Sunday, March 03, 2019

'ഭാരതസ്യ പ്രതിഷ്‌ഠേ ദ്വേ സംസ്‌കൃതം സംസ്‌കൃതിസ്തഥാ' ഭാരതത്തിന്റെ രണ്ട് പ്രതിഷ്ഠകളില്‍ ഒന്ന് സംസ്‌കൃതവും മറ്റൊന്ന് സംസ്‌കാരവുമാണെന്ന് പ്രസിദ്ധം. സംസ്‌കൃത ഭാഷ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് പരിശ്രമത്തിലൂടെ പഠിക്കാന്‍ സാധിക്കുന്ന പംക്തിയാണിത്. കേട്ടു പരിചിതമായ ആപ്തവാക്യവും സുഭാഷിതവുമാണ് വിവരിക്കുക. പദാനുപദം വിവരണം നല്‍കും. ഭാഷയുടെ കര്‍ത്തൃ-കര്‍മ്മ-ക്രിയാ വിശേഷങ്ങളിലൂടെ സംസ്‌കൃതഭാഷ പരിശീലിക്കാം. വശമാക്കാം. എല്ലാ ആശംസകളും. ക്ഷണശഃ കണശശ്‌ചൈവ വിദ്യാമര്‍ത്ഥം ച സാധയേത് ക്ഷണശഃ = ഓരോ ക്ഷണവും, നിമിഷവും. കണശഃ = കണമായിട്ട് (സാവധാനത്തില്‍). വിദ്യാം = അറിവിനെയും. അര്‍ത്ഥം = സമ്പത്തിനെയും. സാധയേത് = സമ്പാദിക്കണം, നേടണം. കണശഃ ച ഏവ = കണശശ്‌ചൈവ എന്ന് പദച്ഛേദം. ച ഏവ എന്നത് അവ്യയമാണ്. അവ പിന്നീട് വിശദമാക്കാം. സുഭാഷിതം ഉദ്യമേന ഹി സിദ്ധ്യന്തി കാര്യാണി ന മനോരഥൈഃ നഹി സുപ്തസ്യ സിംഹസ്യ പ്രവിശന്തി മുഖേ മൃഗാഃ പദച്ഛേദഃ - ഉദ്യമേന, ഹി, സിദ്ധ്യന്തി, കാര്യാണി, ന മനോരഥൈഃ ന, ഹി. സുപ്തസ്യ, സിംഹസ്യ, പ്രവിശന്തി, മുഖേ, മൃഗാഃആകാംക്ഷാ പദ്ധതിയിലൂടെ ചോദ്യോത്തര രീതിയില്‍ സുഭാഷിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാം. ചോദ്യം:കാര്യാണി കഥം സിദ്ധ്യന്തി? (കാര്യങ്ങള്‍ എങ്ങനെ നേടുന്നു) ഉത്തരം: കാര്യാണി ഉദ്യമേന സിദ്ധ്യന്തി (കാര്യങ്ങള്‍ പരിശ്രമത്തിലൂടെ നേടുന്നു) ചോ: കാര്യാണി കഥം ന സിദ്ധ്യന്തി? (കാര്യങ്ങള്‍ എങ്ങനെ നേടുന്നില്ല) ഉ: കാര്യാണി മനോരഥൈ ന സിദ്ധ്യന്തി (കാര്യങ്ങള്‍ മനസ്സില്‍ വിചാരിച്ചാല്‍ നേടുന്നില്ല) ചോ: മൃഗാഃ കുത്ര ന പ്രവിശന്തി? (മൃഗങ്ങള്‍ എവിടെ പ്രവേശിക്കില്ല?) ഉ: മൃഗാഃ മുഖേ ന പ്രവിശന്തി (മൃഗങ്ങള്‍ മുമ്പില്‍ എത്തുന്നില്ല) ചോ: കസ്യ മുഖേ ന പ്രവിശന്തി? (ആരുടെ മുമ്പില്‍ വരുന്നില്ല?) ഉ: സിംഹസ്യ മുഖേ ന പ്രവിശന്തി (സിംഹത്തിന്റെ മുമ്പില്‍ വരുന്നില്ല) ചോ: കീദൃശസ്യ സിംഹസ്യ മുഖേ ന പ്രവിശന്തി? (എങ്ങനെയുള്ള സിംഹത്തിന്റെ മുമ്പില്‍ വരുന്നില്ല) ഉ: സുപ്തസ്യ സിംഹസ്യ മുഖേന പ്രവിശന്തി (ഉറങ്ങിക്കിടക്കുന്ന സിംഹത്തിന്റെ മുമ്പില്‍ വരുന്നില്ല) ആശയം: പരിശ്രമത്തിന്റെ മഹത്വമാണ് ഈ സുഭാഷിതത്തില്‍ വര്‍ണ്ണിക്കുന്നത്. നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും വിജയം പരിശ്രമത്തിലൂടെയാണ് സഫലമാകുന്നത്. കാര്യങ്ങള്‍ ആഗ്രഹിച്ചാല്‍ മാത്രം നേടാനാവില്ല. ഉറങ്ങിക്കിടക്കുന്ന സിംഹത്തിന്റെ മുന്നില്‍ ഇരയായി മൃഗങ്ങള്‍ സ്വയം എത്തുന്നില്ല. സിംഹം സ്വയം പരിശ്രമിക്കണമെന്ന് സാരം. അതേപോലെ സ്വയം പരിശ്രമിച്ച് വിജയിക്കാം. അന്വയം: കാര്യാണി ഉദ്യമേ ന ഹി സിദ്ധ്യന്തി മനോരഥൈഃ ന. (യഥാ) മൃഗാഃ സുപ്തസ്യ സിംഹസ്യ മുഖേ ന ഹി പ്രവിശന്തി. വിശേഷ സൂചന: ഭാഷയില്‍ ക്രിയാ ശബ്ദങ്ങളും നാമ ശബ്ദങ്ങളും അവ്യയങ്ങളും ഉണ്ട്. ഇവിടെ സിദ്ധ്യന്തി, പ്രവിശന്തി എന്നിവ അവ്യയങ്ങളും മറ്റുള്ളവ നാമരൂപങ്ങളുമാണ്. ക്രിയാശബ്ദങ്ങള്‍ക്ക് ധാതു-പദ-ലകാര-പുരുഷ-വചനങ്ങളും നാമശബ്ദങ്ങള്‍ക്ക് അനുലിംഗ-വിഭക്തി-വചനങ്ങളുമുണ്ട്. അവ്യയങ്ങള്‍ ഒരു വ്യത്യാസവും വരുത്തുന്നവയല്ല. ഇവ ഓരോന്നും വിശദമായി പഠിക്കേണ്ടതാണ്.
janmabhumi

No comments:

Post a Comment