Tuesday, March 26, 2019

താലിയിലുണ്ട് ഈശ്വരൻ 

സ്ത്രീയുടെ ജീവിതത്തിൽ താലിക്ക് സുപ്രധാനമായ സ്ഥാനമാണ് കല്പിക്കുന്നത്. താലി ചാർത്തുന്നതിലൂടെ പുതിയൊരു ജീവിതത്തിനാണ് തുടക്കമാകുന്നത്. അത് കേവലം അലങ്കാരത്തിന് വേണ്ടിയല്ല ധരിക്കുന്നതും. സ്ത്രീയും പുരുഷനും ഒന്നാകുന്നതും താലി ചാർത്തലിലൂടെയാണ്.

ആലിലയുടെ ആകൃതിയിൽ തയാറാക്കുന്ന സ്വർണ്ണത്താലിയിൽ ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും ശിവന്റെയും സാന്നിധ്യമുണ്ടെന്നാണു ഹൈന്ദവസങ്കല്പം. ഇതു വ്യക്തമാക്കാനായി ആലിലത്താലിയിൽ  ഓംകാരം കൊത്തിവയ്ക്കുന്നു. ആലിലയാകുന്ന പ്രകൃതിയിൽ ഓംകാരമാകുന്ന പരമാത്മാവ് അന്തർലീനമായിരിക്കുന്നു എന്നു സങ്കല്പം. അങ്ങനെ, സ്ത്രീയും പുരുഷനും ഒറ്റമനസ്സായി നിന്നാലേ കുടുംബബന്ധം നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാനാകൂ എന്നു താലി എന്ന സങ്കല്പം നമ്മോടു പറയുന്നു. വലിയൊരു തത്ത്വശാസ്ത്രത്തിന്റെ ചെറിയൊരു പ്രതീകമാണ് താലി.

സ്ത്രീകളുടെ സംസ്കാരത്തിന്റെയും ജീവന്റേയും ഭാഗമാണ് താലി. വരൻ വധുവിന്റെ കഴുത്തിൽ ചാർത്തുന്ന താലിക്ക് മംഗല്യസൂത്രം എന്നും പറയും. താലിക്കെട്ടിക്കഴിഞ്ഞാൽ അത് ആ സ്ത്രീയുടെ ശരീരത്തിന്റെ ഭാഗമാണ്. മംഗളം എന്ന വാക്കിൽ നിന്നാണ് മാംഗല്യം എന്ന വാക്കുണ്ടായത്. സൂത്രമെന്നാൽ ചരട് എന്നാണ് അർത്ഥം. പരുഷൻ സ്ത്രീയുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ അവർ പരസ്പരം ധാരണാബലമനുസരിച്ച് ഒരുമിച്ച് ജീവിക്കാൻ തീരുമാനമെടുത്തു എന്നാണ് വിശ്വാസം. താലിത്തുമ്പിൽ  ബ്രഹ്മാവും താലിയുടെ മധ്യത്തിൽ വിഷ്ണുവും താലിയുടെ മുകളിൽ ശിവനും സ്ഥിതി ചെയ്യുന്നു എന്നാണ് വിശ്വാസം. കഴുത്ത് എന്നത് പ്രാണസ്ഥാനമാണ്. അതുകൊണ്ട് തന്നെ അതിനെ വലയം ചെയ്തിരിക്കുന്ന താലിയിൽ മഹാമായ കുടികൊള്ളുന്നു. താലികെട്ടിയ പുരുഷൻ  പരമാത്മാവും സ്ത്രീ ജീവാത്മാവും ആണ്. അതുകൊണ്ടാണ് സ്ത്രീയുടെ സംരക്ഷണം പുരുഷനിലാണെന്ന് പറയുന്നത്. സ്ത്രീ വിധവയാകുമ്പോൾ പരമാത്മാവമായുള്ള ബന്ധമാണ് വിച്ഛേദിക്കപ്പെടുന്നത്. അതുകൊണ്ടാണ് ഭർത്താവ് മരിക്കുമ്പോൾ ഭാര്യ താലി ഉപേക്ഷിക്കുന്നത്. ഇതും ഒരർത്ഥത്തിൽ മുക്താവസ്ഥയാണ്.

പ്രപഞ്ചത്തിന്റെ നിയന്താവായ പരമാത്മാവാണു പുരുഷൻ. ആ പരമാത്മാവിന്റെ ശക്തിയാണു പ്രകൃതി അഥവാ സ്ത്രീ. ഈ പ്രകൃതിയും പരമാത്മാവും തമ്മിലുള്ള സംഗമമാണു താലി കൊണ്ടു സൂചിപ്പിക്കുന്നത്. പ്രപഞ്ചത്തിന്റെ നിലനില്പു തന്നെ പ്രകൃതിപുരുഷ സംഗമത്തിലാണ്. പ്രകൃതിയാകുന്ന സ്ത്രീയില്ലെങ്കിൽ പുരുഷന് അശക്തനാണെന്നു ശങ്കരാചാര്യർ പോലും പറയുന്നു:
ശിവഃ ശക്ത്യാ യുക്തോ യദി ഭവതി
ശക്തഃ പ്രഭവിതും
ന ചേദേവം ദേവോ നഖലുകുശല സ്പന്ദിതുമപി.എന്ന്.
അങ്ങനെ പുരുഷനെ ശക്തനാക്കുന്ന സ്ത്രീത്വത്തിന്റെ പ്രതീകമാണു താലി. സ്ത്രീയാകുന്ന ശക്തിയില്ലെങ്കിൽ പുരുഷനു സ്പന്ദിക്കാൻ പോലും കഴിയില്ലെന്നാണ് ശങ്കരാചാര്യരുടെ അഭിപ്രായം.

No comments:

Post a Comment