Tuesday, March 26, 2019

ദീപവും അഗ്നിയും.*.
🔅🔅🔅🔅🔅🔅🔅


കഴിഞ്ഞ ദിവസം ഒരു വീട്ടിൽ ഭഗവതി സേവ കണ്ടപ്പോൾ എഴുതണമെന്നു വിചാരിച്ചതാണ്.. അഞ്ചു തിരിയിട്ട നിലവിളക്ക് പൂജ കഴിഞ്ഞപ്പോൾ  നിലവിളക്കിന്റെ മുകൾ ഭാഗം മുഴുവനായി കരിയായിരിക്കുന്നു.  പ്രത്യേകിച്ച് പല പൂജകളിലും നാം  വീട്ടിലാണെങ്കിലും നിലവിളക്കു കത്തിക്കാറുണ്ടല്ലോ.. എന്തുകൊണ്ടാണ് ഇങ്ങിനെ വരുന്നത് എന്ന്  ചിന്തിച്ചിട്ടുണ്ടോ. എങ്ങിനെയാണ് ദീപത്തിൽ നിന്ന് കരി വരുന്നത്..

 അന്നു ഭഗവതിസേവ ചെയ്തു കഴിഞ്ഞ വന്ന  തിരുമേനിയോട്  ചോദിച്ചു, എന്താണ്   ദീപവും അഗ്നിയും തമ്മിലുള്ള വ്യത്യാസം..  അദ്ദേഹത്തിന് അത് വിശദീകരിക്കുവാൻ കുറച്ചു നേരം വേണ്ടി വന്നു.. ദീപത്തിന് വര്ത്തിസ്ഥമായതും ജ്വലിക്കുന്നതുമായ അഗ്നിശിഖയെന്നാണ് സാമാന്യമായി അര്ഥം പറയുന്നത്. എന്നാൽ ഇതിന് കുറെ വ്യത്യസ്തതകളുണ്ട്  അഗ്നിയെ അപേക്ഷിച്ച്.  അതുകൊണ്ടാണ് അതിന് ദീപം എന്നു പറയുന്നത്. അഗ്നി എല്ലായിപ്പോഴും ഊര്ധ്വഗാമിയായി സ്ഥിതിചെയ്യുക മാത്രമല്ല ഇളകി കൊണ്ടേയിരിക്കും അതിൽ നിന്ന് കരിയുണ്ടാകും. ദീപം തെളിച്ചാൽ അതിൽ ധൂമം ഉണ്ടാകില്ല എന്നു മാത്രമല്ല അത് സ്ഥിരപ്രകൃതിയാണ്. വായുവിന്റെ ഗതി കൊണ്ട്  ചലനം ഉണ്ടെങ്കിലും അത് അഗ്നിയെ പോലെയല്ല സ്ഥിതിചെയ്യുക. ദീപത്തിന് നയനോത്സവം എന്ന പേരു പറയുന്നത് അതുകൊണ്ടാണ്. 

നോക്കിയിട്ടുണ്ടോ  വീട്ടിലെ നിലവിളക്കിൽ മുഴുവനായി മുകൾ ഭാഗം കരിയായിരിക്കുന്നത്. അത്  ദീപമായി നിൽക്കാത്തതുകൊണ്ടാണ്.. അധികം ഉയര്ത്തി കത്തിക്കുന്നതാണ് ഉത്തമമെന്നാണ് നാം കരുതി പോരുന്നത്. അതുകൊണ്ട്  ദീപം അഗ്നി നാമ്പുകളെ  ജ്വലിക്കുകയും കരി വരുകയു ചെയ്യും. 

നിലവിളക്കിൽ ആരും അഗ്നിയെ അല്ല ജ്വലിപ്പിക്കേണ്ടത്.നയനോദ്വീപകമായ ദീപത്തെയാണ് വരുത്തേണ്ടത്.     

അധികദൂരത്തേക്ക് താപത്തെയുണ്ടാക്കുന്നത്  കൃത്യമായി പറഞ്ഞാൽ ദീപത്തിൽ നിന്ന് നാലംഗുലത്തിലധികം ചൂടു നിലവിളക്കിൽ നിന്നു വരുന്നു എങ്കിൽ അത്  ദീപം അല്ല അത് വഹ്നിയാണ്.

"ലഭ്യതേ യസ്യ താപസ്തു ദീപസ്യ ചതുരംഗുലാത്
ന സ ദീപ ഇതി ഖ്യാതോ ഹ്യോഘവഹ്നിസ്തു സ സ്മൃതഃ."

നേത്രാഹ്ലാദകരവും ദൂരത്തേക്ക് താപം ഉണ്ടാക്കാത്തതും, നല്ല  ശിഖയെ പോലെ നിന്നു കത്തുന്നതും, ശബ്ദരഹിതവും, ധൂമമില്ലാത്തതും അതായത് പുകയില്ലാത്തതുമാണ് ദീപം. തെളിച്ചാൽ കൊച്ചു ബൾബു നിന്നു കത്തുന്നതുപോലെ നിൽക്കുന്നതാണ് ദീപം.

 ഭദ്രദീപം കത്തിക്കുമ്പോൾ   നമുക്ക് മനോഹരമായി തോന്നുന്നതിന് കാരണം അതു ഈ രീതിയിൽ കത്തുന്നതുകൊണ്ടാണ്. നേരേ മറച്ച് അഗ്നിയെ പോലെ ഇളകി കത്തുമ്പോൾ ഈ ആനന്ദം തോന്നുകയുമില്ല. 

എണ്ണയിൽ ഉയർത്തി നിർത്തി അഗ്നിനാമ്പുകളു വരുന്നതു പോലെ കത്തിക്കുന്നതല്ല ദീപം..അതുകൊണ്ട് ദീപം തെളിക്കുമ്പോൾ  അഗ്നിയായി  ജ്വലിപ്പിക്കാതെ ദീപമായി നിലനിര്ത്താൻ ശ്രമിക്കുക. 

ദീപേന ലോകാൻ ജയതി ദീപസ്തേജോമയഃ സ്മൃതഃ
ചതുർവർഗ്ഗപ്രദോ ദീപസ്തസ്മാദ്ദീപൈർയജേത് ശ്രിയേ
 ഇപ്രകാരമുള്ള ദീപം  എല്ലാവർക്കും ചതുർവർഗ്ഗപ്രാപ്തി പ്രദാനം ചെയ്യട്ടെ..
sunil namboodiri

No comments:

Post a Comment