Thursday, March 14, 2019

മനസ്സിലാക്കാന്‍ പറ്റാത്ത ഒന്നാണ് പരമാനന്ദം പരമാനന്ദത്തിലേയ്ക്കു കടക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. പല ജന്മങ്ങള്‍ക്കു ശേഷമാണ് നിങ്ങള്‍ക്ക് പരമാനന്ദത്തിലേയ്ക്ക് പ്രവേശിക്കാന്‍ കഴിയുന്നത്.പരമാനന്ദത്തില്‍ നിന്നു പുറത്തേയ്ക്കു വരാന്‍ അതിനേക്കാള്‍ ബുദ്ധിമുട്ടാണ്. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ തേടുന്നത് പരമാനന്ദം മാത്രമാണ് - പ്രഭവകേന്ദ്രവുമായുള്ള ആ ദിവ്യസംഗമം. പക്ഷേ ലോകത്തിലെ മറ്റെല്ലാം തന്നെ നിങ്ങളെ ഈ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിപ്പിക്കുന്നു. ലക്ഷ്യത്തില്‍ നിന്ന് നിങ്ങളെ പല വിധത്തിലും വ്യതിചലിപ്പിക്കുന്ന കോടാനുകോടി വസ്തുക്കളുണ്ട്. സ്വന്തം ഗൃഹത്തിലേക്കു 
തിരിച്ചുവരാന്‍ അനുവദിക്കാത്ത വിവരണാതീതവും,(unexplainable) ദുര്‍ഗ്രഹവും
(incomprehensible) ആയ എന്തെല്ലാം കാര്യങ്ങളാണുള്ളത്!
ആര്‍ത്തി,വെറുപ്പ്, എന്നിവയാണ് മനസ്സിനെ ജീവിപ്പിക്കുന്നത്. മനസ്സ് മരിക്കുമ്പോള്‍ മാത്രമെ പരമാനന്ദം ഉദിക്കൂ. പരമാനന്ദം ദൈവികതയുടെ വാസസ്ഥലമാണ് ;എല്ലാ ദേവന്മാരുടേയും വാസസ്ഥലമാണ്. 
മനുഷ്യശരീരമെടുക്കുമ്പോള്‍ മാത്രമേ എന്തിനെയെങ്കിലും മനസ്സിലാക്കാനും ഉയര്‍ത്തിപ്പിടിക്കാനും കഴിയൂ. മനുഷ്യ ജന്മമെടുത്തിട്ടും, ഈ പാത അറിഞ്ഞിട്ടും, നിങ്ങള്‍ ഇക്കാര്യം മനസ്സിലാക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് വലിയൊരു നഷ്ടമാണ് സംഭവിക്കുന്നത്.
ആര്‍ത്തിയും, വെറുപ്പും നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നു. പെരുമാറ്റത്തില്‍ മര്യാദയുണ്ടായിട്ട് കാര്യമില്ല. ഹൃദയം പരുക്കനാകരുത്. നിങ്ങളുടെ പെരുമാറ്റം മോശമാണെങ്കില്‍ അത് അംഗീകരിക്കാം. പക്ഷേ നിങ്ങളുടെ ഹൃദയം പരുക്കനാണെങ്കില്‍ അതിന് അംഗീകാരമില്ല. നിങ്ങളുടെ ഉള്ളില്‍ നിങ്ങളെന്താണെന്ന് ലോകം ശ്രദ്ധിക്കുന്നില്ല. ലോകം നിങ്ങളുടെ പെരുമാറ്റത്തെ മാത്രമേ കാണുന്നുള്ളൂ. പുറമേയ്ക്ക് നിങ്ങള്‍ എങ്ങനെയായാലും ഈശ്വരന് ഒന്നുമില്ല - അദ്ദേഹം നിങ്ങളുടെ ഉള്ളിലേയ്ക്കു മാത്രമാണ് നോക്കുക. നിങ്ങളുടെ ഹൃദയത്തില്‍ ആര്‍ത്തിയുടെയോ, അനിഷ്ടത്തിന്റെയോ ചെറിയൊരംശം പോലും ഉണ്ടാകരുത്.അത് ഒരു പനിനീര്‍പ്പുപോലെ പുതുമയുള്ളതും, മൃദുലവും പരിമളമുള്ളതുമാക്കട്ട. നിങ്ങള്‍ ആരെയോ എന്തിനെയോ ഇഷ്ടപ്പെടുന്നില്ല ഇത് നിങ്ങളില്‍ കൂടുതല്‍ കാഠിന്യമുണ്ടാക്കുന്നു. ഈ കാഠിന്യം മൃദുലമാകാനും, അപ്രത്യക്ഷമാകാനും കാലങ്ങളെടുക്കും.നിധിയില്‍ നിന്ന് നിങ്ങളെ അകറ്റുന്ന വലിയൊരു കെണിയാണിത്.
ഭൗതികലോകത്തില്‍ നിങ്ങള്‍ക്ക് സംതൃപ്തി തരാന്‍ ഒന്നിനും കഴിയില്ല. ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ വേണ്ടി പുറമേയ്ക്കു നോക്കുന്ന മനസ്സിന് അതൃപ്തിയുണ്ടാകും. ആ അത്യപ്തി വളരുകയും ചെയ്യും.പരാതികളും നിഷേധാത്മകതയും മസ്തിഷ്‌കത്തെ കഠിനമാക്കി പ്രജ്ഞയെ ആവരണം ചെയ്യുന്ന ഒരു വലിയ മേഘപടലം സൃഷ്ടിക്കുന്നു. നിഷേധാത്മകത അതിന്റെ ഉച്ചകോടിയിലെത്തുമ്പോള്‍, അധികം കാറ്റുനിറച്ച ബലൂണിനെപ്പോലെ അത് പൊട്ടിത്തെറിക്കുകയും ഈശ്വരനിലേയ്ക്ക് തിരിച്ചു വരികയും ചെയ്യുന്നു.
നിഷേധത്തിന്റെ നീണ്ട വഴിയിലൂടെയായാലും, സന്മാര്‍ഗ്ഗത്തിന്റെ വഴിയിലൂടെയായാലും ഈശ്വരനില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങള്‍ക്കൊരു മാര്‍ഗ്ഗവുമില്ല ഈശ്വരീയത ഉദിക്കുമ്പോള്‍ അസത്തില്‍ നിന്നും സത്തിലേയ്ക്കും ഇരുട്ടില്‍ നിന്നും പ്രകാശത്തിലേയ്ക്കും ഉള്ള പരിവര്‍ത്തനം ഉടനടി സംഭവിക്കുന്നു.
-- ശ്രീ ശ്രീ

No comments:

Post a Comment