Monday, March 25, 2019

അരയന്നവും കൊതുകും.
അരയന്നവും കൊതുകും തമ്മിൽ എന്തു ബന്ധം? രണ്ടും ഭഗവാന്റെ സൃഷ്ടികൾ തന്നെയായതിനാൽ നമുക്ക് ഭഗവാനോട് ചോദിക്കാം. ജിജ്ഞാസുക്കൾക്ക്‌ പറഞ്ഞു തരാൻ ഇഷ്ടമാണെന്ന് ഭഗവാൻ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണമെന്നത് ഭഗവാന് നിർബ്ബന്ധമാണ്. അതിനാൽ നമുക്ക് നമ്മുടെ ശ്രവണേന്ദ്രിയങ്ങൾ പരിപൂർണമായും ഭഗവാന് നൽകാം.
"കൃഷ്ണ , അരയന്നവും കൊതുകും ഭഗവാന്റെ ചൈതന്യാംശങ്ങൾ തന്നെ. അവയുടെ ഭേദം പറഞ്ഞു തരാമോ? "
ഭഗവാൻ പറഞ്ഞു: " കവിഭാവന അനുസരിച്ച്, അരയന്നങ്ങൾക്ക് പാലും വെള്ളവും ചേർന്ന ഒരു മിശ്രിതത്തിൽ നിന്ന് പാൽ മാത്രം സ്വീകരിച്ച് വെള്ളത്തെ ത്യജിക്കാൻ കഴിയും. ഇവിടെ പാൽ ,, 'സത്തി'നേയു വെള്ളം അസത്തിനേയും പ്രതിനിധീകരിക്കുന്നു. നല്ലതു കൊള്ളാനും നല്ലതല്ലാത്തതു തളളാനും അരയന്നത്തിന് കഴിവുണ്ട്. ജഗത്തിൽ നന്മയും തിന്മയും ഉണ്ട്. പഞ്ചേന്ദ്രിയങ്ങളാൽ കാണുന്നതും ശ്രവിക്കുന്നതും അനുഭവിക്കുന്നതും ഒക്കെ ത്രിഗുണമിശ്രമാണ്. അതിൽ സത്തായതിനെ മാത്രം എടുത്ത് അസത്തായതിനെ ത്യജിക്കണം . അതിനുള്ള എളുപ്പമാർഗ്ഗമാണത്രെ ഭഗവദ് ഭക്തിയും സജ്ജന സംസർഗ്ഗവും.
ഇനി കൊതുകിന്റെ കാര്യമെടുക്കാം. പാൽ ചുരത്തുന്ന പശുവിന്റെ അകിട്ടിൽ വിശപ്പു കൊണ്ട് ചൂളം വിളിച്ച് ചുറ്റിത്തിരിയുകയാണെങ്കിൽ പോലും കൊതു ആ പാൽ കുടിക്കില്ല. പകരം അതിന്റെ കൂർത്ത കൊമ്പിനാൽ പശുവിനെ വേദനിപ്പിച്ചു കൊണ്ട് അതിന്റെ ദേഹത്തിൽ സിറിഞ്ചുപോലെ കയറി ചോര തന്നെ കുടിക്കുന്നു. പാൽ രുചിക്കാതെ ചോരക്കു പിന്നാലെ പായുന്നു. ചോര കുടിക്കാൻ പൂർവ്വം ജന്മവാസനയുള്ളവരേ കൊതു കായി ജനിക്കൂ. അവർക്ക് വിcശഷ ബുദ്ധിയില്ലാത്തതിനാൽ ആ വാസന നിറവേറ്റിത്തന്നെ കൊതുകിന്റെ ശരീരത്തിൽ ജീവിച്ച് പാപഫലം അനുഭവിച്ചു തീർക്കണം
മനുഷ്യന് അങ്ങനെയല്ല. പൂർവ്വജന്മവാസനയുടെ ശക്തി ഉണ്ടെങ്കിലും വിശേഷബുദ്ധിയുള്ളതിനാൽ, നല്ലതും നല്ലതാത്തതും തിരിച്ചറിഞ്ഞ് നല്ലതു തന്നെ തിരഞ്ഞെടുക്കാം. ആ വിവേകം ലഭിക്കുന്നതിനും അരയന്നത്തെപ്പോലെ സത്ത് മാത്രം എടുക്കുന്നതിനും ഭഗവദ് ഭക്തിയും സജ്ജന സംസർഗവും വളരെ സഹായിക്കുന്നു. അരയന്നവും കൊതുകും രണ്ടും എൻറ ചൈതന്യാംശങ്ങളാണെങ്കിലും അവരുടെ പൂർവ്വജന്മസുകൃതവും പ്രാരബ്ധ കർമ്മഫലങ്ങളും വ്യത്യസ്തമാണ്. എല്ലാ ജീവജാലങ്ങളും എന്നിലേക്കു കുതിച്ചു കൊണ്ടിരിക്കുക തന്നെയാണ്, എല്ലാ നദികളും സമുദ്രത്തിലേക്കെന്ന പോലെ "
" ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും
ചോര തന്നെ കൊതുകിന്നു കൌതുകം "
എന്ന് നമ്മൾ കേട്ടിട്ടുണ്ടല്ലോ?
കൃഷ്ണ , ഞങ്ങളെ അരയന്നത്തെപ്പോലെയാകാൻ അനുഗ്രഹിക്കണേ!.
savithri puram

No comments:

Post a Comment