ബാഹ്യലോകത്തുണ്ടാകുന്ന നിസ്സാര സംഭവങ്ങള്‍ പോലും നമ്മുടെ മനസ്സിനെ ബാധിക്കാറുണ്ട്. ചില സംഭവങ്ങള്‍ നമ്മെ സന്തോഷിപ്പിക്കുന്നു, മറ്റു ചിലവ ദുഃഖിപ്പിക്കുന്നു. സുഖവും ദുഃഖവും ജനിപ്പിക്കുന്ന അനേകമനേകം കാര്യങ്ങളുടെ നടുവില്‍ നിസ്സംഗനായി, സാക്ഷിയായി നില്‍ക്കുവാന്‍ എങ്ങനെ സാധിക്കും എന്നു ചിലര്‍ സംശയിക്കാറുണ്ട്.
സകലതിനെയും സാക്ഷിഭാവത്തില്‍ വീക്ഷിക്കുവാനുള്ള കഴിവ് നമ്മുടെയെല്ലാം ഉള്ളിലുണ്ട്. എന്നാല്‍ നമ്മള്‍ പലപ്പോഴും ഈ കഴിവിനെ തിരിച്ചറിയുകയോ, പ്രയോജനപ്പെടുത്തുകയോ ചെയ്യാറില്ല. ആദ്യമാദ്യം നമ്മള്‍ ശാരീരികമായി ചെയ്യുന്ന കര്‍മ്മങ്ങളെ നിസ്സംഗമായി സ്വയം നിരീക്ഷിക്കണം. ഇങ്ങനെ പരിശീലിച്ചാല്‍ ക്രമേണ നമ്മുടെ ചിന്തകളെയും മാറിനിന്ന് നിരീക്ഷിക്കാന്‍ നമുക്കു കഴിയും.
ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ഇരുവശങ്ങളിലും എത്രയോ നല്ല കാഴ്ചകള്‍ കാണുന്നു. നല്ല നല്ല വീടുകള്‍, നല്ല കെട്ടിടങ്ങള്‍, നല്ല പൂന്തോട്ടങ്ങള്‍, നല്ല പുഷ്പങ്ങള്‍ അങ്ങനെ പലതും. അതുപോലെതന്നെ ചിലപ്പോള്‍ മനസ്സിനെ അസ്വസ്ഥമാക്കുന്ന പലതും കണ്ടെന്നിരിക്കും. എന്നാല്‍ അവയുമായി ഒന്നും നമ്മള്‍ ബന്ധിക്കാറില്ല. ഒരു കാഴ്ചക്കാരനെപ്പോലെ അതെല്ലാം കണ്ടുകൊണ്ട് മുന്നോട്ടുപോകുന്നു. കാരണം നമ്മുടെ ലക്ഷ്യം അവയൊന്നുമല്ല എന്നു നമുക്കറിയാം. മനസ്സില്‍ക്കൂടി കടന്നുപോകുന്ന ചിന്തകളെയും ഇതുപോലെ കാണുവാന്‍ കഴിയണം. സകലതും കാണുക, പക്ഷേ ഒന്നുമായും ബന്ധിക്കാതിരിക്കുക. അതാണു വേണ്ടത്.
ഒരു നദി ശക്തമായി ഒഴുകുകയാണ്. നദിയിലൂടെ വെള്ളം മാത്രമല്ല പല വസ്തുക്കളും ഒഴികിപ്പോകുന്നു. മത്സ്യങ്ങള്‍ നീന്തി തുടിക്കുന്നു. അതെല്ലാം നദിയുടെ സ്വഭാവമാണ്. നദിയിലേയ്ക്കു ചാടാതെ തീരത്തിരുന്നു നോക്കിയാല്‍ അവയെല്ലാം നമുക്ക് ആസ്വദിക്കാം. എന്നാല്‍ നദിയില്‍ എടുത്തു ചാടിയാലോ. നമ്മളും ആ ഒഴുക്കില്‍പെട്ട് അപകടത്തില്‍പെടാം, മുങ്ങി മരിച്ചെന്നും വരാം. ഇതുപോലെ മനസ്സിന്റെ ഒഴുക്കില്‍ പെടാതെ സാക്ഷിയെ പോലെ കഴിയണം. മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകള്‍ക്കു സാക്ഷിയായി നില്ക്കുവാന്‍ നമ്മള്‍ പരിശീലിക്കണം. അതു നമ്മുടെ മനസ്സിനു ശക്തി പകരും.
മറ്റുള്ളവര്‍ക്കു പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അവയെ നിസ്സംഗമായി വീക്ഷിക്കാനും, വളരെ പ്രായോഗികമായി അവരെ ഉപദേശിക്കാനും നമുക്കു കഴിയാറുണ്ട്. എന്നാല്‍ അതേ പ്രശ്‌നങ്ങള്‍ നമ്മളെ ബാധിക്കുമ്പോള്‍, അതിനു മുന്നില്‍ നമ്മള്‍ തളര്‍ന്നുപോകുന്നു. 'ഞാന്‍' എന്നും 'എന്റേത്' എന്നുമുള്ള ഭാവമാണ് സാക്ഷിഭാവത്തിന് മുഖ്യമായി തടസ്സമായി നില്‍ക്കുന്നത്.
ഒരു ശിഷ്യന്‍ ഗുരുവിനോടു ചോദിച്ചു ''ഗുരോ, സാക്ഷിഭാവത്തില്‍ എല്ലാം കാണുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അതെങ്ങനെ സാധിക്കും?'' ഗുരു ഉത്തരമൊന്നും പറഞ്ഞില്ല. അശ്രദ്ധ കാരണം ആ ശിഷ്യന് കുറച്ച് തെറ്റുകള്‍ സംഭവിച്ചിരുന്നു. എന്നാല്‍ ആ തെറ്റുകളെല്ലാം മറ്റൊരു വ്യക്തി ചെയ്തതായിട്ട് ശിഷ്യനോടു പറഞ്ഞു. ശിഷ്യന്‍ പുഞ്ചിരിയോടെ അതെല്ലാം കേട്ടുകൊണ്ടിരുന്നു. പെട്ടന്ന് ഗുരു പറഞ്ഞു. ''ഇതൊന്നും അയാള്‍ ചെയ്ത കാര്യങ്ങളല്ല.
നീ തന്നെ ചെയ്ത തെറ്റുകളാണ്.'' ഇതു കേട്ട ഉടനെ ശിഷ്യന്റെ ഭാവം മാറി, മുഖത്തെ പ്രസന്നത നഷ്ടപ്പെട്ടു. വളരെ വിഷമിച്ച് തലകുനിച്ചിരുന്നു. അപ്പോള്‍ ഗുരു പറഞ്ഞു. ''ഞാന്‍ നിന്റെ തെറ്റുകളെക്കുറിച്ചു പറഞ്ഞപ്പോള്‍ നിനക്കു ദുഃഖമായി. എന്നാല്‍ ആദ്യം ഞാന്‍ വേറെ ആരുടെയോ തെറ്റുകളെക്കുറിച്ചാണ് പറയുന്നത് എന്നു കരുതിയപ്പോള്‍ നിനക്ക് ഒരു സാക്ഷിയായി, പുഞ്ചിരിച്ചുകൊണ്ട് അതെല്ലാം കേള്‍ക്കാന്‍ കഴിഞ്ഞു. അതിനാല്‍ ഈ സാക്ഷിഭാവത്തിനുള്ള കഴിവ് നിന്നിലുണ്ട്.
ഇപ്പോള്‍ 'ഞാന്‍' എന്നു എന്തിനെക്കുറിച്ചു നീ കരുതുന്നുവോ അത് യഥാര്‍ത്ഥ നീയല്ല എന്നു മനസ്സിലാക്കിയാല്‍ ആ സാക്ഷിഭാവം സാദ്ധ്യമാകും. നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയും സ്വയം നിരീക്ഷിക്കുന്ന ഒരു ഭാവം നമ്മളില്‍ എപ്പോഴും ഉണ്ട്. ആ ബോധത്തെ ഒന്നുകൂടി വളര്‍ത്തിയാല്‍ നിനക്ക് എല്ലാ സാഹചര്യങ്ങളെയും സാക്ഷിഭാവത്തില്‍ കാണാനും, അവയെ നിസ്സംഗമായി സ്വീകരിക്കാനും കഴിയും. ഏതു പ്രതിസന്ധിയിലും മനസ്സിന്റെ ശക്തി ചോര്‍ന്നുപോകാതെ സൂക്ഷിക്കാനും സാധിക്കും.''
നമ്മുടെ ഇപ്പോഴത്തെ മനസ്സ് വഴിയരികിലിരിക്കുന്ന ഒരു കണ്ണാടിപോലെയാണ്. വഴിയില്‍ക്കൂടി ഒരു പട്ടി പോയാലും പൂച്ച പോയാലും ആടു പോയാലും കണ്ണാടിയില്‍ അതെല്ലാം തെളിഞ്ഞു കാണാം. അതുപോലെ കാണുന്നതിലും കേള്‍ക്കുന്നതിലുമെല്ലാം മനസ്സു പോകുന്നു. എന്നാല്‍ കണ്ണാടിയുടെ മറ്റൊരു ഗുണം നമുക്കില്ല. കണ്ണാടിയില്‍ എല്ലാം തെളിഞ്ഞു കണ്ടാലും ഒന്നും അതിനെ ബാധിക്കുന്നില്ല. എല്ലാം അപ്പപ്പോള്‍ മാഞ്ഞുപോകും. കണ്ണാടിക്ക് ഒന്നിനോടും ബന്ധമില്ല.
നമ്മുടെ മനസ്സും ഒരു കണ്ണാടിപോലെയാകണം. കാണുന്നതും കേള്‍ക്കുന്നതും ചിന്തിക്കുന്നതും എല്ലാം വഴിവക്കിലെ ദൃശ്യംപോലെ നമ്മള്‍ അപ്പപ്പോള്‍ ഉപേക്ഷിക്കണം. ഒന്നിനോടും ബന്ധം പാടില്ല. ചിന്തകള്‍ വരികയും പോകുകയും ചെയ്യുന്നത് മനസ്സിന്റെ സ്വഭാവമാണ്, അത് ആത്മാവിനു ബാധകമല്ല എന്നു നമ്മള്‍ ദൃഢമായി അറിയണം. ഈ മനോഭാവം വളര്‍ത്തിയെടുത്താല്‍ സാക്ഷിഭാവം നമുക്ക് ക്രമേണ സ്വായത്തമാകും.
മാതാ അമൃതാനന്ദമയി
No comments:
Post a Comment