Tuesday, March 12, 2019

   *ശങ്കരാചാര്യര്‍ വിരചിതം*
✨⚜⚜⚜✨⚜⚜✨

 *ശ്ലോകം2*⚜⚜⚜⚜⚜⚜⚜✨
" *ഗളന്തീ ശംഭോ ത്വച്ചരിതസരിതഃ കില്ബിഷരജോ*
*ദളന്തീ ധീകുല്യാസരണിഷു പതന്തീ വിജയത‍ാം |*
*ദിശന്തീ* *സംസാരഭ്രമണപരിതാപോപശമനം*
*വസന്തീ മച്ചേതോഹൃദഭുവി ശിവാനന്ദലഹരീ"*

*ശംഭോ! – ഹേ പരമേശ്വര!; ത്വച്ചരിതസരിതഃ – ഭവാന്റെ ചരിതമാകുന്ന നദിയി‍ല്‍നിന്നു; ഗളന്തീ – പെരുകി ഒഴുകി;* *കില്ബിഷരജഃ – പാപമാകുന്ന ധൂളിയെ; ദളന്തീ – നശിപ്പിക്കുന്നതും; ധീകല്യാസരണിഷു – ബുദ്ധികളാകുന്ന* *കൈത്തോടുകളില്‍; പതന്തീ – വീഴുന്നതും; സംസാരഭ്രമണപരിതാപോപശമനം ദിശന്തീ – ജനനമരണാദിയായ സംസാരത്തി‍‍ല്‍* *ചുഴലുന്നതിനാലുണ്ടാവുന്ന ദുഃഖത്തിന് ശാന്തി ന‌ല്‍ക്കുന്നതും; മച്ചേതോഹ്രദഭുവി – എന്റെ ഹൃദയമാകുന്ന കയത്തില്‍; വസന്തീ – വസിക്കുന്നതുമായ;* *"ശിവാനന്ദലഹരീ – ശിവാനന്ദപ്രവാഹം; വിജയത‍ാം – വിജയിച്ചരുളട്ടെ.*

*ഹേ പരമേശ ! ഭവാന്റെ പാവനചരിതമാകുന്ന നദിയില്‍ നിന്നു പെരുകി ഒഴുകി, പാപമാകുന്ന ധൂളിയെ നശിപ്പിച്ചുകൊണ്ട് ബുദ്ധിയാകുന്ന അരുവിയുടെ മാര്‍ഗ്ഗങ്ങളില്‍ പതിച്ച്, ജനനമരണാദിയാകുന്ന സംസാരത്തില്‍ പെട്ടു കറങ്ങുന്ന(ചുഴലുന്ന)തിനാലുണ്ടാവുന്ന ദുഃഖത്തിന് ശാന്തിചേര്‍ത്തുകൊണ്ട് എന്റെ ഹൃദയമാകുന്ന സരസ്സില്‍ അലഞ്ഞുലഞ്ഞ് ഓളംതല്ലിക്കൊണ്ടു കുടികൊള്ളുന്ന ശിവാനന്ദപ്രവാഹം വിജയിച്ചരുളട്ടെ.*

   ശ്ലോകം 2:
“ശംഭു” എന്ന പദത്തിന് മംഗളവും ശുഭവും പ്രദാനം ചെയ്യുന്നവന്‍ എന്നാണ് അര്‍ഥം. ത്രിമൂര്‍ത്തികളായും, പ്രപഞ്ചശക്തികളായും ജഗത്തുമുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന പരബ്രഹ്മരൂപിയായ ശ്രീപരമേശ്വരനെ “ശംഭോ” എന്ന് സംബോധനം ചെയ്യുന്നു. 
“ധീകുല്യാസരണിഷു പതന്തി സംസാരഭ്രമണപരിതാപോപശമനം ദിശന്തി”, നദീപ്രവാഹം ചെറിയ കൈത്തോടുകളിലൂടെ ഒഴുകി കൃഷിഭൂമികളെ നനയ്ക്കുകയും, ചെടികള്‍ക്കും പ്രാണികള്‍ക്കും ദാഹശമനം വരുത്തുകയും ചെയ്യുന്നതുപോലെ, മഹാദേവ ചരിതമാകുന്ന സരിത്പ്രവാഹം ഭക്തമാനസങ്ങളാകുന്ന ചോലകളിലൂടെ ഒഴുകിയെത്തി, സംസാരചക്ര ഭ്രമണത്താലുണ്ടാകുന്ന സര്‍വ്വ ദുഖങ്ങള്‍ക്കും ശമനമുണ്ടാക്കുന്നു.
“ശിവാനന്ദലഹരീ മത്ചേതോഹൃദഭുവി വസന്തി വിജയതാം”, ശിവ നാമങ്ങളും, ശിവ ചരിതങ്ങളും കേള്‍ക്കുമ്പോഴുണ്ടാകുന്ന ആനന്ദാതിരേകത്തെ ശിവാനന്ദലഹരിയായി അവതരിപ്പിക്കുന്നു. “ലഹരി” എന്നതിനു തിര അല്ലെങ്കില്‍ വലിയ ഓളം എന്നാണ്‌ അര്‍ത്ഥം. ശിവചരിതമാകുന്ന സരിത്ത് ഭക്തമാനസങ്ങളിലേക്ക് ഒഴുകിയെത്തി സംസാരചക്ര ഭ്രമണപരിതാപത്തെ നശിപ്പിക്കുന്നു. പാപങ്ങളെല്ലാം നശിച്ച് പവിത്രീകൃതമായ ഹൃദയത്തോടെ മംഗളമൂര്‍ത്തിയായ മഹാദേവനെ സ്മരിക്കുമ്പോള്‍ ഭക്തന്‍റെ ഹൃദയമാകുന്ന കയത്തില്‍ ഉദ്ഭൂതമാകുന്ന ആനന്ദത്തിരയിളക്കം വിജയിക്കാന്‍ ഭഗവാന്‍റെ അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുന്നു.
ശിവാനന്ദലഹരി എന്ന ഈ ശിവസ്തോത്രം പാരായണം ചെയ്യുകയും, പഠിക്കുകയും ചെയ്യുന്നവര്‍ക്ക് ശിവപ്രസാദം ഉണ്ടാകണം എന്ന ആശംസയാണ് ആചാര്യ സ്വാമികള്‍ ഈ ശ്ലോകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
“മംഗളമൂര്‍ത്തിയായ ശ്രീപരമേശ്വരാ, നിന്തിരുവടിയുടെ ചരിതമാകുന്ന സരിത്ത് പ്രവഹിച്ച് പാപധൂളികളെ നശിപ്പിച്ചുകൊണ്ട്, ഭക്തരുടെ ബുദ്ധിയാകുന്ന ചെറുചോലകളില്‍ പതിക്കുന്നു. അത് അവരുടെ സംസാരചക്രജന്യമായ പരിതാപങ്ങളെ നശിപ്പിക്കുന്നു. ഇപ്രകാരമുള്ള ശിവാനന്ദലഹരി മമ മാനസഹൃദയത്തില്‍, എന്‍റെ മാനസ സരസ്സില്‍, ഓളംതല്ലിക്കൊണ്ട്, തിരയിളക്കമായി സ്ഥിതിചെയ്തു വിജയിക്കട്ടെ.”
ഹരി ഓം.............

No comments:

Post a Comment