Saturday, March 09, 2019

ദാമോദരനായി മാറാൻ പോകുന്ന തന്റെ കുഞ്ഞികൃഷ്ണനെ അന്വഷിച്ച്‌ യശോദയുടെ കൂടെ ഞാനും നടന്നു. ജന്മജന്മാന്തരങ്ങളിലൂടെയുള്ള ഈ അന്വേഷണം എന്നവസാനിക്കും? കൃഷ്ണനെ ഒന്നു മനസ്സിൽ കണ്ടതുകൊണ്ടായോ? അത് വെറും
പ്രതിബിംബം: പക്ഷെ പ്രതിബിംബം കാണുമ്പോൾ ആ സ്വരൂപം മനസ്സിലാകുമാല്ലാ? മായക്കണ്ണാടിയാകുന്ന മനസ്സിനെ ദാമോദരൻ തച്ചുടക്കുന്നതു വരെ പ്രതിബിംബത്തെ തിരയട്ടെ! തിരഞ്ഞു തിരഞ്ഞു ചെന്നപ്പാൾ അതാ പാലും തൈരും വെക്കുന്ന കലവറയുടെ പാതി ചാരിയ വാതിലിൽക്കൂടി ആ കുഞ്ഞു പാദങ്ങൾ കണ്ടു. പതുക്കെ എത്തി നോക്കി. വെണ്ണക്കലവും മടിയിൽ വെച്ച് ഓരത്ത് ചേർത്തിട്ടിരിക്കുന്ന ഉരലിൽ ഇരുന്ന് കാലാട്ടിക്കൊണ്ട് സ്വയം വെണ്ണ തിന്നുകയും മിണ്ടാപ്രാണികളായ കൂട്ടുകാരെ തീറ്റുകയും ചെയ്യുന്നു . മാത്രമല്ല, ദുദ്ധപ്രിയനായ പൂച്ചക്കുട്ടിയോടും നവനീതപ്രിയനായ കുട്ടിക്കുരങ്ങനോടും കിന്നാരം പറയുന്നുമുണ്ട്. ഭഗവാനറിയാത്ത ഭാഷയുണ്ടോ? ഉരലിന്റെ നടുക്കുള്ള കുഴിയിൽ വെണ്ണ നിറച്ച വെച്ചിരിക്കുന്നു . കണ്ടാൽ അമ്പിളിയമ്മാവനെ മടിയിൽ വെച്ചിരിക്കുകയാണെന്നേ തോന്നൂ.
യശോദയുടെ പിന്നിൽ ഞാനും ഒളിഞ്ഞു നിന്നു. .പക്ഷെ കൃഷ്ണൻ എന്നെ കണ്ടു. ആ കടക്കണ്ണു കൊണ്ട് കണ്ട ഭാവം നടിക്കയും ചെയ്തു. കൃഷ്ണ , ആ നോട്ടം മതി, ഈ സംസാരാഗ്നിയിൽ എരിയുന്ന എന്റെ താപത്തെ മുഴുവൻ ശമിപ്പിക്കാൻ.
യശോദ ആർത്തിരമ്പുന്ന വാത്സല്യപ്രവാഹത്തെ തടഞ്ഞ് നിർത്തി കോപം നടിച്ചു. കുഞ്ഞിക്കണ്ണന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ച് അടിക്കാനോങ്ങി. ഭയം പോലും ഭയക്കുന്ന കൃഷ്ണന്റെ കണ്ണുകൾ ഭീതിയാൽ വിടർന്നു , കണ്ണീർ ധാരധാരയായി ഒഴുകി. സർവ്വജീവജാലങ്ങളും കണ്ണീരൊഴുക്കി . യശോദ അടിച്ചില്ല. പകരം എല്ലാവരും ബന്ധുവാക്കാൻ ആഗ്രഹിക്കുന്ന ആ സച്ചിദാനന്ദ സ്വരൂപനെ ഉരലിൽ ബന്ധിക്കാൻ കയറെടുത്തു - വിശ്വം മുഴുവൻ നിറഞ്ഞു നിലക്കുന്ന, ഗുണങ്ങൾക്കതീതനായ, നിർഗുണ ബ്രഹ്മമായ പ്രഭുവിനെ ഗുണത്താൽ ബന്ധിക്കാൻ ഏറെ .ശ്രമിച്ച് യശോദ യുടെ ദേഹം തളർന്നു, മനസ്സ് തകർന്നു, ശിരസ്സ് കുനിഞ്ഞു. കൃഷ്ണൻ കനിഞ്ഞു. കണ്ണിണകൾ നനഞ്ഞു. മന്ദഹാസം പൊഴിഞ്ഞു. സത്വഗുണമൂർത്തിയായി, കൃഷ്ണനായി നിന്ന് ബന്ധിക്കാൻ സമ്മതിച്ചു. അങ്ങനെ ദാമോദരനായി നിന്ന് അമ്മയുടെ വൈവശ്യത്തിന് വിരാമമിട്ടു, യശോദ വിശ്രമിക്കാൻ പോയി. ബന്ധനസ്ഥനായ ദാമോദരൻ എന്റെ മേൽ വരിഞ്ഞു കെട്ടിയ ലൌകികച്ചരട് പൊട്ടിച്ച് എന്നെ സ്വതന്ത്രയാക്കണേ എന്ന് പ്രാർഥിച്ചപ്പാൾ പുഞ്ചിരി തൂകി. അർഥം പിടികിട്ടാത്ത ആ വശ്യമായ പുഞ്ചിരി മനസ്സിൽ മായാതെ നിക്കണേ കണ്ണ!
* ഗുണം എന്ന വാക്കിന് കയറ് അഥവാ നൂല് എന്നും അർഥമുണ്ട്.
savithri puram

No comments:

Post a Comment