സംസാരദുഃഖത്തില്‍ നിന്നുള്ള മുക്തി കര്‍മ്മം കൊണ്ടു സാധ്യമല്ല, അത് ജ്ഞാനം കൊണ്ടു മാത്രമേ സാധ്യമാകൂ എന്ന് വേദാന്തശാസ്ത്രം പറയുന്നുണ്ടല്ലോ. അപ്പോള്‍ ആദ്ധ്യാത്മിക ജീവിതത്തില്‍ സേവനത്തിനുള്ള പ്രസക്തി എന്താണ് എന്ന് അടുത്തയിടെ ഒരു മോന്‍ ചോദിക്കുകയുണ്ടായി. മനസ്സിന് ഒരുവിധം ശുദ്ധിയും പക്വതയും നേടിയ ഒരാള്‍ക്കുമാത്രമേ വേദാന്തവിചാരത്തിന് അധികാരിയാവാന്‍ കഴിയൂ. അതു നേടിയെടുക്കാന്‍ നിഷ്‌കാമസേവ അഥവാ കര്‍മ്മയോഗം ഒഴിച്ചുകൂടാനാവാത്തതാണ്.
ആത്മാവു തന്നില്‍ മാത്രം കുടിയിരിക്കുന്ന ഒരു വസ്തുവല്ല. അത് സകലചരാചരങ്ങളിലും സ്ഥിതിചെയ്യുന്ന ചൈതന്യമാണ്. എല്ലാം ഒന്നെന്നു കാണുമ്പോള്‍ മാത്രമേ ആത്മസാക്ഷാത്കാരം സാദ്ധ്യമാകുന്നുള്ളു. ഏറ്റവും നിസ്സാരമെന്നു തോന്നുന്ന ജീവിയുടെകൂടി സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഈശ്വരന്റെ ലോകത്തേയ്ക്കു നമുക്കു കടക്കാനാവില്ല. സര്‍വ്വ ജീവജാലങ്ങളോടുമുള്ള കരുണയാണ് ഒന്നാമതായി നമുക്കു വേണ്ടത്. ആ വിശാലത വന്നാല്‍ മുക്തിക്കു പിന്നെ താമസമില്ല.
അമ്പലത്തില്‍പോയി മൂന്നു വലംവെച്ചു തൊഴും. ഇറങ്ങി വരുമ്പോള്‍ വാതില്ക്കല്‍ നില്ക്കുന്ന ഭിക്ഷക്കാരനെ ചവിട്ടുകയും ചെയ്യും. ആ സംസ്‌ക്കാരമാണ് നമ്മളില്‍ ചിലര്‍ക്കെങ്കിലും ഇപ്പോഴുള്ളത്. അതല്ല വേണ്ടത്. നമ്മള്‍ ഏതൊരീശ്വരനെ തൊഴുന്നുവോ, ആ ഈശ്വരനെ ഭിക്ഷക്കാരനിലും ദര്‍ശിക്കാന്‍ കഴിഞ്ഞാലേ, നമ്മള്‍ ഈശ്വരസാക്ഷാത്കാരത്തിനു അര്‍ഹരാകുന്നുള്ളൂ. മനുഷ്യനെ ഈശ്വരനായി കണ്ടുകൊണ്ടു വേണം സേവിക്കാന്‍. അപ്പോഴെ നമ്മളില്‍ വിനയമുണ്ടാകൂ. 'ഞാന്‍ ലോകസേവനം ചെയ്യുന്നു' എന്ന ഭാവമുണ്ടായാല്‍, തെറ്റുപറ്റി. ആ ഭാവത്തോടുകൂടി ചെയ്യുന്നതൊന്നും ഈശ്വരസേവയല്ല. 'ഞാനൊന്നുമല്ല' എന്ന ഭാവത്തില്‍ സ്‌നേഹത്തോടെയുള്ള വാക്കു്, പുഞ്ചിരി, പ്രവൃത്തി ഇതൊക്കെ ഈശ്വരസേവയാണ്.
ഒരിടത്തിരുന്നു സാധന ചെയ്ത് 'ഞാന്‍ പൂര്‍ണനായി' എന്നു പറഞ്ഞാലത് അംഗീകരിക്കാനാവില്ല. ലോകവ്യവഹാരങ്ങളുടെ നടുവിലിരിക്കുമ്പോഴും സമചിത്തത നിലനിര്‍ത്താന്‍ കഴിയണം. അപ്പോള്‍ മാത്രമേ, സാധന എത്രകണ്ടു ഫലപ്രദമായി എന്നറിയുവാന്‍ കഴിയൂ. കുറുക്കന്‍ കാട്ടില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ വിചാരിക്കും, 'ഞാന്‍ ശക്തനായി, ഇനി നായയെക്കണ്ടാല്‍ കൂവുകയില്ല' എന്ന്. പക്ഷെ, ഒരു നായയെ നേരില്‍കണ്ടാല്‍ മതി, എല്ലാം മറക്കും. ഉടനെ ഓരിയിടുവാന്‍ തുടങ്ങും. ജനങ്ങളുമായി ഇടപഴകുമ്പോള്‍ അവര്‍ കോപിക്കുന്ന സാഹചര്യത്തിലും നമ്മള്‍ സമചിത്തത വിടാതിരിക്കണം. അപ്പോള്‍ മാത്രമേ, നമ്മുടെ വളര്‍ച്ചയെപ്പറ്റി നമുക്കു മനസ്സിലാക്കാന്‍ സാധിക്കൂ.
സ്‌ക്കൂള്‍ പരീക്ഷയ്ക്കു റാങ്കു നേടിയതുകൊണ്ടു മാത്രം ഉദ്യോഗം കിട്ടുകയില്ല. ഉദ്യോഗം കിട്ടണമെങ്കില്‍ ആയിരക്കണക്കിനു് ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ടെസ്റ്റില്‍ ജയിക്കണം. അപ്പോഴെ നമ്മള്‍ ജോലിക്ക് അര്‍ഹരാകുന്നുള്ളു. അതുപോലെ, സാധന ചെയ്യുമ്പോഴും സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കണം. സേവനവും സാധനയായിക്കണ്ട് ഈശ്വരാര്‍പ്പണമായി ചെയ്യണം. അതിനിടയില്‍ ആരെങ്കിലും നമ്മോടു ദ്വേഷിച്ചാല്‍ മനസ്സില്‍ അല്പംവിദ്വേഷമുണ്ടായി എങ്കില്‍ക്കൂടി പിന്നെ അത് മനനംചെയ്തു മാറ്റുവാന്‍ ശ്രമിക്കണം.
''ഞാന്‍ ദ്വേഷിച്ചതാരോടാണ്? ഞാന്‍ ശരീരമാണെന്നു വിചാരിച്ചിട്ടല്ലേ അയാളോടു ദേഷ്യം വന്നത്. ശാസ്ത്രങ്ങളില്‍നിന്നു ഞാന്‍ എന്താണു പഠിച്ചത്? ഞാന്‍ ശരീരമല്ല, മനസ്സല്ല, ബുദ്ധിയല്ല, ആത്മാവാണെന്നു പറഞ്ഞിട്ടു് അയാളോടു ദ്വേഷിച്ചല്ലോ.'' ഇങ്ങനെ സ്വയം വിചാരം ചെയ്യണം. അങ്ങനെ പല പ്രാവശ്യമാകുമ്പോള്‍ പിന്നെ ആരോടും ദേഷ്യം വരില്ല. ജനങ്ങളുടെ കൂവലും ഭള്ളും കേള്‍ക്കുമ്പോഴും ധീരതയോടെ ക്ഷമിക്കാനുള്ള കഴിവു വന്നാലേ, ഒരാള്‍ പൂര്‍ണനായെന്നു പറയാന്‍ പറ്റുകയുള്ളൂ.
ആളൊഴിഞ്ഞ മൈതാനത്തുകൂടി അത്ര പരിചയമില്ലാത്തവര്‍ക്കും വണ്ടി ഓടിക്കുവാന്‍ കഴിയും. എന്നാല്‍ തിരക്കുകൂടിയ തെരുവില്‍ക്കൂടി അപകടമുണ്ടാകാതെ വണ്ടിയോടിക്കുവാന്‍ കഴിഞ്ഞാല്‍ മാത്രമേ, ഡ്രൈവിങ്ങില്‍ ഒരുവനുള്ള കഴിവിനെക്കുറിച്ച് വിലയിരുത്തുവാന്‍ കഴിയൂ. അതുപോലെ, ഏകാന്തതയിലിരുന്നു തപസ്സു ചെയ്തതുകൊണ്ടു മാത്രം ഒരുവനെ ധീരനെന്നു വിളിക്കുവാന്‍ കഴിയില്ല.
പ്രതികൂല സാഹചര്യങ്ങളിലും പലവിധ കര്‍മ്മങ്ങളുടെ നടുവിലും തെല്ലും പതറാതെ ഏകാഗ്രചിത്തനായി മുന്നോട്ടു പോകാന്‍ സാധിക്കുന്നുവെങ്കില്‍ അവനാണു ധീരന്‍; യഥാര്‍ത്ഥ തപസ്വി. അവന്റെ മനസ്സിന്റെ താളലയം നഷ്ടമാക്കാന്‍ ഒരു സാഹചര്യത്തിനും കഴിയില്ല. അതിനാല്‍ ആദ്ധ്യാത്മികസാധനയുടെ ഒഴിച്ചുകൂടാനാകാത്ത ഭാഗം തന്നെയാണു സേവനം...amma
No comments:
Post a Comment