Saturday, March 23, 2019

നേമി'  എന്നായിരുന്നു ദശരഥന്റെ യഥാര്‍ഥ നാമം. ഒരിക്കല്‍ ശംബരന്‍ എന്ന അസുരന്‍  ഇന്ദ്രനെ ജയിച്ച് സ്വര്‍ഗം കീഴടക്കി. സ്വര്‍ഗത്തില്‍ നിന്ന് നിഷ്‌കാസിതനായ ഇന്ദ്രന്‍  അഭയം തേടി നേമിയുടെ അരികിലെത്തി. ഈ സമയം നേമി, കൈകേയിയോടൊന്നിച്ച് വനക്രീഡകളിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. 
സാഹസികനായ നേമി, ഇന്ദ്രന് അഭയം നല്‍കിയ ശേഷം പരിവാരങ്ങളേയോ സൈന്യത്തേയോ കൂട്ടാതെ കൈകേയിയോടൊപ്പം സ്വര്‍ഗത്തിലെത്തി ശംബരനുമായി യുദ്ധം ചെയ്തു. 
അസുരസൈന്യത്തെ നേമി നിഷ്പ്രയാസം കൊന്നൊടുക്കി. ഇത് കണ്ട ശംബരന്‍  മായാജാലമുപയോഗിച്ച്  പത്തു ശംബരന്മാരായി രൂപമെടുത്ത് പത്തുദിക്കുകളില്‍ നിന്ന് നേമിയെ ആക്രമിക്കാന്‍ തുടങ്ങി. പത്തു ദിക്കുകളിലേക്കും  തന്റെ രഥം ചുറ്റിക്കറക്കി നേമി ശംബരനെ നേരിട്ടു. ശംബരന്റെ പത്തു രൂപങ്ങളെയും വധിച്ച് സ്വര്‍ഗം വീണ്ടെടുത്ത് ഇന്ദ്രന് നല്‍കി. നേമിയുടെ യുദ്ധവൈഭവം കണ്ട്  സന്തുഷ്ടനായ ഇന്ദ്രന്‍ പത്തുദിക്കുകളിലേക്ക് രഥമോടിച്ചവന്‍ എന്ന അര്‍ഥത്തില്‍  നേമിയെ ദശരഥന്‍ എന്നു വിളിച്ചു.നേമി അങ്ങനെ ദശരഥനായി.  
ശംബരനോട് യുദ്ധം ചെയ്യാന്‍ രഥം ചുഴറ്റിയപ്പോള്‍ അച്ചുതണ്ടിന്റെ ആപ്പ് ഇളകിവീഴാന്‍ തുടങ്ങിയിരുന്നു. ഇതു കണ്ട കൈകേയി ആപ്പ് യഥാസ്ഥാനത്ത്  അമര്‍ത്തിപ്പിടിച്ച് രഥം സംരക്ഷിച്ചു.  ഇതില്‍ സന്തുഷ്ടനായ  ദശരഥന്‍ കൈകേയിക്ക് രണ്ട് ഇഷ്ടവരങ്ങള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍, വരം ഇപ്പോള്‍ ആവശ്യമില്ലെന്നും വേണ്ടപ്പോള്‍ ആവശ്യപ്പെടാമെന്നും കൈകേയി പറഞ്ഞു. യുദ്ധമെല്ലാം കഴിഞ്ഞ് സ്വര്‍ഗം ഇന്ദ്രനെ തിരികെയേല്‍പ്പിച്ച് ഇരുവരും അയോധ്യയിലേക്ക് മടങ്ങി. 
നേമി, ദശരഥനായതിന്  മറ്റൊരു കഥ കൂടിയുണ്ട്. വസിഷ്ഠമഹര്‍ഷി ദിങ്മന്ത്രം ജപിച്ച് സിദ്ധിവരുത്തിയ പുണ്യജലം തളിച്ച രഥമായിരുന്നു നേമിക്കുണ്ടായിരുന്നത്. അത് പര്‍വതം, കടല്‍, ഗ്രഹങ്ങള്‍ ഇവയൊന്നിന്റേയും തടസ്സങ്ങളില്ലാതെ പത്തുദിക്കുകളിലേക്കും സഞ്ചരിക്കാന്‍ പര്യാപ്തമായിരുന്നു. അത്ഭുതസിദ്ധിയുള്ള ഈ രഥത്തിന് അധിപനായ നേമി പിന്നീട് ദശരഥനെന്ന് അറിയപ്പെട്ടു. 
പുത്രലാഭത്തിനായി ദശരഥന്‍ നടത്താത്ത കര്‍മങ്ങളില്ലായിരുന്നു. പുണ്യസ്നാനം, പൂജ, ഹോമം, അന്നദാനം തുടങ്ങിയവ നടത്തി നിരന്തരം അദ്ദേഹം പുത്രലബ്ധിക്കായി പ്രാര്‍ഥിച്ചു കൊണ്ടിരുന്നു. എന്നിട്ടും ഫലം കണ്ടില്ല. 
ഒടുവില്‍ വസിഷ്ഠമഹര്‍ഷി തന്നെ അതിന് പ്രതിവിധി കണ്ടു.  ഋഷ്യശൃംഗമുനിയെ കൊണ്ടു വന്ന് പുത്രകാമേഷ്ഠി നടത്താമെന്നായിരുന്നു വസിഷ്ഠന്റെ നിര്‍ദേശം. മനുകുലത്തില്‍ ജനിച്ച ഉത്താനപാദരാജാവായ ലോമപാദന്‍ മഴകിട്ടാതെ വരണ്ടുണങ്ങിയ തന്റെ നാടിനെ രക്ഷിക്കാന്‍ ഋഷ്യശൃംഗനെ വരുത്തിയ കഥ വസിഷ്ഠമഹര്‍ഷി പറഞ്ഞു തുടങ്ങി. 

No comments:

Post a Comment