Wednesday, March 27, 2019

ഉണ്ണ്യേ.. നീ എവിട്യാ ന്റെ ബാലഗോപാലാ?
കുറൂരമ്മേ ഞാനിവിടേണ്ട് ലോ കുറൂരമ്മയ്ക്ക് കഞ്ഞീം അമരയ്ക്ക മെഴുക്കുപുരട്ടീം ചുട്ട പപ്പടോം ഉണ്ടാക്കാൻ പോയീതല്ലേ ?
കണ്ണൻ കുറൂരമ്മയുടെ അടുത്തേക്ക് ഓടിയെത്തി. അമ്മയുടെ കണ്ണുകൾ നിറഞ്ഞു. പണ്ടെല്ലാം ഈ കണ്ണന് എന്തൊരു ഒരു വികൃത്യായിരുന്നു. എത്ര വിളിച്ചാലും കണ്ണനെ ഒന്നു കാണാൻകൂടി കിട്ടില്ല. ഈ ഇല്ലപ്പറമ്പിൽ എന്നെ എത്ര ഓടിച്ചിരിക്കുന്നു. കണ്ണൻ കാണിക്കുന്ന വികൃതികൾക്ക് കൈയും കണക്കുമുണ്ടോ?  ഇപ്പോൾത്തന്നെ ഞാൻ എത്ര പതുക്കെ വിളിച്ചാലും കണ്ണൻ ഉടനേ ഓടിയെത്തും. വയ്യാതെ കിടപ്പിലയപ്പിന്നെ  അടുത്തുന്ന് മാറാതെ സദാ കൂടെന്നെണ്ടാകും.  ഇത്രയും സ്നേഹം കണ്ണൻ അല്ലാതെ മറ്റാർക്കുണ്ട്? പൈക്കിടാവിന്റെ പിന്നാലെ ഈ ഇല്ലപ്പറമ്പു മുഴുവൻ ഓടി നടക്കും. കിടാവിനോടൊത്ത് പശുവിന്റെ അകിട്ടിൽ നിന്നും പാൽ കുടിക്കുന്നത് കാണാൻ എന്തു കൗതുകാണ്?  തേവാരത്തിന് ഒരുങ്ങുമ്പോൾ കണ്ണൻ മടിനിറയെ പൂക്കളുമായി ഓടിയെത്തും. പൂജാ മുറി വൃത്തിയാക്കി വിളക്കിൽ എണ്ണയും തിരിയും ഇട്ട് എല്ലാം ഒരുക്കും. ഒരു ദിവസം തേവാരത്തിന് ഒരുക്കിയ വെണ്ണയും പാലും കട്ടെടുത്തതിന് കണ്ണനെ കലം കൊണ്ട് മൂടി ഇട്ടത് ഓർത്തപ്പോൾ കുറൂരമ്മയുടെ മുഖത്ത് ചെറു പുഞ്ചിരി വിടർന്നു. 
"എന്താ കുറൂരമ്മ ആലോചിക്കണേ?  ഇതാ കഞ്ഞി കുടിക്കൂ. "
ഓട്ടുകിണ്ണത്തിൽ പൊടിയരിക്കഞ്ഞിയും ഇലക്കീറിൽ അമരയ്ക്ക മെഴുക്കുപുരട്ടിയും ചുട്ട പപ്പടോം  വച്ച് കണ്ണൻ പുഞ്ചിരിച്ചുകൊണ്ട് മുന്നിൽ കാത്തിരിക്കുന്നു. 
"ന്റെ കൃഷ്ണാ... ഉണ്ണിക്ക് ഇഷ്ടമുള്ളതെല്ലാം ഒരുക്കി ഈ അമ്മ ഉണ്ണിയേയും കാത്ത് എത്ര ഇരുന്നേക്കുണു. ഇന്ന്  അമ്മയ്ക്ക്  തീരെ വയ്യാണ്ടായീലോ ന്റെ ഉണ്ണീ..."
കുറൂരമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ആയായീ.... ന്താ കുറൂരമ്മേ ഇത്? ഈയിടെയായി എപ്പോഴും കുറൂരമ്മേടെ കണ്ണുകൾ നിറഞ്ഞു തന്ന്യാണ് കാണുന്നത്. എന്തിനാണ് ഇത്ര സങ്കടം? ഞാൻ കൂടേല്യേ? വേഗം ഈ കഞ്ഞി കുടിക്കൂ.. കുറൂരമ്മ പഠിപ്പിച്ചതുപോലെ ദേ ഞാൻ പ്ലാവില കുത്തീത് കണ്ടോ? തിരേം ചോർന്നുപോകാതെ നന്നായി കുത്താൻ ഞാൻ പഠിച്ചു ട്ടോ."
 കുറൂരമ്മയുടെ മുഖത്തു നോക്കി കുസൃതിയോടെ ചിരിച്ചു. പാവം കുറൂരമ്മ. നന്നേ ക്ഷീണണ്ട്. തനിച്ച് എണീക്കാൻ സാധിക്കില്ല. കണ്ണൻ കുറൂരമ്മയെ താങ്ങിപ്പിടിച്ച് എഴുന്നേൽപ്പിച്ചു. ആ കുഞ്ഞിക്കൈകൾ കൊണ്ട് കഞ്ഞി വായിൽ കൊടുത്തു.  
"അമ്മയ്ക്ക് മതിയായി ഉണ്ണീ..."
"ഇത്ര കുറച്ചോ? പിന്നെങ്ങിന്യാ വയ്യായ  മാറണേ? ഇത്തിരിം കൂടി. "
വേണ്ട കണ്ണാ....
എല്ലാം അറിയുന്ന കണ്ണൻ നിർബന്ധിച്ചില്ല. വായും മുഖവും കഴുകി. എന്തിനെന്നറിയാതെ കുറൂരമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ആ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു.
"കോമളം കൂജയൻ വേണും 
ശ്യാമളോയം കുമാരകഃ 
വേദവേദ്യം പരംബ്രഹ്മ 
ഭാസതാം പുരതോമമ "
 കുറൂരമ്മേ ഞാനിപ്പോൾ സദാ കുറൂരമ്മയുടെ കൂടെന്ന്യല്ലേ ? പിന്നെ എന്തിനാണ് ഇനീം ഈ മന്ത്രം ചൊല്ലുന്നത്?
"എന്താ ന്നറീല്യാ കണ്ണാ ഇപ്പോൾ ന്റെ മനസ്സിൽ ഒരു ഭയം കടന്നു കൂടീരിക്കുണു."
"അതെന്തു ഭയമാണ് കുറൂരമ്മേ?"
"ഉണ്ണി എന്നേ വിട്ടു പോകും ന്ന്."
"നല്ല കഥ്യായി അമ്മേ വിട്ട് ഈ ഉണ്ണി എങ്ങോട്ട് പോകാനാണ്? അമ്മയ്ക്ക് എന്നെ ഇത്ര വിശ്വാസല്യേ?"
" ന്റെ ബാലഗോപാലാ നിന്നെ എത്ര സ്നേഹിച്ചതാണ് ആ യശോദ. എന്നീട്ടും ആ അമ്മയെ വിട്ട് നീ പോയില്ലേ?"
അയ്യേ ന്റെ കുറൂരമ്മേ.. അതുപോല്യാണോ ഇത്. ഇത് എന്റെ പൊന്നു കുറൂരമ്മ്യല്ലേ. കണ്ണൻ കെട്ടിപ്പിടിച്ച് കുറൂരമ്മയുടെ കവിളിൽ ഉമ്മ വച്ചു. 
"കുറൂരമ്മേ.. അന്ന് എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാൻ ഉണ്ടായിരുന്നു. അത് ചെയ്യാണ്ടേ വയ്ക്ക്യോ? മത്രമല്ല  നന്ദഗോപരും, യശോദമ്മയും പൂർവ്വജന്മത്തിൽ അഷ്ടവസുക്കളില്‍ ഒരാളായ ദ്രോണരും ഭാര്യയായ ധരയും ആയിരുന്നു. അക്കാലത്ത് അവർ  ഒരു അപരാധം ചെയ്തുപോയി. അതിനു ശിക്ഷയായി ഗോകുലത്തില്‍ യാദവ വംശത്തിൽ പിറക്കാന്‍ ഇടവരട്ടെ എന്ന് ബ്രഹ്മാവ്  ശപിച്ചു. വിഷ്ണു ഭക്തരായ അവർ ശാപമോക്ഷത്തിനായിട്ട് പ്രാർത്ഥിച്ചു. അതിന്റെ ഫലമായാണ് പുത്ര വാത്സല്യത്തോടെ എന്നെ പരിചരിക്കാൻ അവർക്ക് സാധിച്ചത്. അവർ ഭക്തരായിരുന്നു എങ്കിലും ശാപമോക്ഷം ലഭിക്കണം എന്ന ഉപാധിയോടെയാണ് എന്നെ ഭജിച്ചത്. എന്നാൽ ന്റെ കുറൂരമ്മ അങ്ങിന്യാണോ? എന്നോട് പ്രേമം മാത്രമല്ലേ ഉള്ളൂ. അമ്മയ്ക്ക് എന്നെ മാത്രമല്ലേ വേണ്ടൂ? ഈ സ്നേഹം വിട്ടുപോകാൻ എനിക്ക് എങ്ങിനെ സാധിക്കും?"
കുറൂരമ്മ വിശ്വാസം വരാത്തപോലെ കണ്ണനെ നോക്കി.
ഇതുകണ്ട് കണ്ണൻ കള്ളച്ചിരിയോടെ കുറൂരമ്മയുടെ മാറോട് ചേർന്ന് ഇരുന്ന് ആ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു. "കുറൂരമ്മക്ക് ഇപ്പോഴും എന്നെ വിശ്വാസമായില്യാല്ലേ. ഞാൻ ഒരിക്കലും ഇവിടം വിട്ട് പോകില്ല  ഇത് സത്യം "
കുറൂരമ്മ വിറക്കുന്ന കൈകളോടെ കണ്ണനെ തന്റെ മാറോടുചേർത്ത് നെറുകയിൽ ചുംബിച്ചു. 
"കുറൂരമ്മേ ഇനീം ങ്ങനെ സങ്കടപ്പെടണ്ട. നമ്മൾ രണ്ടും ഒന്നാവാൻ പോകുന്നു. ശാന്തമായി കണ്ണടച്ച് കിടന്നോളൂ ട്ടോ?" കണ്ണന്റെ സ്വരം ഇടറിയോ? ആ കണ്ണുകളിൽ നനവിന്റെ തിളക്കമുണ്ടായിരുന്നോ? കുറൂരമ്മ കണ്ണടച്ചു കിടന്നു. മനസ്സിൽ വല്ലാത്ത ശാന്തത.  കള്ളച്ചിരിയോടെ ഇരിക്കുന്ന ബാലഗോപാലന്റെ സുന്ദരമായ മുഖം ഉള്ളിൽ തെളിഞ്ഞു....
കണ്ണൻ അമ്മയുടെ കാലും മുഖവും ജലം കൊണ്ട് നനച്ചു. കുറൂരമ്മയുടെ നെഞ്ചിൽ കൈവച്ച് അടുത്തിരുന്നു.
കണ്ണൻ ജപിക്കാൻ തുടങ്ങി.
“കിമേകം ദൈവതം ലോകേ 
കിം വാപ്യേകം പരായണം
സ്തുവന്തഃ കം കമര്‍ചന്തഃ 
പ്രാപ്നുയുര്‍മാനവാഃ ശുഭം
കോ ധര്‍മഃ സര്‍വധര്‍മാണാം 
ഭവതഃ പരമോ മതഃ
കിം ജപന്മുച്യതേ ജന്തുര്‍
ജന്മസംസാരബന്ധനാത് “
.....................................
യസ്യ സ്മരണമാത്രേണ 
ജന്മസംസാരബന്ധനാല
വിമുച്യതേ നമസ്തസ്‌മൈ 
വിഷ്ണവേ പ്രഭവിഷ്ണവേ
.....................................
ഓം
വിശ്വം വിഷ്ണുര്‍വഷട്കാരോ ഭൂതഭവ്യഭവത്‌പ്രഭുഃ
.............................
കണ്ണൻ ചൊല്ലിക്കൊണ്ടിരുന്നു. കുറൂരമ്മയുടെ മുഖം ശാന്തവും  പ്രസന്നവും അതി തേജസ്സുറ്റതും ആയി. 
കണ്ണൻ കുറൂരമ്മയുടെ ശിരസ്സെടുത്ത് തന്റെ മടിയിൽ വച്ചു. എല്ലാ ജന്മകർമ്മകളും അവസാനിപ്പിച്ച്  ആ ജീവൻ ലയിക്കാൻ തയ്യാറായി.
ആത്മയോനിഃ സ്വയംജാതോ വൈഖാനഃ സാമഗായനഃ
ദേവകീനന്ദനഃ സ്രഷ്ടാ ക്ഷിതീശഃ പാപനാശനഃ
ശങ്ഖഭൃന്നന്ദകീ ചക്രീ ശാർങ്ഗധന്വാ ഗദാധരഃ
രഥാങ്ഗപാണിരക്ഷോഭ്യഃ സർവ്വപ്രഹരണായുധഃ
കണ്ണന്റെ സ്വരം ഇടറി. കണ്ണുനീർ തുള്ളികൾ കുറൂരമ്മയുടെ നെറ്റിയിൽ പതിച്ചു. 
കുറൂരമ്മയുടെ ചുണ്ടുകൾ മന്ത്രിച്ചു.
 "ന്റെ കൃഷ്ണാ"
കുറൂരമ്മയുടെ മുഖത്ത് വലയം ചെയ്തിരുന്ന തേജസ്സ് കണ്ണിൽ ലയിച്ചു. 
ഇന്നും കണ്ണൻ കുറൂരമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ച് ഇല്ലം സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് ബാലഗോപാല ഭാവത്തിൽ വിഹരിക്കുന്നു. ( ഉണ്ണിക്കണ്ണനെ പ്രതിഷ്ഠിച്ചിട്ടുള്ള വെങ്ങിലശേരി കുറൂരമ്മ ക്ഷേത്രം. ഇവിടെയാണ് കുറൂരമ്മ ജീവിച്ചിരുന്നത് എന്നു പറയപ്പെടുന്നു. ഇല്ലത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെ ഉണ്ടത്രേ.)
ഭക്തി ഒന്നുകൊണ്ടുമാത്രം പൂര്‍ണ്ണബ്രഹ്മത്തെ  ബാലഗോപാല രൂപത്തിൽ കാണാനും ആവോളം വാത്സല്യം പകരാനും മാറോടണച്ച് ഉമ്മവക്കാനും കഴിയും എന്ന് ഒരു സാധാരണ  ഗൃഹസ്ഥയായ കുറൂരമ്മ നമുക്ക് കാണിച്ചുതന്നു. ഞങ്ങൾക്കും നിഷ്കാമഭക്തിയുണ്ടാകേണ എന്ന പ്രാർത്ഥനയോടെ ഈ അക്ഷരപ്പൂക്കൾ എന്റെ കണ്ണന് പ്രേമപുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു.
രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ

സുദർശന രഘുനാഥ് 
വനമാലി

No comments:

Post a Comment