ചാണ് യാത്രയുടെ കാര്യം പറയണത്. ഗുരുവായൂരപ്പന്റെ പൂജ മുട്ടിക്കാൻ വയ്യ. എന്താ ചെയ്യാ ന്ന് നിശ്ചല്യ എന്ന് അച്ഛൻ ആവലാതി പറഞ്ഞപ്പോൾ അമ്പലത്തിലെ കഴകക്കാരൻ വാര്യരാണ് പറഞ്ഞത്. " തിരുമേനി നേരത്തെ പൂജേം അലങ്കാരോം എല്ലാം കഴിച്ചു പൊയ്ക്കോളൂ. ബാക്കി എല്ലാം ഇന്നൊരു ദിവസം ഉണ്ണി നമ്പൂരി ചെയ്യട്ടെ." ഉണ്ണി സന്തോഷത്തോടെ അച്ഛനെ നോക്കി. 
അച്ഛന് അത് അത്ര സമ്മതല്ലാത്തത് പോലെ. ആറു വയസ്സായ ഉണ്ണ്യല്ലേ. അതിന് വേണ്ടപോലെ ചെയ്യാൻ കഴിയോ?
"ഉപന്യം (ഉപനയനം) കഴിഞ്ഞ ഉണ്ണ്യല്ലേ. പിന്നെ നമ്മുടെ ഗുരുവായൂരപ്പനും. കുട്ട്യോള് ചെയ്താൽ കണ്ണന് സന്തോഷാവേള്ളൂ. "
എന്റെ മനസ്സ് തുടികൊട്ടുന്നത് അച്ഛൻ കേട്ടുവോ? അച്ഛൻ എന്റെ മുഖേത്തേക്ക് നോക്കി. അച്ഛൻ ശരി വച്ചു. ഇന്നലെ രാത്രി കിടന്നീട്ട് ഉറക്കം വന്നില്ല. ഒന്നു മയങ്ങുമ്പോഴേക്കും കണ്ണൻ വിശക്കുന്നു എന്ന് പറഞ്ഞ് കൈ നീട്ടും. നേദ്യച്ചോറ് നോക്കീട്ട് കാണാനും ല്യ. പരിഭ്രമിച്ച് കണ്ണു തുറക്കും. സ്വപ്നാണ് എന്നറിയുമ്പോൾ സമാധാനാവും. ഇങ്ങിനെ എങ്ങിന്യൊക്ക്യോ നേരം വെളുത്തു. കണ്ണന്റെ രുദ്രതീർത്ഥത്തിൽ മുങ്ങിക്കുളിച്ച് അമ്പലത്തിൽ എത്തി.  കണ്ണന് ഉപ്പുമാങ്ങേം കട്ടത്തൈരും ഇഷ്ടാണ് എന്ന് അച്ഛൻ പറഞ്ഞതോർത്തു. ഒറ്റയോട്ടത്തിന് ഇല്ലത്തെത്തി. ഉപ്പുമാങ്ങേം തൈരും കൊണ്ടുവന്ന് തെടപ്പള്ളീൽ വച്ചു. അച്ഛൻ പോകാൻ തയ്യാറായി. 
"ഉണ്ണ്യേ ഉച്ചപ്പൂജയ്ക്ക് നടയടച്ച് നേദ്യം കഴിയുമ്പോഴേക്കും അച്ഛനിങ്ങടെത്താം. തൊഴാൻ വരുന്നവർക്ക് പൂവ്വും പ്രസാദോം കൊടുക്കണം. "
ശരി അച്ഛാ.....
നേദ്യത്തിനുള്ള പടച്ചോറും പാൽപ്പായസോം എല്ലാം തെയ്യാറായീണ്ട് ട്ടോ. ഒന്നും തെറ്റ് കൂടാതെ ചെയ്യണം ട്ടോ കുട്ടാ. അശ്രദ്ധ പാടില്യ." 
"അങ്ങന്യാവട്ടെ അച്ഛാ....."
അച്ഛൻ പോയതും ഉണ്ണി ശ്രീകലകത്ത് കയറി കണ്ണന്റെ മുന്നിൽ ഇരുന്നു. എന്തിനാണ് ന്നറിയാതെ കണ്ണ് നിറഞ്ഞു. മുത്തശ്ശി ചൊല്ലാറുള്ളത് പോലെ നാമത്രയം അറിയാതെ  നാവിൽ നിന്നും ഒഴുകാൻ തുടങ്ങി. 
ഉച്ചപൂജക്ക് സമയമാവുന്നതുവരെ നാമത്രയം ജപിച്ച് അർച്ചന ചെയ്തു.  ഉച്ചയ്ക്ക് നടയടച്ച്  നിവേദ്യത്തിനു കയറി  അച്ഛന് തയ്യാറാക്കിയ മാമ്പഴ പുളിശ്ശേരി , രസകാളൻ , കദളിപ്പഴം , പാൽപായസം എല്ലാം കൊണ്ടുവച്ചു. " കണ്ണാ ഇതാ എല്ലാം ഒരുക്കി വച്ചിരിക്കുന്നു ഉണ്ണാൻ വരൂ" കണ്ണൻ വന്നില്ല. ഇതെന്ത് പറ്റി? കണ്ണൻ അച്ഛന്റെ കയ്യിൽ നിന്നും വാങ്ങി ഉണ്ണുന്നതല്ലേ? 
" കണ്ണാ നേരം ശ്ശ്യായി ഉണ്ണാൻ വരൂ."
എന്നീട്ടും കണ്ണൻ വന്നില്ല.  മുത്തശ്ശി പറയാറുള്ളത് ഓർത്തു. കണ്ണന് പ്രിയപ്പെട്ട കുട്ടികൾ അടുത്തുള്ള മൈതാനത്ത് തലപ്പന്ത് കളിക്കുന്നത് കണ്ട് കണ്ണനും ഒരു ദിവസം കളിക്കാൻ പോയീത്രേ. വില്വമംഗലം സ്വാമിയാർ കുറേ നിർബന്ധിച്ചീട്ടാണ് കണ്ണൻ തിരിച്ചു വന്നത്. അന്ന് കണ്ണനെ അലങ്കരിച്ച വസ്ത്രത്തിൽ നിറയെ മണ്ണും ചെളിയും കണ്ടൂത്രേ. ഉണ്ണി സൂക്ഷിച്ചു നോക്കി. ഏയ് ഇല്യ മണ്ണും ചെളിയും ഒന്നും കാണാനല്യ. 
പിന്നെ എന്തുപറ്റി? 
ഇടയ്ക്ക് കണ്ണൻ ചില കുറുമ്പുകളൊക്കെ കാണിക്കും. അപ്പോൾ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്താൽ കണ്ണന് സന്തോഷാവും. അതിനുവേണ്ടിയാണ് കണ്ണൻ കുറുമ്പ് കാണിക്കുന്നത് എന്ന് അച്ഛനൊരിക്കൽ പറഞ്ഞത് ഉണ്ണിക്ക് ഓർമ്മവന്നു. "ന്റെ കൃഷ്ണാ... എന്നോടും വികൃതി കാണിച്ചു വരാതിരിക്ക്യാണോ? ഞാനും നിന്നേപ്പോലെ ഒരുണ്ണിയല്ലേ ?"
കണ്ണന്റെ ചുണ്ടുകൾ അല്പം വിടർന്നോ? ആ കണ്ണുകൾ തിളങ്ങിയോ? കണ്ണന്റെ അലങ്കാരത്തിന് കോട്ടം തട്ടാതെ കണ്ണനെ കെട്ടിപ്പിടിച്ച് കവിളിൽ ഒരുമ്മ കൊടുത്തു. 
  "മതി ട്ടോ കൃഷ്ണാ വികൃതി കാണിച്ചത്? കണ്ണന് വിശക്കണില്യേ? വേഗം വന്ന് ഊണു കഴിക്കൂ. 
കണ്ണൻ വന്നില്ല. ഉണ്ണിക്ക് പരിഭ്രമായി. ഇതെന്ത് പറ്റി? പെട്ടെന്ന് ഓർമ്മ വന്നു
"അല്ലാ ഇല്ലത്ത് നിന്നും കൊണ്ടുവന്ന ഉപ്പുമാങ്ങേം കട്ടതൈരും വിളമ്പീല്യ. അതെന്യാണ് വരാത്തത്. ഇപ്പൊ കൊണ്ടോരാം ട്ടോ കണ്ണാ."  പുറത്തു കടന്ന് ശ്രീലകത്തിന്റെ വാതിൽ ചാരി.
പുറത്തു കാത്തു നിന്നവർ ചോദിച്ചു. എന്താ ഉണ്ണ്യമ്പൂരീ കഴിഞ്ഞില്യേ? നേരം ശ്ശ്യായി ലോ? 
"ഇല്യ ഒരൂട്ടം മറന്നു. "
"കുട്ട്യല്ലേ അതാ അമാന്തം."ഇടപ്പള്ളിയിൽ നിന്ന് തിരിച്ചു വന്നപ്പോൾ കഴകക്കാരൻ ഉണ്ണിയോട് ചോദിച്ചു.
"ഇതെന്താ ഉണ്ണ്യമ്പൂര്യേ..?"
 "ഉപ്പുമാങ്ങേം തൈരും"
അകത്ത് കയറി വീണ്ടും നടയടച്ചു.
"ഇന്നെന്താ ഇങ്ങന്യൊരു നേദ്യം.?"
മാരാര് പറഞ്ഞു.
"അതിന് വശം പോലെ ചെയ്യട്ടെ.ഗുരുവായൂരപ്പന് സന്തോഷേ ആവുള്ളൂ."
ഉണ്ണി ഉപ്പുമാങ്ങേം തൈരും വിളമ്പി
 വിളിച്ചിട്ടും ഭഗവാൻ അമൃതേത്തിനു വന്നില്ല.  ഉണ്ണിക്ക് സങ്കടം സഹിക്കാൻ വയ്യാതെ കരച്ചിലായി. 
എന്തുപറ്റി കണ്ണാ? ന്റെ പൊന്നു ഗുരുവായൂരപ്പാ..... നിനക്ക് ഞാൻ നിവേദിച്ചത് ഇഷ്ടായീല്യേ.  അതോ അച്ഛൻ പോയതിനു പിണങ്ങീട്ടാണോ? 
എന്താ കണ്ണാ ഒന്നും മിണ്ടാത്തത്?
കണ്ണാ ഒന്നും  കഴിക്കാതിരുന്നാൽ വിശക്കില്യേ? ആ തിരുവയർ ഇങ്ങിനെ ഒട്ടിക്കിടക്കുന്നത് കാണാൻ വയ്യ ട്ടോ. ദേ.. കണ്ണാ.. കിങ്ങിണി ഊരിപ്പോവാറായി. 
ഇനീപ്പോൾ അച്ഛൻ തന്നാലെ ഉണ്ണൂള്ളൂ ന്നാണോ?
അച്ഛൻ വന്നാൽ ശരിക്കു കൊടുക്കഞ്ഞീട്ടല്ലേ കണ്ണൻ വന്ന് ഉണ്ണാഞ്ഞത് എന്ന് പറഞ്ഞ് എന്നെ അടിക്കും.  
അതിലൊന്നും എനിക്ക് പരിഭവല്യ. പക്ഷേ എത്രകാലായി കൊതിക്കുണു ന്റെ കണ്ണാ നിന്നെ ഒന്നു കാണാൻ? ഈ കയ്യോണ്ട് ചോറൂട്ടാൻ. നിന്നെ ഒന്നു കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കാൻ. ? "
ഉണ്ണിക്കു  സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞു കൊണ്ട് തൃക്കാൽക്കൽ വീണു . 
ന്റെ കൃഷ്ണാ..... മുത്തശ്ശീടെ ശബ്ദം കേട്ടതുപോലെ. നാമത്രയം ജപിച്ചോളൂ ഉണ്ണീ .....എല്ലാ സങ്കടോം തീരും.
ഉണ്ണി കണ്ണന്റെ കാൽക്കൽ നമസ്ക്കരിച്ചു കൊണ്ട് ഉറക്കെ ചൊല്ലി. "അച്യുതാനന്ദ ഗോവിന്ദ.... അച്യുതാനന്ദ ഗോവിന്ദ....... അച്യുതാനന്ദ ഗോവിന്ദ......."
പുറത്തു കാത്തു നിന്നവർ അത് കേട്ടു .
" ഹായ് ഉണ്ണി ഗംഭീരാക്കണുണ്ട് ലോ. ഗുരുവായൂരപ്പന് ക്ഷ ബോധിച്ചണ്ടാവും. "
ഉള്ളിൽ നടക്കുന്നതൊന്നും അവർക്ക് നിശ്ചല്യലോ. 
കമിഴ്ന്നു കിടക്കുന്ന ഉണ്ണിയുടെ ചുമലിൽ ഒരു കൊച്ചു കരസ്പർശം. ചന്ദനത്തിന്റേയും തുളസിയുടേയും  സുഗന്ധം ശ്രീലകത്ത് നിറഞ്ഞു. ഉണ്ണി തല പൊന്തിച്ചു നോക്കി. 
 ദാ കണ്ണൻ നാലു വയസ്സുള്ള ഒരുണ്ണിയായി മുന്നിൽ.  മഞ്ഞപട്ടുടുത്ത്‌ കിങ്ങിണി അരമണി ചാർത്തി പുലിനഖമോതിരമണിഞ്ഞ് തുളസിമാല ചാർത്തി പീലികിരീടമണിഞ്ഞ്, കയ്യിൽ പൊന്നോടക്കുഴലുമായി മനംമയക്കുന്ന പുഞ്ചിരിയോടെ മുന്നിൽ കണ്ണൻ ഇതാ നിൽക്കുന്നു. ഉണ്ണി പരിഭ്രമിച്ച് എഴുന്നേറ്റു. 
"ന്റെ കണ്ണാ. പേടിപ്പിച്ചു കളഞ്ഞല്ലോ എന്നെ. ഇതുവരെ എവിടെ പോയതായിരുന്നു കണ്ണാ? "
എന്തേ ഉണ്ണാൻ വരാൻ വൈകിയത്? വെശക്കണില്യേ? 
ചങ്ങാതീ ഞാൻ ഇവിടെത്തന്നെ ഉണ്ടായിരുന്നു. നീ കണ്ടില്യാന്ന് മാത്രം." ഉണ്ണി അച്ഛൻ പറഞ്ഞത് ഓർമ്മിച്ചു
ഇല്ലത്തെ തേവാരത്തെ കണ്ണൻ വരാറുള്ളത്  കാണാഞ്ഞിട്ട് ആണെന്ന്. ഇതാ ഇപ്പോൾ കണ്ണനും അതുതന്നെ പറയുന്നു. ഉം അതെന്തെങ്കിലുമാകട്ടെ കണ്ണനു വേഗം ചോറു നൽകാം. അച്ഛൻ പറയാറുള്ളത് പോലെ നെയ്യും ഉപ്പേരിയും പഴം നുറുക്കും കാളനും എല്ലാം ചേർത്ത് ഉരുളകളാക്കി കണ്ണന്റെ കയ്യിൽ വച്ചുകൊടുത്തു. കണ്ണൻ അതെല്ലാം ആസ്വദിച്ചുകൊണ്ട് കൊതിയോടെ വാങ്ങിക്കഴിച്ചു. ഉപ്പുമാങ്ങയും കട്ടത്തൈരും ചേർത്ത് വീണ്ടും കണ്ണന് നൽകി.
"അല്ലാ ചങ്ങാതി ഉരുളിയിലെ ചോറെല്ലാം തീരാറായീലോ. ഉണ്ണിക്ക് വിശക്കണില്യേ."
"ഇല്യാ കണ്ണാ . കണ്ണൻ കഴിക്കുന്നത് കണ്ടപ്പോൾ എന്റെ
 വിശപ്പെല്ലാം മാറി."
"ഏയ് അത് പറ്റില്യ. ഇനിയുള്ള ചോറ് ഞാൻ ചങ്ങാതിക്ക് വായിൽ തരാം. "
ഉണ്ണിക്ക് സന്തോഷമായി കണ്ണന്റെ കൈകൊണ്ട് ഇതാ ഉരുള ഉരുട്ടി തരുന്നു. ഉണ്ണി സന്തോഷത്തോടെ കണ്ണൻ നൽകിയ ഉരുളകൾ വാങ്ങി ഭക്ഷിച്ചു. കണ്ണൻ കുസൃതിയോടെ തൈരും ഉപ്പും ചേർത്ത് ചോറ് ഉണ്ണിയുടെ മുഖത്ത് തേച്ചു.  "ഇപ്പോൾ നല്ല ഭംഗിയുണ്ട് എൻറെ ചങ്ങാതിയെ കാണാൻ"
കണ്ണനും ഉണ്ണിയും പൊട്ടിച്ചിരിച്ചു.
അതുകഴിഞ്ഞ് കണ്ണന് പാൽപ്പായസം നല്കി. കണ്ണൻ ഉണ്ണിക്കും. കണ്ണൻ പറഞ്ഞു ഇത്രയും ആസ്വദിച്ചു ഞാൻ ഒരു ദിവസവും ഉണ്ടീട്ടില്യ. ഉണ്ണി വിചാരിച്ചു അത് ശരിയാവും. അച്ഛന്റെ അടുത്തൊന്നും ഇത്രയും വികൃതി കാണിക്കാൻ പറ്റില്ലല്ലോ. കണ്ണൻ ഉണ്ണിയെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ഉമ്മവച്ചു. ഉണ്ണി കണ്ണ് തുറന്നപ്പോൾ കണ്ണനെ കാണാല്യ. അപ്പോഴേക്കും പോയോ? ന്റെ കൃഷ്ണാ.
 ഉണ്ണി ഉച്ചപൂജ കഴിഞ്ഞു നട തുറന്നു. പുറത്തു വരുന്ന ഉണ്ണിയെ കാത്ത് ക്ഷേത്ര പത്തുകാരും ഭക്തന്മാരും നിൽപ്പുണ്ട്.  നേദ്യത്തിന്റെ ബാക്കി അവർക്ക് അവകാശപ്പെട്ടതാണ്. പക്ഷേ ഇതാ കാലി പാത്രവുമായി ഉണ്ണി ഇറങ്ങി വരുന്നു 
. അവർ ചോദിച്ചു .  അല്ലാ ഉണ്ണ്യമ്പൂര്യേ എവിടെ നേദിച്ച ചോറും പായസോം.  ഉണ്ണി സന്തോഷത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു. "ഇന്ന് മുഴുവനും ഗുരുവായൂരപ്പൻ കഴിച്ചു "
"ന്താ ഈ പറയണേ ഗുരുവായൂരപ്പൻ നേദ്യം മുഴുവനും കഴിച്ചു ന്നോ? ഇങ്ങിനെ നട്ടാൽ മുളക്കാത്ത നുണ പറയരുത് ഉണ്ണ്യേ...."
 അവകാശികൾക്ക്‌ ദേഷ്യവും സങ്കടവും സഹിക്കാൻ പറ്റീല്യ.  "നെന്മിനി ഇല്ലത്തെ  നമ്പൂതിരികുട്ടി കള്ളം പറയേ?.... കഷ്ടം തന്നെ. "
"സത്യാ ഞാൻ പറയണേ...?  ആദ്യൊന്നും കണ്ണൻ വന്നില്യ. എനിക്ക് സങ്കടം കൊണ്ട് ഉറക്കെ കരഞ്ഞ് മുത്തശ്ശി പറഞ്ഞപോലെ നാമത്രയം അനവധി ജപിച്ചപ്പോൾ കണ്ണൻ വന്ന് എന്റെ ചുമലിൽ പിടിച്ചെഴുന്നേൽപ്പിച്ചു."
"ഹൊ! നമ്പൂരിക്കുട്ടി തീരെ മോശം ഇല്യലോ.  എത്ര അസ്സലായി കള്ളം പറയണു. "
"ഇതൊന്നും കള്ളല്ല സത്യം തന്ന്യാണ്"
മാരാര് പരിഹാസത്തോടെ ചോദിച്ചു.
"ഓഹോ ന്നിട്ടെന്തേ ണ്ടായേ. കണ്ണൻ വന്ന്  ചോറും പായസോം എല്ലാം മുഴുവനങ്ങട് വാങ്ങിക്കഴിച്ചു ല്ലേ?"
ഇതിഹാസം മനസ്സിലാവാത്തത് ഉണ്ണി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. " അതെ അതെന്ന്യാണ് ണ്ടായത്. 
"ഉവ്വുവ്വ് പറഞ്ഞത് സത്യാണെന്ന് ഉണ്ണ്യമ്പൂരിയുടെ മുഖത്തുനോക്കീപ്പഴേ ഞങ്ങൾക്ക് ബോധ്യായീരിക്കണൂ."
 ഹൗ എന്തൊരു വാക്സാമർത്ഥ്യാണ് ഇതിന്. ഇങ്ങന്യൊരു സന്താനം നമ്പൂരിക്കെങ്ങനെണ്ടായേ ആവോ? കള്ളൻ."
ഉണ്ണി നമ്പൂരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. " "ഗുരുവായൂരപ്പനാണേ സത്യം. ഇതെന്യാ ഉണ്ടായേ?"
ഛീ ഗുരുവായൂരപ്പനെ പിടിച്ചു കള്ളസത്യം ടാൻ മാത്രമായോ ഈ ചെക്കൻ. നമുക്കെല്ലാവർക്കും കിട്ടേണ്ട വീതം തനിച്ച് ശ്രീലകത്ത് ഇരുന്ന് വെട്ടിവിഴുങ്ങീട്ട്. മുഖത്തു നെറച്ചും തൈരും ചോറും പായസോം ണ്ട്. എന്നീട്ടും. 
"ന്റെ കൃഷ്ണാ. ഞാനല്ല കണ്ണനാണ് ഉണ്ടത്. അവസാനം രണ്ടുരുള കണ്ണൻ എന്റെ വായിലും തന്നു. കണ്ണൻ കളിയായി ആ കയ്യ് ന്റെ കവിളിൽ തേച്ചതാണ്. 
ഓഹോ കണ്ണൻ നിനക്കും വായിൽ തന്നോ? ഇതിനെയൊക്കെ മുക്കാലീൽ കെട്ടി തെരണ്ടിവാലോണ്ട് അടിക്കണം. അല്ലെങ്കിൽ ഇത് വളർന്നു വന്നാൽ നാട് കട്ടു മുടിക്കും. "
ഒരാൾ ഉണ്ണിയുടെ നേരെ കയ്യോങ്ങിച്ചെന്നു. ഉണ്ണി പേടിച്ച് ഉറക്കെ കരഞ്ഞു ആ സമയം അച്ഛൻ തിരുമേനി അവിടെ എത്തി. അദ്ദേഹം നമ്മെ പരിഭ്രമിച്ചു. ഉണ്ണിക്ക് എന്ത് പറ്റിയോ ആവോ? കുട്ടി വല്ലാതെ പരിഭ്രമിച്ചീട്ടുണ്ടല്ലോ. നൈവേദ്യത്തിൽ എന്തെങ്കിലും പിഴ വന്നുവോ ആവോ? എന്താ ഉണ്ണ്യേ എന്തേ ണ്ടായി?
ഉണ്ണി അച്ഛാ എന്ന് വിളിച്ചു ഉറക്കെ കരഞ്ഞുകൊണ്ട് അച്ഛൻ തിരുമേനിയെ കെട്ടിപ്പിടിച്ചു. 
അദ്ദേഹം എല്ലാവരോടുമായി ചോദിച്ചു. "എല്ലാവരും ആകെ പരിഭ്രമത്തിലാണല്ലോ? എന്തേ ണ്ടായേ."
വാര്യർ പറഞ്ഞു. " ന്ത് ണ്ടാവാനാ ന്റെ തിരുമേനീ. അങ്ങയുടെ മകൻ ഞങ്ങളെ പട്ടിണിക്കിട്ടു അത്രതന്നെ."
അതെന്താ നേദ്യപ്പാത്രം ഉണ്ണിയുടെ കയ്യീന്ന് വീണ്വോ?
  ക്ഷേത്രപ്പത്തുകാർ ഉണ്ടായതെല്ലാം തിരുമേനിയോട് പറഞ്ഞു. അദ്ദേഹം കോപത്തോടെ ഉണ്ണിയുടെ മുഖത്തേക്ക് നോക്കി ശരിതന്നെ മുഖം നിറയെ ചോറും പായസവും പറ്റിപ്പിടിച്ചിരിക്കുന്നു. 
വാരസ്യാർ ഇടയിൽ കയറി പറഞ്ഞു. ഇവിടുന്ന് ഗുരുവായൂരപ്പന് ഒരുക്കിയത് മതിയാവാഞ്ഞീട്ട് ഇല്ലത്തൂന്ന് ഉപ്പുമാങ്ങേം കട്ടത്തൈരും കൊണ്ടന്നേട്ക്കണു." 
"അത് കണ്ണന് ഉപ്പുമാങ്ങേ കട്ടത്തൈരും ഇഷ്ടാണന്ന് അച്ഛൻ പറഞ്ഞതോണ്ട്..."
തിരുമേനിക്ക് സങ്കടവും ദേഷ്യവും സഹിക്കാൻ വയ്യാതെയായി. ഇത്രയും വലിയ കളവ് ചെയ്തിട്ട് പിന്നെയും ന്യായം പറയുന്നു. പെട്ടെന്ന് അദ്ദേഹം കൈയ്യുയർത്തി ഉണ്ണിയുടെ കവിളിൽ അടിച്ചു. അടി കിട്ടിയതും ഉണ്ണി "കൃഷ്ണാ...." എന്ന് ഉച്ചത്തിൽ വിളിച്ചു.
എന്താണ് സംഭവിച്ചത് എന്ന് പെട്ടെന്ന് ആർക്കും മനസ്സിലായില്ല. ആരും അത്രയ്ക്ക് പ്രതീക്ഷിച്ചില്ല.
ആ സമയത്ത് അമ്പലത്തിലെ മണികൾ തനിയെ മുഴങ്ങി.  ശ്രീലകത്തിന്റെ വാതിൽ പെട്ടെന്ന് വലിയ ശബ്ത്തോടെ തുറന്നു. അവിടെ നിന്നും മുഴങ്ങിയ അശരീരി എല്ലാവരും വ്യക്തമായി കേട്ടു. 

 "ഉണ്ണിയെ അടിച്ചത് ശരിയായീല്യ നൈവേദ്യം കഴിച്ചത് ഞാൻ തന്നെയാണ് . അതുകൊണ്ട് അടി ഏറ്റുവാങ്ങിയതും ഞാനാണ്. " എല്ലാവരും ഉണ്ണിയെ നോക്കി. അടികൊണ്ടതിന്റെ വേദനയോ വിഷമമോ ഇല്ല. ശ്രീകോവിലിലെ കൃഷ്ണ വിഗ്രഹത്തിൽ ചാർത്തിയ ചന്ദനം കണ്ണന്റെ കവിളിൽ നിന്നും നാലുവിരൽ അടയാളത്തിൽ മാഞ്ഞുപോയിരിക്കുന്നു.
ഇതെല്ലാം കണ്ടും കേട്ടും എല്ലാവരും ഒന്നും മിണ്ടാനാകാതെ അത്ഭുതസ്തബ്ധരായി നിന്നു.
ശ്രീകോവിലിൽ നിന്ന് വീണ്ടും അശരീരി മുഴങ്ങി. 
"ഉപ്പു മാങ്ങയും ഉറതൈരും പ്രിയപ്പെട്ടതാണ് എന്നറിഞ്ഞ്  അവ കൊണ്ടു വന്ന്  ആത്മാർത്ഥ ഭക്തിയോടെ ഉണ്ണി എനിക്ക്  വിളമ്പി. ഉരുട്ടി എൻറെ വായിൽ വെച്ചുതന്നു. ഞാൻ ഉണ്ണുന്നതു കണ്ട് സംതൃപ്തിയടഞ്ഞു. എന്റെ സാമീപ്യവും സന്തോഷവും മാത്രമാണ് ഉണ്ണി ആഗ്രഹിച്ചത്. ഇവിടെ വരുന്ന ഒരാൾപോലും എന്നെ വേണമെന്ന് ആഗ്രഹിച്ചിട്ടില്ല. എന്നിൽ നിന്നും പലതും ചോദിച്ചു വാങ്ങുന്നതിനിടയിൽ  എനിക്ക് സുഖമാണോ എന്നൊരു കുശലം പോലും ആരും ചോദിച്ചില്ല.
ഇവിടെ സമർപ്പിക്കുന്ന നൈവേദ്യം പോലും സ്വന്തം ആഗ്രഹ നിവർത്തിക്ക് വേണ്ടിയാണ്. അത് ഇവിടെ വയ്ക്കാൻ പോലും നേരല്യ. ഉടൻ തന്നെ തിരിച്ചു കൊണ്ടുപോകാനാണ് എല്ലാവർക്കും ധൃതി.
ഇവിടെയുള്ള വിഗ്രഹത്തിനപ്പുറം എന്നെ കാണണമെന്ന് ആർക്കും ആഗ്രഹമില്ല. നേരിൽ കാണാനാവുമെന്ന് ആർക്കും വിശ്വാസവുമില്ല. എന്നെ നിങ്ങൾ എങ്ങിനെ ആഗ്രഹിക്കുന്നുവോ അതുപോലെ ഞാൻ ഓരോരുത്തരുടെയും മുന്നിൽ പ്രകടമാകും."
ഇത്രയും പറഞ്ഞതും ശ്രീകോവിലിന്റെ  നട തനിയെ അടഞ്ഞു. തിരുമേനി ഒന്നും മിണ്ടാനാവാതെ നിറകണ്ണുകളോടെ മകനെ ചേർത്ത് പിടിച്ച് നിറുകയിൽ ഉമ്മ വച്ചു. ഭഗവാൻ പറഞ്ഞത് ശരിയാണ് ഇത്രകാലം ഭഗവാനെ പൂജിച്ചീട്ടും ന്റെ ഉണ്ണീടെ അത്രയ്ക്ക് ഭക്തി നിക്ക് ഉണ്ടായില്യാ ലോ കണ്ണാ..... നമുക്ക് ഭക്തീണ്ടോ ന്ന് കണ്ണന് മാത്രേ അറിയൂ. ഭക്തിയിൽ മാത്രം സന്തോഷിക്കുന്ന കണ്ണാ ഞങ്ങൾക്കും പ്രേമഭക്തി നൽകി അനുഗ്രഹിക്കണേ. എല്ലാ അക്ഷര പൂക്കളും എന്റെ കണ്ണന് പ്രേമപുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു.
രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ
 
സുദർശന രഘുനാഥ്
വനമാലി

No comments:

Post a Comment